Flash News

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയെഴുതിയ ഈഡന്‍ ഗാര്‍ഡന്‍സ്

November 14, 2014 , സ്വന്തം ലേഖകന്‍

Rohit-31-e1415905309276

കോല്‍ക്കത്ത : കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രമുറങ്ങുന്ന മൈതാനം.

ഇതിഹാസതുല്യമായ ആ വേദി 150ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഉചിതമായ റണ്‍ അര്‍ച്ചന, ഇന്ത്യയുടെ വക, രോഹിത് ശര്‍മയുടെ വക. 264 റണ്‍സുമായി ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തം പേരില്‍ കുറിച്ച ഓപ്പണര്‍, രണ്ട് ഏകദിന ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ക്രിക്കറ്ററുമായി.

ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍ കുറിച്ച മത്സരത്തില്‍, രോഹിതിന്‍റെ സ്കോറിനും 13 റണ്‍സ് കുറവായിരുന്നു ശ്രീലങ്കയുടെ ടീം ടോട്ടല്‍. 173 പന്തില്‍ 33 ഫോറും ഒമ്പതു സിക്സറും പറത്തിയ രോഹിത് ഒരിന്നിങ്സില്‍ ഏറ്റവും കൂടുതല്‍ ഫോറെന്ന (25) സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡും പഴങ്കഥയാക്കി. വീരേന്ദര്‍ സെവാഗിന്‍റെ (219) പേരിലായിരുന്നു ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോഡ്. ടെന്‍ഡുല്‍ക്കറാണ് ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ചുറി നേടുന്നത്.

പരുക്ക് കാരണം പത്താഴ്ചത്തെ വിശ്രമത്തിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയ രോഹിത്, ഓപ്പണറുടെ റോള്‍ തന്‍റേതു തന്നെ എന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുകയായിരുന്നു. 72 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ശേഷം അടുത്ത 28 പന്തില്‍ മൂന്നക്കം, അടുത്ത 73 പന്തില്‍ 164 കൂടി!

രോഹിത് അഞ്ചാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയ്ക്കൊപ്പം 128 റണ്‍സും കൂട്ടിച്ചേര്‍ത്തപ്പോള്‍ ഉത്തപ്പയുടെ സംഭാവന വെറും 16 റണ്‍സ്.

ഇന്നിങ്സിന്‍റെ അവസാന പന്തില്‍ സിക്സറിനുശ്രമിച്ച രോഹിതിനെ ലോങ് ഓഫില്‍ ജയവര്‍ധനെ പിടിച്ചു പുറത്താക്കുകയായിരുന്നു. അവസാനപന്തില്‍ ബൗണ്ടറിയെങ്കിലും നേടിയിരുന്നെങ്കില്‍ ലിസ്റ്റ് എ ക്രക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റെക്കോഡിന്‍റെ നേട്ടവും രോഹിത് ശര്‍മയുടെ പേരിലാകുമായിരുന്നു. ഇംഗ്ലിഷ് കൗണ്ടിയില്‍ സറേയുടെ അലിസ്റ്റര്‍ ബ്രൗണ്‍ ഗ്ലാമോര്‍ഗനെതിരെ നേടിയ 268 റണ്‍സാണ് നിലവിലുള്ള റെക്കോഡ്.

റെക്കോര്‍ഡുകള്‍
ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോര്‍
രണ്ടാം ഡബിള്‍ നേടുന്ന ആദ്യ ക്രിക്കറ്റര്‍
ഏറ്റവും കൂടുതല്‍ ഫോര്‍ പിറന്ന ഇന്നിങ്സ്

ഏകദിന ക്രിക്കറ്റിലെ ഉയരങ്ങളില്‍ ഇവര്‍
രോഹിത് ശര്‍മ – 264 (ശ്രീലങ്കയ്ക്കെതിരേ
കോല്‍ക്കത്തയില്‍, 2014).
വീരേന്ദര്‍ സെവാഗ് – 219 (വെസ്റ്റിന്‍ഡീസിനെതിരേ
ഇന്‍ഡോറില്‍, 2011).
രോഹിത് ശര്‍മ – 209 (ഓസ്ട്രേലിയയ്ക്കെതിരേ ബംഗളൂരുവില്‍, 2013).
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 200 (ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഗ്വാളിയറില്‍, 2010)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top