Flash News

രാഹുല്‍, നീ എവിടെയാണ്‌? (കവിത – ഷാജന്‍ ആനിത്തോട്ടം)

May 23, 2015 , ഷാജന്‍ ആനിത്തോട്ടം

banner

(2005 മേയ്‌ മാസം 18ആം തീയതി വൈകുന്നേരം വീടിനടുത്ത്‌ കൂട്ടുകാരോടൊപ്പം ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരുന്ന ആലപ്പുഴ ആശ്രാമം വാര്‍ഡില്‍ രാജു- മിനി ദമ്പതികളുടെ ഏക മകന്‍ ഏഴ് വയസ്സുകാരന്‍ രാഹുലിന്റെ ദുരൂഹമായ തിരോധാനത്തിന്റെ പത്താം വാര്‍ഷികത്തില്‍ രചിച്ചത്‌)

പത്തു മാസം ചുമന്ന വയറിതിന്‍ വേദന കാണുന്നില്ലേ
പത്തു വര്‍ഷം കഴിഞ്ഞല്ലോ, എവിടെ നീയെന്റെ കുഞ്ഞേ
നൊന്തുപെറ്റു വളര്‍ത്തിയെടുത്തൊരെന്‍ പൈതലേ
എന്തുചൊല്ലി നീയെന്റെ സങ്കടങ്ങള്‍ മാറ്റുമിപ്പോള്‍?

ഏഴ് കൊല്ലമീ വീടിന്റെയുമ്മറത്തോടി വളര്‍ന്നുണ്ണി
കേഴുവാന്‍ മാത്രമീ ജന്മമമ്മയ്‌ക്ക്‌ ബാക്കിവച്ചു പോയല്ലോ
ആലപ്പുഴയ്‌ക്കപ്പുറമൊരു ലോകത്തെയറിയാതിരുന്നവന്‍
ഭൂലോകത്തെവിടെയാണിപ്പോള്‍? കാത്തിരുന്നു ഞങ്ങള്‍

ഓണംവരുമ്പോളച്ചന്റെയൊപ്പം കൊച്ചിക്ക്‌ പോകണം
വേണമൊരു കൊച്ചു സൈക്കിളുമെന്നു മോഹിച്ചു നീ
ഇഷ്‌ടങ്ങളൊക്കെയും നിറവേറ്റിത്തരാം ഞങ്ങള്‍
ശിഷ്‌ടകാലമീവീടൊരു സ്വര്‍ഗ്ഗമാക്കാം, വരു രാഹുല്‍!

രാവെന്നോ പകലെന്നോ ഭേദമില്ലാതായിപ്പോയി
നാവെടുത്തൊരുവാക്കുമുച്ചരിയ്‌ക്കേണ്ടെന്നായി
തട്ടിയെടുത്തവര്‍ക്കറിയില്ലൊരമ്മതന്‍ വേദന, എന്‍
കുട്ടനെ കാണാതെയീ കണ്ണുകളടയ്‌ക്കില്ല ഞാനിനി!!

Shajan Anithottam


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top