Flash News

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം; പാക്കിസ്ഥാന് അമേരിക്കയുടെ കര്‍ശന താക്കീത്

January 19, 2015 , സ്വന്തം ലേഖകന്‍

OBAMA-e1410455895524ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ എത്താനിരിക്കെ ഭീകരരെ നിയന്ത്രിക്കാന്‍ പാക്കിസ്ഥാന് അമേരിക്കയുടെ താക്കീത്. അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ പാടില്ലെന്നും ഇന്ത്യയില്‍ ഭീകരാക്രമണങ്ങളുണ്ടാകരുതെന്നുമാണ് യുഎസ് അധികൃതര്‍ പാക്കിസ്ഥാനോടു വ്യക്തമാക്കിയത്. മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നും യുഎസ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാകരുതെന്നും മുന്നറിയിപ്പിലുണ്ട്.

2000ല്‍ ബില്‍ ക്ലിന്‍റണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കശ്മീരിലെ അനന്ത് നാഗില്‍ ഭീകരര്‍ 36 സിഖുകാരെ കൂട്ടക്കൊല ചെയ്തിരുന്നു. പിന്നീടും യുഎസ് നേതാക്കളുടെ സന്ദര്‍ശനവേളകളില്‍ ഭീകരരുടെ ആക്രമണങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് യുഎസിന്‍റെ മുന്നറിയിപ്പ്. റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ രണ്ടു മണിക്കൂറോളം തുറന്ന വേദിയിലുണ്ടാകും ഒബാമ. ഇതു കണക്കിലെടുത്തു വലിയ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട് ഇന്ത്യയും യുഎസും. അഫ്ഗാനിസ്ഥാനിലെ ഭീകരഗ്രൂപ്പുകളും യുഎസ് നിരീക്ഷണത്തിലാണ്.

അതിനിടെ, കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം മെട്രോ സ്റ്റേഷനു സമീപം വന്‍ ആയുധ വേട്ട. പിസ്റ്റളില്‍ ഉപയോഗിക്കുന്ന 1020 വെടിയുണ്ടകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷരീഖ്, ഫാഹിം മിയാന്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് ഭീകരവാദ ബന്ധമില്ലെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം വളരെ ഗൗരവത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടിരിക്കുന്നത്. ഒബാമയുടെ വരവിന് മുന്നോടിയായി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധ ശേഖരം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പരിശോധന ഊര്‍ജ്ജിതമാക്കി.

ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
ഈ മാസം 25 നാണ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇന്ത്യയിലെത്തുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍.

കഴിഞ്ഞ പതിനാലിന് ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള കാര്‍ സീലാംപുര്‍ മേഖലയില്‍ നിന്നു വരുന്നതായി വിവരം ലഭിച്ചിരുന്നു. ഷരീക്കും ഫാഹിമുമാണ് കാറിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മുഹമ്മദ് ഇമ്രാനെക്കുറിച്ചും വിവരം ലഭിച്ചെന്ന് അധികൃതര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top