Flash News

മാണിയുടെ നില പരുങ്ങലില്‍, അന്വേഷണം നേരിടേണ്ടി വരുമെന്ന് സൂചന

January 19, 2015 , സ്വന്തം ലേഖകന്‍

km-mani-biju-rameshതിരുവനന്തപുരം: മന്ത്രി കെ.എം മാണിയെ ആരോപണങ്ങളില്‍ നിന്ന് ഏതുവിധേനയും സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെയും യു.ഡി.എഫിന്‍െറയും നീക്കം പാളുന്നതായി സൂചന. അവിഹിതമായി പണപ്പിരിവ് നടത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന മാണിക്ക് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വിഷമമായിരിക്കും.

വമ്പന്മാര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇനിയും പുറത്തുവരാനിരിക്കുകയാണ്. സ്വര്‍ണ വ്യാപാരികള്‍, ബേക്കറി ഉടമകള്‍, റൈസ് മില്ലുകാര്‍ എന്നിവരൊക്കെ മാണിക്ക് കോടികള്‍ നല്‍കിയെന്ന പുതിയ ആരോപണം ബാര്‍കോഴ കേസിനൊപ്പം അന്വേഷണ വിധേയമാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ മാണിയുടെ നിലനില്‍പ് പരുങ്ങലിലാകും.

ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് മാണിക്കെതിരെ ഗുരുതര ആരോപണമുയര്‍ന്നത്. ഇത്തരം ആരോപണമുയര്‍ന്ന മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിലും ധാര്‍മിക പ്രശ്നമുണ്ട്. ബാറുകള്‍ക്ക് പുറമെ സ്വര്‍ണം, ബേക്കറി, അരി വ്യാപാരികളില്‍ നിന്നും മാണി കോഴ വാങ്ങിയെന്ന ഗുരുതര ആരോപണമാണ് മാണിക്കെതിരായുള്ളത്. സ്വര്‍ണ വ്യാപാരികളില്‍നിന്ന് 19 കോടിയും അരി മില്ലുകാരില്‍നിന്ന് രണ്ടു കോടിയും വാങ്ങിയെന്ന് ബാലകൃഷ്ണപിള്ള ബിജുവിനോട് പറയുന്നത് സംഭാഷണത്തില്‍ വ്യക്തമാണ്. ബേക്കറിക്കാരില്‍ നിന്ന് രണ്ട് കോടി വാങ്ങിയത് അറിയാമെന്ന് ബിജുവും പറയുന്നു. മാണി പണം വാങ്ങുന്നത് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ബിജുവുമായി സംസാരിച്ചത് പിള്ളയും ജോര്‍ജും സമ്മതിച്ചിട്ടുണ്ട്. സംഭാഷണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പിള്ള പറഞ്ഞപ്പോള്‍ മാണിയെ രക്ഷിക്കാന്‍ പലതും പറഞ്ഞിട്ടുണ്ടാകുമെന്നാണ് ജോര്‍ജ് പറഞ്ഞത്. മാണിയുടെ അഴിമതി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസിലെത്തി ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന പിള്ളയുടെ വാദം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലാണ് താനും കെ.ബി. ഗണേഷ്‌കുമാറും കണ്ടതെന്നും കോഴക്കാര്യം സംസാരിച്ചതായും പിള്ള ആവര്‍ത്തിച്ചു. ഇക്കാര്യം പരുമലപ്പള്ളിയില്‍ സത്യംചെയ്യാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയ പിള്ള സംസാരിച്ചിട്ടില്ലെന്നും കോഴക്കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും പരുമലപ്പള്ളിയിലെത്തി സത്യംചെയ്യാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

ബിജു രമേശിനെ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും ഇങ്ങോട്ട് വിളിച്ചപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പി.സി. ജോര്‍ജിന്‍െറ നിലപാട്. ജോര്‍ജ് പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് കെ.എം. മാണി പ്രതികരിച്ചു. എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി നിഷേധിച്ചതാണ്. പിള്ളയുടെ ആരോപണം വിരോധംകൊണ്ടാണ്. താനും പിള്ളയുമായുള്ള ഇരുപ്പുവശം എല്ലാവര്‍ക്കും അറിയാം. മാണി പറഞ്ഞു.

ആരോപണങ്ങളുടെ വെളിച്ചത്തില്‍ മാണി ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാണിയെ പുറത്താക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ബജറ്റ് അവതരണത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ആവശ്യപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top