Flash News

ചിരിയുടെ ആശാന്‍ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം

February 2, 2015 , സ്വന്തം ലേഖകന്‍

Cochin Hanifa6681കിരീടത്തിലെ ഹൈദ്രോസ് ചട്ടമ്പി, മാന്നാര്‍ മത്തായിയിലെ എല്‍ദോ, പഞ്ചാബി ഹൗസിലെ കപ്പലു മുതലാളി ഗംഗാധരന്‍, മീശമാധവനിലെ പെടലി ഈ കഥാപാത്രങ്ങളെ അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. വേറിട്ട അവതരണത്തിലൂടെ ഈ കഥാപാത്രങ്ങളെ എന്നും പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടതാക്കിയത് മറ്റാരുമല്ല. നമ്മുടെ സ്വന്തം കൊച്ചിന്‍ ഹനീഫ. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് തനതായ ശൈലിയിലൂടെ ആരാധകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് ഇന്ന് അഞ്ചു വര്‍ഷം.

വില്ലനായും ഹാസ്യതാരമായും സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് കൊച്ചിന്‍ ഹനീഫ. മിമിക്രി വേദികളിലൂടെയാണ് സലീം അഹമ്മദ് എന്ന കൊച്ചിന്‍ ഹനീഫ സിനിമയില്‍ എത്തുന്നത്. കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു അരങ്ങേറ്റം. തുടക്കത്തില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹനീഫ കിരീടം എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെയാണ് ഹാസ്യ താരത്തിലേക്കെത്തുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മികച്ച സംവിധായകന്‍ കൂടിയായിരുന്നു ഹനീഫ. ലോഹിതദാസിന്‍റെ തിരക്കഥയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം എന്ന ചിത്രം ഹനീഫയുടെ സംവിധാന മികവിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് വാത്സല്യം. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങളും ഹനീഫയുടെ സംവിധാന മികവിന്‍റെ ഉദാഹരണങ്ങളാണ്. തിക്കഥാകൃത്തായും അദ്ദേഹം തന്‍റെ മികവ് തെളിയിച്ചു. കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി തുടങ്ങിയ ചിത്രങ്ങള്‍ കൊച്ചിന്‍ ഹനീഫയുടെ തിരക്കഥാ മികവില്‍ പുറത്തിറങ്ങിയവയായിരുന്നു.

ലോഹിതദാസ് ചിത്രമായ സൂത്രധാരനിലെ അഭിനയത്തിന് 2001-ല്‍ മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് കൊച്ചിന്‍ ഹനീഫയ്ക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അഭിനയ പൂര്‍ണതയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു അത്.

ഒടുവില്‍ 2010-ല്‍ കരള്‍ രോഗത്തെ തുടര്‍ന്ന് അരങ്ങൊഴിയുമ്പോള്‍ അദ്ദേഹം ബാക്കി വച്ചത് കുറേ നല്ല കഥാപാത്രങ്ങളും, സിനിമകളും ഒപ്പം സഫ, മാര്‍വ എന്നീ രണ്ടു കുരുന്നുകളെയും മാത്രമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top