Flash News

ഉമ്മന്‍‌ചാണ്ടിയും മന്ത്രിമാരും ഓടി – നാടു നന്നാക്കാന്‍; വീട്ടമ്മമാര്‍ ഓടി – റേഷന്‍ കാര്‍ഡ് പുതുക്കാന്‍ !!

January 20, 2015 , സ്വന്തം ലേഖകന്‍

ottam titleതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മുന്നോടിയായി സംസ്ഥാന സര്‍ക്കാരും മലയാള മനോരമയും ചേര്‍ന്നു സംഘടിപ്പിച്ച ‘റണ്‍ കേരള റണ്ണി’ല്‍ ഉമ്മന്‍‌ചാണ്ടിയും, മന്ത്രിമാരും,  സിനിമാക്കാരും സെലിബ്രിറ്റികളും അവരുടെ പുറകെ വാലുപോലെ ചില നാട്ടുകാരും ഓടി. ഓട്ടം ഒരു വന്‍ വിജയമായെന്നു മനോരമയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറയുമ്പോള്‍ ഒരു വിഭാഗം വീട്ടമ്മമാര്‍ പറയുന്നതു നേരേ തിരിച്ചാണ്. വേറൊന്നുമല്ല, ഓടാന്‍ പോവുകയോ അല്ലെങ്കില്‍ ഓട്ടം കാണാനെങ്കിലും പോവുകയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന അവര്‍ക്ക് അതു സാധിച്ചില്ല. കാരണം, ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള ഫോട്ടോയെടുക്കലും റണ്‍ കേരള റണ്ണും കൂടി കൂട്ടിമുട്ടിയതാണു കാരണം. തിങ്കളാഴ്ച തുടങ്ങിയ ഫോട്ടോയെടുക്കല്‍ ക്യാമ്പ് ചൊവ്വാഴ്ചയുമുണ്ടായിരുന്നു. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ഫോട്ടോയെടുക്കലിന് ആറു മണിക്കേ എത്തി ക്യൂ നില്‍ക്കണോ അതോ പത്തരയ്ക്ക് റണ്‍ കേരളക്ക് പോകണോ എന്നു സംശയിച്ച് ചില വീട്ടമ്മമാര്‍ ആശയക്കുഴപ്പത്തിലായെങ്കിലും അവരുടെ തീരുമാനം റേഷന്‍ കാര്‍ഡിന് അനുകൂലമായിരുന്നു. കാരണം, ഓട്ടം ഇന്നു തീരും, റേഷന്‍ കാര്‍ഡ് പിന്നീടെപ്പോഴും വേണ്ടതാണ്. രാവിലെ കൃത്യസമയത്ത് ഫോട്ടോയെടുക്കല്‍ തുടങ്ങിയ ചില ക്യാമ്പുകളില്‍ ആദ്യം ഫോട്ടോയെടുത്തവര്‍ ഓടാനും പോയെന്നുമാത്രം. കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്, ഈ പരാതി പറയുന്ന വീട്ടമ്മമാര്‍.

പക്ഷേ, ഇതിനിടയില്‍ കുറേ അധ്യാപികമാരും സര്‍ക്കാര്‍ ജീവനക്കാരികളും കുടുങ്ങി. അവര്‍ രാവിലെ നേരത്തെ സ്കൂളുകളിലെത്തി റണ്‍ കേരളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഓടുകയും പിന്നീട് ഉച്ചകഴിഞ്ഞ് അവധിയെടുത്ത് ഫോട്ടോയെടുക്കാന്‍ പോവുകയും ചെയ്യേണ്ടിവന്നു. ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ റണ്‍ കേരള റണ്‍ കഴിഞ്ഞ പിന്നാലെ, അത് വന്‍വിജയമാക്കിയ കേരളത്തിലെ ‘മുഴുവന്‍’ ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി പറഞ്ഞു. പക്ഷേ, ഇതേ മുഖ്യമന്ത്രിയോട് തിങ്കളാഴ്ച മനോരമ രഹസ്യമായി ഒരു കാര്യം ചോദിച്ചുവെന്നും അദ്ദേഹം അത് തള്ളിയെന്നുമാണ് വിവരം. ചൊവ്വാഴ്ച രാവിലത്തെ ഫോട്ടോയെടുപ്പ് മാറ്റിവയ്ക്കാന്‍ സാധിക്കുമോ എന്നായിരുന്നു ചോദ്യം. അത് വിവാദമായാലോ എന്നു ചോദിച്ചാണത്രേ തള്ളിയത്. 27 വര്‍ഷത്തിനുശേഷം കടന്നുവരുന്ന രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ കേരളം സജ്ജമായിരിക്കുന്നതിനിടെ പുതിയ ഒരു വിവാദംകൂടി വേണോ എന്നും മുഖ്യമന്ത്രി ചോദിച്ചെന്നാണു വിവരം.

മനോരമയ്ക്ക് ദേശീയ ഗെയിംസ് ക്യാംപെയിന്റെ ചുമതലയും പത്തുകോടിയും കൊടുത്തതിന്റെ വിവാദം ഒരുവിധം അടങ്ങിവരുന്നതിനിടയിലായതുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നത്. അല്ലായിരുന്നെങ്കില്‍ ഈ വീട്ടമ്മമാരുടെ കൂടെനിന്ന് അവര്‍ക്കുവേണ്ടിയാകും അദ്ദേഹം തീരുമാനമെടുക്കുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി പറയുന്നത്. ഏതായാലും കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത് എന്ന പ്രതീതി ഉണ്ടാക്കാന്‍ മനോരമയ്ക്കു സാധിച്ചു. ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറായത്. അദ്ദേഹം പല ദിവസങ്ങളും ഈ പരിപാടിക്കുവേണ്ടി മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടുമാത്രമാണ് സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്കുവഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലങ്ങോളമിങ്ങോളം അരി വാങ്ങാന്‍ ഗതിയില്ലാതെ, റേഷനരിയെ അഭയം പ്രാപിച്ച് ജീവിക്കുന്ന, പട്ടിണിപ്പാവങ്ങളുടെ കാര്യത്തില്‍ കാണിക്കാത്ത ശുഷ്ക്കാന്തിയാണ് മനോരമയും ഉമ്മന്‍‌ചാണ്ടി സര്‍ക്കാരും കാണിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്. വിദേശങ്ങളില്‍ നിന്ന് ചില സംഘടനകളുടെ നേതാക്കള്‍ കൊടിയും തോരണങ്ങളും ബാനറുമേന്തി ഓടാന്‍ വന്നതും കൗതുകമുണര്‍ത്തി. അവര്‍ക്ക് ഓട്ടത്തിലായിരുന്നില്ല താല്പര്യമെന്നത് രഹസ്യം.

ഈ ഓട്ടത്തില്‍ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ലാഭമുണ്ടായതെന്ന് വരും‌നാളുകളില്‍ അറിയാമെന്ന് അണിയറ സംസാരം. രക്തദാനത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ബോബി ചെമ്മണ്ണൂര്‍ നടത്തിയ മാരത്തോണ്‍ ഓട്ടത്തിന്റെ വിവാദം അവസാനിക്കുന്നതിനു മുന്‍പേ ഇങ്ങനെയൊരു ഓട്ടം സംഘടിപ്പിച്ച മനോരമയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജനസംസാരമുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top