Flash News

ബാര്‍ കോഴ കേസ് വഴിത്തിരിവില്‍; ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി നുണയല്ലെന്ന് ഫോറന്‍സിക് വിഭാഗം

May 24, 2015 , സ്വന്തം ലേഖകന്‍

ambily-e1432492657634തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ധനമന്ത്രി കെ.എം.മാണി ബാറുടമയില്‍ നിന്നും പണം വാങ്ങിയെന്ന സാക്ഷി അമ്പിളിയുടെ മൊഴി നുണയല്ലെന്ന് പരിശോധനാ ഫലം. ഫൊറന്‍സിക് പരിശോധനയിലാണ് ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി നുണയല്ലെന്നു വ്യക്തമായത്. റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതിക്കു കൈമാറി.

അടുത്ത ദിവസം കോടതി പരിശോധനാ ഫലം അന്വേഷണ സംഘത്തിനു കൈമാറും. ബാര്‍ കോഴ കേസില്‍ ഏക ദൃക്സാക്ഷിയാണ് അമ്പിളി. ബാറുടമ രാജ്കുമാര്‍ ഉണ്ണി കെ.എം. മാണിക്കു പണം അടങ്ങിയ ബാഗ് നല്‍കുന്നതു കണ്ടുവെന്നാണ് അന്വേഷണ സംഘത്തിന് ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോംപൗണ്ടിലെ പ്രശാന്തില്‍ വച്ചായിരുന്നു മാണി കോഴ പണം അടങ്ങിയ ബാഗ് വാങ്ങിയത്. ഇതിനു ശേഷം ഭാര്യ കുട്ടിയമ്മയ്ക്കു കൈമാറുന്നതു കണ്ടെതായും അമ്പിളി നല്‍കിയ മൊഴിയിലുണ്ട്.

അമ്പിളിയെ കഴിഞ്ഞ ആഴ്ചയാണ് ഫൊറന്‍സിക് ലാബില്‍ നുണ പരിശോധനയ്ക്കു വിധേയനാക്കിയത്. 39 ചോദ്യങ്ങള്‍ അമ്പിളിയോട് ചോദിച്ചിരുന്നു. അതെ അല്ലെങ്കില്‍ അല്ല എന്ന ഉത്തരമായിരുന്നു ചോദ്യങ്ങള്‍ക്കു നല്‍കേണ്ടിയിരുന്നത്. വിജിലന്‍സ് അന്വേഷണ സംഘത്തിലെ എസ്പി ആര്‍. സുകേശനായിരുന്നു നുണ പരിശോധനയ്ക്കു ഹാജരാകാന്‍ നോട്ടിസ് നല്‍കിയത്. അമ്പിളി സന്നദ്ധനാകുകയും ചെയ്തു. ഫൊറന്‍സിക് അസിസ്റ്റന്‍റ് ഡയറക്റ്റര്‍ പ്രദീപ് സജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നുണ പരിശോധന നടത്തിയത്. നാലു മണിക്കൂറോളമായിരുന്നു പരിശോധന. അമ്പിളിയുടെ അഭിഭാഷകന്‍ ആര്‍. രാജേഷിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

2014 ഏപ്രില്‍ രണ്ടിന് കെഎല്‍ 01-ബിബി – 7878 എന്ന രജിസ്ട്രേഷന്‍ നമ്പരുള്ള ബിജു രമേശിന്‍റെ കാറിലായിരുന്നു മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. ബിജു രമേശിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ താമസിച്ച ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ രാജ്കുമാര്‍ ഉണ്ണിയായിരുന്നു കാറിലുണ്ടായിരുന്നത്. ബിജു രമേശ് രാജ് കുമാര്‍ ഉണ്ണിയുടെ പക്കല്‍ പണം അടങ്ങിയ ബാഗു നല്‍കി. ഈ ബാഗുമായി മാണിയുടെ വസതിയായ പ്രശാന്തില്‍ എത്തി. രാജ്കുമാര്‍ ഉണ്ണി ബാഗുമായി മന്ത്രിയെ കാണാന്‍ കയറി. പുറത്തു നില്‍ക്കുകയായിരുന്ന താന്‍ മാണിക്ക് രാജ്കുമാര്‍ ഉണ്ണി ബാഗ് കൈമാറുന്നതു കണ്ടു. ഈ ബാഗ് പിന്നീട് മാണി അദ്ദേഹത്തിന്‍റെ ഭാര്യ കുട്ടിയമ്മയ്ക്ക് കൈമാറുന്നതും കണ്ടുവെന്ന് അമ്പിളി മൊഴി നല്‍കിയിരുന്നു.

അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണ സംഘം മാണിയുടെ ഔദ്യോഗിക വസതിയിലെത്തി തെളിവെടുത്തിരുന്നു. അമ്പിളി ഓടിച്ചു വന്ന കാര്‍ നമ്പര്‍ മൊഴിയില്‍ പറയുന്ന ദിവസം മാണിയുടെ വസതിയിലുള്ള വാഹനങ്ങളുടെ രജിസ്റ്ററില്‍ കണ്ടെത്തി. അമ്പിളി നിന്നുവെന്ന് മൊഴിയില്‍ പറഞ്ഞ സ്ഥലത്തു നിന്നും മാണിയുടെ മുറിയില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ കഴിയുമോ എന്നും പരിശോധിച്ചിരുന്നു. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലവും മാണിയുടെ മുറിയും തമ്മിലുള്ള അകലവും വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു. മൊഴി നുണയല്ലെന്നു തെളിഞ്ഞതോടെ വിജിലന്‍സ് നടത്തിയ സ്ഥല പരിശോധനയും കേസില്‍ നിര്‍ണായകമാകും. മൊഴിയില്‍ വൈരുധ്യമില്ലെന്നും അമ്പിളി കള്ളം പറയുന്നതല്ലെന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടുണ്ട്. നുണ പരിശോധനാ ഫലം കോടതി പ്രാഥമിക തെളിവായി സ്വീകരിച്ചില്ലെങ്കിലും സാഹചര്യ തെളിവുകള്‍ക്കു ബലം നല്‍കുന്നതിനായി പരിഗണിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബാറുടമകള്‍ നുണ പരിശോധനയ്ക്കു വിധേയമാകുന്നതിനുള്ള അനുമതി അറിയിക്കുന്നതിന് വിജിലന്‍സ് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ആദ്യം നുണ പരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ച ബാറുടമകള്‍ കോടതിയില്‍ നിലപാടു മാറ്റിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ അഭിപ്രായം തേടണമെന്നും ആവശ്യപ്പെട്ട ബാറുടമകള്‍ നിലപാട് അറിയിക്കുന്നതിന് അധിക സമയം ആവശ്യപ്പെട്ടിരുന്നു. ഇന്ന് ബാറുടമകള്‍ നുണ പരിശോധന സംബന്ധിച്ച നിലപാട് അറിയിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ബാര്‍ കോഴ കേസ് വഴിത്തിരിവില്‍; ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി നുണയല്ലെന്ന് ഫോറന്‍സിക് വിഭാഗം”

  1. Manoj S.P. says:

    കാര്യമൊക്കെ ശരി തന്നെ. ഈ കേസ് കോടതിയിലെത്തിയാല്‍ മാണി കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കാന്‍ വിജിലന്‍സും പോലീസും കുറെ വിയര്‍ക്കേണ്ടി വരും. കാരണം, ഈ നുണ പരിശോധനയിലെ സത്യസന്ധത തന്നെ. അമ്പിളിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് ‘അതെ, അല്ല’ എന്നു മാത്രമേ പറയാവൂ എന്നൊക്കെ മുന്‍‌കൂട്ടി നിശ്ചയിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. മാണിയുടെ അഭിഭാഷകര്‍ വിജിലന്‍സിനെയും നുണ പരിശോധനയ്ക്ക് ചോദ്യങ്ങള്‍ ചോദിച്ചവരേയും വെള്ളം കുടിപ്പിക്കുമെന്നു തീര്‍ച്ച.

    “ബാര്‍ കോഴ കേസില്‍ ഏക ദൃക്സാക്ഷിയാണ് അമ്പിളി. ബാറുടമ രാജ്കുമാര്‍ ഉണ്ണി കെ.എം. മാണിക്കു പണം അടങ്ങിയ ബാഗ് നല്‍കുന്നതു കണ്ടുവെന്നാണ് അന്വേഷണ സംഘത്തിന് ഇയാള്‍ മൊഴി നല്‍കിയിരുന്നതും ഇപ്പോള്‍ നുണ പരിശോധനയില്‍ ചോദിച്ചതും. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോംപൗണ്ടിലെ പ്രശാന്തില്‍ വച്ചായിരുന്നു മാണി കോഴ പണം അടങ്ങിയ ബാഗ് വാങ്ങിയത്. ഇതിനു ശേഷം ഭാര്യ കുട്ടിയമ്മയ്ക്കു കൈമാറുന്നതു കണ്ടെതായും അമ്പിളി നല്‍കിയ മൊഴിയിലുണ്ട്.” ഇവിടെയാണ് കാര്യപ്രസക്തമായ ചോദ്യം. മാണിക്ക് ബാഗ് കൈമാറുന്നത് കണ്ടെന്നുള്ളത് അമ്പിളി പറഞ്ഞത് ശരി തന്നെ. അത് നുണ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്. എന്നാല്‍ “മാണിക്ക് പണം അടങ്ങിയ ബാഗ്” നല്‍കുന്നതു കണ്ടേന്നാണ് അമ്പിളി പറഞ്ഞിരിക്കുന്നത്. ആ ബാഗിലെ പണം അമ്പിളി കണ്ടോ? ബാഗില്‍ പണം തന്നെയാണെന്ന് അയാള്‍ക്ക് എങ്ങനെ അറിയാം? പണം ആ ബാഗില്‍ വെക്കുന്നത് അമ്പിളി കണ്ടോ? കണ്ടെങ്കില്‍ ആര് എവിടെ വെച്ച്? ഈ വക ചോദ്യങ്ങള്‍ക്ക് അമ്പിളി കോടതിയില്‍ എന്ത് ഉത്തരം പറയും? “പണമടങ്ങിയ ബാഗ്” എന്ന് പറഞ്ഞാല്‍ കോടതി അംഗീകരിക്കില്ല. അത് തെളിയിക്കേണ്ട ബാധ്യത അമ്പിളിക്കുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ നുണ പരിശോധനയും മറ്റും വെറും പ്രഹസനമായിത്തീരാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top