Flash News

ലോക്കോ പൈലറ്റുമാരുടെ മദ്യപാനം കണ്ടത്തൊന്‍ കുഴല്‍ വഴി ഊതല്‍; പ്രതിഷേധം, മിന്നല്‍ പണിമുടക്ക്

April 26, 2015 , സ്വന്തം ലേഖകന്‍

12604cd-_ekm_gen_railway-300x200തിരുവനന്തപുരം: ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ കുഴല്‍ വഴി ഊതണമെന്ന പുതിയ ഉത്തരവില്‍ പ്രതിഷേധിച്ച് ലോക്കല്‍ പൈലറ്റുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ പലയിടത്തും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ടതും ലോക്കോ പൈലറ്റുമാര്‍ മാറി കയറേണ്ടതുമായ ദീര്‍ഘദൂര ട്രെയിനുകള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു.

ലോക്കോപൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയെ തുടര്‍ന്നാണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ പാസീവ് ബ്രീത്തിങ് യന്ത്രത്തിനു പകരം കുഴല്‍ വഴി ഊതണമെന്ന് റെയില്‍വേ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.

ഞായറാഴ്ച രാവിലെ 11.30ന് പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചര്‍ ഓടിക്കേണ്ട ലോക്കോപൈലറ്റും ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ഡിവിഷനല്‍ സെക്രട്ടറിയുമായ കെ.പി. വര്‍ഗീസിനെയാണ് റെയില്‍വേ പരിശോധനക്ക് നിര്‍ബന്ധിച്ചത്. വിസമ്മതിച്ചതിനെ തുടര്‍ന്ന് കെ.പി. വര്‍ഗീസിനെ സസ്പെന്‍ഡ് ചെയ്തു. 200 ല്‍ അധികം പേരെ ഒരേ കുഴല്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് രോഗങ്ങള്‍ പകരാന്‍ കാരണമാകുമെന്ന് ലോക്കോപൈലറ്റുമാര്‍ ചൂണ്ടിക്കാട്ടി. റെയില്‍വേ ഡി.ആര്‍.എം നടത്തിയ ചര്‍ച്ചയില്‍ പരിശോധനയില്‍ തല്‍ക്കാലം പഴയ രീതി തുടരാന്‍ തീരുമാനിച്ചു.

കൊച്ചിയില്‍നിന്ന് പുറപ്പെടേണ്ട കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, പാലക്കാട്, കൊല്ലം മെമു, തിരുവനന്തപുരത്തേക്കുള്ള രപ്തിസാഗര്‍ എക്സ്പ്രസ്, എറണാകുളം-കോട്ടയം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. ഉച്ചക്ക് പുറപ്പെടേണ്ട നേത്രാവതി എക്സപ്രസ് വൈകുന്നേരം മൂന്നിനാണ് പുറപ്പെട്ടത്. ഹാപ്പ-തിരുനെല്‍വേലി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, ശബരി എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നിവയും വൈകി.

യാത്രക്കാര്‍ സംഘടിച്ച് സൗത്ത് സ്റ്റേഷന്‍ മാസ്റ്ററെ തടഞ്ഞതോടെ സ്റ്റേഷനില്‍ ചെറിയ തോതില്‍ വാക്കേറ്റവുമുണ്ടായി. പ്രതിഷേധം ശക്തമായതോടെ ടിക്കറ്റ് തുക തിരിച്ച് നല്‍കാന്‍ തയാറായ അധികൃതര്‍ പകരം കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ ആവശ്യമുള്ള ലോക്കോ പൈലറ്റുമാരെല്ലാം ജോലിയില്‍ പ്രവേശിച്ചതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top