Flash News

ഷീന ബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിയെ ചോദ്യം ചെയ്തു

September 2, 2015 , സ്വന്തം ലേഖകന്‍

peter mukhargee and indraniമുംബൈ: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയെ പൊലീസ് ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംമാന്‍വര്‍ റായ് എന്നിവരെ പീറ്റര്‍ മുഖര്‍ജിക്കൊപ്പം ചോദ്യംചെയ്തു.

കുടുംബ സ്വത്ത്, വ്യവസായത്തിലെ പങ്കാളിത്തം, ഷീന, മിഖായേല്‍ എന്നിവരുമായുള്ള ബന്ധം, മുന്‍ ഭാര്യയിലുള്ള മകന്‍ രാഹുലും ഷീനയും തമ്മിലെ ബന്ധം തുടങ്ങിയ കാര്യങ്ങളാണ് പീറ്ററിനോട് ചോദിച്ചത്. പീറ്ററുടെ സമ്പത്തിന്‍െറ പൂര്‍ണ നിയന്ത്രണം ഇന്ദ്രാണിയുടെ കൈകളിലായിരുന്നു. പുറമെ, ഷീനയെ കൊല്ലാനും മൃതദേഹം നശിപ്പിക്കാനും ഉപയോഗിച്ച വാടക കാര്‍ പീറ്ററുടെ പേരിലാണ് എടുത്തത്.

പീറ്റര്‍ മുഖര്‍ജിയുടെ വീട്ടില്‍ പൊലീസ് പരിശോധനയും നടത്തി. പീറ്ററുടെയും ഇന്ദ്രാണിയുടെയും പാസ്പോര്‍ട്ടുകള്‍, ലാപ്ടോപ്പുകള്‍, ഐ പാഡ്, രേഖകള്‍ എന്നിവ കണ്ടെടുത്തു. ഇന്ദ്രാണിയുടെ കൈയക്ഷരത്തിലുള്ള കുറിപ്പുകളും കണ്ടെടുത്തു. ഷീനയെയും മിഖായേലിനെയും സഹോദരങ്ങളായിട്ടാണ് ഇന്ദ്രാണി പരിചയപ്പെടുത്തിയതെന്നും മക്കളാണെന്ന് അറിയുമായിരുന്നില്ലെന്നുമാണ് പീറ്റര്‍ നേരത്തെ പറഞ്ഞത്. ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് താനും ഷീനയും പീറ്ററോട് പറഞ്ഞതായി അദ്ദേഹത്തിന്‍െറ മകന്‍ രാഹുല്‍ മുഖര്‍ജി വെളിപ്പെടുത്തിയിരുന്നു. അന്ന് ഇന്ദ്രാണിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് പീറ്റര്‍ പ്രതികരിച്ചത്.

പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ ഭാര്യയിലെ മകനാണ് രാഹുല്‍. അതേസമയം, ഷീന ഇപ്പോഴും അമേരിക്കയില്‍ ഉണ്ടെന്ന വാദത്തില്‍ ഇന്ദ്രാണി ഉറച്ചുനില്‍ക്കേ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. ഷീന കൊല്ലപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷം പെന്നിലെ ഗാഗൊഡെ ഖുര്‍ദില്‍ കണ്ടെത്തി മറവുചെയ്ത മൃതദേഹം 22നും 25നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയുടേതാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിട്ടുണ്ട്. ഇന്ദ്രാണിയുടെ അറസ്റ്റിനു ശേഷം മൃതദേഹം സംസ്കരിച്ച സ്ഥലത്തുനിന്നു കണ്ടെടുത്ത എല്ലിന്‍ കഷ്ണങ്ങളിലെ പരിശോധനയിലാണിത് തെളിഞ്ഞത്. ഇത് ഷീനയുടെതാണോ എന്നറിയാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം. ഡി.എന്‍.എ പരിശോധന നടന്നുവരികയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top