Flash News

ബാര്‍ എന്‍.ഒ.സി: സുധീരന്‍െറ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമെന്ന് ഹൈകോടതി

March 2, 2015 , സ്വന്തം ലേഖകന്‍

Kerala-High-Court

കൊച്ചി: പുതിയ ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍െറ നടപടി ഭരണഘടനാബാഹ്യമായ ശക്തിയുടെ ഇടപെടലായി കാണണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച്.

രാഷ്ട്രീയ മേലാളന്മാരുടെ ഇത്തരം ആജ്ഞകള്‍ നിയമത്തിലുള്ള കൈകടത്തലാണ്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ല. കൊച്ചി കുണ്ടന്നൂരിലെ ക്രൗണ്‍ പ്ളാസ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള എന്‍.ഒ.സിയുമായി ബന്ധപ്പെട്ട ഹരജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ പരാമര്‍ശം.

കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍പ്ളാസക്ക് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ മരട് നഗരസഭ തള്ളിയത് കെ.പി.സി.സി പുറപ്പെടുവിച്ച സര്‍ക്കുലറിന്‍െറ അടിസ്ഥാനത്തിലാണെന്ന് ബാറുടമകള്‍ പറഞ്ഞിരുന്നു. ഇങ്ങനെയൊരു സര്‍ക്കുലര്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കെ.പി.സി.സിയുടെ സര്‍ക്കുലറും സത്യവാങ്മൂലവും ഹാജരാക്കി. പുതിയ ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതില്‍നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നതാണ് സര്‍ക്കുലറിലെ കൃത്യമായ നിര്‍ദേശമെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമപരമായി തീരുമാനമെടുക്കേണ്ട കാര്യങ്ങളില്‍ ഭരണഘടനക്ക് അതീതമായ ഇടപെടലാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഭരണഘടനക്കും മുകളിലെന്ന് ധരിക്കുന്ന ശക്തിയുടെ ഇടപെടലായി വേണം ഇതിനെ കാണാന്‍. ഇത്തരം ഇടപെടലുകളെ നിയമം അംഗീകരിക്കുന്നില്ല. രാഷ്ട്രീയ മേലാളന്മാരുടെ ഇത്തരത്തിലുള്ള ഭരണഘടനാതീതമായ ഇടപെടലുകളെ പല തവണ കോടതിക്ക് അപലപിക്കേണ്ടി വന്നിട്ടുണ്ട്.

ഇത്തരം ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധികള്‍ നിലവിലുണ്ട്. നിയമത്തെക്കുറിച്ച് നന്നായി അറിയാവുന്നവരെന്ന നിലയില്‍ കെ.പി.സി.സി പ്രസിഡന്‍റുള്‍പ്പെടെ ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിക്കരുതായിരുന്നു. നിയമവിധേയമല്ലാത്ത ഈ സര്‍ക്കുലര്‍ നഗരസഭ പിന്തുടരാനും പാടില്ലായിരുന്നു. സര്‍ക്കുലര്‍ പാലിക്കാതിരുന്ന ചില നഗരസഭാ ഭരണാധികാരികള്‍ക്ക് പാര്‍ട്ടിയുടെ അച്ചടക്ക നടപടി നേരിടേണ്ടിവന്നുവെന്നത് സംബന്ധിച്ച് അറിയില്ലെന്ന മറുപടിയാണ് ചെയര്‍മാന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലാണ് ഹരജിക്കാര്‍ തുടങ്ങുന്നത്. ഈ പദവി ലഭിക്കണമെങ്കില്‍ ബാര്‍ ലൈസന്‍സ് ആവശ്യമുണ്ട്. 2013 -14 കാലയളവിലേക്കാണ് 2014 ജനുവരി 23ന് എന്‍.ഒ.സി ലഭിക്കാന്‍ അപേക്ഷ നല്‍കിയത്. ഈ കാലയളവ് കഴിഞ്ഞ് 2014 -15 സാമ്പത്തിക വര്‍ഷവും അവസാനിക്കാറായി. ഈ സാഹചര്യത്തില്‍ നഗരസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന ഉത്തരവിന് ഇനി പ്രസക്തിയില്ല. അതിനാല്‍, രണ്ടാഴ്ചക്കകം അപേക്ഷകരായ ക്രൗണ്‍ പ്ളാസ ഹോട്ടലിന് എന്‍.ഒ.സി നല്‍കാന്‍ നഗരസഭയോട് ഉത്തരവിട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top