Flash News

പ്രണയമേ, പ്രണതി (ഒരു വാലന്റയിന്‍ കുറിപ്പ്‌ – സുധീര്‍ പണിക്കവീട്ടില്‍)

February 13, 2015 , സുധീര്‍ പണിക്കവീട്ടില്‍

banner

യെരുശലേം പുത്രിമാരെ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമ പരവശയായിരിക്കുന്നു എന്ന്‌ അവനോട്‌ അറിയിക്കണം. ഇ-മെയിലുകളും, ഇന്നത്തെപോലെ തപാല്‍ സംവിധാനങ്ങളും ദൂര ഭാഷിണികളും ഇല്ലാത്ത കാലത്ത്‌ ഒരു സ്‌നേഹസ്വരൂപിണി അവളുടെ പ്രിയപ്പെട്ടവനു വേണ്ടി കൊടുത്ത സന്ദേശമാണത്‌. ഇക്കാലത്ത്‌ പ്രേമാര്‍ദ്രമായ ഹ്രുദയങ്ങള്‍ക്ക്‌ ഇണകളെ ഇംഗിതം അറിയിക്കാന്‍ എളുപ്പമാണ്‌. യുവതിയുവാക്കള്‍ (ഇപ്പോള്‍ പ്രായഭേദമന്യേ) കൈമാറുന്ന പ്രണയ സന്ദേശങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്നത്‌ കാമദേവനാണെന്ന്‌ പുരാതന ഭാരതത്തിലെ ഋഷിമാര്‍ പറഞ്ഞ്‌ വച്ചിരിക്കുന്നു. കാളിദാസന്റെ കുമാരസംഭവത്തില്‍ പാര്‍വതി ദര്‍ശനത്തിനായി ശിവന്റെ കണ്ണ്‌ തുറപ്പിച്ച കാമദേവനെപ്പറ്റി പറയുന്നുണ്ട്‌. തെക്കു നിന്ന്‌ വീശുന്ന മന്ദമാരുതന്‍ ശിശിരകാലാന്തരീക്ഷത്തെ നേര്‍മ്മയുള്ളതാക്കി കൊണ്ടിരുന്നു. അപ്പോള്‍ പൊട്ടി വിടര്‍ന്ന (കാമദേവന്റെ മായാജാലത്തില്‍) ഇളം പൂക്കളെകൊണ്ട്‌ ഭൂമിയാകെ ഉണര്‍ന്നു. പുതുമലരുകളുടെ സുഗന്ധം തങ്ങി നില്‍ക്കുന്ന അന്തരീക്ഷം. പ്രകൃതിതിയുടെ സൗന്ദര്യ ലഹരിയില്‍ ഉന്മത്തരായ പൂങ്കുയിലുകളുടെ ശ്രുതിമധുരമായ ഗാനാലാപം. മഞ്ഞപൂക്കളെകൊണ്ട്‌ കാര്‍കൂന്തല്‍ അലങ്കരിച്ച് കൈയില്‍ വര്‍ണ്ണശബളിമയാര്‍ന്ന മാലയുമേന്തി സമാധിയിലിരിക്കുന്ന ശിവനു മുന്നില്‍ പൂജാ ദ്രവ്യങ്ങളുമായി പാര്‍വതി നില്‍ക്കുന്നു. സമയം വൈകിക്കാതെ കാമദേവന്‍ ശിവന്റെ മനസ്സിനെ ലാക്കാക്കി അഞ്ചു പൂവമ്പുകള്‍ ഒരുമിച്ച് എയ്‌തു. അമ്പുകള്‍ക്ക്‌ ഉന്നം പിഴച്ചില്ല. അവ ശിവഹൃദയത്തെ ത്രസിപ്പിച്ചു. ശിവന്‍ പാര്‍വ്വതിയെ ആഗ്രഹത്തോടെ നോക്കി. ഉടനെ ആത്മസംയമനം നേടിയ ശിവന്‍ തന്റെ മൂന്നാം കണ്ണ്‌ കൊണ്ട്‌ കാമദേവനെ നോക്കി ഭസ്‌മമാക്കി. തന്മൂലം കാമദേവനു അനംഗന്‍ എന്ന പേരു വന്നു. മാംസനിബദ്ധമല്ലനുരാഗം എന്നതിന്റെ തെളിവായിട്ടാണത്രെ കാമദേവനെ ശരീരമില്ലാത്തവനായി സങ്കല്‍പ്പിക്കുന്നത്‌.

പ്രണയദിനത്തില്‍ അനവധി അമ്പുകളെയ്‌താലും കാമദേവന്റെ ആവനാഴിയിലെ അമ്പുകള്‍ തീരുകയില്ല. ഒഴിയാത്ത ആവനാഴിയാണത്‌. തേനീച്ചകള്‍ ആര്‍ത്തിരക്കുന്ന കരിമ്പിന്റെ വില്ലുമായി, പച്ച തത്തയുടെ പുറത്തിരുന്ന്‌ വീണയും പഞ്ചബാണങ്ങളുമേന്തി കാമദേവന്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വസന്തവും രതിദേവിയും എല്ലായിടത്തുമദ്ദേഹത്തിനു കൂട്ട്‌ പോകുന്നു. അമ്പിന്റെ മുനകളില്‍ ഓരോ പുഷ്‌പ മുകുളങ്ങള്‍ ഘടിപ്പിച്ച് മനുഷ്യമനസ്സുകളിലേക്ക്‌ അവ എയ്‌തു വിടുന്നു.

കാമദേവനു മാരന്‍ എന്ന്‌ പേരു വരാന്‍ കാരണം അദ്ദേഹം എയ്‌തു വിടുന്ന അമ്പ്‌ കൊണ്ടാല്‍ ആദ്യം സുഖവും പിന്നീട്‌ വേദനയുമുണ്ടാകുന്നത്‌ കൊണ്ടാണത്രെ. പ്രേമം അഭൌമമായ ഒരനുഭൂതിയാണെങ്കിലും അതിന്റെ സാക്ഷാത്‌കാരം വരെ ഹൃദയ സ്‌പന്ദനങ്ങള്‍ ദ്രുതഗതിയിലാകുകയും കമിതാക്കള്‍ക്ക്‌ ഉല്‍കണ്‌ഠയും വേദനയും അനുഭവപ്പെടാറുമുണ്ടല്ലോ.

ഓരോരുത്തര്‍ക്കും അനുയോജ്യമായ വിധത്തിലാണു കാമദേവന്‍ അമ്പുകള്‍ തെരഞ്ഞെടുക്കുന്നത്‌. കൃഷിക്കാരന്റെ മനസ്സില്‍ പ്രേമം എന്ന വികാരം ഇളക്കിവിടാന്‍ ഒരമ്പ്‌ മാത്രം മതിയെങ്കില്‍ കച്ചവടക്കാരനു രണ്ടെണ്ണവും, രാജാവിനു മൂന്നും, തത്വചിന്തകനു നാലും, യോഗിക്ക്‌ അഞ്ചു ശരങ്ങളും വേണ്ടി വരുന്നു. രാഗവൃന്ദ, അനംഗ (ശരീരമില്ലാത്തവന്‍) കന്ദര്‍പ്പന്‍ (സ്‌നേഹദേവന്‍) മന്മഥന്‍ (ഹൃദയങ്ങളെ കടയുന്നവന്‍) മനൊജ്‌ (മനസ്സില്‍ നിന്നും ഉത്ഭവിക്കുന്നവന്‍) മദനന്‍ (മദിപ്പിക്കുന്നവന്‍) രതികാന്തന്‍ (ഋതുക്കളുടെ ദേവന്‍) പുഷ്‌പബാണന്‍ (പുഷ്‌പശരങ്ങള്‍ ഉള്ളവന്‍) ഇങ്ങനെ അനേകം പേരുകള്‍ കാമദേവനുണ്ട്.

ആരാധിക്കാതെ ആവശ്യപ്പെടാതെ മനുഷ്യരുടെയൊപ്പം എപ്പോഴും കൂടെയുള്ള ദേവനാണ്‌ കാമദേവന്‍. ഭാരതത്തിലെ ഋഷിമാരുടെ ചിന്തകളില്‍ അവര്‍ കണ്ടത്‌ ആദ്യം സ്‌നേഹവും പിന്നെ ലോകവുമുണ്ടായി എന്നാണു്‌. മനുഷ്യനില്‍ ആദ്യമുണ്ടാകുന്ന വികാരം സ്‌നേഹമാണു. പിറന്ന്‌ വീഴുന്ന കുട്ടിക്ക്‌ അമ്മയോട്‌ തോന്നുന്ന സ്‌നേഹമാണ്‌ ആ കുട്ടിയിലുണ്ടാകുന്ന ആദ്യത്തെ ആനന്ദകരമായ അനുഭവം. അഥര്‍വ-വേദത്തില്‍ കാമം എന്നു പറഞ്ഞാല്‍ ലൈംഗിക ത്രുഷ്‌ണയല്ല മറിച-്‌ നല്ല സാധനങ്ങള്‍ കിട്ടാനുള്ള ആഗ്രഹമാണു.

നിത്യ നിര്‍മ്മലവും നിതാന്ത സുന്ദരവുമായ ജീവിതാരാമത്തെ താരും തളിരുമണിയിക്കുന്നത്‌ അനുരാഗമാണ്‌. നിര്‍മ്മല രാഗത്തിന്റെ തുഷാര ബിന്ദുക്കള്‍ ഉരുകാന്‍ വെമ്പി നില്‍ക്കുന്ന കൌമാരം-യൌവന കാലഘട്ടം മുതല്‍ മനുഷ്യരില്‍ അനുഭൂതി പകര്‍ന്നുകൊണ്ട്‌ പ്രണയം നിലകൊള്ളുന്നു. ആ പ്രണയ സുധ ആവോളം നുകര്‍ന്നുകൊണ്ട്‌ ജീവിതത്തില്‍ അമരത്വം പ്രാപിക്കാനാണ്‌ മനുഷ്യന്‍ ശ്രമിക്കേണ്ടത്‌. പ്രേമിക്കാനറിയാത്തവര്‍ ജീവിതത്തെ ശുഷ്‌ക്കമാക്കുന്നു. പ്രസിദ്ധമായ ഒരു ചലച്ചിത്ര ഗാനമുണ്ട്‌ “കിസിസേ പ്യാര്‍ കര്‍ക്കെ ദേഖിയേ, യേ ജിന്തഗി കിത്‌നീ ഹസീന്‍ ഹെ (ആരെയെങ്കിലും പ്രേമിച്ചു നോക്കു അപ്പോളറിയം ജീവിതം എത്ര മനോഹരമാണെന്ന്‌).

പ്രണയദിനത്തില്‍ പൂക്കളും, കേക്കും, ചോക്ലേറ്റും, ആശംസകാര്‍ഡുകളും പ്രണയ സന്ദേശങ്ങള്‍ക്ക്‌ പ്രതീകങ്ങളാകുന്നു. ഈ സുപ്രധാന ദിവസം ഇപ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ട്‌ പോയത്‌ കൊണ്ട്‌ അതിന്റെ വിശുദ്ധിയും നഷ്‌ടപ്പെട്ടുപോയി. എന്നാലും എപ്പോഴും കന്യാമൌനങ്ങളില്‍ നിന്ന്‌ സ്വപ്‌നങ്ങളുടെ ചിത്ര ശലഭങ്ങള്‍ പറന്ന്‌ പോകുന്നുണ്ട്‌. നിശ്ശബ്‌ദ കടാക്ഷങ്ങളും, മുഗ്‌ദ്ധമായ മന്ദഹാസവും ഇന്നും പ്രേമ നഭസ്സില്‍ മായാതെ മിന്നി പ്രകാശിക്കുന്നു. ആരാണ്‌ പറഞ്ഞത്‌ ഭൂമിയില്‍ കറയറ്റ സ്‌നേഹം വേരറ്റു പോയെന്ന്‌. രതി നിര്‍വേദത്തില്‍ മാത്രം സ്‌നേഹത്തെ സങ്കുചിതമാക്കുമ്പോഴാണ്‌ അതിന്റെ മൂല്യം കുറഞ്ഞ്‌ പോകുന്നത്‌.

മകരം പോയിട്ടും മാടമുണര്‍ന്നിട്ടും
മാറത്തെ കുളിരൊട്ടും പോയില്ലേ

എന്ന്‌ മൂളുന്ന ഒരു തലമുറ ഇപ്പോഴുമുണ്ട്‌. അവരുടെ രാഗാര്‍ദ്ര ഭാവങ്ങളില്‍, നിഷ്‌ക്കളങ്കതയില്‍ വിശ്വാസത്തിന്റെ കതിര്‍കുലകള്‍ വിളഞ്ഞ്‌ കിടക്കുന്നു. സ്‌നേഹം കൊണ്ട്‌ ദൈവികത്വം കൈവരിക്കുന്നു അവര്‍.

നിങ്ങളുടെ ഓരോ ദിവസവും സ്‌നേഹനിര്‍ഭരമാകട്ടെ. അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ. സ്‌നേഹത്തിന്റെ ദിവ്യ സന്ദേശവുമായി പ്രതിവര്‍ഷം വന്നെത്തുന്ന ഈ സുദിനത്തില്‍ എല്ലാ വായനക്കാര്‍ക്കും ഹാര്‍ദ്ദമായ ആശംസകള്‍.

പ്രണയദിനത്തില്‍ ഓര്‍മ്മിക്കാന്‍…..

(പരിഭാഷ, സമാഹരണം സുധീര്‍ പണിക്കവീട്ടില്‍)

* വരൂ, എന്റെ ഹ്രുദയത്തില്‍ താമസിക്കു, വാടക തരേണ്ട
* സ്‌നേഹത്തെ മാറ്റികഴിഞ്ഞാല്‍ ഈ ഭൂമി വെറും ശ്‌മാശന തുല്ല്യമാണു.
* രണ്ട്‌ പേര്‍ക്ക്‌ കളിക്കാവുന്ന രണ്ട്‌ പേര്‍ക്കും വിജയികളാവുന്ന കളിയാണു സ്‌നേഹം.
* സ്‌നേഹം സ്‌പര്‍ശിക്കുമ്പോള്‍ എല്ലാവരും കവികളാകുന്നു.
* സത്യമായ പ്രേമകഥകള്‍ക്ക്‌ ഒരിക്കലും അവസാനമില്ല.
* കമിതാക്കളുടെ ചുണ്ടുകളില്‍ ആത്മാവ്‌ ആത്മാവിനെ കണ്ടുമുട്ടുന്നു.
* കണ്ണിനു കാണാന്‍ കഴിയാത്തത്‌ ഹൃദയം കാണുന്നു.
* ഒറ്റ ചിറകുള്ള മാലാഖമാരാണു സ്ത്രീയും പുരുഷനും, പരസ്‌പരം ആലിംഗനം ചെയ്യാതെ അവര്‍ക്ക്‌ പറക്കാന്‍ കഴിയില്ല.
* കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നതല്ല, ഒരേ ദിശയിലേക്ക്‌ ഒരുമിച-്‌ നോക്കുന്നതാണ്‌ സ്‌നേഹം.
* കാത്തിരിക്കുന്നവര്‍ക്ക്‌ സമയം പോകുന്നില്ല. ഭയമുള്ളവര്‍ക്ക്‌ സമയം പെട്ടെന്ന്‌ പോകുന്നു. ദുഃഖിക്കുന്നവര്‍ക്ക്‌ സമയം ദീര്‍ഘമായി തോന്നുന്നു. സന്തോഷിക്കുന്നവര്‍ക്ക്‌ സമയം കുറവായി തോന്നുന്നു. സ്‌നേഹിക്കുന്നവര്‍ക്ക്‌ സമയം എന്നന്നേക്കുമായി തോന്നുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top