Flash News

ഇവിടെ സുഖം… അവിടെ? (കവിത) ജ്യോതീബായ് പരിയാടത്ത്

February 26, 2015 , ജ്യോതീബായ് പരിയാടത്ത്

ivide sukham titleവേനലൊഴിവിന്
പകലൊക്കെ മദിച്ച്
പൂഴിയില്‍ കുളിച്ച്
ചാഞ്ഞ വെയിലൊപ്പം
നീയും ഞാനുമെത്തും
കടവില്‍ ഓളം കൈനീട്ടും.
ഇടാതാഞ്ഞാല്‍ വലതും
വലതാഞ്ഞാല്‍ ഇടതും
ആണ്ടുപോകെ അടിയിലും
അമ്മക്കൈത്താക്കം.
നീന്തുവഴക്കം.

അങ്ങേക്കടവില്‍
ആഴക്കുഴിയില്‍ മുത്തമിട്ട്
ഏത്തം ആകാശം തൊടും
തോപ്പില്‍ തണുവിന്റെ കുശലം ചാലിടും.
പൂവല്‍വെള്ളരി പുഞ്ചിരിയിടും
പഴുക്ക തേടി
പേറ്റുമുത്താച്ചി കൂനിയെത്തും
പൂവല്‍നുണുങ്ങ് നാവിലിനിക്കും
ഈറന്‍കാറ്റ് മുടി ചിക്കും
കൈതക്കൂടല്‍ മണക്കും .
ചില്ലുവള ചിരി ചിതറും .

മൂവുരു മേലോട്ടാഞ്ചി
മാനം നോക്കി മലര്‍ന്ന്
ഉറ്റതും ഉറന്നതുമറന്ന്‌
പാശം പടിമേല്‍ വെച്ച്
അമ്മയിറങ്ങിയ വഴിയേ
നമ്മള്‍ കുന്നിറങ്ങും
അരളികള്‍ തലയാട്ടും
കുന്നമ്മ താരാട്ടും .

കുന്നോരത്ത് മണ്ണാഴപ്പുഴുക്കം
പുഴയാഴത്തില്‍ നീ കുളിരുമോ?
അമ്മ നിന്നെ പാടിയുറക്കുമോ?
പരല്‍മീനുമ്മ തരുമോ?
കൈത കണ്ണെയ്യുമോ?
ചില്ലുവള ചിതറുമോ?
കടവു ചോക്കുമോ?

അമ്മയോടു പറയണം
ഇവിടെ കുന്നിന്‍ചെരിവില്‍
അമ്മ കൂട്ടുണ്ടെന്ന്‌
നിന്റെയമ്മയോടും
പറഞ്ഞിട്ടുണ്ട്‌
നീയും തനിച്ചല്ലെന്ന്‌.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top