Flash News

എതിര്‍ക്കുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് മമതയുടെ അനന്തരവന്‍

June 24, 2015 , സ്വന്തം ലേഖകന്‍

abhishek-banerjee-2564445കൊല്‍ക്കത്ത: ബംഗാളിനെതിരെ ആരെങ്കിലും മിണ്ടിയാല്‍ അവരുടെ കണ്ണ് ചൂഴ്ന്നെടുത്ത് കൈകള്‍ വെട്ടി റോഡില്‍ തള്ളുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും എം.പിയുമായ അഭിഷേക് ബാനര്‍ജി. നോര്‍ത് 24 പര്‍ഗാന ജില്ലയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയിലായിരുന്നു അഭിഷേകിന്‍െറ ആക്രോശം. ‘ബംഗാള്‍ ജനതയെ ചൂഷണംചെയ്യാന്‍ ശ്രമിച്ചാല്‍ അത് പാര്‍ട്ടി എം.പിമാര്‍ നോക്കിനില്‍ക്കില്ല. മമത ബാനര്‍ജി ഇവിടെ ഉള്ളിടത്തോളം അത് നടക്കില്ല. അത്തരക്കാരുടെ കണ്ണ് ചൂഴ്ന്നെടുത്ത് റോഡില്‍ തള്ളും. ഞങ്ങള്‍ക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിമാറ്റും. പാര്‍ട്ടിയുടെ അവസാനവാക്ക് ജനങ്ങളാണ്. ശക്തിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ ഞങ്ങളെ പുറത്താക്കൂ’. അഭിഷേക് വെല്ലുവിളിച്ചു. 1993 ജൂലൈ 21ന് പൊലീസ് വെടിവെപ്പില്‍ 13 പാര്‍ട്ടിപ്രവര്‍ത്തകര്‍ മരിച്ചതിന്‍െറ രക്തസാക്ഷി ദിനാചരണത്തിലാണ് റാലി സംഘടിപ്പിച്ചത്.

27കാരനായ അഭിഷേക് ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് യുവജന സംഘടന നേതാവാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അഭിഷേകിന്‍െറ വിവാദപ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അഭിഷേക് ആഞ്ഞടിച്ചു. മറ്റു രാഷ്ട്രീയപാര്‍ട്ടികളെല്ലാം മോദിയുടെ കാല്‍ക്കല്‍ വീഴുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് അങ്ങനെ ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. 15 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ചാണ് അദ്ദേഹം ലോകം ചുറ്റുന്നത്. നേരത്തേ ചായ വിറ്റിരുന്ന മോദി ഇപ്പോള്‍ രാജ്യത്തെ വിറ്റുകൊണ്ടിരിക്കുന്നു. വികസനത്തിന് സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

അഭിഷേകിന്‍െറ പ്രകോപന പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തുവന്നു. ഇത്തരം പ്രസ്താവനകളിലൂടെ ജനങ്ങളെ ഭയപ്പെടുത്താമെന്നാണെങ്കില്‍ അത് ബംഗാളില്‍ നടക്കില്ലന്ന് ബി.ജെ.പി വക്താവ് നരസിംഹറാവു പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സംസ്കാരമാണ് പ്രസംഗത്തിലൂടെ വ്യക്തമായതെന്ന് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നാന്‍ പറഞ്ഞു. തൃണമൂലിന്‍െറ ആധിപത്യം ഉറപ്പുവരുത്താനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് സി.പി.എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top