Flash News

The writing on the wall in Kerala by election – അരുവിക്കരയുടെ ചുവരെഴുത്ത്

July 4, 2015 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

aruvi title“കേരള രാഷ്ട്രീയത്തിന് അരുവിക്കര നല്‍കുന്ന സംഭാവനയാകും തെരഞ്ഞെടുപ്പുഫലം. യു.ഡി.എഫ് ഭരണം ഫലം പുറത്തുവരുന്നതോടെ ഇല്ലാതാകും. യു.ഡി.എഫ് സംവിധാനമാകെ ശിഥിലമാകും. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കപ്പെടും.” – പിണറായി വിജയന്‍.

അരുവിക്കരയിലെ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പാണ് എല്‍.ഡി.എഫ് പ്രചാരണത്തിന്റെ സംഘടനാ സാരഥ്യമുണ്ടായിരുന്ന പിണറായി വിജയന്‍ ഈ പ്രവചനം നടത്തിയത്. ഫലം വന്നപ്പോള്‍ ഇല്ലാതായത് സി.പി.എമ്മിന്റെ വാക്കിലും പ്രവൃത്തിയിലും കേരളത്തിലെ ജനങ്ങള്‍ പുലര്‍ത്തിയിരുന്ന വിശ്വാസവും ആ പാര്‍ട്ടിയുടേയും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടേയും അഭിമാനവുമാണ്.

യു.ഡി.എഫ് ഗവണ്മെന്റിന്റെ അഴിമതി – അശ്ലീല ഭരണത്തെ പിഴുതെറിയുന്ന ഇടതുപക്ഷ – ജനാധിപത്യ മുന്നണിക്കനുകൂലമായ ഒരു രാഷ്ട്രീയ കൊടുങ്കാറ്റായിരിക്കും അരുവിക്കരയിലെ ജനവിധിയെന്നാണ് ആദ്യാവസാനം എല്‍.ഡി.എഫ് നേതാക്കള്‍ പ്രവചിച്ചുകൊണ്ടിരുന്നത്. യു.ഡി.എഫിന്റെ നെറികെട്ട ഭരണത്തിനെതിരെ സംസ്ഥാനമാകെ എല്‍.ഡി.എഫ് അനുകൂല വികാരം ആഞ്ഞടിക്കുന്നതിന്റെ ഭാഗമാണ് അതെന്ന്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുകഴിഞ്ഞെന്ന് വോട്ടെടുപ്പ് നടക്കുംമുമ്പുതന്നെ തെറ്റായ വിലയിരുത്തലിന്റെ വിജയ ലഹരിക്കടിമപ്പെട്ട് സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍ പ്രഖ്യാപിക്കുകപോലും ചെയ്തു.

കേരളക്കരയാകെ അവിശ്വസിക്കുകയും വെറുക്കുകയും ചെയ്ത ഗവണ്മെന്റാണ് അരുവിക്കരയില്‍ ജനവിധി തേടിയത്. 1,43,264 പേര്‍ ജനവിധിയില്‍ പങ്കാളികളായി. അതില്‍ 60.34 ശതമാനം വരുന്ന 86,816 പേരും ഈ ഗവണ്മെന്റിന്റേയും മുഖ്യമന്ത്രിയുടേയും അവകാശവാദത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. എന്നിട്ടും 39.66 ശതമാനം വോട്ടുകിട്ടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന്‍ ജയിച്ചു. ഈ സാങ്കേതിക വിജയത്തെ ജനസമ്മതിയുടെ രാഷ്ട്രീയ വിജയമായും അഴിമതി ആരോപണങ്ങള്‍ക്കെതിരായ വിധിയെഴുത്തായും മുഖ്യമന്ത്രിയും കൂട്ടരും വ്യാഖ്യാനിക്കുന്നത് അസംബന്ധമാണ്. തങ്ങളുടെ വോട്ട് 9.17 ശതമാനം ഇടിഞ്ഞതും ബി.ജെ.പിയുടെ വോട്ട് 6 ശതമാനത്തില്‍നിന്ന് 24 ശതമാനത്തിലേക്ക് ഉയര്‍ന്നതും നല്‍കുന്ന വെല്ലുവിളിയെ കണ്ടില്ലെന്നു നടിക്കലാണ്.

അതുപോലെ അയഥാര്‍ത്ഥവും അവസരവാദപരവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ വിലയിരുത്തലില്‍ ആശ്വാസം കൊള്ളുകയാണ് എല്‍.ഡി.എഫ്. ഘടകകക്ഷി നേതാക്കളില്‍ ചിലര്‍പോലും യു.ഡി.എഫിനെതിരെ എല്‍.ഡി.എഫിനൊപ്പം പ്രചാരണത്തിനിറങ്ങി. മറ്റു ചിലര്‍ തെരഞ്ഞെടുപ്പുഫലം എതിരായാല്‍ മുന്നണി വിടാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഘടകകക്ഷി നേതാക്കളും അണികളും ഒരുപോലെ പരാജയ ഭീതിയിലും അങ്കലാപ്പിലുമായിരുന്നു. തോല്‍വി മുന്നണിക്കും കക്ഷികള്‍ക്കും ഗ്രൂപ്പുകള്‍ക്കും മരണശിക്ഷ നല്‍കുമെന്ന ഭയംമൂലം തെരഞ്ഞെടുപ്പുവേളയില്‍ അസാധാരണമായി യോജിച്ച ചെറുത്തുനില്‍പ്പ് അവര്‍ നടത്തി എന്നതും വസ്തുതയാണ്.

യു.ഡി.എഫ് നേരിട്ട വിശ്വാസ തകര്‍ച്ചയില്‍നിന്നും ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്നും അവരെ കരകയറ്റുകയെന്ന അസാധാരണ രാഷ്ട്രീയ സംഭാവനയാണ് എല്‍.ഡി.എഫ് നല്‍കിയത്. പിണറായിയും വി.എസും കോടിയേരിയും ഉള്‍പ്പെട്ട സി.പി.എം നേതൃത്വം എല്‍.ഡി.എഫിന്റെ ചെലവില്‍ അത് എഴുതിക്കൊടുത്തു എന്നു പറയുന്നതാവും ശരി. തൊട്ടുവരുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള സാഹചര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫിനും വെള്ളിത്തളികയില്‍ അവരാണ് സമ്മാനിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ അരുവിക്കരയിലെ യഥാര്‍ത്ഥ സംഭാവന ബി.ജെ.പിക്കായിരുന്നു. ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും മൂന്നാംസ്ഥാനത്ത് നില്‍ക്കുകയും ചെയ്ത ബി.ജെ.പിയെ ഇരു മുന്നണികളേയും വരും തെരഞ്ഞെടുപ്പുകളില്‍ വെല്ലുവിളിക്കാന്‍ ശേഷിയുള്ള ഒറ്റപ്പാര്‍ട്ടിയായി മന:ശ്ശാസ്ത്രപരമായും പ്രയോഗപരമായും ഉയര്‍ത്തി.

sabari-1

60 ശതമാനത്തെ തോല്‍പ്പിച്ച 40 ശതമാനം

കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് പുതിയ അടിത്തറയും ആത്മവിശ്വാസവും നല്‍കിയത് എന്നും അതിനെ രാഷ്ട്രീയമായി പ്രതിരോധിച്ച് നിയമസഭയ്ക്ക് പുറത്തുനിര്‍ത്തിപ്പോന്ന എല്‍.ഡി.എഫ് തന്നെയാണ്. ഇതുവരെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്വന്തം സ്ഥാനമാണ് സി.പി.എം ബി.ജെ.പിക്ക് ചാര്‍ത്തിക്കൊടുത്തത്. ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതിരൂപമായിരുന്ന ജനസംഘത്തിനും ബി.ജെ.പിക്കും ബാലികേറാമലയായി നിലനിന്ന കേരളത്തില്‍.

ആ നിലക്കാണ് സി.പി.എം നേതാക്കള്‍ സത്യസന്ധമായും വസ്തുതാപരമായും തെരഞ്ഞെടുപ്പ് ഫലത്തെ അഭിമുഖീകരിക്കേണ്ടത്. ബാലറ്റ്‌പെട്ടിയിലൂടെ രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലെത്തിക്കുകയെന്ന ചരിത്രംകുറിച്ച പ്രവചനാത്മകമായ പല പ്രസ്താവനകളും യാഥാര്‍ത്ഥ്യമാക്കിയ ഇ.എം.എസിന്റെ പാര്‍ട്ടി അദ്ദേഹമടക്കമുള്ള മുന്‍കാല നേതാക്കളുടെ വാക്കുകളോട് സത്യസന്ധതയും നീതിയും പുലര്‍ത്തുമെങ്കില്‍ അങ്ങനെയാണ് ചെയ്യേണ്ടത്. പാര്‍ട്ടിയുണ്ട് ജനങ്ങളില്ല എന്ന അനുഭവമാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ സി.പി.എം നേതൃത്വത്തോട് ഇപ്പോള്‍ പല്ലിളിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയ എം.എന്‍ വിജയന്‍മാസ്റ്ററെ പാട്ടകൊട്ടി പാര്‍ട്ടിവിരുദ്ധനാക്കി ഇടതുപക്ഷത്തുനിന്ന് ഭ്രഷ്ടനാക്കാന്‍ പരസ്പരം മത്സരിച്ച പാര്‍ട്ടി ഭക്തന്മാരും ഇപ്പോള്‍ അത് നെഞ്ചത്ത് കൈവെച്ച് ഓര്‍മ്മിക്കണം.

കണ്ണിലും നെഞ്ചിലും ഒരുപോലെ തറക്കുന്ന ഈ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും മറച്ചുപിടിക്കാന്‍ തെറ്റായ വ്യാഖ്യാനങ്ങളും വിശകലനങ്ങളും വിലയിരുത്തലുകളുമാണ് സി.പി.എം നേതാക്കളും അവരുടെ സെക്രട്ടേറിയറ്റും തുടരുന്നത്. വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്ന ജനങ്ങളുടെ കോടതിയെയാണ് ഈ ജനവിധിയെ അവഹേളിക്കുന്നതിലൂടെ അധിക്ഷേപിക്കുന്നതും തള്ളിപ്പറയുന്നതും. അപ്രമാദിത്വവും താന്‍ പ്രമാണിത്തവും ഭാവിക്കുന്ന തങ്ങള്‍ മാര്‍ക്‌സിസത്തേയും തൊഴിലാളിവര്‍ഗ രാഷ്ട്രീയ വിവേകത്തേയും തള്ളിപ്പറയുകയാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല.

ജാതി – മത ശക്തികളെ കൂട്ടുപിടിച്ചു, അധികാര ദുര്‍വിനിയോഗം നടത്തി, പണവും മദ്യവും ഒഴുക്കി ജനമനസുകള്‍ മാറ്റി – എന്നാണ് ജനവിധിയെ ഇകഴ്ത്താനും സ്വയം ന്യായീകരിക്കാനും സി.പി.എം നേതൃത്വം വ്യാഖ്യാനിച്ചു കാണുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഫലത്തില്‍ ഭരണ സെക്രട്ടേറിയറ്റുതന്നെയും അരുവിക്കര മണ്ഡലത്തില്‍ കേന്ദ്രീകരിച്ചിരുന്നു. യു.ഡി.എഫ് ഭരണസ്വാധീനം ദുരുപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് ആര്‍ക്കും അറിയുന്ന സത്യമാണ്. എല്‍.ഡി.എഫിന്റെ അരുവിക്കര സ്വപ്നങ്ങള്‍ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമായി പൊട്ടിത്തകര്‍ന്ന് ചിതറിയത് അതുകൊണ്ട് മാത്രമല്ല.

യു.ഡി.എഫിന് 39.66 ശതമാനം വോട്ടുമാത്രമേ ലഭിച്ചുള്ളൂ എന്ന ബാലിശമായ ന്യായീകരണംകൊണ്ട് എല്‍.ഡി.എഫ് പരാജയത്തിന്റെ മാരകമായ പരിക്കുകള്‍ മൂടിവെക്കാനാവില്ല. ബി.ജെ.പി നേടിയ വന്‍ വോട്ടുവര്‍ദ്ധനക്കു പിന്നിലെ അപകടവും രാഷ്ട്രീയ വെല്ലുവിളിയും തടയാന്‍ എല്‍.ഡി.എഫിന് കഴിയാതെ പോയതിന്റെ വീഴ്ച അത് മറച്ചുവെക്കുകയുമില്ല.

യു.ഡി.എഫിന്റെ വോട്ടില്‍ 9.17 ശതമാനം കുറഞ്ഞപ്പോള്‍ എല്‍.ഡി.എഫിന്റെ വോട്ടില്‍ 6.82 ശതമാനത്തിന്റെ കുറവുണ്ടായി. ബി.ജെ.പിയുടെ വോട്ട് 6.6 ശതമാനത്തില്‍നിന്ന് 23.96 ശതമാനമായി കുതിച്ചുയര്‍ന്നു. 17.36 ശതമാനത്തിന്റെ വര്‍ദ്ധന. 20,000-ഓളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. 2011 ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതിനേക്കാള്‍ 193 വോട്ടുകള്‍ മാത്രമാണ് എം. വിജയകുമാറിന് നേടാനായത്. അധികപങ്കും ഒ. രാജഗോപാലിനാണ് പോയത്. ഈ യാഥാര്‍ത്ഥ്യമാണ് സി.പി.എം നേതൃത്വത്തെ തുറിച്ചുനോക്കുന്നത്.

തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം യു.ഡി.എഫിന്റെ വിജയത്തെ നിസ്സാരവത്ക്കരിക്കുകയല്ല വേണ്ടത്. ഒപ്പം വര്‍ഗീയ ഫാസിസ്റ്റ് കക്ഷിയുടെ മുന്നേറ്റത്തെ അതിലേറെ ഗൗരവമായി കാണണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുണ്ടായിരുന്ന വ്യത്യാസം 32.72 ശതമാനമായിരുന്നു. ഇത്തവണ ബി.ജെ.പി അത് ചുരുക്കി 8.54 ശതമാനമാക്കി എല്‍.ഡി.എഫിന് തൊട്ടരുകില്‍ എത്തിനില്‍ക്കുന്നു. മത്സരിച്ചു തോല്ക്കുന്ന രാജഗോപാലിനോടോ കഥയറിയാതെ ആട്ടംകണ്ട സി.പി.എം നേതാക്കളോടാണോ – ആരോടാണ് ഇപ്പോള്‍ സഹതപിക്കേണ്ടത് എന്ന് വിശദീകരിക്കേണ്ടത് ഒ. രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെ പിന്നിലേക്കുതള്ളി രണ്ടാംസ്ഥാനത്ത് ബി.ജെ.പി എത്തിനില്ക്കുകയാണ്. ബി.ജെ.പിക്കു കേരളത്തിലും സ്വയം അവര്‍ വഴി വെട്ടിത്തുറന്നുകൊടുക്കുമ്പോള്‍.

raj-2

ജനവിധിയിലെ പൂജാവിശുദ്ധി

യു.ഡി.എഫ് ഗവണ്മെന്റിനോടും അഴിമതിയോടും സി.പി.എം എടുക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റേയും സമാന്തര രാഷ്ട്രീയ നയങ്ങളുടേയും തിരിച്ചടിയില്‍നിന്നാണ് ബി.ജെ.പി മുഖ്യമായും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത്. ടി.പി വധക്കേസും സോളാര്‍ അഴിമതിയും അതിന്റെ തുടക്കമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുംവരെ നടത്തുമെന്ന് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് ഉപരോധം പെട്ടെന്ന് ദുരൂഹമായി പിന്‍വലിച്ചത്. ഇടക്കാലത്ത് മുഖ്യമന്ത്രിയാക്കാന്‍ എഴുന്നള്ളിച്ച് കൊണ്ടുനടന്ന കെ.എം മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിനുമുമ്പില്‍ ആദ്യം അറച്ചുനിന്നത്. മാണിയുടെ ബജറ്റുപോലും അംഗീകരിക്കാതെ അദ്ദേഹം രാജിവെക്കുംവരെ ശക്തമായ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത് പൊളിഞ്ഞത്. ഒരേ തരത്തിലുള്ള അഴിമതി ആരോപണങ്ങളില്‍ മന്ത്രി ബാബു രാജിവെക്കണമെന്നും പാര്‍ട്ടിക്കാരനായ എളമരം കരീമിനെ പ്രതിരോധിക്കണമെന്നും നിലപാടെടുത്തത്. കാലാകാലങ്ങളില്‍ ന്യൂനപക്ഷ മതമേധാവികളുടെ വോട്ടുതേടാന്‍ പ്രീണനനയങ്ങള്‍ സ്വീകരിച്ചത് – ഇതെല്ലാം ഇടതുപക്ഷ- ജനാധിപത്യ മുന്നണിയുടെ മതനിരപേക്ഷ – അഴിമതി വിരുദ്ധ പ്രതിച്ഛായയും വിശ്വാസ്യതയും തകര്‍ത്തു.

ഭരണ – പ്രതിപക്ഷ മുന്നണികളില്‍നിന്ന് വ്യത്യസ്തമായി ആത്മാര്‍ത്ഥമായ അഴിമതി വിരുദ്ധ നിലപാടിന്റെ സംശുദ്ധി അവകാശപ്പെട്ടാണ് ഒ. രാജഗോപാലും ബി.ജെ.പിയും മത്സരരംഗം കീഴടക്കാന്‍ ശ്രമിച്ചത്. ലളിത് മോദിയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ഗവണ്മെന്റും സുഷമതൊട്ട് വസുന്ധരവരെയുള്ള പല നേതാക്കളും അഴിമതി ആരോപണങ്ങളുടെ ഊരാക്കുടുക്കില്‍ കുരുങ്ങാന്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പിയുടെ അഴിമതി വിരുദ്ധമുഖം തുറന്നുകാട്ടുന്നതില്‍ എല്‍.ഡി.എഫ് അരുവിക്കരയില്‍ പരാജയപ്പെട്ടു. എല്‍.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാനുള്ള ഒ. രാജഗോപാലന്റെ സാധ്യത നഷ്ടപ്പെടുത്തിയത് മോദി ഗവണ്മെന്റിനും ബി.ജെ.പിക്കും എതിരെ ഉയര്‍ന്ന അപ്രതീക്ഷിത അഴിമതി ആരോപണങ്ങളും പ്രധാനമന്ത്രി മോദിയുടെ നിസ്സഹായമായ മൗനവുമാണ്.

രണ്ടാമതൊരു അടിയന്തരാവസ്ഥയുടെ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന് ബി.ജെ.പിക്കകത്തുനിന്ന് എല്‍.കെ. അദ്വാനിയെപ്പോലൊരാള്‍ മുന്നറിയിപ്പ് നല്‍കിയത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന അതിനിര്‍ണ്ണായക വേളയിലാണ്. ഇടതുപാര്‍ട്ടികള്‍ സ്വയം മുന്നറിയിപ്പ് നല്‍കേണ്ട ഈ ദേശീയ സാഹചര്യത്തെക്കുറിച്ച് ബി.ജെ.പിയുടെ സ്ഥാപകനേതാവ് അദ്വാനി പറഞ്ഞിട്ടുപോലും അതൊരു രാഷ്ട്രീയ ആയുധമാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചില്ല. സമകാലിക രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ മാര്‍ക്‌സിസ്റ്റ് നിലപാടില്‍നിന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇ.എം.എസിനെപ്പോലെ മുന്‍കാല നേതാക്കള്‍ക്കുണ്ടായിരുന്ന ചടുലതയും രാഷ്ട്രീയ ഉള്‍ക്കാഴ്ചയും അവര്‍ക്ക് കൈമോശം വന്നു എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.

ബി.ജെ.പിയുടെ സാന്നിധ്യം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയതുകൊണ്ട് ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടു എന്ന് വ്യാഖ്യാനിക്കുമ്പോള്‍ സി.പി.എം നേതൃത്വം ഉത്തരം നല്‍കേണ്ട വലിയൊരു ചോദ്യം ഉയര്‍ന്നുവരുന്നു: തൊഴിലാളിവര്‍ഗ രാഷ്ട്രീയവും അതിന്റെ അവിഭാജ്യഭാഗമായ മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്നു എന്നു പറയുന്ന ഇടതുപക്ഷ – ജനാധിപത്യ മുന്നണിയിലേക്ക് ബി.ജെ.പി ഭീതി ആകുലപ്പെടുത്തിയ ജനവിഭാഗങ്ങള്‍ അഭയം തേടാതിരുന്നതെന്താണ്?

പ്രതിദിനം മാറിക്കൊണ്ടിരിക്കുന്ന സാര്‍വ്വദേശീയ – ദേശീയ രാഷ്ട്രീയത്തോട് തെരഞ്ഞെടുപ്പിനെ ബന്ധപ്പെടുത്തുക എന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ സവിശേഷതയാണ്. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുപോലും യു.എസ് – സദ്ദാം ഹുസൈന്‍ യുദ്ധവുമായി ബന്ധപ്പെടുത്തിയ അനുഭവപാഠം കേരളത്തിനുണ്ട്. അത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ കേരളപാര്‍ട്ടിയിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇ.എം.എസ് ജന്മദിനത്തില്‍ രണ്ടുദിവസം കേരളത്തിലുണ്ടായിരുന്നു എന്നാണ് മാധ്യമങ്ങളില്‍നിന്ന് അറിയുന്നത്. കേന്ദ്രനേതാക്കള്‍ ഇവിടെ വന്നിട്ടും ഇവരുടെ പരിപാടി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താതിരുന്നത് സി.പി.എമ്മിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ദുരൂഹമായി തോന്നുന്നു. ഇത്തരമൊരു സ്ഥിതിയില്‍ കേരളാപാര്‍ട്ടി ദേശീയരാഷ്ട്രീയം കൈകാര്യം ചെയ്തില്ല എന്ന് അവരുടെ പി.ബി ഇപ്പോള്‍ പറയുന്നുണ്ടെങ്കില്‍ ദേശീയ നേതാക്കളും കേരളത്തില്‍നിന്നുള്ള പി.ബി അംഗങ്ങളും തന്നെയാണ് അതിന്റെ കുറ്റം സ്വയം ഏറ്റെടുക്കേണ്ടതും വിശദീകരണം നല്‍കേണ്ടതും.

vijayakumar-3

പാഠം പഠിച്ചത് പറയാന്‍ വയ്യാതെ

ബി.ജെ.പിയും യു.ഡി.എഫും പരസ്പര വളര്‍ച്ചക്ക് ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഉപയോഗപ്പെടുത്തുമെന്ന് 80-കള്‍ മുതല്‍ കേരളത്തില്‍ അണികളേയും ജനങ്ങളേയും പഠിപ്പിച്ചുപോന്ന പാര്‍ട്ടിയാണ് സി.പി.എം. വര്‍ഗീയ ധ്രുവീകരണത്തെ എങ്ങനെ ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടി എതിരിട്ട് തോല്‍പ്പിക്കുമെന്ന്. 1987-ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതാക്കളായ ഇ.എം.എസും ബി.ടി. രണദിവെയും ഇ. ബാലാനന്ദനും സംസ്ഥാന സെക്രട്ടറി വി.എസ് അച്യുതാനന്ദനും ചേര്‍ന്നു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം ചരിത്രത്തിന്റെ ഭാഗമായതാണ്. ഇത്തവണ കാട്ടിക്കൂട്ടിയതുപോലെ പ്രചാരണത്തിന്റെ പരസ്യ ചുമതലയും സംഘാടനത്തിന്റെ അദൃശ്യ ചുമതലയും പാര്‍ട്ടി വീതംവെച്ചുനല്‍കുന്ന ഒരു ശൈലി ഇതിനുമുമ്പ് സി.പി.എമ്മോ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ സ്വീകരിച്ചതായി അറിവില്ല. ഈ പുത്തന്‍ ശൈലിക്ക് പിറകിലുണ്ടായത് ആഴത്തില്‍ വേരൂന്നിയ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ ആയിരിക്കുമെന്നുമാത്രമേ മുന്‍ അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് ചൂണ്ടിക്കാണിക്കാനാവൂ.

യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ വ്യത്യാസമില്ലെന്നും ബി.ജെ.പിക്ക് അസ്പ്രശ്യതയില്ലെന്നും സി.പി.എം അണികളില്‍പോലും പുതിയ മനോഭാവം സൃഷ്ടിക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ നയങ്ങളാണ് സി.പി.എം തുടര്‍ന്നത്. ജനങ്ങളെ പഠിക്കുന്നതില്‍ പാര്‍ട്ടി കേഡറുകള്‍ക്ക് പറ്റിയ പിശകുകൊണ്ടല്ല തോറ്റത്. പാര്‍ട്ടി കേഡറുകളേയും അണികളേയും വര്‍ഗീയ വിപത്തു സംബന്ധിച്ച് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ നേതൃത്വം ശ്രമിച്ചില്ല എന്നതുതന്നെയാണ് കാരണം. തെരഞ്ഞെടുപ്പു പ്രചാരണത്തെ ബി.ജെ.പിക്കെതിരെ തിരിച്ചുവിടാന്‍ ഒന്നും ചെയ്തില്ല. ലളിത് മോദിയുമായുള്ള ബി.ജെ.പി മന്ത്രിമാരുടെ അഴിമതി ബന്ധവും, അടിയന്തരവാസ്ഥ സംബന്ധിച്ച അദ്വാനിയുടെ മുന്നറിയിപ്പും അരുവിക്കരയില്‍ ആയുധമാക്കുന്നതില്‍ സി.പി.എം നേതാക്കളും അവരുടെ പ്രചാരണ സംവിധാനങ്ങളും പരാജയപ്പെട്ടു.

വിഭാഗീയത ഗ്രഹണംപോലെ എല്‍.ഡി.എഫ് പ്രചാരണത്തെ ആദ്യന്തം വിഴുങ്ങിയതിന്റെ പ്രത്യാഘാതം തിരിച്ചറിയാനും പാര്‍ട്ടി നേതൃത്വത്തിനായില്ല. പാര്‍ട്ടി വിരുദ്ധനെന്നും യു.ഡി.എഫിന്റെ രക്ഷകനെന്നും സി.പി.എം വി.എസിനെ മുദ്രകുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വി.എസിന് നല്‍കാനും നിര്‍ബന്ധിതമായി. ഈ വൈരുദ്ധ്യത്തില്‍നിന്നാണ് എല്‍.ഡി.എഫിന്റെ തോല്‍വിയുടെ തുടക്കം. സി.പി.എമ്മിന്റെ സംഘടനാ തീരുമാനം അണികളും ജനങ്ങളും ഒരുപോലെ അംഗീകരിച്ചില്ലെന്ന് അരുവിക്കരയില്‍ വി.എസ് ആകര്‍ഷിച്ച വന്‍ ജനക്കൂട്ടം തെളിയിച്ചു. ജനവിശ്വാസ്യതയുള്ള മറ്റൊരു നേതാവ് സി.പി.എമ്മില്‍ പ്രചാരണം നടത്താനില്ലെന്നാണ് ഇത് നല്‍കിയ സന്ദേശം.

അറുക്കാന്‍ കൊണ്ടുപോകുന്ന മാടിന്റെ അവസ്ഥയോട് അവസാനവട്ടം കെ.പി.സി.സി പ്രസിഡന്റ് വി.എസിനെ താരതമ്യം ചെയ്തത് വി.എസ് നിര്‍വ്വഹിച്ച ദൗത്യത്തെ ദുര്‍ബലപ്പെടുത്തി. യു.ഡി.എഫ് നേതാക്കളുടെ പരിഹാസത്തിന് അടിവരയിടുന്ന പ്രതികരണമാണ് താന്‍തന്നെയാണ് സെക്രട്ടറിയെന്ന് ഭാവിച്ച് ഒടുവില്‍ പിണറായി നടത്തിയ പത്രസമ്മേളനത്തില്‍ ഉണ്ടായതും. പക്ഷേ, തൊണ്ണൂറ്റിരണ്ട് കഴിഞ്ഞ സി.പി.എമ്മിന്റെ സ്ഥാപകനേതാവിനോടുള്ള സാന്ത്വന-അനുഭാവ പ്രകടനമായിരുന്നു ആ ജനസാന്നിധ്യം. ബി.ജെ.പിക്കും യു.ഡി.എഫിനും വോട്ടുചെയ്ത് സി.പി.എം നേതൃത്വത്തിന്റെ തൊഴിലാളിവര്‍ഗ വിരുദ്ധമായ നയങ്ങള്‍ക്കെതിരായ പ്രതിഷേധം ജനങ്ങള്‍ രേഖപ്പെടുത്തി.

സി.പി.എമ്മിലെ വിഭാഗീയത 2006-ലെ വി.എസ് ഗവണ്മെന്റിന്റെ നയങ്ങളുമായി വലിയൊരളവില്‍ ബന്ധപ്പെട്ടതാണ്. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള പുതിയൊരു എല്‍.ഡി.എഫ് ഗവണ്മെന്റ് വരാനാണ് സി.പി.എം വഴിവെട്ടുന്നത്. രാഷ്ട്രീയ പ്രബുദ്ധരായ അരുവിക്കരയിലെ വോട്ടര്‍മാര്‍ അതുകൂടി തിരിച്ചറിഞ്ഞു. അതിനെതിരെയുള്ള വിധിയെഴുത്തുകൂടിയായിരുന്നു കാര്‍ത്തികേയന്റെ മകനെന്ന നിലയില്‍ ശബരിനാഥനും സി.പി.എമ്മിന്റെ കൊലപാതക- ബോംബ് രാഷ്ട്രീയത്തിനെതിരെയും യു.ഡി.എഫ് ഭരണത്തിന്റെ വികസന നയത്തിനും വോട്ടുചോദിച്ച ഉമ്മന്‍ചാണ്ടിക്കും അവര്‍ നല്‍കിയ വോട്ടുകള്‍. എല്‍.ഡി.എഫിലും യു.ഡി.എഫിലും മനംമടുത്ത് മൂന്നാമതൊരു വഴിതുറക്കാനാണ് ഒ.രാജഗോപാലിന് ബോധപൂര്‍വ്വം വലിയൊരു വിഭാഗം വോട്ടുചെയ്തത്. അരുവിക്കരയിലെ വികാരം കേരളത്തിന്റെ പൊതുവികാരമല്ലെന്ന് പറയുന്ന പിണറായി തദ്ദേശ തെരഞ്ഞെടുപ്പിനും അതിലേറെ താന്‍ നയിക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനും വേണ്ടി എല്‍.ഡി.എഫിനെ മുന്‍കൂര്‍ ജാമ്യത്തിലെടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സംഘടനാ നേതൃത്വം പിണറായിക്കാണെന്നു പറയുമ്പോള്‍, പ്രചാരണ വേദികളില്‍നിന്നും, മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളില്‍നിന്നും പിണറായി പൂര്‍ണമായും വിട്ടുനിന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്.

ബി.ജെ.പിയുടെ സാന്നിധ്യമുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണത്തെപ്പറ്റി പറയുന്ന സി.പി.എം നേതൃത്വം അതിന്റെ മറുവശം മൂടിവെക്കുകയാണ്. എല്‍.ഡി.എഫില്‍നിന്ന് ചവുട്ടിയും ഓടിച്ചും യു.ഡി.എഫില്‍ എത്തിച്ച ചരിത്ര പാരമ്പര്യമുള്ള രണ്ട് ഇടതുപക്ഷ പാര്‍ട്ടികളായ ജനതാദള്‍ (യു)വും ആര്‍.എസ്.പിയുമാണ് മതനിരപേക്ഷ മുഖച്ഛായ നല്‍കി യു.ഡി.എഫിനെ വിജയത്തിലെത്തിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചത്. ഈ രണ്ട് പൂര്‍വ്വ ബന്ധക്കാരെയും എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള സാഹചര്യം തെളിഞ്ഞിട്ടും അവര്‍ തെറ്റുതിരുത്തി തങ്ങളുടെ കാല്‍ക്കല്‍വന്ന് വീഴട്ടെയെന്ന നേതൃത്വത്തിന്റെ ധാര്‍ഷ്ഠ്യവും തോല്‍വിയിലേക്ക് നയിച്ചു. അത് തടയാന്‍ ഗൗരിയമ്മ മുതല്‍ ആര്‍. ബാലകൃഷ്ണപിള്ളവരെ കൂടെ കൊണ്ടുനടന്നെങ്കിലും വെളുക്കാന്‍ തേച്ചത് പാണ്ടായി.

അരുവിക്കരയിലെ ജനങ്ങള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മിനും എതിരെയാണ് വിധിയെഴുതിയിരിക്കുന്നത്. അതുല്പാദിപ്പിച്ച ത്രികോണ പ്രത്യാഘാതത്തിന്റെ ഗുണഭോക്താവായി മുഖ്യമന്ത്രിയും ബി.ജെ.പിയും എന്നുമാത്രം. ധാര്‍മ്മികമായി തോല്‍വിയുടെ ഉത്തരവാദിത്വം സി.പി.എം നേതൃത്വമാണ് ഏറ്റെടുക്കേണ്ടത്. പാര്‍ട്ടി നേതാക്കളുടെ പഴയകാല സത്യസന്ധത അണികളോടും ജനങ്ങളോടും അവര്‍ പുലര്‍ത്തേണ്ടതുണ്ട്. തങ്ങള്‍ക്ക് സംഘടനാപരമായും രാഷ്ട്രീയമായും സംഭവിച്ച തെറ്റ് തുറന്നു സമ്മതിക്കേണ്ടത് അവരാണ്. അതില്ലാതെ, അത്തരത്തില്‍ ആഴത്തിലുള്ള രാഷ്ട്രീയ – സംഘടനാ പരിശോധനയും തിരുത്തും വരുത്താതെ സി.പി.എമ്മിനും എല്‍.ഡി.എഫിനും കേരളത്തില്‍ ഇനി തിരിച്ചുവരവുണ്ടാവില്ല.

അരുവിക്കര മണ്ഡലത്തിന് പുറത്തായി കേരള അതിര്‍ത്തിക്കുള്ളില്‍ എല്‍.ഡി.എഫിന് വിജയിക്കാന്‍ അനുകൂലമായ ഒരു രാഷ്ട്രീയ മണ്ഡലം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നത് മാര്‍ക്‌സിസ്റ്റുകാരുടെ വൈരുദ്ധ്യാത്മിക ഭൗതികവാദത്തിലൂന്നിയുള്ള വിലയിരുത്തലല്ല. ആഗോള കോര്‍പ്പറേറ്റുകളുടെ പ്രമുഖ കമ്പോളമായി മാറിക്കഴിഞ്ഞ ഇന്ത്യയില്‍ അവര്‍ക്കുവേണ്ട നയം നടപ്പാക്കാന്‍ വികസനവും അഴിമതി വിരോധവും പറഞ്ഞ് അധികാരത്തില്‍വന്ന ഗവണ്മെന്റാണ് മോദിയുടേത്. സാര്‍വ്വദേശീയ തലത്തില്‍നിന്നടക്കമുള്ള മൂലധന ശക്തികളുടെ പുതിയ ഒരു ചുഴലി ജനങ്ങളെ സംഘടിപ്പിക്കുകയും അവര്‍ക്കെതിരായ നയങ്ങള്‍ക്കെതിരെ പോരടിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരെ ദേശീയ രാഷ്ട്രീയത്തില്‍ പുതുതായി രൂപംകൊണ്ടിട്ടുണ്ട്. അതിന്റെ ഒരു സൂചനയാണ് വിഴിഞ്ഞം തുറമുഖം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദാനിക്ക് നാലുപതിറ്റാണ്ടിന് ഏല്‍പ്പിച്ചുകൊടുത്തത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ അദാനി – മോദി ബന്ധം അരുവിക്കരയില്‍ നിര്‍ണ്ണായക ഘടകവുമായി. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പുതിയ ഐക്യനിരയില്‍നിന്ന് ഇടതുപക്ഷത്തെ വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ ബംഗാളിലും ത്രിപുരയിലും കേരളത്തില്‍ പ്രത്യേകിച്ചും ദേശീയ തലത്തില്‍ പൊതുവേയും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്.

മാറിയ ഈ സാഹചര്യങ്ങള്‍ മനസിലാക്കാതെ ‘തത്തമ്മേ പൂച്ചപൂച്ച’ എന്ന പല്ലവിയും ആവര്‍ത്തിച്ച് ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാവില്ല. കേരളത്തില്‍ അടിത്തറയുണ്ടെന്ന് ഊറ്റംകൊള്ളുന്ന സി.പി.എം ബംഗാളിലെപ്പോലെ അടിത്തറയോടെ തിരിച്ചടിയുടെ കയത്തിലേക്ക് മുങ്ങിത്താഴാനുള്ള സാധ്യത അവര്‍ക്കുമുമ്പിലുണ്ട്. ആപത്തിന്റെ ഓരോ വഴിത്തിരിവുകളും പുതിയ വെല്ലുവിളികളും രാഷ്ട്രീയമായി കാണാത്തതിന്റെ അപകടം ഇനിയും അവര്‍ മനസിലാക്കുന്നില്ല. അത് ചൂണ്ടിക്കാട്ടുന്നവരെ പുച്ഛിച്ചും പരിഹസിച്ചും അഹങ്കരിക്കുകയാണ് നേതാക്കളും മാധ്യമങ്ങളില്‍ ജീവിക്കുന്ന അവരുടെ പെട്ടിപ്പാട്ടുകാരും ചെയ്യുന്നത്. അരുവിക്കരയില്‍ ഏറ്റുവാങ്ങിയ തിരിച്ചടിയില്‍നിന്ന് അതാണ് കേരളത്തില്‍ ഇടതുപക്ഷം വായിച്ചെടുക്കേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top