Flash News

റീന അജിത് കോശിക്കു കണ്ണീരില്‍ കുതിര്‍ന്ന പ്രണാമവുമായി സമൂഹം

November 3, 2014 , ജോര്‍ജ് കാക്കനാട്ട്

reenaഹൂസ്റ്റന്‍: പെരുമഴയായി പെയ്യാന്‍ വിതുമ്പുന്ന ദുഖത്തിന്റെ കാര്‍മേഘ പടലങ്ങള്‍ ഉള്ളിലൊതുക്കി ബന്ധു മിത്രാദികള്‍; അമ്മ ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവില്‍ തരിച്ചിരിക്കുന്ന പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍; അകാലത്തില്‍ പൊലിഞ്ഞ ദുഖപുത്രിക്ക് വിട നല്‍കാന്‍ തടിച്ചു കൂടിയ പുരുഷാരം.

ഹൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ അന്ത്യ ദര്‍ശനത്തിനായി എത്തിയ റീന അജിത് കോശിയുടെ (42) ഭൗതിക ദേഹത്തിനു മുന്നില്‍ ജനം പ്രാര്‍ഥനാ പൂര്‍ണരായി. സമയ രഥങ്ങളിലെ യാത്രയുടെ നിസാരതയും വയലിലെ പുല്ലു പോലെ വാടിക്കൊഴിയുന്ന ജീവിതവും പുരോഹിതര്‍ അനുസ്മരിച്ചു.

എതൊരു സാഹചര്യത്തിലും ന്യായീകരീക്കാനാവാത്ത ക്രൂരതക്കിരയായ റീനയുടെ പുഞ്ചിരിക്കുന്ന ചിത്രത്തില്‍ തേങ്ങലോടെയാണു പലരുംനോക്കിയത്. റീന ആരാധന നടത്തുകയും പള്ളിക്കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത അതേ പള്ളിയങ്കണം വിലാപത്തിന്റെ വേദിയായപ്പോള്‍ ആശ്വാസ വാക്കുകള്‍ പറയാന്‍ പോലും ആര്‍ക്കുമായില്ല. നാട്ടില്‍ നിന്നു ബന്ധുക്കള്‍ എത്താന്‍ വേണ്ടിയാണു സംസ്‌കാരം വൈകിയത്. പോലീസടക്കം പലരും വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സത്യം അതൊന്നും ആകില്ലെന്ന നിഗമനത്തിലാണു ബന്ധുക്കളും മിത്രങ്ങളും. പ്രൊഫഷനലായ പ്രശ്‌നങ്ങളാണു ഒക്ടൊബര്‍ 22-നു ബുധനാഴ്ച ഫാര്‍മസിസ്റ്റായി ജോലി ചെയ്തു കൊണ്ടിരുന്ന റീനയെ പിന്നില്‍ നിന്നു വെടി വയ്ക്കാന്‍ കാരണമായതെന്നാണു അവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

നവംബര്‍ 3 തിങ്കളാഴ്ച രാവിലെ 9 മുതല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം ഹൂസ്റ്റണ്‍ ഫോറസ്റ്റ് പാര്‍ക്ക് മിത്തേരിയില്‍ സംസ്‌ക്കരിക്കും.

ഒക്‌ടോബര്‍ 22-നാണ് റീന ജോലിസ്ഥലത്ത് വെച്ചു വെടിയേറ്റ് മരിച്ചത്. പത്തു വര്‍ഷമായി ഇതേ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു റീന.

കടലഴികത്ത് കെ.ഫിലിപ്പിന്റെയും, റെയ്ച്ചലിന്റേയും മകളാണ് മരിച്ച റീന. മാവേലിക്കര തഴക്കര മംഗലത്ത് കൊണക്കാട്ട് എബനെസറില്‍ എബ്രഹാം കോശിയുടെയും, അക്കാമ്മയുടേയും മകന്‍ അജിത്താണ് ഭര്‍ത്താവ്. അഞ്ജലില്‍, ആന്‍‌ഡ്രൂ എന്നിവര്‍ മക്കളാണ്. ഇമ്മാനുവേല്‍ മാര്‍ത്തോമാ (ഹൂസ്റ്റണ്‍) അംഗമാണ്.

മുംബൈയിലെ സി.യു.ഷാ കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും ബിരുദവും, മുംബൈ സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റേഴ്‌സും നേടിയതിനുശേഷം മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. പത്തു വര്‍ഷം മുമ്പ് വിവാഹത്തിനുശേഷമാണ്
അമേരിക്കയില്‍ എത്തിയത്.

reena1

reena2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top