Flash News

തോട്ടം തൊഴിലാളി സമരം: സര്‍ക്കാര്‍ തോട്ടമുടമകള്‍ക്കൊപ്പം, പരിഹാരം നീണ്ടുപോകുന്നു, തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നു

October 6, 2015 , സ്വന്തം ലേഖകന്‍

munnar-newതിരുവനന്തപുരം: തോട്ടമുടമകളും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള കൂട്ടുകച്ചവടം പൊടിപൊടിക്കുന്നു. ഇതേതുടര്‍ന്ന് തൊഴിലാളികള്‍ക്ക് മിനിമം കൂലിയായി 500 രൂപ ലഭിക്കില്ലന്ന് ഉറപ്പായി. തിങ്കളാഴ്ച നടന്ന പ്ലാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തൊഴില്‍ മന്ത്രി തോട്ടമുടമകളുടെ പിടിവാശിക്കു മുന്നില്‍ വെറും കാഴ്ചക്കാരനായി ഇരിക്കുകയായിരുന്നു. തോട്ടമുടമകളുമായി മൂന്‍കൂട്ടി ഉണ്ടാക്കിയ ധാരണപ്രകാരമായിരുന്നു ഇത്.

മിനിമം കൂലി 500 രൂപയാക്കില്ലന്നുമാത്രമല്ല, കൂടുതല്‍ കൊളുന്ത് നുള്ളണമെന്നും ഉല്‍പാദനം കൂട്ടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. ഇതിന് വെറും 25 രൂപയുടെ വര്‍ധനയാണ് ഇവര്‍ മുന്നോട്ടുവക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു പരിഹാരനിര്‍ദേശവും തൊഴില്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. മുമ്പത്തെ പ്ലാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗങ്ങളിലും തൊഴില്‍ മന്ത്രി ഉടമകളുടെ പിടിവാശിക്കുമുന്നില്‍ മൗനം പാലിക്കുകയായിരുന്നു. അടുത്തദിവസം ഒന്നുകൂടി ചര്‍ച്ച ചെയ്യാമെന്ന നിര്‍ദേശം മാത്രമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.

യോഗം മണിക്കൂറുകള്‍ നീണ്ടു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. 232 രൂപയെന്ന തുച്ഛമായ കൂലി അംഗീകരിക്കാനാകില്ലന്ന നിലപാട് തൊഴിലാളി യൂനിയനുകള്‍ ആവര്‍ത്തിച്ചു. എന്നാല്‍, പരമാവധി 25 രൂപയുടെ വര്‍ധന മാത്രമേ അംഗീകരിക്കാനാവൂവെന്ന് തോട്ടമുടമകള്‍ വ്യക്തമാക്കി. ഇതിന് 10 കിലോ കൊളുന്ത് അധികം നുള്ളണം. 25 രൂപയുടെ വര്‍ധന പ്രാബല്യത്തില്‍ വരുമ്പോള്‍ 16 രൂപ പ്ലക്കിങ് ചാര്‍ജും 40 ശതമാനം സ്റ്റാറ്റ്യൂട്ടറി ബെനഫിറ്റും തൊഴിലാളികള്‍ക്ക് അധികമായി ലഭിക്കും. അങ്ങനെവരുമ്പോള്‍ ആകെ 395 രൂപയാകും തൊഴിലാളിക്ക് ലഭിക്കുക. 10 കിലോ അധികം നുള്ളുമ്പോള്‍ ജോലിഭാരം വര്‍ധിക്കില്ലന്നും തോട്ടമുടമകള്‍ പറഞ്ഞു.

എന്നാല്‍, 500 രൂപയില്‍ കുറഞ്ഞ തുകക്ക് സമവായം സാധ്യമല്ലന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ 11ന് ആരംഭിച്ച യോഗം ഉച്ചക്ക് ഒരുമണിയോടെ തീരുമാനമെടുക്കാതെ പിരിഞ്ഞു. വൈകീട്ട് മൂന്നിന് നടന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഇതിനിടെ, നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫിസുമായി ഷിബു ബേബിജോണ്‍ ബന്ധപ്പെട്ടു.

വൈകീട്ട് 6.30 ഓടെ മുഖ്യമന്ത്രി നേരിട്ടത്തെി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. തോട്ടം മേഖല നിലനില്‍ക്കുന്നതിനോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. ഇതിന് തോട്ടം മേഖലയിലെ നികുതികള്‍ കുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അതിലേക്ക് ചര്‍ച്ച കടന്നില്ല. നികുതിയിളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പി.എല്‍.എസി ചട്ടപ്രകാരം മന്ത്രിസഭ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭായോഗം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അതിനുശേഷമാകും പി.എല്‍.സി ചേരുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top