Flash News

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിക്കാം; യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷം

August 21, 2015 , സ്വന്തം ലേഖകന്‍

court emblom_127കൊച്ചി: പുതിയ പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് സ്റ്റേചെയ്യാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്നും വിഭജന-പുനര്‍ നിര്‍ണയ നടപടി തുടരാന്‍ അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ ആവശ്യം തള്ളി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുന്ന കാര്യം തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് നടപടിക്രമവും കമീഷന് തീരുമാനിക്കാം.

പുതിയ 69 പഞ്ചായത്തുകള്‍ രൂപവത്കരിച്ച 2015 ഏപ്രില്‍ 25ലെ വിജ്ഞാപനവും തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ച് നാല് മുനിസിപ്പാലിറ്റികള്‍ രൂപവത്കരിച്ച വിജ്ഞാപനവും റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സര്‍ക്കാറിനും കമീഷനും കുറച്ച് സമയം മാത്രമാണ് ലഭിക്കുന്നതെന്നത് പരിഗണിക്കാതിരിക്കാനാകില്ല. നിശ്ചിത സമയത്ത് തെരഞ്ഞടുപ്പ് നടത്താന്‍ കമീഷന് ബാധ്യതയുണ്ട്. തെരഞ്ഞടുപ്പ് നിശ്ചിത സമയത്ത് നടത്തണമെന്നാണ് സര്‍ക്കാറിന്‍െറ നിലപാടെന്നും ഇതിന് അവശ്യമായ സഹായം നല്‍കുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു.

ഓക്ടോബര്‍ 31ന് ഭരണസമിതി കാലാവധി തീരും മുമ്പ് ഭരണഘടനാപരമായി പുതിയ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍െറ വാദം. 2010ലെ പട്ടിക ഉപയോഗിക്കാന്‍ അനുമതി ലഭിച്ചാല്‍ ഓക്ടോബര്‍ മൂന്നോ നാലോ വാരത്തില്‍ തെരഞ്ഞെടുപ്പ് നടത്താം. നവംമ്പര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ആറുമാസവും രണ്ടു ദിവസവും വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചു.

കോടതി വിധി യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമാക്കി. മുസ്ലിംലീഗ് തെരഞ്ഞെടുപ്പു കമീഷനെതിരെ പരസ്യമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പു കമീഷണര്‍ ശശിധരന്‍ നായര്‍ സി.പി.എം പക്ഷക്കാരനാണെന്നും സി.പി.എമ്മിന്‍െറ പഞ്ചായത്ത് അംഗമായിരുന്നുവെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. പുതിയ പഞ്ചായത്ത്-മുനിസിപ്പാലിറ്റി രൂപവത്കരണം സംബന്ധിച്ച് അവസാന നിമിഷം കമീഷന്‍െറ മനംമാറ്റത്തില്‍ ദുരൂഹതയുണ്ടെന്ന് ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷണര്‍ മുമ്പ് സി.പി.എം ചിഹ്നത്തില്‍ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ച ആളാണ്. കമീഷണറുടെ ഈ രാഷ്ട്രീയ പശ്ചാത്തലം ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാവില്ല. പഞ്ചായത്ത് പുനര്‍വിഭജനം സംബന്ധിച്ച് വ്യാഴാഴ്ചയുണ്ടായ ഹൈകോടതി വിധിയോട് മലപ്പുറത്ത് ലീഗ് ഹൗസില്‍ പ്രതികരിക്കവേയാണ് മജീദ് തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ചത്. കോടതി വിധി സര്‍ക്കാറിന് തിരിച്ചടിയില്ല. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. കമീഷന്‍െറ മനംമാറ്റത്തില്‍ സംശയമുണ്ട്.

ഇവിടെ മുസ്ലിം പഞ്ചായത്തില്ല. ഹിന്ദു പഞ്ചായത്തോ ക്രിസ്ത്യന്‍ പഞ്ചായത്തോ ഇല്ല. പാപഭാരം ഏറ്റെടുക്കാന്‍ ലീഗില്ല. തെരഞ്ഞെടുപ്പ് വൈകുന്ന നിലപാടിന് ലീഗില്ല. സമയത്തിന് തന്നെ നടക്കണം -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് നടത്തണമെന്നതുതന്നെയാണ് മുസ്ലിം ലീഗിന്‍െറ നിലപാടെന്നും ഹൈകോടതി വിധിയുടെ വെളിച്ചത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച കൈക്കൊള്ളുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണഘടനയെ വെല്ലുവിളിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ സര്‍ക്കാറിന്‍െറ ഗൂഢനീക്കങ്ങള്‍ക്ക് ലഭിച്ച തിരിച്ചടിയാണ് കോടതിവിധിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ലീഗിന്‍െറ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കിയ മുഖ്യമന്ത്രയാണ് ഈ നാണക്കേടിന് ഉത്തരവാദി. അത് ജനങ്ങളോട് ഏറ്റുപറയാന്‍ അദ്ദേഹം തയാറാവണം. നിശ്ചിത സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമീഷന് അനുവാദം നല്‍കിയ വിധി സ്വാഗതാര്‍ഹമാണ്. കുടിലതന്ത്രങ്ങള്‍ മെനഞ്ഞ് സമയം കളയാതെ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താന്‍ കമീഷന് സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കണമെന്നും വി.എസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top