Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

വിമതരേ, സംഘടിക്കൂ; നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല…!

July 23, 2014 , രാഷ്‌ട്രീയകാര്യ ലേഖകന്‍

kmmanicm_bannar

കേരളത്തിലെ ഖദര്‍ധാരികളായ കോണ്‍ഗ്രസ് എം.എല്‍.എമാരെല്ലാം മന്ത്രിമാരാകാന്‍ നോമ്പുംനോറ്റുകഴിയുന്ന ഈ കര്‍ക്കടകത്തില്‍ തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച കൗതുകകരമായ ഒരാവശ്യമുയര്‍ന്നു -“കെ.എം മാണിയെ കേരളത്തിന്‍െറ മുഖ്യമന്ത്രിയാക്കണം”. ആവശ്യം കേരളാ കോണ്‍ഗ്രസിന്‍െറ ഛോട്ടാ നേതാവ് ആന്റണി രാജുവിന്‍േറതാണ്. പ്രതിച്ഛായ നന്നാക്കാനാണ് പുനഃസംഘടനയെങ്കില്‍ മുതിര്‍ന്ന നേതാവായ കെ.എം മാണിയാണ് അതിന് ഏറ്റവും യോഗ്യന്‍ എന്നാണ് രാജുക്കുട്ടന്‍െറ അഭിപ്രായം.

കേരളത്തില്‍ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ കടുത്ത ശത്രുക്കളായ ഐ ഗ്രൂപ്പുകാര്‍ പോലും ആവശ്യപ്പെടുന്നില്ല. അപ്പോള്‍, ഇത്തരമൊരാവശ്യം ഉയരാനിടയായ സാഹചര്യമെന്താണ്. നിസ്സംശയം പറയാം, അത് മുന്നണിക്ക് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കഴിവുകേടും ദൗര്‍ബല്യവുമാണ്.

മന്ത്രിസഭാ പുനഃസംഘടനക്കുവേണ്ടി തിരുവനന്തപുരം-ദല്‍ഹി ട്രിപ്പടിക്കുന്ന നേതാക്കള്‍, എന്തിനുവേണ്ടിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സര്‍ക്കാറിന്‍െറ പ്രതിച്ഛായ നഷ്ടമായിട്ടുണ്ടെങ്കില്‍ അതിന്‍െറ കാരണം എന്താണ്? ആരാണ് അതിന് ഉത്തരവാദി? ഇക്കാര്യങ്ങള്‍ പാര്‍ട്ടിയിലെങ്കിലും ചര്‍ച്ച ചെയ്യേണ്ടതല്ലേ? ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍, തനിക്ക് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരിക്കുന്നു. മുതിര്‍ന്ന നേതാവുകൂടിയായ അദ്ദേഹത്തിന്‍െറ മനം മടുപ്പിച്ചത് എന്താണ്? പുതുതായി വരാന്‍ പോകുന്ന മന്ത്രിമാരും സ്പീക്കറുമെല്ലാം ഇതിലും കേമന്മാരാണോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.

ANTONY-RAJUരണ്ടുവര്‍ഷം ഭരിച്ചുകഴിഞ്ഞാല്‍ പൊടുന്നനെ പ്രതിച്ഛായ നഷ്ടമാകുന്ന നാടകം കോണ്‍ഗ്രസ് ഭരണത്തിന്‍െറ കൂടപ്പിറപ്പാണ്. കരുണാകരന്‍െറ കാലത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കുപ്രസിദ്ധമായ പ്രതിച്ഛായാ നാടകം ഓര്‍ക്കുക. അതിലെ നടന്മാരും വില്ലന്‍മാരുമെല്ലാം ഇന്നും അണിയറയിലുണ്ട്. ചില നേതാക്കളുടെയും ഗ്രൂപ്പുകളുടെയും സമുദായങ്ങളുടെയും പ്രീണനത്തിനുവേണ്ടി ചിലരെ മാറ്റി പ്രതിഷ്ഠിക്കുക എന്ന രാഷ്ട്രീയക്കളിയല്ലാതെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഭരണം നല്‍കാനൊന്നുമല്ല ഈ പ്രതിച്ഛായാനാടകം എന്ന് പകല്‍പോലെ വ്യക്തമാണ്. ജനവിരുദ്ധമായ ഇത്തരം കോമാളിത്തരങ്ങള്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടിയില്‍നിന്നുണ്ടാകുമ്പോഴാണ് രാജുക്കുട്ടനെപ്പോലുള്ളവര്‍ക്ക് ഈ കര്‍ക്കടകത്തിലും വീര്യമേറുന്നത്.

കേരളത്തില്‍ മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മിക്കവാറും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത ആഭ്യന്തരകലാപമാണ് നേരിടുന്നത്. എന്തുചെയ്യണമെന്ന് ഹൈക്കമാന്‍ഡിന് ഒരു പിടിയുമില്ലാത്ത അവസ്ഥ. സംസ്ഥാനനേതൃത്വങ്ങള്‍ പരസ്യമായി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്നു. പാര്‍ലമെന്‍റില്‍ ഗംഭീര ചര്‍ച്ച നടക്കുമ്പോള്‍ ഗാഢനിദ്ര പൂണ്ടിരിക്കുന്ന രാഹുലിന്‍െറ പടങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു, ലൈക്ക് ചെയ്യുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുശേഷവും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പാഠം പഠിച്ചില്ല എന്നാണ് പാര്‍ട്ടി നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി തെളിയിക്കുന്നത്. തോല്‍വിക്ക് കാരണക്കാരായ ഹൈക്കമാന്‍ഡ് എന്ന സേച്ഛാധിപത്യപരമായ നേതൃത്വം അതേപടി തുടരുകയും പാര്‍ട്ടി നേതൃത്വത്തിലും ഘടനയിലും അടിമുടി മാറ്റം വേണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യത്തിന് തെല്ലുവില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച നേതൃമാറ്റം വൈകുന്നതില്‍ പ്രതിഷേധിച്ച് അസം, മഹാരാഷ്ട്ര ഘടകങ്ങളില്‍ കലാപം രൂക്ഷമാണ്. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായ സംസ്ഥാനങ്ങളിലെ നേതൃത്വത്തെ മാറ്റുമെന്നു ഹൈക്കമാന്‍ഡ് സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാന്‍ (മഹാരാഷ്ട്ര), തരുണ്‍ ഗോഗോയ് (അസം) എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര റവന്യൂ മന്ത്രി നാരായണ്‍ റാണെയും അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മയും മന്ത്രി സ്ഥാനങ്ങള്‍ രാജിവച്ചിരിക്കുകയാണ്.

ജമ്മു-കശ്മീരില്‍ ആറുവര്‍ഷം നീണ്ട കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അവസാനിച്ചതാണ് കോണ്‍ഗ്രസിനുണ്ടായ മറ്റൊരു തിരിച്ചടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഒറ്റ സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. ഇതാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും അന്യോന്യം വ്യാപകമായി കാലുവാരുകയും ചെയ്തു.

ഝാര്‍ഖണ്ഡിലെ ജെ.എം.എമ്മും കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്രയിലെ ഭിന്നത അവസാനിപ്പിക്കാനുള്ള പി.സി.സി. നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു. നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടാതെ മത്സരിക്കുമെന്നാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണി നല്‍കിയ 10 സീറ്റുകളില്‍ ഒരിടത്തുപോലും കോണ്‍ഗ്രസിനു ജയിക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനങ്ങളിലെ വിമതനീക്കത്തിന് ഒരേയൊരു കാരണമേ ചൂണ്ടിക്കാണിക്കാന്‍ കഴിയൂ. അത്, ദേശീയനേതൃത്വത്തിന്‍െറ ദൗര്‍ബല്യമാണ്. പി.സി.സികളിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് അത് പരിഹരിക്കാനുള്ള ഇച്ഛാശക്തിയുള്ള നേതൃത്വം കൈമോശം വന്നുകഴിഞ്ഞിരിക്കുന്നു. സംസ്ഥാന ഘടകങ്ങളുടെ പ്രശ്നങ്ങള്‍ എന്താണെന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത ഹൈക്കമാന്‍ഡാണ് ഇന്ന് കോണ്‍ഗ്രസിനുള്ളത്. ഹൈടെക് സംവിധാനത്തിലൂടെ കോണ്‍ഗ്രസ് പോലുള്ള ഒരു ജനകീയ സംഘടനാരൂപത്തെ നിയന്ത്രിക്കാനാകില്ല എന്ന കാര്യം രാഹുല്‍ഗാന്ധിക്ക് ഇനിയും മനസ്സിലായിട്ടില്ല.

പ്രതിപക്ഷത്തിരിക്കുമ്പോഴാണ് രാഹുല്‍ എന്ന നേതാവിന്‍െറ കഴിവുകേട് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ ഇതുവരെ പിന്തുടര്‍ന്ന അടിസ്ഥാന നയങ്ങളെ നരേന്ദ്രമോഡി സര്‍ക്കാര്‍ നോക്കുകുത്തികളാക്കിക്കൊണ്ടിരിക്കുകയാണ്. പാലസ്തീന്‍ പ്രശ്നം ഒരുദാഹരണം മാത്രം. എന്നിട്ടും, ശക്തമായ ഒരു പ്രതിഷേധസ്വരം രാഹുലില്‍ നിന്നുണ്ടായില്ല. വിലക്കയറ്റവും വിദേശനിക്ഷേപവും പോലുള്ള ജനകീയപ്രശ്നങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിയാതെപോയത് രാഹുലിനെപ്പോലൊരു ദേശീയനേതൃത്വത്തിന്‍െറ കഴിവുകേടുതന്നെയാണ്. ചരിത്രപരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്നും ഇന്ത്യയുടെ മുക്കിലും മൂലയിലും സാന്നിധ്യവും അണികളുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഈ സംവിധാനത്തെ ചലനാത്മകമാക്കാനുള്ള ഭാവനാപൂര്‍ണമായ ഒരു ശ്രമവും ഇപ്പോഴും ദേശീയ നേതൃത്വത്തില്‍നിന്നുണ്ടാകുന്നില്ല. മാത്രമല്ല, സംഘടനാപ്രശ്നങ്ങളുണ്ടാകുമ്പോള്‍ അണികളുടെയും സാധാരണപ്രവര്‍ത്തകരുടെയും വികാരങ്ങള്‍ അവഗണിച്ച് സങ്കുചിതമായ ഗ്രൂപ്പ്- വ്യക്തി സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള അഡ്ജസ്റ്റുമെന്‍റുകളാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. ഇതാണ് ഇന്ന് പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിനും ദേശീയതക്കും സംസ്കാരത്തിനും മോഡി സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന പരിക്കുകളെ തുറന്നുകാട്ടാനും അവക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഏക പ്രസ്ഥാനം ഇന്നും കോണ്‍ഗ്രസാണ്. അത് പാര്‍ലമെന്‍റിലെ രണ്ടക്കത്തിനും അപ്പുറത്തുള്ള ഒരു ഐഡന്‍റിറ്റിയാണെന്ന് അതിന്‍െറ നേതാക്കള്‍ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. അത്തരമൊരു തിരിച്ചറിവുള്ള ദേശീയനേതൃത്വത്തിനുവേണ്ടിയുള്ള ക്രിയാത്മകമായ പടയൊരുക്കങ്ങളായി മാറട്ടെ ഇന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന വിമതനീക്കങ്ങള്‍.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top