Flash News

കോമണ്‍ വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ സമാപനം; ഇന്ത്യക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

August 4, 2014 , ഷാഹിദ് വൈപ്പി

Press Release Image

ഗ്ലാസ്കോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയില്‍ സമാപനമായി. 58 സ്വര്‍ണ്ണമുള്‍പ്പെടെ 174 മെഡലുകളുമായി ഇംഗ്ലണ്ടാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യക്ക് ഇക്കുറി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഓസ്‌ട്രേലിയ രണ്ടാമതായപ്പോള്‍, ആതിഥേയരായ സ്‌കോട്‌ലന്റ് മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 64 മെഡലുകളാണ് ഇക്കുറി ഇന്ത്യയുടെ സമ്പാദ്യം. ഗെയിംസിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ ബാഡ്മിന്റണ്‍ താരം പി കശ്യപ് നേടിയ സ്വര്‍ണമാണ് ഇന്ത്യയെ അഞ്ചാം സ്ഥാനത്തെത്തിച്ചത്.

1982ന് ശേഷം ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പോരാട്ടം വെള്ളിയില്‍ അവസാനിച്ചു. ജ്വാല ഗുട്ട അശ്വിനി പൊന്നപ്പ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടു. മലേഷ്യയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യ സഖ്യം തോല്‍വി സമ്മതിച്ചത്. സ്‌കോര്‍, 1721, 2123.

അത്‌ലറ്റിക്‌സില്‍ നിരാശപ്പെടുത്തുന്നതായിരുന്നു ഗെയിംസിലെ ഇന്ത്യന്‍ പ്രകടനം. വികാസ് ഗൗഡയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടമായപ്പോള്‍, റിലേയിലടക്കം ഇന്ത്യന്‍ താരങ്ങള്‍ നിറം മങ്ങി.

ഉദ്ഘാടനച്ചടങ്ങുപോലെ തന്നെ വിസ്മയകരമായ സാംസ്‌കാരിക പരിപാടികളോടെയായിരുന്നു ഗെയിംസിന് തിരശ്ശീല വീണതും. ഗെയിംസിന്റെ സമാപനചടങ്ങുകള്‍ക്ക് തുടക്കമായത് ഓസ്‌ട്രേലിയന്‍ പോപ് ഗായിക കൈലി മിനോഗിന്റെ ഗാനത്തോടെയാണ്. 2000ഓളം പേരുടെ കലാപരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. അടുത്ത ഗെയിംസിന്റെ ആതിഥേയരായ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് നഗരം അവതരിപ്പിച്ചിരുന്ന കലാപരിപാടികളും അരങ്ങേറിയിരുന്നു.

പതിനൊന്നു ദിവസം നീണ്ടുനിന്ന ഗെയിംസിന്റെ വര്‍ണാഭമായ സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയത് വനിതാ ഡിസ്‌കസില്‍ വെള്ളി നേടിയ സീമ പൂനിയയാണ്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളും ചടങ്ങിന് പൊലിമയേകിയപ്പോള്‍ ഗ്ലാസ്‌ഗോയില്‍ പങ്കെടുത്ത ഏവരും പരസ്പരം നന്ദി ചൊല്ലി പിരിഞ്ഞു. ഇനി ഓസ്‌ട്രേലിയയില്‍ വച്ചു കാണാമെന്ന വാഗ്ദാനത്തോടെ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top