Flash News

വി.എസ്. ഒറ്റപ്പെടുന്നു; സംസ്ഥാന നേതൃത്വത്തിനെതിരേ നല്‍കിയ കത്ത് കേന്ദ്ര കമ്മിറ്റി തള്ളി

March 23, 2015 , സ്വന്തം ലേഖകന്‍

vs3ന്യൂഡല്‍ഹി: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ പരാതിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം കേന്ദ്ര നേതൃത്വം കൈവിട്ടു. കേരള ഘടകത്തിനെതിരേ വിഎസ് നല്‍കിയ കത്ത് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി. കത്തില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ നേരത്തേ ചര്‍ച്ചചെയ്തു പരിഹാരം കണ്ടതാണെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാന നേതൃത്വം തനിക്കെതിരേ അംഗീകരിച്ച പ്രമേയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ആദ്യവാരം കേന്ദ്ര നേതൃത്വത്തിനു വിഎസ് നല്‍കിയ പരാതിയും കേന്ദ്ര കമ്മിറ്റി അംഗീകരിച്ചില്ല. എന്നാല്‍, അതില്‍ വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ പരിശോധിക്കുമെന്ന് കാരാട്ട് പറഞ്ഞു.

കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതു വരെ വിഎസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശം. അതേസമയം, ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന്‍റെ നിലപാട് തെറ്റാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം കാരാട്ട് മാധ്യമങ്ങളോടു പറഞ്ഞു. ഇറങ്ങിപ്പോക്കു സംബന്ധിച്ച് വിഎസിന്‍റെ വിശദീകരണം തൃപ്തികരമല്ല. ഇക്കാര്യവും പിബി കമ്മിഷന്‍ പരിശോധിക്കും.

വിഎസ് നല്‍കിയ കത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്നു കാരാട്ട് വ്യക്തമാക്കി. വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ പലതും നേരത്തേ ചര്‍ച്ച ചെയ്തതാണ്. മറ്റു ചില കാര്യങ്ങളില്‍ സംസ്ഥാന സമ്മേളനത്തില്‍ തന്നെ തീരുമാനമായതുമാണ്. വിഎസിന്‍റെ കത്ത് അദ്ദേഹത്തിന്‍റെ വിയോജിപ്പോടെയാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്.

ടിപി വധക്കേസ് അടക്കം പരാമര്‍ശിച്ചായിരുന്നു വിഎസ് കേന്ദ്ര നേതൃത്വത്തിന് നേരത്തേ കത്തു നല്‍കിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുന്‍പ് ഈ കത്ത് പുറത്തായത് സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിനു തലേന്ന് (കഴിഞ്ഞമാസം 19ന്) ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഎസിനെതിരേ പ്രമേയം പാസാക്കി. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ടു പത്രസമ്മേളനം വിളിച്ച് പ്രമേയം പരസ്യപ്പെടുത്തുകയും ചെയ്തു. വിഎസ് പാര്‍ട്ടി അച്ചടക്കത്തിന്‍റെ സമസ്ത സീമകളും ലംഘിച്ചെന്നു പിണറായി പ്രമേയം ഉദ്ധരിച്ചു കുറ്റപ്പെടുത്തി.

വിഭാഗീയ ഉദ്ദേശ്യത്തോടെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഎസ്, സംസ്ഥാന നേതൃത്വത്തില്‍ ഫാസിസ്റ്റ് മനോഭാവം അടിച്ചേല്‍പ്പിക്കുന്ന പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്കു തരംതാണിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. എന്നാല്‍, പിണറായിയുടെ ആക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു അയാള്‍ എന്നു വിശേഷിപ്പിച്ച് വിഎസിന്‍റെ മറുപടി. കത്തയച്ചതു കേന്ദ്ര നേതൃത്വത്തിനാണെന്നും അവരാണു മറുപടി നല്‍കേണ്ടതെന്നും വിഎസ് അന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്‍റെ മറുപടിയും വിഎസിന് എതിരായിരിക്കുന്നു.

നേരത്തെ, കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച വിഎസ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു. പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതുകൊണ്ടാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. പാര്‍ട്ടി നിര്‍ദേശിച്ച ജില്ലാസമ്മേളനങ്ങളില്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. ടിപി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് എടുത്തത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്നും വിഎസ് പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പാര്‍ട്ടി വിരുദ്ധന്‍ എന്ന പ്രമേയ വാചകം മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്നും വിഎസ് വ്യക്തമാക്കി. സംഘടനാ വിരുദ്ധനാണ് താനെന്ന പ്രമേയം നിലനില്‍ക്കെ സിപിഎമ്മില്‍ തുടരാനാകില്ലെന്നാണ് വിശദീകരിച്ചത്. പ്രമേയം റദ്ദാക്കണമെന്നും കേന്ദ്ര കമ്മിറ്റി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതൊന്നും കേന്ദ്ര നേതൃത്വത്തിന്‍റെ ഭൂരിപക്ഷ തീരുമാനത്തെ സ്വാധീനിച്ചില്ല.

കേന്ദ്ര കമ്മിറ്റി ചര്‍ച്ചകളെക്കുറിച്ചോ തീരുമാനത്തെക്കുറിച്ചോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ വിഎസ് തയാറായില്ല. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതു പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതുകൊണ്ടാണ്. പാര്‍ട്ടി നിര്‍ദേശിച്ച ജില്ലാ സമ്മേളനങ്ങളില്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരിക്കുമെന്നു പറഞ്ഞ് വിഎസ് നിര്‍ത്തി. താങ്കള്‍ തൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

അതിനിടെ, നിയമസഭയിലെ സംഭവവികാസങ്ങള്‍ക്കു ശേഷം വിഎസിനു പാര്‍ട്ടിയില്‍ ലഭിച്ച സ്വീകാര്യതയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും പൊളിറ്റ് ബ്യൂറോയ്ക്കു മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പിബി കമ്മിഷനെ വീണ്ടും നിയോഗിക്കാനും അതുവരെ വിഎസിനെ സഹകരിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. കേന്ദ്ര കമ്മറ്റി യോഗത്തിനു ശേഷം ഇന്നലെ രാത്രി പത്തരയോടെ വിഎസ് തിരുവനന്തപുരത്തു മടങ്ങിയെത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top