Flash News

മനം തൊടുന്ന കൃതികളുമായ് പുന്നയൂര്‍ക്കുളത്തിന്റെ കഥാകാരന്‍

December 26, 2014 , സില്‍ജി ജെ. ടോം (മലയാളം പത്രം സബ് എഡിറ്റര്‍)

ELAPPA-BANNER

നീര്‍മാതളപ്പൂവുകളെ കഥകളില്‍ കൊരുത്തിട്ട പുന്നയൂര്‍ക്കുളത്തെ പ്രിയ കഥാകാരിയുടെ മണ്ണില്‍ നിന്നും കഥകളോടും എഴുത്തിനോടും ചങ്ങാത്തം കൂടി ഇതാ മറ്റൊരാലള്‍ – അബ്ദുള്‍ പുന്നയൂര്‍ക്കുളം. കവിതയുടെ ഒഴുക്കും കാല്‍പ്പനികതയുടെ തുടിക്കുന്ന എഴുത്തുഭാഷയും ജീവചിത്രങ്ങളോട് ചേര്‍ത്ത് വെച്ച ആവിഷ്ക്കാര ശൈലിയുമായി വിചാര ചീന്തുകളുടെയും മനോകാമനകളുടെയും സര്‍ഗ്ഗവിപണിയെ നമുക്ക് മുന്നില്‍ തുറന്നിടുന്ന സാഹിത്യകാരന്‍. പുന്നയൂര്‍കുളത്ത് നിന്നും കമലാ സുറയ്യക്ക് ശേഷം ഇംഗ്ളീഷിലും മലയാളത്തിലും കവിതകളും കഥകളും എഴുതുന്ന സര്‍ഗ്ഗധനന്‍.

‘എളാപ്പ’യിലെ 10 കഥകള്‍ക്ക് ഏഴ് വര്‍ഷത്തോളം ആത്മാര്‍പ്പണം ചെയ്ത് സമയവും അദ്ധ്വാനവും ഏറെ ചിലവിട്ട് ഇംഗ്ലീഷില്‍ തര്‍ജ്ജമയൊരുക്കി പ്രസിദ്ധീകരിച്ച ‘Cat ching the dream’ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണു.

നാടന്‍ മണമുള്ള അനുഭവങ്ങളും കഴിഞ്ഞകാലത്തിന്റെ ബാക്കിപത്രമായ ആത്മബന്ധങ്ങളും കഥകളില്‍ പലപ്പോഴും ഇഴചേരുന്നത് കാണാം.

സിൽജി ജെ. ടോം

സിൽജി ജെ. ടോം

ഹൃദയവ്യാപാരങ്ങളും സ്നേഹം അന്യമായിക്കൊണ്ടിരിക്കുന്ന ജീവിതങ്ങളുടെ തുറന്നുകാട്ടലുകളും വെളിപ്പെടുത്തുന്ന മലയാളത്തിലെ ഏറെ ശ്രദ്ധേയമായ കൃതിയായ ‘എളാപ്പ’യിലെ കഥകള്‍. മനസ്സിന്റെ വിസ്ഫോടനങ്ങള്‍, സ്നേഹത്തിനു വേണ്ടിയുള്ള ദാഹം, നഷ്ടസ്നേഹത്തെ ഓര്‍ത്തുള്ള വേദനക, നിരാശയുടെ ദുഃഖങ്ങള്‍ പ്രതിസന്ധികള്‍ നിറയുന്ന ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നവര്‍, ഭ്രാന്തമായ മനസ്സിന്റെ ആവിഷ്ക്കാരങ്ങള്‍…. പരിചത്വം തോന്നാത്ത സാഹചര്യങ്ങളില്‍ നിന്നെങ്കിലും ഒഴുക്കാര്‍ന്ന ശൈലിയുള്ള കാവ്യാത്മകമായ രചന, ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങള്‍, സ്വസ്ഥമായ ജീവിതം സ്വപ്നം കാണുന്നവര്‍ക്ക് ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ മറ്റൊരാളായി മാറേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍.

വളര്‍ത്തു പക്ഷിയിലെ സ്നേഹം മനസ്സിലാക്കാത്ത പറക്കും പക്ഷിക്ക് പിന്നാലെ പറന്നു പോയവര്‍. അല്പായുസ്സായി മാറിയ ബന്ധങ്ങളുടെ ദുഃഖങ്ങളിലൂടെ നടക്കുന്നവര്‍ തുടങ്ങി വ്യത്യസ്ഥങ്ങളായ ജീവിതസന്ധികള്‍ ഇതള്‍ വിരിയുന്ന കഥാസന്ധര്‍ഭങ്ങള്‍ എളാപ്പയിലെ കഥകളെ വേറിട്ടതാക്കുന്നു.

മനസ്സിന്റെ സങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്നു ഒരോ കഥാപാത്രങ്ങളും. മനസ്സില്‍ വേദനയുടെ ചാലുകള്‍ തീര്‍ക്കുന്നു, ആത്മാവിഷ്ക്കാരമായ ‘എളാപ്പ’ എന്ന കഥ.

മലയാളത്തിന്റെ മണമുള്ള മുസ്ലീം കുടുംബ ബന്ധത്തിന്റെ പാശ്ചാത്തലത്തിലുള്ള സ്നേഹം തൊട്ടുതീണ്ടാത്ത സ്വാര്‍ത്ഥമതിയുടെ ചിത്രം വരച്ചിടുന്ന ‘എളാപ്പ’യില്‍ സ്നേഹനിധിയായ ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിനെ തൊട്ട് വേദനയുടെ ചാലുകള്‍ തീര്‍ക്കുന്നു. ഒരു കാലഘട്ടത്തിലെ ഒരു സമുദായത്തിലെ പ്രമാണിത്വത്തിന്റെയും നിസ്സഹായതയുടെയും വേറിട്ട മുഖങ്ങളാണു പ്രാദേശിക ഭാഷ തുളുമ്പുന്ന ആവിഷ്ക്കാര ശൈലിയിലൂടെ കുടുംബ വ്യവസ്ഥയുടെ പോരായ്മകള്‍ക്ക് നേരെ വിരല്‍ ചൂണ്ടി കഥാകാരന്‍ പങ്കു വെക്കുന്നത്.

ക്രൂരതയുടെയും ധാര്‍ഷ്ട്യത്തിന്റെയും ആള്‍രൂപമായിരുന്നു ‘എളാപ്പ’യെന്ന് കഥയിലെ പല സന്ദര്‍ഭങ്ങളും സൂചനകളും പറയാതെ പറയുന്നുണ്ട്. എളാപ്പയുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ഇടറുന്ന മനസ്സുമായി നില്‍ക്കുന്ന അബുവിന്റെ മനോവ്യാപാരങ്ങള്‍ മനസ്സുകളില്‍ സങ്കടക്കടല്‍ തീര്‍ക്കുവാന്‍ പോന്നതാണു. നിസ്സഹായതയിലും വേദനയിലും എളാപ്പയുടെ കാപട്യങ്ങളോട് നേരിട്ടെതിര്‍ക്കുവാനോ പകയുടെ കനലുകള്‍ ഉള്ളിലേറ്റുവാനോ അബു ശ്രമിക്കുന്നില്ലെന്നത് ശ്രദ്ധേയമാണു. വണ്ടിയിടിച്ച് എളാപ്പ മരിക്കുമ്പോള്‍ അഅള്ളായുടെ നീതി നടപ്പാക്കപ്പെടുന്നു. തിന്മക്ക് മേല്‍ നന്മയുടെ വിജയത്തിന്റെ സൂചനകള്‍ തെളിയുന്നു.

അമേരിക്കന്‍ ജീവിതത്തിനിടക്ക് കണ്ടുമുട്ടി മനസ്സിലിടം കണ്ട കഥാപാത്രങ്ങളാണു ‘എളാപ്പ’യിലെ മറ്റുള്ള കഥകളില്‍ നിറയുന്നത്. അഗാധമായ ജീവിതാനുഭവങ്ങളുടെ വാതിലുകള്‍ തുറന്ന് മനസ്സുകളെ കീഴടക്കുന്നുണ്ട് പല കഥാപാത്രങ്ങളും. ഈ കഥാപാത്രങ്ങളും ജീവിതാവിഷ്ക്കാരങ്ങളും അസാധാരണത്വവും അപരിചിതത്വവും നമ്മെ പലപ്പോഴും വിസ്മയിപ്പിക്കുന്നു. നാം ആകൃഷ്ടരാക്കപ്പെടുന്നതും പുതുമ നിറഞ്ഞ ആഖ്യാനവും കഥാ സന്ദർഭങ്ങളും കൊണ്ട് തന്നെ.

തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് ജനിച്ച അബ്ദുള്‍ പുന്നയൂര്‍ക്കുളം കേരളത്തിലും അമേരിക്കയിലുമാണു പഠനം പൂര്‍ത്തിയാക്കിയത്. യു.എ.ഇയിലടക്കം വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അമേരിക്കയില്‍ താമസമാക്കിയിരിക്കുന്നു. മിഷിഗണിലെ റോസ് വില്ലയിലാണു താമസം. മേരി ഗ്രോവ് കോളേജില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബാച്ചിലേഴ്സ് ബിരുദവും വെയിന്‍ സ്റ്റേറ്റ് വാഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സും എടുത്തു. റഹ്മത്ത് ആണു ഭാര്യ. മന്‍സൂര്‍, മുര്‍ഷിദ്, മൊയ്തീന്‍ എന്നിവര്‍ മക്കള്‍.

4 സഹോദരിമാരും 2 സഹോദരന്മാരും ഉള്ളതില്‍ ഇളയ സഹോദരി കദീജ മരണപ്പെട്ടു. ഒരു സഹോദരന്‍ മലേഷ്യയിലാണു. മറ്റുള്ളവരെല്ലാം കേരളത്തില്‍ തന്നെ.

തൊഴിലന്വേഷിച്ചും മറ്റും ഏറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അബുദാബിയിലായിരുന്നു ആദ്യം സെറ്റില്‍ ചെയ്തത്. അവിടെ വെച്ച് കോസ്മെറ്റിക് പെര്‍ഫ്യൂം ബിസിനസ്സ് ചെയ്ത് പരാജയപ്പെട്ടു. അതിനിടക്ക് നാട്ടില്‍ വന്ന ശേഷം അമേരിക്കയിലേക്ക് വരികയായിരുന്നുവെന്ന് അബ്ദുള്‍ പറയുന്നു.

സ്നേഹസൂചി എന്ന കവിതാ സമാഹാരവും ‘അമേരിക്കാ യൂ വേര്‍ എ സ്കാര്‍ലെറ്റ് റോസ്’ എന്ന ഇംഗ്ലീഷ് സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2007-ലാണു ‘എളാപ്പ’ ആദ്യമായി പ്രസിദ്ധീകരിച്ചത്. കലര്‍പ്പില്ലാത്ത സംസാരവും ഹൃദയം നിറയുന്ന ചിരിയും പ്രസരിപ്പാര്‍ന്ന ഇടപെടലും അബ്ദുളിന്റെ കഥകള്‍ക്കും ഊര്‍ജ്ജം പകരുന്നു.

പതിറ്റാണ്ടുകളായി യാത്രകളും പ്രവാസ ജീവിതവും സോഷ്യല്‍ വര്‍ക്കര്‍ എന്ന നിലയിലുള്ള തൊഴിലും മനസ്സിലേക്ക് പകര്‍ന്നിട്ട അനുഭവങ്ങളുടെ ഇതള്‍ വിടര്‍ത്തലാണു ഒരോ കഥയും.

അനുഭവങ്ങള്‍ തന്നെ എഴുതുവാന്‍ പ്രേരിപ്പിക്കുന്നു എന്ന് മനസ്സ് തുറക്കുന്നു കഥാകാരന്‍.

ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലാണു എഴുത്ത് എന്നദ്ദേഹം പറയും. മദ്യത്തിന്റെ ലഹരിക്ക് ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തെല്ലൊരുവേള മോചനം നല്കാനുമായിരിക്കും, പക്ഷെ അതിന്റെ കിക്ക് പോയാല്‍ പിന്നെന്ത് പ്രയോജനം. പ്രശ്നങ്ങളുടെ ആന്തലുകള്‍ മനസ്സിനെ കീഴടക്കുമ്പോള്‍ എഴുതാനാകുക നല്ലൊരു അനുഭവമാണു. പക്ഷെ പലപ്പോഴും അലസതയും മടിയും തടസ്സം നില്‍ക്കുന്നു. ജീവിതാനുഭവങ്ങള്‍ ഏറെ ഉണ്ട്. അതിനേക്കളേറെ സോഷ്യല്‍ വര്‍ക്കറെന്ന നിലയിലുള്ള ജീവിതം അനുഭവങ്ങളുടെ വലിയൊരു വാതിലാണു മുന്നില്‍ തുറന്നിടൂന്നത്. ദിവസവും അഞ്ചും ആറും കക്ഷികളെ കാണാറൂണ്ട്. അവരുടെ വേദനകള്‍ പലപ്പോഴും മനം തകര്‍ക്കാറൂണ്ട്. ‘ഒരു നിരപരാധിയുടെ ജയില്‍ ജീവിതം’ എന്ന എളാപ്പയിലെ കഥ അത്തരമൊരു അനുഭവമാണു പങ്ക് വെക്കുന്നത്- കഥാകാരന്‍ പറയുന്നു.

കവിതയാണു തനിക്ക് വഴങ്ങുന്ന സാഹിത്യരൂപമെന്ന് പറയുന്ന അബ്ദുളിനെ തേടി അവാര്‍ഡുകളേറെ എത്തിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top