Flash News

യാത്രാവസാനം (കവിത) ഫൈസല്‍ ബാവ, അബുദാബി

June 5, 2015 , ഫൈസല്‍ ബാവ, അബുദാബി

yathravasanamഒച്ചപ്പാടില്ലാതെ
ഒന്നവസാനിപ്പിക്കാന്‍
ആരുടെയൊക്കെ
കാലുപിടിക്കണം.

ഒറ്റക്കുതിപ്പില്‍
തീരുന്നതാണെങ്കിലും
കുതിക്കാനാവാതെ
വിയര്‍ക്കുന്നു
കൂര്‍ത്ത നോട്ടങ്ങള്‍,
കാതു തുളക്കുന്ന
കുത്തുവാക്കുകള്‍
കുതിപ്പിനാക്കം കൂട്ടുന്നു.
എന്നാലും
ദൈവത്തിന്റെ നോട്ടം-
പോലെ ചില കുഞ്ഞുക്കണ്ണുകള്‍,
ജീവിതത്തോളം
ആഴമുള്ള ചില വിളികള്‍,
മന്ദമാരുതനെ തോല്‍പ്പിക്കുന്ന
സ്നേഹസ്പര്‍ശം,
പിന്തിരിപ്പിക്കാന്‍ ഇങ്ങനെ
പലതും….

ക്ലാവുവീണ ജീവിതത്തെ
ഇനിയും ഞാനെത്ര തവണ
തേച്ചു മിനുക്കണം.

ഒരു തുണ്ട്‌ ഭൂമിയില്‍
ഒതുക്കിവെക്കാന്‍
ഇന്നീ ശരീരം ആവുന്നില്ല,
തിരിച്ചെടുക്കാന്‍ ഞാനയച്ച
നിവേദനങ്ങളത്രയും
മഴയായും മഞ്ഞായും
ആകാശത്ത്‌
നീ കീറിയെറിഞ്ഞല്ലോ…

മടുത്തവരെ വിട്ട്‌
നീ കൊതിച്ചവരെ
കൊത്തിയെടുക്കുന്നു.

തരിക
നിന്റെയൊടിച്ചുമടക്കിയ
ആകാശത്തിലൊരിടം.

യാത്രയുടെ അവസാനത്തിലെങ്കിലും
നിന്നെ ഞാന്‍ കണ്ടെത്തും.
നിനക്കു മുന്നില്‍
ഞാനെന്റെ ജീവിതം
ചോദ്യമായി തൂക്കിയിടും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top