Flash News

മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങള്‍ (ബഷീര്‍ വള്ളിക്കുന്ന്)

June 2, 2015 , ബഷീര്‍ വള്ളിക്കുന്ന്

banner

വാട്സ്ആപ്പ് പോലൊരു കിടിലന്‍ സാങ്കേതിക വിനിമയ സൗകര്യം ഈ അടുത്ത കാലത്തൊന്നും നമുക്ക് കിട്ടിയിട്ടില്ല. ഇതുപോലൊരു പാരയും ഈ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. അപാര ഉപകാരിയാണ്, എന്നാല്‍ അതിലേറെ മുടിഞ്ഞ ശല്യവുമാണ്‌. ഉപകാരം കാരണം വലിച്ചെറിയാന്‍ വയ്യ, ഉപദ്രവം കാരണം അടുപ്പിക്കാനും വയ്യ. അഞ്ച് കാശിന്റെ ചിലവില്ലാതെ വീഡിയോയും ഫോട്ടോകളും ഓഡിയോകളും ഷെയര്‍ ചെയ്യാം. ചാറ്റാം, ചീറ്റാം, ടെക്സ്റ്റാം, പ്രസംഗിക്കാം.. അങ്ങനെ എന്തും ചെയ്യാം. നെറ്റ് കണക്ഷന്‍ ഉണ്ടായാല്‍ മതി. ആരുടെയെങ്കിലും വൈഫൈയില്‍ ചുളുവില്‍ കൊത്താന്‍ പറ്റിയാല്‍ സംഗതി കമ്പ്ലീറ്റ് ഫ്രീ.. ഫ്രീയായി കിട്ടുന്നത് ഉപയോഗിക്കുമ്പോഴാണല്ലോ എപ്പോഴും ഓവറായി പോകാന്‍ സാധ്യതയുള്ളത്. കയ്യീന്ന് കാശ് പോകുന്ന സംഗതിയാണെങ്കില്‍ അംബാനിയേട്ടനാണെങ്കില്‍ പോലും ശ്രദ്ധിച്ചേ കൈകാര്യം ചെയ്യൂ. കാശ് ചിലവാക്കി ഫോണ്‍ വിളിക്കുമ്പോള്‍ അത്യാവശ്യ സംഗതികള്‍ ചോദിച്ച് പെട്ടെന്ന് ഫോണ്‍ വെക്കും. നെറ്റില്‍ നിന്ന് ഫ്രീ വിളിക്കുമ്പോള്‍ വെറുപ്പിച്ച് കയ്യില്‍ തരും. അത് അതിന്റെ ഒരു ആഗോള നിയമമാണ്. വാട്സ് ആപ്പിന്റെ കാര്യത്തിലും സംഭവിക്കുന്നത്‌ മറിച്ചല്ല.

busy in whatsAppഈയിടെ ഞങ്ങളൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ഒരു ചെറുകിട നിക്ഷേപ സംരഭത്തിന്റെ സാധ്യതകള്‍ ആരായുന്നതിന് വേണ്ടി ഏതാണ്ട് ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് കൊണ്ട് ഒരു ഗ്രൂപ്പ്. ഗ്രൂപ്പ് മുതലാളി (അതായത് അഡ്മിന്‍) ആദ്യ പോസ്റ്റില്‍ തന്നെ നയം വ്യക്തമാക്കി. ‘നിക്ഷേപ സാധ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം ഷെയര്‍ ചെയ്യാനുള്ള ഗ്രൂപ്പാണിത്. മറ്റൊന്നും ഷെയര്‍ ചെയ്യരുത്’. ആളുകളെയെല്ലാം ചേര്‍ത്ത് പത്ത് മിനിട്ട് കഴിഞ്ഞിട്ടില്ല. ആദ്യത്തെ വീഡിയോ എത്തി. ഏതോ ഒരു മത നേതാവിന്റെ പ്രഭാഷണമാണ്. നിക്ഷേപം എങ്ങിനെ നടത്തണം എന്നതിന്റെ മതവിധികള്‍ വല്ലതുമാകും എന്ന് കരുതി തുറന്ന് നോക്കിയപ്പോള്‍ മറ്റൊരു മതഗ്രൂപ്പിന്റെ നേതാവിനെ പുളിച്ച തെറിയില്‍ അഭിഷേകം ചെയ്യുന്നതാണ്. കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഭാഷയില്‍ കരഘോഷങ്ങള്‍ ഏറ്റുവാങ്ങിയുള്ള പ്രഭാഷണം. അത് ഡിലീറ്റ് ചെയ്യുമ്പോഴേക്ക് അടുത്തത്‌ എത്തി. അന്റാര്‍ട്ടിക്കയില്‍ ഒരു ഹിമക്കരടി ചാടാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നു. അടിയന്തിരമായി വല്ലതും ചെയ്തിട്ടില്ലെങ്കില്‍ നിക്ഷേപം വെള്ളത്തിലാകുമെന്നര്‍ത്ഥം… പിന്നീടെത്തിയത് കേന്ദ്ര മന്ത്രിമാരുടെ പേരും അവരുടെ വിലാസവും ടെലിഫോണ്‍ നമ്പറും. ദോഷം പറയരുതല്ലോ, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെയാണ്. മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നാലാമതെത്തിയത് ഒരു പ്രസവ വാര്‍ത്തയാണ്. ‘നാജു പ്രസവിച്ചു. പെണ്‍കുട്ടി. അല്‍ ഹംദുലില്ലാ’.. ആരാണ് നാജു എന്ന് ചോദിക്കരുത്.. ഏതോ ഒരു നാജു. എവിടെയോ പ്രസവിച്ചു. ആ വിവരം ഉടനെ ഈ ഗ്രൂപ്പില്‍ ഒന്ന് അറിയിച്ചേക്കാമെന്ന് ഒരുത്തന് തോന്നി. അത്ര തന്നെ. ഹാലിയുടെ കോമറ്റ് പോലെ നൂറ്റാണ്ടില്‍ വല്ലപ്പോഴും വരുന്ന അപൂര്‍വ പ്രതിഭാസമാണല്ലോ ഈ പ്രസവം എന്ന് പറയുന്നത്. ഇങ്ങനെ ഒരു ദിവസത്തിനുള്ളില്‍ ഏതാണ്ട് അമ്പതിലധികം മെസ്സേജുകള്‍.. പടച്ചോന്റെ കൃപ കൊണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ഒരൊറ്റ മെസ്സേജും ആ ഗ്രൂപ്പില്‍ ഇതുവരെ വന്നിട്ടില്ല. അഡ്മിനെ ഒരു ദിവസം വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. എങ്ങനുണ്ട്.. എങ്ങനുണ്ട്.. കിട്ടിയ മറുപടി ഞാനിവിടെ എഴുതുന്നില്ല. ഇതാണവസ്ഥ. മിക്കവാറും വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ സ്ഥിതിയിതാണ്. ജോയിന്‍ ചെയ്‌താല്‍ ചെയ്തവര്‍ പെട്ടു…

whatsApp hoax messagesആരും ഒന്നും വായിക്കുകയോ കാണുകയോ ചെയ്യുന്നില്ല. എന്നാല്‍ എല്ലാവരും കയ്യില്‍ കിട്ടുന്നതെന്തും എല്ലാവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഇന്നലെ അയച്ചത് നിങ്ങള്‍ എനിക്ക് ഇന്ന് ഇങ്ങോട്ട് അയച്ചു തരും. നിങ്ങള്‍ക്ക് എന്താണ് അയച്ചു തന്നതെന്ന് എനിക്കോ എനിക്ക് എന്താണ് അയച്ചതെന്ന് നിങ്ങള്‍ക്കോ ഓര്‍മയില്ല. പക്ഷേ ദിവസം ചുരുങ്ങിയത് പത്തെണ്ണം വീതം പരസ്പരം ഷെയര്‍ ചെയ്യുന്നുണ്ട്. ഒരുതരം ഷെയര്‍ മാനിയ. അറ്റ കൈക്ക് ഉപ്പ് തേക്കാത്ത വേന്ദ്രന്മാര്‍ പോലും ഷെയറിംഗിന്റെ കാര്യത്തില്‍ ഉദാരമനസ്കരാണ്‌. സരിതയുടെ ഐറ്റമാണ് കിട്ടിയതെങ്കില്‍ അതും വെച്ച് ചാമ്പും.. മുന്നും പിന്നും നോട്ടമില്ല. ഷെയര്‍ ചെയ്യണം. അത്ര തന്നെ. തന്റെ കയ്യില്‍ കിട്ടിയ സാധനം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പറ്റുന്നതാണോ, അത് ഷെയര്‍ ചെയ്തിട്ട് അവന് വല്ല ഉപകാരവുമുണ്ടോ എന്നൊന്നും നോട്ടമില്ല. ദിവസം പത്തു വീഡിയോ എങ്കിലും ഷെയര്‍ ചെയ്ത് കിട്ടുന്നവരുടെ മെമ്മറി ഫുള്ളാക്കണം. ദാറ്റ്സ് ഓള്‍.. “ഈ മെസ്സേജ് പത്ത് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് ജോലിയില്‍ കയറ്റം കിട്ടും. നാളെ ലോട്ടറി അടിക്കും. മറ്റന്നാള്‍ ഭാര്യ ഗര്‍ഭിണിയാകും. ഷെയര്‍ ചെയ്തില്ലെങ്കില്‍ രണ്ട് ദിവസത്തിനകം നിങ്ങളെ പാമ്പ് കടിക്കും. ഇത് ഷെയര്‍ ചെയ്യാതെ പരിഹസിച്ച ഒരാള്‍ കോഴിക്കോട് നീര്‍ക്കോലി കടിച്ചു മരിച്ചു. കാസര്‍ക്കോട് വേറൊരാള്‍ ചാണകക്കുഴിയില്‍ വീണു” ഇങ്ങനെ പല വിധ പ്രലോഭനങ്ങളുമായാണ് മെസ്സേജുകള്‍ വരിക. തലയ്ക്കകത്ത്‌ ചാണകക്കുഴിയുള്ള വട്ടന്മാര്‍ ഉടനേ അതങ്ങ് ഷെയര്‍ ചെയ്യും.

പൊട്ടന്മാരെ പറ്റിക്കാന്‍ ചില വിരുതന്മാര്‍ തയ്യാറാക്കി വിടുന്ന ഹോക്സ് മെയിലുകള്‍ ചൂടോടെ ഷെയര്‍ ചെയ്യുന്നവരാണ് പലരും. ഉദാഹരണമായി കഴിഞ്ഞ ദിവസം എനിക്കൊരാള്‍ അയച്ചു തന്ന മെസ്സേജ് നോക്കാം. എ ടി എമ്മില്‍ നിന്ന് കാശെടുക്കുമ്പോള്‍ കള്ളന്‍ പിടിച്ചാല്‍ പിന്‍ നമ്പര്‍ തലതിരിച്ച് അടിച്ചാല്‍ മതി. ഉടനെ പോലീസില്‍ വിവരമെത്തും. മാത്രമല്ല, കാശ് എ ടി എമ്മില്‍ നിന്ന് പുറത്ത് വരാതെ കുടുങ്ങിക്കിടക്കുകയും ചെയ്യും. ചിത്രസഹിതമാണ് മെസ്സേജ്. കൂടെ, ഉടനെ ഷെയര്‍ ചെയ്യൂ, സുഹൃത്തുക്കളെ രക്ഷിക്കൂ എന്നൊരു കല്പനയും. നാലഞ്ചു വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു എമണ്ടന്‍ വങ്കത്തമാണിത്. പണ്ട് അമേരിക്കയില്‍ ഏതോ ഒരു ചങ്ങാതി ഇത്തരത്തില്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഈ സംവിധാനം ഇന്ത്യയിലെന്നല്ല, എവിടെയും എ ടി എമ്മുകളില്‍ നിലവിലില്ല. പിന്‍ നമ്പര്‍ തലതിരിച്ച് അടിക്കുന്നതിന് പകരം തലതിരിച്ച് കള്ളന്റെ തലമണ്ടക്ക് അടിക്കാന്‍ പറ്റിയാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്, അതൊന്ന് പരീക്ഷിച്ചോളൂ എന്ന് അയാള്‍ക്ക് ഞാന്‍ മറുപടി നല്കി. പിന്നീടയാള്‍ എനിക്ക് മെസ്സേജുകള്‍ അയച്ചിട്ടില്ല.

അനാവശ്യ വീഡിയോകളും ചിത്രങ്ങളും കൊണ്ട് മെമ്മറി നിറയുമെന്നത് മാത്രമല്ല, ചിലപ്പോള്‍ കാശും പോയിക്കിട്ടും. എന്റെ സുഹൃത്ത് നൂറ് റിയാല്‍ മൊബൈലില്‍ ചാര്‍ജ് ചെയ്ത ശേഷം സുഖമായി കിടന്നുറങ്ങിയതാണ്. രാവിലെ നാട്ടിലേക്ക് വിളിക്കാന്‍ നോക്കുമ്പോള്‍ ബാലന്‍സ് ഇരുപത്തിരണ്ട് റിയാല്‍.. ബാക്കി പൈസയൊക്കെ വാട്സ് ആപ്പ് വിഴുങ്ങിയതാണ്. വൈഫും വൈഫൈയും കൂടെയില്ലാത്തയാളാണ്. പക്ഷേ മൊബൈല്‍ ഡാറ്റ ഓണ്‍ ആയിരുന്നു. പുള്ളി മെമ്പറായ അറുപതിനായിരത്തി പതിനാറ് ഗ്രൂപ്പുകളില്‍ നിന്നുള്ള മെസ്സേജുകളും വീഡിയോകളും നേരം വെളുക്കുന്നതിനു മുമ്പ് തന്നെ ലോഡായി റെഡിയായിട്ടുണ്ട്. ഏതോ മുജ്ജന്മ ഭാഗ്യം കൊണ്ടാണ് ഇരുപത്തിരണ്ട് റിയാല്‍ ബാക്കിയായത്.

മിംസ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന കുഞ്ഞിന് ഒ നെഗറ്റീവ് രക്തം വേണം. ലേഡി ഡോക്ടറുടെ നമ്പറും വിലാസവും അടക്കമാണ് മെസ്സേജ് പറപറക്കുന്നത്. “ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത പ്രത്യേക രോഗമാണ്. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ രക്തം കിട്ടിയില്ലെങ്കില്‍ കുട്ടി മരിക്കും”. കണ്ണീരൊലിച്ച് വീഴുന്ന തരത്തിലാണ് എഴുത്ത്. പക്ഷേ ഈ പന്ത്രണ്ട് മണിക്കൂര്‍ എന്നത് കഴിഞ്ഞ കൊല്ലം ഓപ്പറേഷന്‍ നടക്കുന്നതിന്റെ തലേന്ന് രാത്രിയിലെ പന്ത്രണ്ട് മണിക്കൂറാണ്.. കൊല്ലം ഒന്ന് കഴിഞ്ഞിട്ടും വാട്സ് ആപ്പിലെ പന്ത്രണ്ട് മണിക്കൂര്‍ തീര്‍ന്നിട്ടില്ല. പന്ത്രണ്ട് കൊല്ലം കഴിഞ്ഞാലും ഈ മെസ്സേജ് ചൂടോടെ ഓടും. ഇപ്പറയുന്ന കുട്ടി മരിച്ചിട്ട് തന്നെ ആറു മാസം കഴിഞ്ഞു. എന്നിട്ടും ഡോക്ടറുടെ മൊബൈലിലേക്ക് വിളിയോട് വിളിയാണ്. കാരണം ‘ഷെയര്‍ ബിസിനസ്സ്’ മുറക്ക് നടന്നു കൊണ്ടിരിക്കുകയാണ്. രക്തം കൊടുക്കാന്‍ തയ്യാറായി വിളിക്കുന്നവരാണെന്ന് കരുതരുത്. കുട്ടിയുടെ അസുഖമെന്താണ്?, അവര്‍ എവിടുത്തുകാരാണ് എന്നൊക്കെ അറിയാനുള്ള ‘ജിജ്ഞാസ’ കൊണ്ട് വിളിക്കുന്നവരാണ്!!.. കൂട്ടത്തില്‍ ലേഡി ഡോക്ടറെ പരിചയപ്പെടലും നടക്കും!!!. ഗതിയില്ലാതെ ഡോക്ടര്‍ മൊബൈല്‍ നമ്പര്‍ മാറ്റി. ഇനി മേലാല്‍ രോഗി ചത്താലും വാട്സ്ആപ്പിലേക്ക് നമ്പര്‍ കൊടുക്കില്ല എന്ന് ശപഥവും ചെയ്തു.

Actress 'Bhavana' Missingസിനിമാ നടി ഭാവനയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം വെച്ച് ഈ കുട്ടിയെ അറിയുന്നവര്‍ ഉടന്‍ ബന്ധപ്പെടുക എന്നൊരു പോസ്റ്റ്‌ കഴിഞ്ഞ ദിവസം കണ്ടു. കാസര്‍ക്കോട് നാടോടികളുടെ കയ്യിലാണത്രേ ‘ഭാവന’യുള്ളത്. ഉടന്‍ ഷെയര്‍ ചെയ്യൂ, നിങ്ങളുടെ ഒരു ഷെയര്‍ ഒരമ്മക്ക് മകളെ തിരിച്ചു കിട്ടാന്‍ കാരണമായേക്കും എന്ന് തേനൊലിപ്പിക്കുന്ന ഒരടിക്കുറിപ്പുമുണ്ട് താഴെ. കയ്യില്‍ കിട്ടേണ്ട താമസം ഇത്തരം അസംബന്ധങ്ങള്‍ ഷെയര്‍ ചെയ്യാനും കുറെ പൊട്ടന്മാര്‍. ഞങ്ങളുടെ നാട്ടില്‍ നിന്ന് ആറു മാസം മുമ്പ് ചാടിപ്പോയ പെണ്ണിന്റെ കഥ ഈയിടെയാണ് വൈറലായത്. ഒരു ‘പരോപകാരി’ ആ പഴയ വാര്‍ത്തയെടുത്ത് വാട്സ്ആപില്‍ തേച്ച് പിടിപ്പിച്ചതാണ്. കൂട്ടത്തില്‍ ഏതോ ഒരു വിദ്വാന്‍ ആ വാര്‍ത്തയോടൊപ്പം നെറ്റില്‍ നിന്ന് കിട്ടിയ പല ചൂടന്‍ രംഗങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു കീച്ചങ്ങ് കീച്ചി.. ഞരമ്പുകള്‍ക്ക് പ്രിയപ്പെട്ട വാര്‍ത്ത.. മാത്രമല്ല കഥാപാത്രം ഗള്‍‌ഫുകാരന്റെ ഭാര്യയും. . പോരേ പൂരം. സംഗതി വൈറലോട്‌ വൈറല്‍.. ഇത്തരം ഇക്കിളി പീസുകളാണ് കേരളത്തില്‍ പെട്ടെന്ന് വൈറലാകുന്നത്. സരിതയുടെ ക്ലിപ്പുകള്‍ മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് പറന്ന വേഗത കണക്ക് കൂട്ടിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഞരമ്പ്‌ രോഗികള്‍ തിങ്ങിപ്പാര്‍ക്കുന്നത് കേരളത്തിലാണെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റും. സുനാമി പോലെയെത്തിയ സരിതയുടെ വാട്സ് ആപ്പിന്റെ കാര്യം മുമ്പ് ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.

ഒരു ലേഖനത്തോടോ കുറിപ്പിനോടോ ചെയ്യുന്ന സാമാന്യ മര്യാദയാണ് അത് ഷെയര്‍ ചെയ്യുമ്പോള്‍ എഴുതിയ വ്യക്തിയുടെ പേരോ പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ പേരോ അതിനൊപ്പം ചേര്‍ക്കുക എന്നത്. അത് ഒഴിവാക്കി ഷെയര്‍ ചെയ്യുക എന്നത് എഴുത്തിന്റെ സംസ്കാരത്തോട്‌ ചെയ്യുന്ന വലിയ ക്രൂരതയാണ്. എന്നാല്‍ ഇന്ന് നടക്കുന്ന വാട്സ്ആപ്പ് ഷെയറുകളില്‍ ഭൂരിഭാഗവും അങ്ങിനെയുള്ളതാണ്. ആരെഴുതി, എവിടെയെഴുതി, എപ്പോള്‍ എഴുതി? ഒരു വിവരവും കാണില്ല. അതുകൊണ്ട് തന്നെ ഒന്നിന്റെയും നിജസ്ഥിതി പരിശോധിക്കാനും കഴിയില്ല. ഈ ബ്ലോഗില്‍ എഴുതിയ പല പോസ്റ്റുകളും തിരിഞ്ഞ് മറിഞ്ഞ് എനിക്ക് തന്നെ കിട്ടാറുണ്ട്. ‘പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷെ മനുഷ്യരെ കൊല്ലരുത്’ എന്ന പോസ്റ്റാണ് അവസാനമായി ഇങ്ങനെ കിട്ടിയത്. അയച്ചത് മറ്റാരുമല്ല, എന്റെ അളിയന്‍ തന്നെ. അതിന്റെ താഴെ ഒരു കമന്റും. “നല്ല ചിന്ത. എഴുതിയത് ആരാണെന്ന് അറിയില്ല”. ഞാന്‍ പറഞ്ഞു. ന്റെ പൊന്ന് ചങ്ങായീ, ഇത് ഞാന്‍ തന്നെ എഴുതിയതാണ്..അളിയനാണെന്ന് കരുതി ഇമ്മാതിരി ആപ്പ് വെക്കരുത് :).

വാട്സ്ആപ്പില്‍ മിനിമം പാലിക്കേണ്ട ചില മര്യാദകള്‍ ചുരുക്കിപ്പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയാണ്. എന്ത് ഷെയര്‍ ചെയ്യുന്നതിന് മുമ്പും അതിന്റെ സത്യാവസ്ഥ കഴിയുന്നത്ര ഉറപ്പ് വരുത്താന്‍ ശ്രമിക്കുക. രണ്ട് വര്‍ഷം പഴക്കമുള്ള ‘ജോലി ഒഴിവുണ്ട്’, ‘രക്തം ആവശ്യമുണ്ട്’, ‘വിവാഹാലോചനകള്‍ ക്ഷണിക്കുന്നു’ തുടങ്ങിയ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ഇതൊക്കെ കണ്ട് ഏതെങ്കിലും പാവങ്ങള്‍ പെണ്ണ് ആലോചിച്ചു ചെല്ലുമ്പോള്‍ നായിക ആറു മാസം ഗര്‍ഭിണിയായിരിക്കും, ഒക്കത്ത് വേറൊരു കുഞ്ഞുമുണ്ടാകും. വെറുതേ ആളുകളെ വട്ടം കറക്കാതിരിക്കുക. ഒരു ലേഖനമോ കുറിപ്പോ ഷെയര്‍ ചെയ്യുമ്പോള്‍ അതെഴുതിയ ആളുടെ പേര് ചേര്‍ക്കുക. അടിയന്തിര സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ എഴുതുന്ന തിയ്യതി വെക്കുക. ഏതെങ്കിലും ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ് അയക്കുന്നതിന് മുമ്പ് ആ ഗ്രൂപ്പിന്റെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മനസ്സിലാക്കി അതിനു അനുഗുണമായത് മാത്രം അങ്ങോട്ട്‌ അയക്കുക. ബസറയിലേക്ക് കാരക്ക കയറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോട്ടോയോ വാര്‍ത്തയോ ഷെയര്‍ ചെയ്യുമ്പോള്‍ അതാരെയെങ്കിലും വ്യക്തിപരമായി അപഹസിക്കുന്നതോ പരിഹസിക്കുന്നതോ അല്ലെന്ന് ഉറപ്പ് വരുത്തുക. ആരുടേയും സ്വകാര്യതയെ ആഘോഷിക്കുവാന്‍ അവരെത്ര മോശക്കാരായാലും ശരി, നമുക്കവകാശമില്ലെന്ന് ഓര്‍ക്കുക, വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ ഒരിക്കലും കൈമാറാതിരിക്കുക. ഒരു സന്ദേശത്തിന്റെ കൂടെയും ഇത് പത്ത് പേര്‍ക്ക് നിര്‍ബന്ധമായും ഷെയര്‍ ചെയ്യണം എന്നെഴുതാതിരിക്കുക. ഷെയര്‍ ചെയ്യേണ്ട ഉരുപ്പടിയാണ് എന്ന് വായിക്കുന്നവര്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ പറയാതെ തന്നെ അവരത് ഷെയര്‍ ചെയ്തോളും. ഇപ്പറഞ്ഞതിനെയെല്ലാം ഒറ്റവാചകത്തില്‍ ഒതുക്കിപ്പറഞ്ഞാല്‍ അതിതാണ്, ഒന്നും ഓവറാക്കാതിരിക്കുക, ആരെയും ബെര്‍പ്പിക്കാതിരിക്കുക.

http://www.vallikkunnu.com/


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top