Flash News

മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കും -കാനം രാജേന്ദ്രന്‍

November 3, 2015 , സ്വന്തം ലേഖകന്‍

220px-KANAM_RAJENDRAN_DSC_0121.Aപത്തനംതിട്ട: കോടതി പരാമര്‍ശത്തെ തുടര്‍ന്ന് 17 മന്ത്രിമാര്‍ രാജിവെച്ച ചരിത്രം സംസ്ഥാനത്തിനുണ്ടെന്നും കെ.എം. മാണിക്ക് മാത്രം ഇത് ബാധകമല്ലാത്തതിനാല്‍ പ്രക്ഷോഭം യുക്തമായ സമയത്ത് എല്‍.ഡി.എഫ് ശക്തമാക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

നായാടി മുതല്‍ നമ്പൂതിരിവരെയുള്ള സമുദായങ്ങളെ ഒന്നിച്ച് നിര്‍ത്താമെന്ന ബി.ജെ.പിയുടെ ആഗ്രഹം നടക്കാത്ത കാര്യമാണ്. നായാടിയുടെ അടുത്ത് നമ്പൂതിരിക്ക് എങ്ങനെ നില്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്ന് നേരത്തേ സി.പി.ഐ ആവശ്യപ്പെട്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ആരു നയിക്കണമെന്നത് ആ പാര്‍ട്ടിയുടെ മാത്രം തീരുമാനമാണ്. സി. ദിവാകരന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമാണ്. 22,000 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നിടത്ത് 56 സീറ്റുകളില്‍ മാത്രമാണ് സി.പി.ഐയും സി.പി.എമ്മും തമ്മില്‍ മത്സരിക്കുന്നതെന്നും ഇത് അഭിപ്രായ വ്യത്യാസത്തിലെ ഒരു ജലകണം മാത്രമാണെന്നും കാനം പറഞ്ഞു.

എസ്.എന്‍.ഡി.പി നേതാവിനെതിരായി വ്യക്തിപരമായ ആരോപണമല്ല എല്‍.ഡി.എഫ് ഉന്നയിക്കുന്നത്. പല സംഘടനകളും നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണ നടപടി വേഗത്തിലാക്കിയത്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും ആര്‍.എസ്.എസിന്റെ നയങ്ങളും ഒരിക്കലും ഒരുമിച്ച് പോകില്ല. എല്‍.ഡി.എഫിന്റെ സമരങ്ങള്‍ പരാജയമായിരുന്നില്ലന്നും കേരളത്തിന്റെ ചരിത്രത്തില്‍ സെക്രട്ടേറിയറ്റ് അടച്ചിട്ട സമരം ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

റബര്‍ കര്‍ഷകരെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു സര്‍ക്കാറും ഇല്ല. 150 രൂപ തറവില പ്രഖ്യാപിച്ചിട്ട് രജിസ്റ്റര്‍ ചെയ്ത 2,40,000 റബര്‍ കര്‍ഷകരില്‍ കേവലം 17,800 പേര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്. റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച കേന്ദ്രം ഇപ്പോള്‍ ലാറ്റക്സിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനമാക്കാന്‍ ശിപാര്‍ശ ചെയ്തു. ചെറുകിട കര്‍ഷകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്ന റബര്‍ ബോര്‍ഡ് മോദി സര്‍ക്കാര്‍ തകര്‍ത്തു. ഇത് പുനഃസംഘടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ റബര്‍ ബോര്‍ഡ് നിലവിലില്ലാത്ത സാഹചര്യമാണ്. 32 ലക്ഷം പേര്‍ക്ക് ലഭിക്കാനുള്ള ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തിട്ട് 11 മാസമായി. ഇതില്‍ 21 ലക്ഷം അഗതികളായ വനിതകളാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം വിലയിരുത്തി ജനം വോട്ടു ചെയ്താല്‍ ഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തായി അത് മാറുമെന്നും ഇതോടെ ഭരണമികവ് പറയുന്ന ഉമ്മന്‍ ചാണ്ടി രാജിവെക്കേണ്ടി വരുമെന്നും കാനം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top