Flash News

റാന്നി – വികസനം കൊതിക്കുന്ന പ്രകൃതി രമണീയമായ മലയോര നാട്

February 2, 2015 , എബി മക്കപ്പുഴ

ranni titleകേരളത്തിന്റെ മലയാള റാണി എന്നറിയപ്പെടുന്ന റാന്നി. മലയോര കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന കേരളത്തിലെ വിശ്വസുന്ദരമായ പ്രദേശം. വിശ്വപ്രസിദ്ധമായ പുണ്യ പമ്പാ നദി. ഹൈന്ദവരും, ക്രിസ്ത്യാനികളും, മുസ്ലീമും ഏകോദര സഹോദരങ്ങളെപോലെ കഴിയുന്ന ദൈവത്തിന്റെ നാട്. അതാണ്‌ റാന്നിയുടെ പ്രത്യേകത.

പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ ഒന്നാണ് റാന്നി. മലയോരപ്രദേശമായ റാന്നി ലോക പ്രസിദ്ധിയാര്‍ജ്ജിച്ച പമ്പാ നദിയുടെ തീരങ്ങളിലൊന്നാണ്. പത്തനംതിട്ടയില്‍ നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നുപോകുന്നു. അരിഞ്ഞാണം പോലെ റാന്നിയെ ചുറ്റി കിടക്കുന്ന നദികളും തോടുകളും, മനുഷ്യ മനസ്സുകള്‍ക്ക് കുളിര്‍മയേകുന്ന പച്ച പരവതാനി വിരിച്ചപോലുള്ള വന പ്രദേശങ്ങളും ഭൂമി ദേവി അനുഗ്രഹിച്ചു നല്‍കിയതാണെന്നു വേണം പറയാന്‍.

temple 1റാന്നിയുടെ അതിരുകള്‍ മിക്കവയും വനപ്രദേശമാണ്. നൈസര്‍ഗിക കാലാവസ്ഥ നിലനിര്‍ത്തുവാന്‍ ഇത് വളരെയധികം സഹായിക്കുന്നു. റബ്ബര്‍, കൊക്കകായ, നാളികേരം എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ്‌ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. റാന്നിയുടെ ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍ കഴിഞ്ഞ അന്‍പതു കൊല്ലം മലയൊര കര്‍ഷകര്‍ക്ക് ഗുണകരമായ നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മലയൊര കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങള്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തിവരികയാണ്‌. റബ്ബറിന് വില കുറഞ്ഞപ്പോള്‍ കോലിഞ്ചി പരീക്ഷണം നടത്തി, അത് നഷ്ട്ടം ആയപ്പോള്‍ അലബീസ്യാ എന്ന കാട്ടു മരത്തിലേക്കായി കര്‍ഷകരുടെ നോട്ടം. അതിലും പരാജയപ്പെട്ടപ്പോള്‍ പെരുമരം മഞ്ചീയവും കൃഷിയിടങ്ങളില്‍ പരീക്ഷിച്ചു നോക്കി. അതിലും പരാജയപ്പെട്ട കര്‍ഷകരിലധികവും പണയത്തിലായ കിടപ്പാടം വിറ്റു പാപ്പരായി. വീണ്ടും അടുത്ത പരീക്ഷണവുമായി കൊക്കോ കമ്പനി കര്‍ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചു. കൊക്കോ എങ്കില്‍ കൊക്കോ എങ്ങനെയെങ്കിലും ജീവിക്കണ്ടേ? പെരുമരവും, അലബീസ്യായും വെട്ടി കളഞ്ഞിട്ടു കൊക്കോ കൃഷിയിലേക്ക് മാറി. ഓരോ പരീക്ഷണങ്ങളിലും തകരുന്നത് എത്ര എത്ര കര്‍ഷക കുടുംബങ്ങള്‍?

കൊക്കോ കൃഷിയിലും പരാജയപ്പെട്ട കര്‍ഷകര്‍ വലിയ മുതല്‍ മുടക്കില്ലാതെ വലിയ വില കിട്ടാവുന്ന തേക്ക് കൃഷിയിലേക്ക് മാറി. തേക്കിന് വലിയ വില കിട്ടും ശരി തന്നെ. മധ്യവയസ്കനായ ഒരു കര്‍ഷകന്‍ തേക്ക് കൃഷി ചെയ്താല്‍ എന്നാണു അതില്‍ നിന്നും ആദായം കിട്ടുക? തേക്ക് തടി ശരിക്ക് പാകമാകുവാന്‍ ഏതാണ്ട് 60 വര്‍ഷം വേണ്ടി വരും! 40 വയസുള്ള ഒരു കര്‍ഷകന്‍ തേക്ക് കൃഷി ചെയ്‌താല്‍ അവനു അതില്‍ നിന്നും ആദായം കിട്ടണമെങ്കില്‍ 100 വയസ്സ് വരെ ജീവിക്കണം. പരീക്ഷങ്ങളുടെ അവസാനത്തില്‍ വെറ്റില കൃഷിയിലാണ് റാന്നി നിവാസികള്‍.

പരീക്ഷണങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച റാന്നിയിലെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന യാതൊരു കാര്യവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല എന്നത് സത്യം. മറിച്ചു മക്കള്‍ മറു നാട്ടില്‍ പോയി പണിയെടുത്തു മാസം തോറും അയച്ചു കൊടുക്കുന്ന പൈസ കൊണ്ടാണ് ഇന്ന് കൂടുതല്‍ കുടുംബങ്ങളും കഴിഞ്ഞു കൂടുന്നത്.

350sabarimala_temple1കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ പെരിനാട് വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ശബരിമല തീര്‍ച്ചയായും ഒരു അത്ഭുത പ്രതിഭാസമാണ്. റാന്നിയില്‍ നിന്ന് 66 കി.മി. അകലെയാണ് സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല. ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരിയായി, ഭൂമിശാസ്ത്രപരവും, ജൈവശാസ്ത്രപരവുമായിട്ടുള്ളതും, ആചാരക്രമങ്ങളിലുള്ള വൈവിദ്ധ്യവും അതല്യതയും മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും ശബരിമലയെ തികച്ചും വ്യത്യസ്തമാക്കുന്നു. എല്ലാ വ൪ഷവും ഉത്സവകാലമായ രണ്ട് മാസത്തോളം ശബരിമല ക്ഷേത്രം അഭൂതപൂര്‍‌വ്വമായ ജനസഞ്ചയത്താല്‍ മുഖരിതമാവുകയാണു ചെയ്യുന്നത്. വൃതാനുഷ്ഠാനങ്ങളോടെയാണു അയ്യപ്പ ഭക്തര്‍ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനു എത്തുന്നത്. പുണ്യ നദിയായ പമ്പയില്‍ മുങ്ങിക്കുളിച്ചശേഷം ഗിരിശൃംഗങ്ങളില്‍ നിലകൊള്ളുന്ന അയ്യപ്പക്ഷേത്രത്തിലെ പുണ്യ ദര്‍ശനം കോടാനുകോടി ജനങ്ങളുടെ ജീവിതാഭിലാഷമാണ്. സമുദ്ര നിരപ്പില്‍ നിന്നും 914 മീറ്ററോളം ഉയരത്തില്‍, നിബിഢവനത്തില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍‌വ് പ്രദേശത്താണു ശബരിമല ക്ഷേത്രത്തിന്റെ സഥാനം. കോടിക്കണക്കിന് രൂപ വരുമാനം നേടി തരുന്ന റാന്നിയിലെ പുണ്യ കേന്ദ്രം. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തന്മാര്‍ക്ക് ഒരു ഇടത്താവളമാണ് റാന്നി. എങ്കില്‍ റാന്നിയില്‍ ഒരു നല്ല ഹോട്ടലോ, താമസിക്കുവാന്‍ നല്ല ലോഡ്ജുകളോ ഇല്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമോ, പൊതുജനങ്ങള്‍ക്ക് വേണ്ട മൂത്ര പുരകളോ ഇല്ലെന്നുള്ളതു വളരെ ശോചനീയം തന്നെയാണ്.

perunthenaruvi fallsപ്രകൃതി സുന്ദരമായ മല മുകളിലെ വെള്ളച്ചാട്ടം. കാണികളെ ആകര്‍ഷിച്ച വെച്ചൂച്ചറയിലുള്ള പെരുന്തേനരുവി. കേരളത്തിലേ പുതിയ ടൂറിസം ആകര്‍ഷണം ആകാന്‍ ഒരുങ്ങുന്ന പത്തനംതിട്ട ജില്ലയിലെ ഏറെ വികസന സാധ്യതയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് പെരുന്തേനരുവി വെള്ളച്ചാട്ടം. ആതിരപ്പള്ളിയും കുറ്റാലവും പാലരുവിയും പോലെ തന്നെ വിനോദസഞ്ചാരികളുടെ മനം കവരുന്ന പ്രകൃതി സൌന്ദര്യമാണ് പെരുന്തേനരുവിക്കുമുള്ളത്. നൂറടി ഉയരത്തില്‍ നീന്ന് താഴേയ്ക്കുള്ള ജലപ്രവാഹം കാഴ്ചക്കാര്‍ക്ക് വിസമയകരമായ ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്. മലനിരകളിലൂടെ ശാന്തമായി ഒഴുകിയെത്തി രൌദ്രഭാവം പൂണ്ട് താഴേയ്ക്ക് പതിക്കുന്ന പെരുന്തേനരുവിയുടെ യാത്ര കാണേണ്ട കാഴ്ച തന്നെയാണ്. പമ്പയുടെ കരയിലുള്ള പെരുന്തേനരുവി ശബരിമലയുടെ താഴ്വാരത്തിലാണ്. കാണികള്‍ക്കുവേണ്ടി യാതൊരു കലര്‍പ്പുമില്ലതെ പ്രകൃതി ദേവി അനുഗ്രഹിച്ചു റാന്നിക്കാര്‍ക്ക് നല്‍കിയ അമൂല്യ സമ്മാനം. ആ അമൂല്യ സമ്മാനം ലോകത്തിനു കാട്ടി കൊടുക്കുവാന്‍ കഴിയാഞ്ഞ കേരള സര്‍ക്കാര്‍. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ റാന്നിയോട് കാട്ടുന്ന അവഗണയില്‍ റാന്നി ജനത തികച്ചും അസന്തുഷ്ടരാണ്.

vikom mosqueലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളെ സൃഷ്ടിച്ച നാടാണ് റാന്നി. ഏറ്റവും കൂടുതല്‍ വിദേശ പണം വന്നു കൂടുന്നതും റാന്നിയിലാണ്. ലോകത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ സണ്ണി വര്‍ക്കിയുടെ നാടും റാന്നിയാണ്. വളരെയധികം വിദേശ പണം എത്തിച്ചേരുന്ന റാന്നിയില്‍ പ്രവാസികള്‍ക്ക് മുതല്‍ മുടക്കി ബിസിനസ് ചെയ്യുവാന്‍ മടിയാണ്. കാരണം പല പ്രവാസികളും മുന്‍‌കാലത്ത് ബിസിനസ് രംഗത്ത് മുതല്‍ മുടക്കി പാപ്പരാക്കി മടക്കിവിട്ട ചരിത്രമാണ് റാന്നിയുടേത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ഓശാന പാടുന്ന യുണിയന്‍‌കാരും, കുറെ കുട്ടി നേതാക്കളും റാന്നിയുടെ വികസനത്തില്‍ പാരകളായി അവശേഷിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ റബ്ബര്‍ കൃഷിയും, സ്ലൊട്ടെര്‍ ബിസ്സിന്‍സ നടത്തി ലക്ഷങ്ങളുടെ കട ബാധ്യതയില്‍ കഴിയുന്ന ധാരാളം കുടുംബങ്ങള്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. റാന്നിയെ ഒരു ചരിത്ര സ്മാരകമായി മാറ്റുവാന്‍ പ്രവാസി മലയാളികള്‍ക്ക് കഴിയും. എന്നാല്‍ അഴിമതിയുടെ കൂടാരമായി മാറിക്കൊണ്ടിരിക്കുന്ന വില്ലേജു, പഞ്ചായത്ത്, താലുക്ക് ഉദ്യോഗസ്ഥരുടെ പ്രവാസികളോടുള്ള സമീപനം എല്ലാറ്റിനും വിലങ്ങായി നില്‍ക്കുന്നു. പാറ പൊട്ടിച്ചും, മണല്‍ വാരിയും, വൃക്ഷങ്ങള വെട്ടിമാറ്റിയും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിച്ച്കൊണ്ടിരിക്കുന്ന കുറെ തല്പര കക്ഷികള്‍ക്ക് ഭരണകൂടം കൂട്ട് നില്‍ക്കുമ്പോള്‍, അദ്ധ്വാനത്തിന്റെ വിലയറിയാവുന്ന പ്രവാസികള്‍ക്ക് എന്ത് ചെയ്യാനാവും…..?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top