Flash News

പ്രത്യാശയുടെ സന്ദേശമായ ഈസ്റ്റര്‍ (എഡിറ്റോറിയല്‍)

April 5, 2015 , ചീഫ് എഡിറ്റര്‍

easter 2015കുരിശില്‍ തറയ്ക്കപ്പെട്ടു മരിച്ചതിന്റെ മൂന്നാം നാള്‍ യേശുക്രിസ്തു മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആയി ആചരിക്കുന്നത്. നിന്ദനവും പീഡനവും കുരിശുമരണവും പിന്നിട്ട്, കല്‍മുദ്രയും കാവലും തകര്‍ത്ത് യേശുവിന്‍റെ പുനരുത്ഥാനം. അതിന്‍റെ ദിവ്യസ്മരണ പുതുക്കുന്നതോടൊപ്പം, സഹനവും സ്നേഹവും സമാധാനവും നിലനില്‍ക്കാനും, പരസ്പരവിശ്വാസത്തോടെ സഹവര്‍ത്തിക്കാനും ലോകജനതയെ ഉദ്ബോധിപ്പിക്കുന്ന സുദിനം. തന്നെയുമല്ല, വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന ദിവസം കൂടിയാണ് ഓരോ ഈസ്റ്ററും ആഘോഷിക്കുന്നത്. സുഖദമായ ഒരു ഓര്‍മ്മയുടെ സുദിനം. ക്രൂശിതനായ യേശുദേവന്‍ പീഡനാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിന്‍റെ സന്ദേശം ലോകത്തിനു പ്രഘോഷണം ചെയ്ത ഈസ്റ്റര്‍ ദിനം.

സ്വന്തം പീഡാനുഭവങ്ങളിലൂടെ വലിയൊരു സന്ദേശമാണ് യേശുനാഥന്‍ മാനവരാശിക്കു നല്‍കുന്നത്, എല്ലാ തിന്മകളെയും അതിജീവിച്ച് യഥാര്‍ഥ വിശ്വാസി ദൈവവഴിയില്‍ എത്തിച്ചേരുമെന്ന സന്ദേശം. നവീകരണത്തിന്‍റെ മാര്‍ഗമാണ് കുരിശിന്‍റെ വഴിയും വലിയ നോമ്പോചരണവും. മാനവികമായ തെറ്റുകളില്‍ നിന്നു മാനസാന്തരപ്പെട്ട് പുതിയ ജീവിതശൈലിയിലേക്കുള്ള ദിശമാറ്റമായാണ് ഈസ്റ്ററിനെ വിശ്വാസ സമൂഹം കാണുന്നതും. ഉയര്‍ത്തെഴുന്നേല്പ് നല്‍കുന്ന സ്‌നേഹ സന്ദേശം, മനുഷ്യമനസ്സിലെ നന്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന് നമ്മെ ഈസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. നമ്മില്‍ നിന്നും ഓടി മറഞ്ഞുകൊണ്ടിരിക്കുന്ന നന്മയെ തിരികെ കൊണ്ടുവരാന്‍ ഈസ്റ്റര്‍ ആഘോഷം നമുക്ക് പ്രചോദനമാകട്ടെ.

അമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നോമ്പാചരണത്തിനും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഗാഗുല്‍ത്താമലയില്‍ ക്രൂശിതനായ ക്രിസ്തു തിന്മയെ ജയിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണ പുതുക്കപ്പെടുന്നു. തന്‍റെ ഏകജാതനെ ലോകത്തിലേക്കയച്ച് സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹനീയ മാതൃകയാണു ലോക പിതാവ് കാട്ടിക്കൊടുത്തത്. പാപമില്ലാത്തവനായ ദൈവപുത്രന്‍ ഭൂമിയിലെ സകല പാപികളുടെയും പാപത്തെ മോചിപ്പിക്കാനായി ക്രൂശില്‍ ബലിയായി തീര്‍ന്നു. ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു എന്നു പഠിപ്പിച്ചതിലൂടെ ത്യാഗത്തിന്‍റെ മഹനീയ മാതൃകയാണു യേശു പകര്‍ന്നു നല്‍കിയത്.

യേശു ലോകത്തിനു പകര്‍ന്നു നല്‍കിയ ഈ മാതൃകകളെ അനുസ്മരിച്ചും സ്വജീവിതത്തില്‍ പകര്‍ത്തിയുമാണ് ക്രൈസ്തവര്‍ അമ്പതു ദിവസത്തെ വിശുദ്ധ നോമ്പിലേക്കു കടക്കുന്നത്. ജറൂസലേം ദേവാലയ പ്രവേശനത്തെ സ്മരിച്ച് ഓശാനയും കുര്‍ബാന സ്ഥാപിച്ചതും താഴ്മയുടെ പ്രതീകമായി ശിഷ്യന്‍മാരുടെ കാല്‍ കഴുകിയതും സ്മരിച്ച് പെസഹാ വ്യാഴവും വിശുദ്ധ നോമ്പില്‍ ആചരിച്ചു. യേശുവിന്‍റെ പീഡാനുഭവത്തിലും കുരിശുമരണത്തിലും പങ്കുചേര്‍ന്ന വിശ്വാസികള്‍ ഉത്ഥാനത്തിന്‍റെ സന്തോഷത്തിലാണ്. പീഡാനുഭവത്തിന്‍റെ ദുഃഖദിനങ്ങളെ കടന്നുപോയാലും ഉത്ഥാനത്തിലൂടെ സന്തോഷത്തിന്‍റെ ദിനങ്ങള്‍ വന്നുചേരുമെന്ന് അവിടുന്ന് ലോകത്തോട് ഉദ്ഘോഷിക്കുന്നു.

ലോകമെങ്ങും അശാന്തിയും യുദ്ധവും നടക്കുമ്പോള്‍, നെടുവീര്‍പ്പിലും ഞെരുക്കത്തിലും ലോകജനത കഴിയുമ്പോള്‍ ശാശ്വത സമാധാനത്തിനായി ക്രിസ്തു തന്‍റെ ജീവിതത്തിലൂടെ കാണിച്ചു തന്ന സന്ദേശം മഹനീയമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ മാതൃക മാറ്റോടെ തിളങ്ങുന്നു. ലോകം മുഴുവന്‍ കീഴ്മേല്‍ മറിഞ്ഞാലും എന്‍റെ വചനങ്ങള്‍ മാഞ്ഞുപോകില്ലെന്ന് ഓര്‍മിപ്പിക്കുന്നു. വിശുദ്ധ വാരത്തിലൂടെ യേശുവിന്‍റെ ജീവിത സ്മരണകളെ അനുസ്മരിച്ചു കടന്നുപോകുമ്പോള്‍ ഓര്‍ക്കപ്പെടുന്നതും പരസ്പരം സ്നേഹിക്കാനും ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയാണ്. അതാകട്ടേ ഈ കലുഷിത ലോകത്തിനു നല്‍കാവുന്ന ഏറ്റവും വലിയ സന്ദേശം.

എല്ലാ മാന്യ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്മ നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ !

മൊയ്തീന്‍ പുത്തന്‍‌ചിറ
ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top