Flash News

സ്‌നേഹത്തിന്റെ കൈത്തിരി

July 7, 2015 , സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌

snehathinte titlesnehathinte2ഫേസ്‌ബുക്കില്‍ ഈയിടെ കാണാനിടയായ ഒരു വീഡിയോ ക്ലിപ്പ്‌ ആണു്‌ ഈ കുറിപ്പെഴുതുവാന്‍ പ്രേരകമായത്‌.

മദ്ധ്യതിരുവിതാം‌കൂറിലെ അതിപുരാതനമായ ഒരു ദേവാലയമാണു്‌ രംഗം. ഒട്ടനേകം മതാചാര്യന്മാരും പൊതുജനങ്ങളും എല്ലാം കൂടിക്കലര്‍ന്ന ഒരു ജനസഞ്ചയം പരസ്‌പരം ഉന്തും തള്ളും നടത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പും ഇത്തരം ഒരു രംഗം നിരീക്ഷിക്കാനിടയായി. രണ്ടു്‌ പുരോഹിതന്മാരും അനേകം പോലീസുകാരും വിശ്വാസികളും തമ്മില്‍ ലഹള. ഇത്തരം രംഗങ്ങള്‍ വീക്ഷിക്കാനിടയാകുമ്പോള്‍ ഹൃദയം വേദനിക്കുന്നു.

ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്‌ ഒരു മഹാന്റെ വാക്കുകളാണു്‌…. “Spare no chance to waken love.” സ്‌നേഹത്തെ ഉദ്ദീപിപ്പിക്കാനുള്ള ഒരവസരവും നഷ്‌ടപ്പെടുത്തരുത്‌.

ഭിന്നതയും വിദ്വഷവും നിറഞ്ഞ ഇന്നത്തെ സമൂഹത്തിനു അടിയന്തരമായി ആവശ്യമായിട്ടുള്ളത്‌ സ്‌നേഹത്തിന്റെ കൈത്തിരി തെളിയിക്കുക എന്നുള്ളതാണു്‌. മത സൗഹാര്‍ദ്ദത്തിന്റെയും മതസഹിഷ്‌ണുതയുടേയും നാട്‌ എന്ന്‌ പ്രഖ്യാതി കേരളത്തിനുണ്ടായിരുന്നു. വിവിധ മതങ്ങളും ഭിന്നവിശ്വാസങ്ങളും പരസ്‌പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന യാതൊരു തത്ത്വശാസ്ത്രവും ധാര്‍മ്മികമല്ല എന്നത്‌ വിസ്‌മരിക്കപ്പെട്ടത്‌ പോലെ തോന്നുന്നു. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന്‌ മനുഷ്യരാശിയെ പഠിപ്പിച്ച യേശുനാഥന്റെ പാത പിന്‍തുടരുന്നു എന്ന്‌ അവകാശപ്പെടുന്നവരും അവരെ നേര്‍വഴിക്ക്‌ നയിക്കേണ്ടുന്ന ഇടയന്മാരും തമ്മില്‍ ഇടയുന്നത്‌ എത്രയോ ലജ്ജാകരം.

പരസ്‌പര വിദ്വേഷവും കുറ്റാരോപണങ്ങളും അസഹിഷ്‌ണുതയും ആഞ്ഞടിക്കുന്നു ഇന്നത്തെ സമൂഹത്തില്‍. സ്‌നേഹത്തിന്റെ കൈത്തിരി തെളിക്കുകയും അത്‌ അണയാതെ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത്‌ മനുഷ്യസ്‌നേഹമുള്ള ഏതൊരാളുടെയും കടമയാണു. പരിമിതമായ നിലയിലെങ്കിലും ഓരോ വ്യക്തിക്കും സ്‌നേഹത്തിന്റെ സന്ദേശം പരത്താന്‍ കഴിയും. അങ്ങനെ ചെയ്യുന്നതില്‍ കൂടി ലോകസമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചെറിയ പങ്കാളിത്തമാണു്‌ ഓരോരുത്തരും വഹിക്കുന്നത്‌. യേശുവിന്റെ ശിഷ്യനായിരുന്ന വി. യോഹന്നാന്റെ വാക്കുകള്‍ ഇപ്രകാരം വായിക്കുന്നു. “പ്രിയപ്പെട്ടവരെ നമുക്ക്‌ പരസ്‌പരം സ്‌നേഹിക്കാം. സ്‌നേഹം ദൈവത്തില്‍ നിന്നുള്ളതാണു്‌. സ്‌നേഹിക്കുന്നവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനും ദൈവത്തെ അറിയുന്നവനും ആണു്‌, കാരണം ദൈവം സ്‌നേഹമാകുന്നു.”

പരസ്‌പരം സ്‌നേഹിക്കാന്‍ കഴിയുമ്പോള്‍ പകയും വിദ്വേഷവും അകലുന്നു. നമുക്ക്‌ ചുറ്റും ഒന്ന്‌ സൂക്ഷിച്ചുനോക്കുക. സത്‌കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാം സന്നദ്ധരാകുമ്പോള്‍ എത്രയോ പേര്‍ക്ക്‌ അതിന്റെ നന്മലഭിക്കും. അങ്ങനെ ഒരു സമൂഹം നന്മയുടെ വഴിയിലേക്ക്‌ നീങ്ങുമ്പോള്‍ അവിടെ ഈശ്വര ചൈതന്യമുണ്ടാകും. പ്രതികാരബുദ്ധിയും അക്രമവാസനയും പൈശാചികമാണു്‌. അത്‌കൊണ്ട്‌ ആര്‍ക്കും നേട്ടമുണ്ടാകുന്നില്ല. ഒരാള്‍ക്ക്‌ ഒരാളുടെ ജീവന്‍ അപഹരിക്കാനും നാശനഷ്‌ടങ്ങള്‍ വരുത്താനും സാധിക്കും. അത്‌ തിന്മയുടെ വെറും താല്‍ക്കാലികമായ ഒരു വിജയമാണു്‌. തെറ്റുകള്‍ ചെയ്ത്‌ പിന്നീട്‌ പശ്‌ചാത്തപിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണു്‌ തെറ്റുകള്‍ ചെയ്യാതിരിക്കുന്നത്‌. ദൈവ വചനങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിക്ക്‌ ഒരിക്കലും തെറ്റുകള്‍ ചെയ്യാന്‍ കഴിയില്ല. അയാള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക്‌ ഗുണകരമായ സേവനങ്ങള്‍ ചെയ്യുന്നതില്‍ തല്‍പ്പരനായിരിക്കും.വഴക്കും തമ്മില്‍തല്ലുമായി കഴിയുന്നവര്‍ അതെല്ലാം ഉപേക്ഷിച്ച് നന്മയുടെ വഴിക്ക്‌ തിരിയണം. അവരില്‍നിന്നും സമൂഹം എന്തെല്ലാം പ്രതീക്ഷിക്കുന്നു. സ്‌നേഹത്തില്‍ അധിഷ്‌ഠിതമായ കൃസ്തുമതം എപ്പോഴും പരോപകാര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്‌. ആര്‍ത്തരുടേയും ആലംബഹീനരുടേയും കണ്ണീരൊപ്പാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്‌. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയാകുന്നതല്ലേ അഭികാമ്യം. സ്വന്തം സഹോദരനെ വാളിനിരയാക്കി സ്വയം വാളാല്‍ വെട്ടിച്ചാകുന്ന പ്രാകൃത സമ്പ്രദായം കൃസ്തീയ വിശ്വാസികള്‍ക്ക്‌ ചേരുന്നതല്ല. അതുകൊണ്ട് ത്യാഗത്തിന്റേയും നിസ്വാര്‍ത്ഥ സേവനത്തിന്റേയും പാന്ഥാവ്‌ നമ്മള്‍ ഓരോരുത്തരും തിരഞ്ഞെടുക്കണം.

അമേരിക്കന്‍ മലയാളികള്‍ സാമ്പത്തികമായ സഹായങ്ങള്‍ എത്തിച്ചു കൊകൊടുത്ത്‌കൊണ്ട്‌ കര്‍ത്താവിന്റെ വചനങ്ങളെ അനുസരിക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവനു കൊടുമ്പോള്‍ സമൂഹത്തില്‍ സമത്വം പുലരും. സമൃദ്ധി നിറയും. കൊല്ലും കൊലയും മതത്തിനുവേണ്ടി ഉപയാഗിക്കുന്നവരെ ബോധവത്‌കരിക്കുക. അവരുടെ മാനസാന്തരം ഈ ലോകത്തില്‍ സത്യപ്രകാശം നിറയ്ക്കും. നമ്മുടെ കേരളം വര്‍ഗ്ഗീയ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്കും ഉത്തരവാദിത്വമുണ്ട്‌. നാട്ടിലെ ഓരോ അസുഖകരമായ വാര്‍ത്തകളും വായിച്ചു തള്ളിക്കളയാതെ അതിനെതിരെ പ്രതികരിക്കാന്‍ കര്‍ത്തവ്യബോധമുള്ളവര്‍ തയാറാകണം.

ക്രിസ്തുദേവന്‍ അരുളിചെയ്തപോലെ നമ്മള്‍ പരസ്‌പരം സ്‌നേഹിക്കണം. പരസ്‌പരം സഹായിക്കണം. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട അനുഭവത്തില്‍ കഴിയുന്ന ധാരാളം ഹതഭാഗ്യര്‍ സമൂഹത്തിലുണ്ട്‌. അത്‌പോലെതന്നെ വിരഹാര്‍ത്തരായി കഴിയുന്നവരും അല്‍പ്പം ആശ്വാസത്തിന്റെ പ്രകാശത്തിനുവേണ്ടി അവര്‍ ആഗ്രഹിക്കുന്നുണ്ടാവാം. സ്‌നേഹിക്കുന്ന ഹൃദയങ്ങളുടെ സാന്നിധ്യം തീര്‍ച്ചയായും അവര്‍ക്ക്‌ ആശ്വാസം പകരും. വി. പൌലോസ്‌പറയുന്നു…..”നിങ്ങള്‍ അന്യോന്യം ധൈര്യപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുക.”

യഥാര്‍ത്ഥ സ്‌നേഹത്തിനു പരിമിതിയില്ല. അതിന്റെ ഉറവ വറ്റാത്തതാണു്‌. സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ പലമടങ്ങ്‌ വര്‍ദ്ധിക്കുന്നു. ഒരു ദീപത്തിന്‍നിന്നും ആയിരം ദീപങ്ങള്‍ കത്തിച്ചാലും ആദ്യത്തെ ദീപം ലവലേശം ഭംഗമില്ലാതെ പ്രകാശിക്കുന്നു. സ്‌നേഹവും അതുപോലെതന്നെ.

നമ്മുടെ കുടുംബങ്ങളിലും ആത്മീയമണ്ഡലങ്ങളിലും സാമൂഹിക ബന്ധങ്ങളിലും സ്‌നേഹത്തിന്റെ ദീപം നമുക്ക്‌ ഉയര്‍ത്തിപ്പിടിക്കാം.

“സ്‌നേഹം നരകത്തിന്‍ ദ്വീപില്‍ സ്വര്‍ഗ്ഗ
ഗേഹം പണിയും പടുത്വം.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top