Flash News

നിത്യയൗവനത്തിലേക്ക് ഉദിച്ച സാഹിത്യ സൂര്യന്‍: ജന്മശതാബ്ദിയില്‍ അവഗണിക്കപ്പെട്ട ‘ഉറൂബ്’

June 8, 2015 , സ്വന്തം ലേഖകന്‍

uroob titleഎല്ലാം മറവികള്‍ക്കുള്ളില്‍ മറച്ചുവെക്കുന്ന മലയാളികള്‍ക്ക് വീണ്ടും ഒരു മറവികൂടി സമ്മാനിച്ചുകൊണ്ട് കടന്നുപോകുകയാണ് ഒരു കാലഘട്ടത്തില്‍ മലയാളികള്‍ നെഞ്ചിലേറ്റി കൊണ്ടുനടന്ന ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന പി.സി. കുട്ടികൃഷ്ണന്‍. മലയാളികളുടെ അവഗണന ഏറ്റുവാങ്ങാനാണ് പ്രിയകാഥികന്റെ നിയോഗം.

അദ്ദേഹത്തിന്റെ നൂറാം പിറന്നാളാണ് ഇന്ന്. ജന്മശതാബ്ദി ആഘോഷിക്കുന്ന സാംസ്ക്കാരിക കേരളത്തിലെ സാംസ്ക്കാരിക വകുപ്പ് മറവിരോഗം പിടിപെട്ട് പറഞ്ഞതൊന്നും ഓര്‍മ്മയില്ലാതെ ഇരുട്ടില്‍ തപ്പുന്നു ഇപ്പോഴും. അദ്ദേഹത്തിന് കോഴിക്കോട് കേന്ദ്രമാക്കി ഒരു സ്മാരകം പണിയുമെന്ന് എം.എ ബേബി സാംസ്‌കാരിക മന്ത്രിയായിരിക്കെ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആ വാഗ്ദാനം ജലരേഖയായി മാറി. ജന്മശതാബ്ദി വര്‍ഷത്തില്‍ ഉറൂബിന് സ്മാരകം നിര്‍മിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നടത്തിയ പ്രഖ്യാപനവും നടപ്പായില്ല. 2013 ജൂലൈ 13ന് ഉറൂബ് സാംസ്കാരിക സമിതി കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച ഉറൂബ് ഓര്‍മ ഉദ്ഘാടനം ചെയ്തുകൊണ്ടാണ്ടാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. എഴുത്തുകാരന്‍ ടി.പി. രാജീവനടക്കമുള്ളവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചെങ്കിലും സ്മാരക നിര്‍മാണത്തിനു പദ്ധതി മുന്നോട്ടുപോയില്ല. 2014 ജൂണ്‍ എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉറൂബിന്‍റെ ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തത്. ആഘോഷപരിപാടികള്‍ ഉറൂബിന്‍റെ ജന്മനാടായ പൊന്നാനിയില്‍ ഓഗസ്റ്റ് ആദ്യവാരം സമാപിക്കും.

ഇങ്ങനെ ഒരു അവഗണന ഏറ്റുവാങ്ങേണ്ട കഥാകാരന്‍ അല്ല ഉറൂബ്. 1915 ജൂണ്‍ എട്ടിനു മലപ്പുറം ജില്ലയിലെ പൊന്നാനി പള്ളിപ്രം ഗ്രാമത്തിലാണ് ഉറൂബിന്റെ ജനനം. ആ കാലഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആനുകാലികങ്ങളില്‍ എഴുതണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നതുകൊണ്ടാണ് ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

2004 ലാണ് കോഴിക്കോട്ട് ഉറൂബ് മ്യൂസിയം തുടങ്ങിയത്. ഉറൂബിന്‍റെ കൃതികള്‍, കേന്ദ്ര സാഹിത്യഅക്കാഡമി പുരസ്കാരം ഉള്‍പ്പെടെ അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങള്‍. ഉപയോഗിച്ച വസ്ത്രങ്ങള്‍, ഊന്നുവടി, വാച്ചുകള്‍, ഉറുബിന്‍റെ ഫോട്ടൊകളും ചിത്രങ്ങളും കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം മ്യൂസിയത്തിലുണ്ട്. ഇതിനു പുറമെ ഉറൂബിനെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരങ്ങളും ഇവിടെയുണ്ട്. കോഴിക്കോട് വയനാട് റോഡില്‍ പഴയ കിളിയനാട് ഗവ സ്കൂള്‍ ബില്‍ഡിങ്ങിലെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉറൂബ് മ്യൂസിയവും ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ്. മ്യുസിയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ചുറ്റുവട്ടം വെള്ളം കെട്ടിയും കാടു പിടിച്ചും കിടക്കുന്നു. ഇവിടെ ഇങ്ങനെയൊരു സ്മാരകമുണ്ടെന്ന് അറിയുന്നവര്‍ കുറയും. വൈകിട്ട് നാലു മുതല്‍ ആറു വരെയാണ് സന്ദര്‍ശക സമയമെങ്കിലും മ്യൂസിയം തിരക്കി ആരും വരാറില്ലെന്ന് പരിപാലകരായ ലൈബ്രറി അധികൃതര്‍ പറയുന്നു.

പൊന്നാനിയില്‍ നിന്നെത്തി കോഴിക്കോടന്‍ തെരുവിന്‍റെ കഥാകാരനായ ഉറൂബിന്‍റെ സ്മരണയ്ക്കായി മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ ടൗണ്‍ഹാള്‍ വരെയുള്ള റോഡിന് അദ്ദേഹത്തിന്‍റെ പേരിട്ടെങ്കിലും എവിടെയും ഒരു ബോര്‍ഡ് പോലും കാണാനാകില്ല.

നീര്‍ച്ചാലുകള്‍ എന്ന ആദ്യകഥാസമാഹരം മുതല്‍ ആമിന, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്‍മാരും തുടങ്ങിയ നോവലുകളും രാച്ചിയമ്മ, മുഖംമൂടികള്‍,താമരത്തൊപ്പി തുടങ്ങി മുപ്പതോളം കഥാസമാഹാരങ്ങളും നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്‍, നായരുപിടിച്ച പുലിവാല്, മിണ്ടാപ്പെണ്ണ്, കുരുക്ഷേത്രം, ഉമ്മാച്ചു, അണിയറ തുടങ്ങിയ തിരക്കഥകളും മലയാളികളുടെ മനസില്‍ ഉറൂബിനു നശിക്കാത്ത യൗവനം നല്‍കി. രണ്ടാംലോക മഹായുദ്ധം, സ്വാതന്ത്ര്യസമരം, മലബാര്‍ കലാപം, കമ്യൂണിസ്റ്റ് മുന്നേറ്റം തുടങ്ങിയവ പശ്താത്തലമാക്കിയെഴുതിയ സുന്ദരികളും സുന്ദരന്‍മാരും തുടങ്ങിയ കൃതികള്‍ സമ്മാനിച്ച എഴുത്തുകാരന്‍റെ ഓര്‍മയ്ക്കായി സ്ഥാപിച്ച ഉറൂബ് മ്യൂസിയവും അവഗണനയുടെ തുരുത്തില്‍ തന്നെ. നീലക്കുയില്‍ ചലച്ചിത്രലോകത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഉമ്മാച്ചുവിനു നോവലിനുള്ള കേരള സാഹിത്യഅക്കാദമിയുടെ ആദ്യഅവാര്‍ഡ് ലഭിച്ചു. സുന്ദരികളും സുന്ദരവന്‍മാരും എന്ന നോവലിനു കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പൊന്നാനി എ.വി.സ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1934ല്‍ നാടുവിടുകയും ഇന്ത്യയുടെ പലഭാഗത്തും ജോലി ചെയ്യുകയും ചെയ്തു. തുടര്‍ന്നു കോഴിക്കോട് ആകാശവാണിയില്‍ 25 വര്‍ഷം ജോലി ചെയ്ത അദ്ദേഹം പ്രോഗ്രാം പ്രൊഡ്യൂസറായി വിരമിച്ചു. തുടര്‍ന്നു കുങ്കുമം, മലയാള മനോരമ എന്നിവയില്‍ പത്രാധിപരായി. ഇവിടെ പത്രാധിപരായിരിക്കെ 1979ജൂലൈ 10നു 64-ാം വയസില്‍ കോട്ടയത്തുവച്ചായിരുന്നു മരണം. മലയാള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top