Flash News

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; സുരക്ഷ കര്‍ശനമാക്കി

October 5, 2014 , സ്വന്തം ലേഖകന്‍

inspection

കൊച്ചി : ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ കനത്ത സുരക്ഷയൊരുക്കി സിറ്റി പൊലീസ്. കമ്മിഷണര്‍, രണ്ട് ഡിസിപിമാര്‍, എസിപിമാര്‍, എന്നിവര്‍ക്കു പുറമേ 25 ഡിവൈഎസ്പി, 50 സിഐ, 200 എസ്ഐ അടക്കം 1,800ഓളം പൊലീസുകാരാണ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഇതിനായി സമീപ ജില്ലകളില്‍നിന്ന് പൊലീസുകാരെ എത്തിക്കുമെന്ന് ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാണികളെ ബുധനാഴ്ച രാവിലെ പതിനൊന്നു മുതല്‍ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കും. കാണികള്‍ക്ക് പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാം. ചെറിയ ഫോള്‍ഡിങ് കുടകളും കരുതാം. മെഡിക്കല്‍ സഹായത്തിന് സ്റ്റേഡിയത്തില്‍ മെഡിക്കല്‍ കൗണ്ടറുകളും ആംബുലന്‍സുകളും സജ്ജീകരിക്കും. അടിയന്തര സഹായത്തിന് സ്റ്റേഡിയത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാം. ഫ്ളഡ് ലിറ്റ് ടവര്‍, മേല്‍ക്കൂരയിലെ ഷീറ്റ്, മറ്റ് അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അതിക്രമിച്ചു കയറാന്‍ പാടില്ല. തീപ്പെട്ടി, ലൈറ്റര്‍, സിഗരറ്റ്, ബീഡി, പടക്കം, കൊടിക്കമ്പുകള്‍, കമ്പികള്‍, ചില്ലു കുപ്പികള്‍, ബാഗേജ് മുതലായവ സ്റ്റേഡിയത്തിനകത്ത് കൊണ്ടുവരുന്നതിന് കര്‍ശന നിരോധനം. സ്റ്റേഡിയത്തില്‍ പ്രവേശിച്ച ശേഷം പുറത്ത് പോകുന്നവര്‍ക്ക് തിരികെ കയറാനാകില്ല. പ്രവേശനം ലഭിച്ചവര്‍ ടിക്കറ്റിന്‍റെ കൗണ്ടര്‍ ഫോയില്‍ പരിശോധനയ്ക്കായി കൈവശം സൂക്ഷിക്കണം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന ബാഗുകളും മറ്റു വസ്തുക്കളും തുറന്നു നോക്കാന്‍ ശ്രമിക്കാതെ തൊട്ടടുത്തുള്ള ഡ്യൂട്ടി പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം.

ഇരിപ്പിടത്തില്‍ കയറി നിന്ന് കളി വീക്ഷിക്കാന്‍ അനുവദിക്കില്ല. കാണികള്‍ അനുവദിച്ചിട്ടുള്ള സീറ്റിങ് ഏരിയയില്‍ മാത്രമേ ഇരിക്കാവൂ. ഒരു ബ്ലോക്കില്‍ നിന്ന് അടുത്ത ബ്ലോക്കിലേക്ക് അതിക്രമിച്ചു കയറാന്‍ അനുവദിക്കില്ല. സ്റ്റേഡിയത്തിന്‍റെ മുന്നിലും പിന്നിലുമുള്ള രണ്ട് പ്രവേശന കവാടങ്ങളിലും ഗേറ്റുകളുടെ വിശദാംശങ്ങള്‍ അടങ്ങിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതനുസരിച്ച് വേണം സ്റ്റേഡയത്തില്‍ പ്രവേശിക്കാന്‍. അനാവശ്യമായി സ്റ്റേഡിയത്തില്‍ ചുറ്റിത്തിരിയാന്‍ ആരെയും അനുവദിക്കില്ല. മദ്യപിച്ചു വരുന്നവരെ പ്രവേശിപ്പിക്കില്ല. ഇതറിയാന്‍ ആല്‍ക്കോമീറ്റര്‍ പരിശോധന.

സ്റ്റേഡയത്തിനകത്ത് ആവശ്യാനുസരണം ഭക്ഷണ പദാര്‍ഥങ്ങളും വെള്ളവും മിതമായ വിലയ്ക്ക് ക്രമീകരിക്കുമെന്നും മഴ പെയ്ത് കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ടിക്കറ്റ് തുക 15 ദിവസങ്ങള്‍ക്കകം ഫെഡറല്‍ ബാങ്ക് ശാഖകളിലൂടെ തിരിച്ചു നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെസിഎ സെക്രട്ടറി ടി.സി. മാത്യു അറിയിച്ചു. കളി ദിവസത്തിനു മുന്‍പ് അവധി ദിനങ്ങളായതിനാല്‍ കളി നടക്കുന്ന ദിവസവും സ്റ്റേഡിയത്തിലെയും പാലാരിവട്ടം ഫെഡറല്‍ ബാങ്ക് ശാഖയിലെയും കൗണ്ടറുകളില്‍ ടിക്കറ്റ് വില്‍പ്പനയുണ്ടാകുമെന്നും അദ്ദേഹം. ഐജി എം.ആര്‍. അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി. ജയിംസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top