Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    അന്നമ്മ എബ്രഹാമിന്റെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി   ****    ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി   ****    അന്നമ്മ എബ്രഹാം (ലില്ലിക്കുട്ടി 66) നിര്യാതയായി   ****    മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം   ****    സിനിമാ ചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് പൊളിച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി   ****   

“നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍” ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ ആള്‍ സെയിന്‍റ്സ് ദിനാഘോഷം വര്‍ണാഭം

November 3, 2015 , ജോസ് മാളേയ്ക്കല്‍

All Saint's Day at Syro Malabar Church (3)ഫിലാഡല്‍ഫിയ: ആഗോളസഭയുടെ ചരിത്രത്തിലാദ്യമായി വിവാഹിതരായ ദമ്പതികളെ ഒരേസമയം വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയൊരധ്യായത്തിനു തുടക്കമിട്ടു. വിശുദ്ധരുടെ ഗണത്തില്‍ പേരു ചേര്‍ക്കപ്പെടാന്‍ ബിഷപ്പുമാരോ, വൈദികരോ, കന്യാസ്ത്രീകളോ, സന്യസ്തരോ ആകണമെന്നില്ല ദൈവഹിതത്തിനനുസൃതമായി കുടുംബജീവിതം നയിക്കുന്ന ആര്‍ക്കും സാധിക്കും അതായിരുന്നു ‘ചെറുപുഷ്പം’ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍ സെലി ഗ്വരിന്‍ ദമ്പതികളെ ഒക്ടോബര്‍ 18 നു റോമില്‍ വിശുദ്ധ ഗണത്തിലേക്കുയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിനു നല്‍കിയ സന്ദേശം. നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ, വിശുദ്ധിയില്‍ ജീവിക്കണമെന്നു മാത്രം.
ആള്‍ സെയിന്‍റ്സ് ദിനമായ നവംബര്‍ 1 ഞായറാഴ്ച്ച ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാദേവാലയത്തില്‍ നടന്ന വിശുദ്ധരുടെ പരേഡ് പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും അവതരിപ്പിച്ച വിശുദ്ധവേഷങ്ങളുടെ വൈവിധ്യംകൊണ്ടും മികവുറ്റതായിരുന്നു.

സ്വര്‍ഗ്ഗത്തിലെ സകല വിശുദ്ധരെയും വണങ്ങുന്നതിനും അനുസ്മരിക്കുന്നതിനുംവേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാള്‍ സീറോമലബാര്‍ പള്ളിയില്‍ സമുചിതമായി ആഘോഷിച്ചു. വിശുദ്ധവേഷമിട്ട “കുട്ടിപ്പട്ടാളം” വിശുദ്ധപാത തീര്‍ത്ത് സ്വര്‍ഗത്തിലെ പുണ്യാത്മാക്കള്‍ക്കു വരവേല്‍പ്പു നല്‍കി. ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ചിക്കാഗോ സെ. തോമസ് സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, റവ. ഫാ. ഫിലിപ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്തരെയും അനുസ്മരിച്ചു് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

ദിവ്യബലിക്കുമുമ്പ് വിശുദ്ധരുടെ വേഷമണിഞ്ഞ 50 ല്‍ പരം മതബോധന സ്കൂള്‍ കുട്ടികള്‍ രണ്ടു വരികളിലായി സെയിന്‍റ്സ് പരേഡ് കണക്കെ കുര്‍ബാനയില്‍ സംബന്ധിക്കാനെത്തിയത് കാണികളില്‍ കൗതുകമുണര്‍ത്തി. വിശ്വാസപ്രഘോഷണത്തിനും, വിശ്വാസസംരക്ഷണത്തിനുമായി സ്വജീവിതം മാറ്റിവച്ച വിശുദ്ധരുടെ ജീവിതമാതൃക യുവതലമുറക്കു പ്രചോദനമാകണമെന്നു ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്‍കിയ റവ. ഡോ. വേത്താനത്ത് യുവജനങ്ങളെ അനുസ്മരിപ്പിച്ചു. മാലാഖമാരുടെയും, വിശുദ്ധഗണങ്ങളുടെയും വേഷമിട്ട കുട്ടികളൊത്ത് ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ സ്വര്‍ഗത്തിലെ സകല മാലാഖാമാരും, വിശുദ്ധഗണങ്ങളും ഭൂമിയിലെ മര്‍ത്യഗണത്തോടൊപ്പം ബലിയില്‍ സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുന്നു എന്നുള്ളതിന്‍റെ ബാഹ്യമായ അനുസ്മരണംകൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

പ്രീകെ മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ തങ്ങളുടെ പേരിനുകാരണമായതോ തങ്ങള്‍ക്കേറ്റം ഇഷ്ടപ്പെട്ടതോ ആയ വിശുദ്ധന്‍റെ /വിശുദ്ധയുടെ വേഷമണിഞ്ഞ് ദിവ്യബലിയില്‍ പങ്കെടുത്തപ്പോള്‍ അത് തീര്‍ച്ചയായും സ്വര്‍ഗീയാനുഭൂതി പകര്‍ന്ന നിമിഷങ്ങളായിരുന്നു. മാതാപിതാക്കളും സദസ്യരും തുടര്‍ച്ചയായുള്ള കയ്യടിയാല്‍ അവരെ പ്രോല്‍സാഹിപ്പിച്ചു.

സീറോമലബാര്‍ സഭയിലെ വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, ചെറുപുഷ്പം വി. കൊച്ചുത്രേസ്യാ, അമേരിക്കന്‍ വിശുദ്ധ റോസ് ഓഫ് ലിമാ, സെ. റാഫേല്‍ പ്രധാന മാലാഖ, സെ. മേരി, സെ. ജോസഫ്, വാഴ്ത്തപ്പെട്ട മദര്‍ തെരേസാ, സെ. ആന്‍റണി ഓഫ് പാദുവ, ഫിലാഡല്‍ഫിയാ വിശുദ്ധര്‍ സെ. ജോണ്‍ ന്യൂമാന്‍, സെ. കാതറൈന്‍ ഡ്രക്സല്‍, നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ പിതാവ് സെ. അത്തനേഷ്യസ്, ഈശോസഭാ സ്ഥാപകന്‍ സെ. ഇഗ്നേഷ്യസ് ലയോള, ആദ്യത്തെ മാര്‍പാപ്പമാരായ വി. പത്രോസ്, വി. ലിനസ്, സഭയിലെ ആദ്യ രക്തസാക്ഷി സെ. സ്റ്റീഫന്‍, ആദ്യകുര്‍ബാനക്കാരുടെ മധ്യസ്തന്‍ ടാര്‍സിഷ്യസ്, സണ്ടേ സ്കൂളിന്‍റെയും, സെമിനാരിക്കാരുടെയും മധ്യസ്തന്‍ സെ. ചാള്‍സ് ബൊറോമിയോ, സെ. ജോണ്‍ (ഡോണ്‍) ബോസ്ക്കോ, യേശുവിനോടൊപ്പം വലതുവശത്തു കുരിശില്‍ തറക്കപ്പെട്ട നല്ല കള്ളന്‍ സെ. ഡിസ്മസ്, സെ. തോമസ് മൂര്‍, മോണിക്കാ പുണ്യവതി, ആദ്യ നേറ്റീവ് അമേരിക്കന്‍ സെയിന്‍റ് കടേരി ടെകാക്വിത, സഭാ പിതാക്കന്മാരായ സെ. അംബ്രോസ്, സെ. ജെറോം, സെ. അഗസ്റ്റിന്‍, മഹാനായ ഗ്രിഗറി, യേശുശിഷ്യന്മാരായ സെ. പോള്‍, സെ. ജെയിംസ്, സെ. മാത്യു, സെ. ജോണ്‍, സെ. തോമസ്, ശ്രേഷ്ടപാപ്പാദ്വയങ്ങളായ സെ. ജോണ്‍ പോള്‍ രണ്ടാമന്‍, സെ. ജോണ്‍ ഇരുപത്തിമൂന്നാമന്‍, വാഴ്ത്തപ്പെട്ടവരായ കുഞ്ഞച്ചന്‍, മറിയം ത്രേസ്യാ, സെ. ജൂനിപ്പെറോ സെറാ തുടങ്ങിയുള്ള എല്ലാ വിശുദ്ധാല്‍മാക്കളും മാലാഖാമാരാല്‍ അനുഗതരായി സദസ്സിനുമുമ്പില്‍ മിന്നിമറഞ്ഞുപോയപ്പോള്‍ അതൊരു സ്വര്‍ഗീയാനുഭൂതിയായി.

സണ്ടേ സ്കൂള്‍ കുട്ടികളായ രോഹിത് തൈപ്പറമ്പിലും, മേരിലിന്‍ പോളും വിശുദ്ധരെ പ്രതിനിധീകരിച്ച് ആള്‍ സെയിന്‍റ്സ് ഡേയുടെ പ്രാധാന്യം വിശദീകരിച്ചു. ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ്, സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജെയിംസ് കുറിച്ചി എന്നിവരുടെ നേതൃത്വത്തില്‍ മതാദ്ധ്യാപകരായ എലിസബത്ത് മാത്യു, ജാന്‍സി ജോസഫ്, ആനി മാത്യു, റജിനാ സാബു, ജാസ്മിന്‍ ചാക്കോ എന്നിവര്‍ പരിപാടികള്‍ ചിട്ടയായി ക്രമീകരിച്ചു. ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭതസംഘടനാഭാരവാഹികള്‍ എന്നിവരും വിശുദ്ധ പരേഡ് അണിയിച്ചൊരുക്കുന്നതില്‍ ഭാഗഭാക്കുകളായി.

വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണര്‍ത്തുന്നതിനു ഈ പരിപാടി സഹായിച്ചു.

ഫോട്ടോ: ജോസ് തോമസ്

All Saint's Day at Syro Malabar Church (1) All Saint's Day at Syro Malabar Church (2) All Saint's Day at Syro Malabar Church (4) All Saint's Day at Syro Malabar Church (5) All Saint's Day at Syro Malabar Church (6)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top