Flash News

ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്

August 3, 2015 , ബഷീര്‍ വള്ളിക്കുന്ന്

iratta2യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് ഉയര്‍ന്നു വരുന്ന ചര്‍ച്ചകള്‍ ചിലയിടങ്ങളിലെങ്കിലും അല്പം വഴി തിരിയുന്നുണ്ടോ എന്ന ആശങ്കയില്‍ നിന്നുള്ള ഒരു കുറിപ്പായി മാത്രം ഇതിനെ കണ്ടാല്‍ മതി. ഒരു വിധിയോട് താത്വികമായി യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാവാം. അതുകൊണ്ട് തന്നെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിലക്കുകളില്ല, അതിരുകളുമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആ ജനാധിപത്യ വ്യവസ്ഥയുടെ പരിരക്ഷയിലുള്ള ഒരു കോടതി സംവിധാനമാണ് ഇന്ത്യയിലുള്ളത്. കോടതി എങ്ങിനെയാവണമെന്നും നിയമങ്ങളെന്താവണമെന്നും ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. അവര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ കോടതികളെക്കുറിച്ചും നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ ശരി തെറ്റുകളെക്കുറിച്ചും സംസാരിക്കുവാന്‍ അടിസ്ഥാനപരമായി ഒരു പൗരന് അവകാശമുണ്ട്‌. അതയാള്‍ക്ക്‌ ജനാധിപത്യ വ്യവസ്ഥ നല്കുന്ന മൗലിക അവകാശങ്ങളുടെ കൂടി ഭാഗമാണ്. എന്നാല്‍ ഉയര്‍ത്തപ്പെടുന്ന അഭിപ്രായങ്ങളുടെ സോഷ്യല്‍ ഇം‌പാക്റ്റ് എന്താണെന്ന് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരു ഉത്തരവാദിത്വവും കൂടി ഒരു പൗരനുണ്ടെന്നു നാം മനസ്സിലാക്കണം.

രണ്ട് പതിറ്റാണ്ടിലധികം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടത്. ആ വിധി നടപ്പിലാക്കുന്നതിന്റെ അവസാന ദിനത്തിലെ നാടകീയമായ സംഭവങ്ങളും അര്‍ദ്ധരാത്രിയിലെ അസാധാരാണമായ കോടതി വ്യവഹാരങ്ങളും സര്‍ക്കാറിന്റെയും കോടതിയുടേയും വധശിക്ഷ നടപ്പിലാക്കാനുള്ള അമിത ആവേശമായി പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. യാക്കൂബ് മേമന്റെ വധശിക്ഷയുടെ പുനപ്പരിശോധന ഹരജി പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉയര്‍ത്തിയ ചില പരാമര്‍ശങ്ങളും ഇത്തരമൊരു ധാരണയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും മുംബൈ ബോംബ്‌ സ്ഫോടനങ്ങളില്‍ യാക്കൂബ് മേമനും പങ്കുണ്ട് എന്ന് തന്നെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട കോടതി വ്യവഹാരങ്ങളില്‍ കണ്ടെത്തപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന് ആ ഭീകര ആക്രമങ്ങളില്‍ പങ്കുണ്ടായിരുന്നില്ല എന്നും അദ്ദേഹം തീര്‍ത്തും നിരപരാധിയാണ് എന്നും വധശിക്ഷയെ എതിര്‍ക്കുന്നവര്‍ക്ക് പോലും അഭിപ്രായമില്ല. അദ്ദേഹം ഒന്നാം പ്രതിയായിരുന്നില്ല എന്നത് മാത്രമാണ് അവര്‍ർ ചൂണ്ടിക്കാട്ടുന്നത്. സ്വയം കീഴടങ്ങി എന്നതോ വിവരങ്ങള്‍ കൈമാറി എന്നതോ ചെയ്ത കുറ്റകൃത്യത്തിനുള്ള ന്യായീകരണമല്ല, അത്തരം കീഴടങ്ങലുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ലഘുകരിക്കുന്നുമില്ല എന്ന് നാം മനസ്സിലാക്കണം.

യാക്കൂബ് മേമനെ തൂക്കിലേറ്റിയ വാര്‍ത്ത വന്ന ഉടനെ ഞാനെന്റെ ഫേസ്ബുക്ക്‌ പേജില്‍ കുറിച്ച വാചകങ്ങള്‍ ഇവിടെ പകര്‍ത്താം. “ഒരാളെ തൂക്കിലേറ്റുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന വൈകാരികതയുണ്ട്, മനുഷ്യാവകാശ ചിന്തകളുണ്ട്. എന്നാല്‍ ആ വൈകാരികതകളും മനുഷ്യാവകാശ ചിന്തകളും കുറ്റവാളികളാല്‍ കൊലചെയ്യപ്പെട്ട നൂറുകണക്കിന് നിരപരാധികളുടെ ജീവനുകളെ മറക്കാന്‍ കാരണമാകരുത്. ഭീകരര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കണം. ഒരു വധശിക്ഷക്കെതിരെ ശബ്ദിക്കുന്നവര്‍ എണ്ണമറ്റ നിരപരാധികള്‍ക്ക് ‘വധശിക്ഷ’ വിധിക്കുന്ന തീവ്രവാദികളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ്. അത്തരം മനുഷ്യാവകാശങ്ങളില്‍ എനിക്കൊട്ടും വിശ്വാസമില്ല. എന്നാല്‍ എനിക്കുള്ളത് ഇരട്ടനീതിയെക്കുറിച്ചുള്ള ചില ആശങ്കകളാണ്. 1993 ലെ സ്ഫോടനത്തിന് ഭീകരരെ പ്രേരിപ്പിച്ച മുംബൈ കലാപത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ കലാപങ്ങള്‍ ആസൂത്രണം ചെയ്തവരെന്ന് ശ്രീകൃഷ്ണ കമ്മീഷനടക്കം കണ്ടെത്തിയ ആളുകള്‍ക്ക് ത്രിവര്‍ണ പതാകയില്‍ ആദരം നല്‍കുകയും യാക്കൂബ് മേമന് തൂക്കുകയര്‍ നല്കുകയും ചെയ്യുമ്പോള്‍ ഉയരപ്പെടുന്ന ഇരട്ട നീതിയെക്കുറിച്ചുള്ള ചില ആശങ്കകള്‍. ബാല്‍ താക്കറേ, മായാ കൊട്നാനി, അമിത് ഷാ എന്നിങ്ങനെ നിരവധി പേരുകള്‍ ഈ പട്ടികയില്‍ വരുന്നുണ്ട്. പക്ഷേ അത്തരം പേരുകളൊക്കെ കോടതിയുടെ പിന്‍ വരാന്തകളിലൂടെ പുറത്തു പോയില്ലേ എന്ന ചോദ്യം ബാക്കിയാണ്. ഇന്ത്യന്‍ നീതിപീഠങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ല. ‘പൊതുബോധം’ ജനിപ്പിക്കുന്ന പഴുതുകളിലൂടെ പലരും രക്ഷപ്പെടുന്നു. തൂക്കിലേറ്റപ്പെടുന്ന കുറ്റവാളികള്‍ക്ക് വേണ്ടി ഒഴുക്കാന്‍ എന്റെ പക്കല്‍ ഒരിറ്റ് കണ്ണീരില്ല. എന്നാല്‍ നടപ്പിലാക്കപ്പെട്ട നീതിയോളം പ്രധാനമാണ് നടപ്പിലാക്കപ്പെടാത്ത നീതികളും എന്ന് പറയാതിരിക്കാനും കഴിയുന്നില്ല”.

യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ട ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരതയുടെ പ്രതീകമായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന തരത്തില്‍ വരുന്ന ചര്‍ച്ചകളും പ്രതികരണങ്ങളും സൃഷ്ടിക്കുന്നത് വളരെ അപകടകരമായ ചില പ്രവണതകളാണ്. യാക്കൂബ് മേമന്‍ ഒരു ഭീകര ആക്രമണക്കേസിലെ പ്രതിയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ പിന്തുണയോടെ ആക്രമണം നടത്തിയ ഒരു കേസില്‍ രണ്ട് പതിറ്റാണ്ടിന്റെ നിയമ നടപകളില്‍ കുറ്റം തെളിയിക്കപ്പെട്ട വ്യക്തിയാണ്. തന്റെ നിരപരാധിത്വം സ്ഥാപിക്കുവാന്‍ വേണ്ടത്ര സമയവും പ്രഗത്ഭ നിയമ വിദഗ്ദരുടെ സഹായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയൊന്ന് വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹം തൂക്കിലേറ്റപ്പെട്ടത്. അത്തരമൊരു വ്യക്തിയെ ഒരു ദേശീയ നായകന്റെ ഇമേജ് നല്കി കൊണ്ടുള്ള ബിംബവത്കരണം മത ന്യൂനപക്ഷങ്ങളുടെ വൈകാരിക ചിന്തകളെ വഴി തിരിച്ചു വിടാനേ ഉപകരിക്കൂ. ഇന്ത്യന്‍ നിയമ വ്യവസ്ഥകളിലെ ഇരട്ട നീതിയെക്കുറിച്ച് നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ പരിഗണനകളുടെ അകത്ത് നിന്ന് കൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരേണ്ടത്. അത് ക്രിയാത്മകവും വിചാര പൂര്‍ണവുമായ വഴികളിലൂടെ വേണം പുരോഗമിക്കുവാന്‍. മേമന്‍ സഹോദരന്മാര്‍ തിരഞ്ഞെടുത്ത വഴി ഭീകരവാദത്തിന്റെതാണ്. ആ വഴിയില്‍ നിന്ന് ഇന്ത്യയിലെ മതന്യൂന പക്ഷങ്ങള്‍ക്കെന്നല്ല, ആര്‍ക്കും ഒരു പ്രചോദനവും ലഭിക്കാനില്ല. അതുകൊണ്ട് തന്നെ മേമന് വേണ്ടി കണ്ണീര് വീഴ്ത്തുന്നത് അപകടകരമാണ്. അത്തരം കണ്ണീരുകള്‍ സൃഷ്ടിക്കുന്ന വൈകാരിക തലങ്ങള്‍ വര്‍ഗീയതയും ഭീകര വാദവും വളര്‍ത്തുവാനേ ഉപകരിക്കൂ. മാത്രമല്ല, ആ കണ്ണീരുകളിലൂടെ ഭൂരിപക്ഷ വര്‍ഗീയതക്ക് കത്തിക്കയറാനും കഴിയും.

maya-kodnaniഈയടുത്ത കാലത്തുണ്ടായ കേസുകളിലെ വധശിക്ഷകളിലുണ്ടായ ഇരട്ട സമീപനങ്ങളെക്കുറിച്ച് ഇന്ത്യയിലെ മതേതര ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. സി പി എം നേതാവ് പ്രകാശ്‌ കാരാട്ട് അടക്കമുള്ള നേതാക്കള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭീതികളില്ലാതെ തന്നെ അക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരം ശബ്ദങ്ങളിലാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീക്ഷകളുള്ളത്. യാക്കൂബ് മേമന്റെ വസതിയുള്ള മുംബൈയിലടക്കം മുസ്‌ലിം സമൂഹം ഇതൊരു മത വൈകാരിക വിഷയമായി എടുത്തിട്ടില്ല എന്നതാണ് പ്രതീക്ഷ നല്കുന്ന മറ്റൊരു ഘടകം. അതിന്റെ പേരില്‍ തെരുവിലറങ്ങുകയോ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ഉണ്ടായിട്ടില്ല. കേരളത്തിലും അത്തരത്തിലുള്ള പ്രകടമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ യാക്കൂബ് മേമനെ ഇരയായും ഹീറോയായും ഇതിഹാസവത്കരിക്കുവാനുള്ള ചില ശ്രമങ്ങള്‍ കാണുകയുണ്ടായി. അതൊരു പക്ഷേ വരും നാളുകളില്‍ കൂടുതല്‍ കാറ്റ് പിടിക്കാനുള്ള സാധ്യതകളുമുണ്ട്.

കൂടുതല്‍ ടൈഗര്‍, യാക്കൂബ് മേമന്മാരെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക എന്നത് ഇന്ത്യയിലെ കാവി ഫാസിസത്തിന്റെ കൂടി താത്പര്യമാണ്. ഒരു മേമനുണ്ടായിക്കിട്ടിയാല്‍ മിനിമം പത്ത് ശതമാനം വോട്ടെങ്കിലും അവര്‍ക്ക് കൂടിക്കിട്ടും. ആ അജണ്ടയില്‍ മുസ്‌ലിം ന്യൂനപക്ഷം വീണു കഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെയൊരു മടക്കമില്ല. അത്തരം മേമന്മാര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ – അധികം വേണ്ട, ഒന്നോ രണ്ടോ മതി – ഫാസിസ്റ്റുകളുടെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി പൂവണിയും. കാര്യമായ ഒരു പ്രാചരണവും ഇല്ലാതെ തന്നെ അവര്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനും കഴിയും. അച്ഛാ ദിന്‍ വന്നില്ലെങ്കിലും ബുരാ ദിന്‍ ദുരിതങ്ങളുടെ ആഴക്കഴത്തില്‍ കിടന്നും ആളുകള്‍ അവര്‍ക്ക് വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ അത്തരം അജണ്ടകളില്‍ വീഴാതിരിക്കുക എന്നതാണ് യാക്കൂബ് മേമനെ ഇതിഹാസവത്കരിക്കുന്നവര്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥകളിലും നീതിപീഠങ്ങളിലും പൂര്‍ണമായി വിശ്വാസം നഷ്ടപ്പെടേണ്ട മഹാസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ട ഒരാള്‍ തൂക്കിലേറ്റപ്പെട്ടു. മറ്റ് ചില കേസുകളില്‍ കുറ്റം തെളിയിക്കപ്പെട്ട ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെട്ടു എന്നതാണ് ആശങ്ക ജനിപ്പിക്കേണ്ടത്. നിയമ സംവിധാനങ്ങളുടെ അത്തരം ഇരട്ട നീതികള്‍ക്കെതിരെ ജനാധിപത്യ മതേതര സമൂഹത്തോടൊപ്പം ഐക്യപ്പെട്ട്‌ നീങ്ങണം. അത്തരം കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പേര്‍ത്തും പേര്‍ത്തും പിന്തുണ നല്കണം. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കരങ്ങള്‍ക്ക് ശക്തി പകരണം. അതിനു പകരം ഇന്ത്യന്‍ സംവിധാനങ്ങള്‍ക്കെതിരെ തീവ്രവാദത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരാനാണ് ശ്രമിക്കുന്നതെങ്കില്‍ അതോടെ തീരും എല്ലാം.

അറിയുക, എന്തൊക്കെ പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും മത ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സ്വസ്ഥതയുള്ള ലോകത്തെ അപൂര്‍വ്വം മണ്ണുകളിലൊന്നാണ് നമ്മുടെ പ്രിയ ഭാരതം. ഒരു മുസ്‌ലിം രാഷ്ട്രമായ പാക്കിസ്ഥാനിലെ മുസ്‌ലിംകളേക്കാള്‍ പതിന്മടങ്ങ്‌ സുരക്ഷിതരാണ്‌ ഇന്ത്യയിലെ മുസ്‌ലിംകള്‍, അവിടത്തെ ന്യൂനപക്ഷങ്ങളെക്കാള്‍ വ്യക്തിത്വത്തോടെയും അഭിമാനത്തോടെയും ജീവിക്കുന്നവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും. ഒറ്റപ്പെട്ട സംഭവങ്ങളെ കാണാതിരിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ക്ക് നേരെ കണ്ണടക്കുന്നില്ല. അതില്‍ മാനസിക വിഷമം ഇല്ലെന്ന് പറയുന്നില്ല. ഒരു വിഷയം പറയുമ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല, പൊതു അവസ്ഥകളെയാണ് മാനദണ്ഡമായി കാണേണ്ടത്. അതാണ്‌ ശാസ്ത്രീയവും ബുദ്ധിപരവുമായ വിശകലന രീതി. ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങളില്ലാത്ത സമൂഹങ്ങള്‍ ഭൂമുഖത്തുണ്ടോ?. ഉള്ള പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കാതെയിരിക്കുമ്പോഴാണ് സമാധാനത്തിന്റെ സാധ്യതകള്‍ തെളിയുക. തിരിച്ചറിവുകള്‍ വളരെ പ്രധാനമാണെന്നര്‍ത്ഥം. പക്ഷേ അവ വൈകിയെത്തുന്നത് കൊണ്ട് കാര്യമില്ല. ഒരിക്കല്‍ കൂടി പറയുന്നു. യാക്കൂബ് മേമന്മാരില്‍ നിന്ന് നമുക്കൊന്നും പഠിക്കാനില്ല. അവര്‍ക്ക് വേണ്ടി കണ്ണീര് വീഴ്ത്തുന്നതിലും കാര്യമില്ല. അവര്‍ തെരഞ്ഞെടുത്ത വഴികളില്‍ നിന്ന് മാറി നടക്കുന്നതിലാണ് നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക, അതുവഴി ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങളും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top