Flash News

റബ്ബര്‍ വിലയിടിവ്: സര്‍ക്കാരും, റബ്ബര്‍ ബോര്‍ഡും, വ്യാപാരികളും കര്‍ഷകരെ വഞ്ചിക്കുന്നു- ഇന്‍ഫാം

January 8, 2015 , ഫാ. ആന്റണി കൊഴുവനാല്‍ (ജനറല്‍ സെക്രട്ടറി, ഇന്‍ഫാം)

Title

കോട്ടയം: സര്‍ക്കാരും, റബ്ബര്‍ ബോര്‍ഡും, വ്യാപാരികളും ഒത്തുചേര്‍ന്ന് റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും 130 രൂപക്ക് റബ്ബര്‍ സംഭരിക്കുമെന്ന് വ്യവസായികളും വന്‍‌കിട വ്യവസായികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇന്‍ഫാം ദേശീയ സമിതി.

നാലാം ഗ്രേഡ് റബ്ബറിന് കുറഞ്ഞ വില 2015 മാര്‍ച്ച് 31 വരെ കിലോഗ്രാമിന് 130 രൂപയാണെന്ന് പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസം മാത്രം പിന്നിട്ടിരിക്കുമ്പോള്‍ ഗ്രേഡ് റബ്ബര്‍ 114 രൂപക്കാണ് ചെറുകിട വ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്നത്. പ്രഖ്യാപനത്തിന് ശേഷം രണ്ട് ദിവസം മാത്രമാണ് 126.5 രൂപയ്ക്ക് വിപണിയില്‍ കര്‍ഷകര്‍ റബ്ബര്‍ വിറ്റഴിച്ചത്. മാധ്യമങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് പറയുന്ന വില 130.5 ആയിരിക്കുമ്പോള്‍ വ്യാപാരിവില 118 രൂപ മാത്രമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം കര്‍ഷകരെ വിഡ്ഡികളാക്കുന്ന അടവുനയം മാത്രമായിരുന്നുവെന്നും രണ്ട് ദിവസം കൊണ്ട് വന്‍‌കിട വ്യാപാരികള്‍ക്ക് കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ശേഖരിച്ചു വെച്ചിരുന്ന വന്‍ റബ്ബര്‍ സ്റ്റോക്ക് 130 രൂപയ്ക്ക് വ്യവസായികള്‍ക്ക് വിറ്റഴിക്കുവാന്‍ സര്‍ക്കാര്‍ ഇടനിലക്കാരായി അവസരമൊരുക്കുകയായിരുന്നുവെന്ന് ഇന്‍ഫാം ആരോപിച്ചു.

റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിയില്‍ അടിയന്തിര ഇടപെടലുകള്‍ നടത്താതെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നതിനും വഴിപാട് സമരങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്നതും ദുഃഖകരമാണെന്നും ദേശീയ ഭാരവാഹികള്‍ പറഞ്ഞു.

ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍, ദേശീയ ട്രസ്റ്റി ഡോ. എം.സി ജോര്‍ജ്ജ്, കെ. മൊയ്തീന്‍ ഹാജി, ജോയി തെങ്ങും‌കുടിയില്‍, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഫാ. ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ് മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top