Flash News

യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ തെളിവെടുപ്പില്‍ ജെ.എഫ്.എ.യുടെ സാന്നിധ്യം

February 3, 2015 , ജോസ് പിന്റോ സ്റ്റീഫന്‍

IMG_1551ന്യൂയോര്‍ക്ക്: ജനുവരി 31-ാം തിയ്യതി രാവിലെ 10 മണിക്ക് യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയില്‍ സംഘടിപ്പിച്ച പ്രത്യേക ഇന്‍‌വെസ്റ്റിഗേഷന്‍ പ്രോഗ്രാമില്‍ ‘ജസ്റ്റിസ് ഫോര്‍ ഓള്‍’ (ജെ.എഫ്.എ.) എന്ന മനുഷ്യാവകാശ സംഘടനയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തോമസ് കൂവള്ളൂര്‍ (ചെയര്‍മാന്‍), ജസ്റ്റിസ് ഫോര്‍ ഓള്‍ അംഗവും  ഐ.എ.എം.സി.വൈ. നിയുക്ത പ്രസിഡന്റുമായ ഷെവലിയാര്‍ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, ജെ.എഫ്.എ.യുടേയും ഐ.എ.എം.സി.വൈ.യുടെയും സജീവ പ്രവര്‍ത്തകനായ ജോയി പുളിയനാല്‍, ജെ.എഫ്.എ.യുടെ സജീവാംഗം ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരാണ് ഈ പ്രത്യേക പ്രോഗ്രാമില്‍ പങ്കെടുത്ത് ഈ പ്രദേശത്തെ ഇന്ത്യന്‍ സംഘടനകളൂടെ സാന്നിധ്യം ബോധ്യപ്പെടുത്തിയത്.

ഈ പ്രോഗ്രാമില്‍ പങ്കെടുത്ത ജെ.എഫ്.എ. പ്രവര്‍ത്തകരോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുവാന്‍ തോമസ് കൂവള്ളൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗാവസ്ഥയില്‍ ചികിത്സയിലും വിശ്രമത്തിലുമായി കഴിയുന്ന ജോയി പുളിയനാല്‍ ഈ പ്രോഗ്രാമില്‍ പങ്കെടുത്തത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിനുള്ള പ്രതിബദ്ധത തെളിയിക്കുന്നുവെന്നും തോമസ് കൂവള്ളൂര്‍ അഭിപ്രായപ്പെട്ടു.

യോങ്കേഴ്‌സ് പട്ടണത്തിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നും ഇവിടത്തെ ന്യൂനപക്ഷ സമൂഹങ്ങളോട് അവര്‍ വിവേചനം കാണിക്കുന്നുവെന്നും പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ആ പരാതികളുടെ മേല്‍ തെളിവെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഈ പ്രോഗ്രാം ഇവിടെ സംഘടിപ്പിച്ചത്.

സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റി നേതാക്കളിലെ ശക്തമായ വനിതാ സാന്നിധ്യമായ ശ്രീമതി മസിദാ ഉദ്ദിനാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജെ.എഫ്.എ.യെ ചുമതലപ്പെടുത്തിയത്. ഈ പ്രദേശത്തെ മറ്റു ഇന്ത്യന്‍ സംഘടനകളേയും ഈ പ്രോഗ്രാമിലേക്ക് ക്ഷണിക്കുവാനുള്ള ഉത്തരവാദിത്വവും ജെ.എഫ്.എ.യ്ക്ക് ലഭിക്കുകയുണ്ടായി.

മിക്കവാറുമുള്ള നേതാക്കളെയും ക്ഷണിച്ചുവെങ്കിലും ഇതില്‍ പങ്കെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ലെന്ന് തോമസ് കൂവള്ളൂര്‍ പറഞ്ഞു. ഈ അനൈക്യം നമ്മെ വീണ്ടും പിന്നോക്കാവസ്ഥയില്‍ തന്നെ പിടിച്ചു നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരെ പ്രത്യേക മുറികളില്‍ വിളിച്ചു ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. അതോടൊപ്പം നമ്മുടെ അവകാശങ്ങളെക്കുറിച്ചും, അവ എങ്ങനെ സം‌രക്ഷിക്കാമെന്നുമുള്ള ബോധവത്ക്കരണ ക്ലാസുമുണ്ടായിരുന്നു.

ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ടായിരുന്നു. ക്ലാസ്സില്‍ നിന്നും ലഭിച്ച ചില പ്രതികരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

“പൊതുജനം പോലീസിനെ ഭയക്കുന്നു.”

“നാം നമുക്കുവേണ്ടി തെരഞ്ഞെടുത്ത അധികാരികള്‍ നമ്മുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തികേണ്ടവരാണ്. എന്നാല്‍, അവര്‍ നമ്മുടെ യജമാനന്മാരെപ്പോലെ പെരുമാറുന്നു.”

“പോലീസ് വിവേചനപരമായി ന്യൂനപക്ഷങ്ങളോട് പെരുമാറുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അതിന് തിരിച്ചടി ഉണ്ടായേക്കുമെന്ന ഭയമാണിതിന് കാരണം.”

“നമുക്ക് സം‌രക്ഷണം നല്‍കാന്‍ അധികാരികളും പോലീസ് ഡിപ്പാര്‍ട്ട്മെന്റും തയ്യാറായില്ലെങ്കില്‍ നമ്മുടെ സം‌രക്ഷണം നമ്മള്‍ തന്നെ ഉറപ്പു വരുത്തണം. അതിന് നമ്മള്‍ സംഘടിക്കാന്‍ തയ്യാറാകണം.”

“നമ്മളുടേതുപോലുള്ള സന്നദ്ധ സംഘടനകളുടെ കൂട്ടായ്‌മകള്‍ ആരംഭിക്കണം. പരസ്പരം മനസ്സിലാക്കാനും സഹായിക്കാനും സഹകരിക്കാനും നാം തയ്യാറാകണം.”

കാത്തലിക് ചാരിറ്റി, വൈ.എം.സി.എ., മക്‌ഗ്രോഹില്‍ എജ്യുക്കേഷന്‍, വൈ.പി.ഡി. സിറ്റിസണ്‍ പോലീസ് അക്കാദമി അലും‌മ്‌നി അസ്സോസിയേഷന്‍, സെനറ്റര്‍ ആന്‍‌ഡ്രിയ സ്റ്റിവാര്‍ഡ് കസിന്‍സിന്റെ പ്രതിനിധി, കമ്മ്യൂണിറ്റി വോയ്സ് ഹിയേര്‍ഡ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരാണ് ഈ പ്രോഗ്രാമില്‍ പങ്കെടുത്തത്.

യോങ്കേഴ്‌സ് വോയ്സ്, ചാനല്‍ 12 എന്നീ ടെലിവിഷന്‍ ചാനലുകളും ജോസ് പിന്റോ സ്റ്റീഫന്‍ എന്ന മാധ്യമ പ്രവര്‍ത്തകനും പ്രോഗ്രാമില്‍ പങ്കെടുത്തു.

യോങ്കേഴ്‌സ് പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ ഏകോപന സമ്മേളനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരമൊരു യോഗം വിളിച്ചുകൂട്ടാന്‍ ജെ.എഫ്.എ. ശ്രമിക്കുമെന്നും അതിനോട് എല്ലാവരും സഹകരിക്കണമെന്നും തോമസ് കൂവള്ളൂര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ 914 409 5772

IMG_1550 IMG_1555IMG_1545 IMG_1547

യോങ്കേഴ്‌സ് വോയ്സ് നടത്തിയ ടി.വി. ഇന്റര്‍‌വ്യൂ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ തെളിവെടുപ്പില്‍ ജെ.എഫ്.എ.യുടെ സാന്നിധ്യം”

  1. ഇത്ര നല്ല ഒരു വാര്‍ത്ത‍ വേണ്ട വിധത്തില്‍ വായനക്കാര്‍ക്ക്‌ മനസ്സിലാക്കതക്ക വിധത്തില്‍ ക്രമീകരിച്ച മലയാളം ഡെയിലി ന്യൂസ്‌ ന്റെ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് എന്റെ സുഹൃത്ത് മൊയ്തീന്‍ പുത്തന്‍‌ചിറയ്ക്കും എന്റെ അഭിനന്ദനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top