Flash News

“അമ്മയല്ലാതൊരു ദൈവമുണ്ടോ…” – എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ (എഡിറ്റോറിയല്‍)

May 10, 2015 , ചീഫ് എഡിറ്റര്‍

mothers day editorial

അമ്മയല്ലാതൊരു ദൈവമുണ്ടോ
അതിലും വലിയൊരു കോവിലുണ്ടോ
കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ

പല രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, അതായത് മെയ് 13 ന് മാതൃദിനമായി (Mothers’ Day) ആഘോഷിക്കുന്നു. ഈ വര്‍ഷം മെയ് 10-നാണ് മാതൃദിനം. ജീവന്‍റെ പാതിയായ അമ്മയെ അനുസ്മരിക്കാനൊരു ദിനം. വിലമതിക്കാനാകാത്ത മാതൃസ്നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ചണിനിരക്കുന്ന ഈ ദിനത്തില്‍ പ്രിയ മാതാവിനാശംസയര്‍പ്പിച്ചും സമ്മാനങ്ങള്‍ നേര്‍ന്നും മക്കള്‍ ആഘോഷമാക്കുന്നു.

ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു. വര്‍ഷത്തില്‍ മുന്നൂറ്ററുപത്തെഞ്ചേകാല്‍ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ, ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി. ‘മനുഷ്യാ, നീ മൂലം നിന്റെ മാതാപിതാക്കളുടെ കണ്ണനിറയുമ്പോള്‍ നിന്റെ നാശത്തിലേക്കുള്ള ആദ്യ പടി നീ ചവിട്ടുന്നുവെന്നോര്‍മ്മിക്കുക’യെന്ന കവിതാ ശകലം ഈ വേളയില്‍ അര്‍ത്ഥവത്താണ്.

ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ ആദ്യമായി മാതൃദിനാചരണം തുടങ്ങിവച്ചത് അമേരിക്കയിലാണ്. സമാധാന പ്രവര്‍ത്തകയായ അന്നാ ജാവിസിന്‍റെ സ്മരണയ്ക്കായി പുത്രി ആന്‍ ജാവിസ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ മേയ് രണ്ടാം ഞായറാഴ്ച മാതൃദിനം ആയി ലോകമെമ്പാടും ആചരിക്കുന്നതിനു നിമിത്തമായത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു മാതൃദിനം എന്നാല്‍ പരിശുദ്ധ കന്യാമറിയവുമായി ബന്ധപ്പെട്ടതാണ്. പരിശുദ്ധ കന്യാമറിയത്തിന്‍റെ തീര്‍ഥാടന കേന്ദ്രങ്ങളിലും ക്രിസ്ത്യന്‍ ഭവനങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ അന്നു നടക്കും. എന്നാലിതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഹൈന്ദവര്‍ മദേഴ്സ് ഡേ ആഘോഷം തുടങ്ങിയിരുന്നു. നേപ്പാളില്‍ വൈശാഖ മാസത്തിലെ അമാവാസി ദിനത്തില്‍ മാതാ തീര്‍ഥ ഔന്‍ഷി ദിനമായാണ് ഇതറിയപ്പെടുന്നത്.

mothers dayത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പൂര്‍ണ രൂപമായ അമ്മമാരില്‍ പലര്‍ക്കും അവസാന നാളുകളില്‍ പുത്രദുഃഖവും അനുഭവിക്കേണ്ടി വരുന്നു. ഇതിനൊരു മാറ്റം സൃഷ്ടിക്കുക എന്നൊരു ലക്ഷ്യം കൂടി മാതൃദിനാചരണത്തിനുണ്ട്. ഓസ്ട്രേലിയയില്‍ മാതൃദിനാചരണം ആരംഭിച്ചതിനു പിന്നില്‍ ഇത്തരത്തിലൊരു വനിതയുടെ സംരംഭമുണ്ട്. മിസിസ് ജാനറ്റ് ഹെയ്ഡന്‍ തിരസ്കൃത മാതാക്കള്‍ക്കായി തുടങ്ങിവച്ച ആനന്ദവേളകള്‍ക്ക് ഓസ്ട്രേലിയയിലുണ്ടായ ജനപ്രീതിയാണ് മാതൃദിനാചരണത്തിലേക്കു ചെന്നെത്തിയത്. ഓസ്ട്രേലിയയില്‍ മേയ് മാസത്തില്‍ ധാരാളം കാണപ്പെടുന്ന ക്രിസാന്തമം പുഷ്പങ്ങള്‍ മാതൃദിനത്തില്‍ മക്കള്‍ അമ്മമാര്‍ക്കു നല്‍കുന്നു. ഇറാനിലാകട്ടെ മുഹമ്മദ് നബിയുടെ പുത്രി ഫാത്തിമയുടെ ജന്മദിനമാണ് മാതൃദിനമായി ആചരിക്കുന്നത്. ഷിയ മുസ്ലിംകളിലാണ് ഈ ആചാരം കൂടുതലുള്ളത്.

ഇന്ത്യയില്‍ പൂക്കളിലൊതുങ്ങുന്നതല്ല മാതൃസ്നേഹം. അമ്മ…അവള്‍ മാതൃദേവതയാണ് ഇന്ത്യന്‍ സംസ്കാരത്തിലും ഇന്ത്യക്കാരായ മക്കളുടെ മനസിലും. അതിനാല്‍ തന്നെ അമ്മ സര്‍വഥാ പൂജിക്കപ്പെടേണ്ടവളാണെന്ന ചിന്തയും ഇന്ത്യന്‍ ജനതയില്‍ രൂഢമൂലമാണ്. മാതൃദിനത്തോടനുബന്ധിച്ച് നിരവധി സാസ്കാരിക പരിപാടികളും മത്സരങ്ങളും രാജ്യത്തെമ്പാടും അരങ്ങേറാറുണ്ട്.
ഭൂരിപക്ഷം രാജ്യങ്ങളും മാതൃദിനമാചരിക്കുന്നത് മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണെങ്കിലും മറ്റു മാസങ്ങളില്‍ മാതൃദിനമാചരിക്കുന്ന രാജ്യങ്ങളുമുണ്ട്. നേപ്പാളും ഇറാനും അറബ് രാജ്യങ്ങളുമൊക്കെ ഇതിനുദാഹരണമാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ മാര്‍ച്ച് ഇരുപത്തൊന്നിനാണു മാതൃദിനാഘോഷം. ഈജിപ്റ്റിലെ മാതൃദിനാഘോഷത്തിനു കാരണമായത് മുസ്തഫ അമീന്‍ എന്ന പത്രപ്രവര്‍ത്തകന്‍റെ പുഞ്ചിരിക്കുന്ന അമേരിക്ക എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളാണ്. പുത്രനു വേണ്ടി മാത്രം ജീവിച്ച് അവസാനം പുത്രനാല്‍ അവഗണിക്കപ്പെട്ട മാതാവിന്‍റെ ദുരിതങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ അമീന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഗമാല്‍ അബ്ദുള്‍ നാസറുമായി ഈ ആശയം പങ്കുവയ്ക്കുകയും പ്രസിഡന്‍റ് മാര്‍ച്ച് ഇരുപത്തൊന്ന് മാതൃദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

മക്കളുടെ വളര്‍ച്ചയ്ക്കായി എരിഞ്ഞു തീരാത്ത ഒരമ്മയുടെ സാന്നിധ്യമില്ലാതെ ആരും ഒന്നുമായിട്ടില്ല, ആകുകയുമില്ല. ഈ തിരിച്ചറിവ് ഓരോ വ്യക്തിയിലുമുണ്ടാക്കുക എന്നതാണ് മാതൃദിനാഘോഷത്തിന്‍റെ ആത്യന്തിക സത്ത.

ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും മലയാളം ഡെയ്‌ലി ന്യൂസ് ടീമിന്റെ മാതൃദിനാശംസകള്‍….!!! ആനന്ദിക്കൂ…!!! ഇന്ന് നിങ്ങളുടെ ദിനമാണ്…!!!

ചീഫ് എഡിറ്റര്‍ 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top