Flash News

വിവാദങ്ങളുടെ വികസനത്തിലേക്കല്ല, രാജ്യത്തിന്‍റെ വികസനത്തിലേക്കായിരിക്കണം ലക്ഷ്യം (എഡിറ്റോറിയല്‍)

November 4, 2015 , സ്വന്തം ലേഖകന്‍

editorial_logoനാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ആത്മാവ്. ഈ ബഹുസ്വരതക്കെതിരെ അടുത്ത കാലത്തായി ഉയര്‍ന്നിരിക്കുന്ന ഭീഷണികള്‍ തടഞ്ഞില്ലെങ്കില്‍ അപകടമാണെന്ന് മൂന്നുപ്രാവശ്യം ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രാജ്യം അസഹിഷ്ണുതാ ചര്‍ച്ചയുടെയും അതുയര്‍ത്തിവിടുന്ന വിവാദങ്ങളുടെയും നടുവില്‍ പെട്ടതാണ് രാഷ്ട്രപതിക്ക് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കേണ്ടിവന്നത്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം തകര്‍ക്കുന്ന മട്ടിലുള്ള മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ രാഷ്ട്രപതിയുടെ ഈ അഭിപ്രായം ഗൗരവമായി കണക്കാക്കപ്പെടേണ്ട വസ്തുതയാണ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും അസഹിഷ്ണുത വളര്‍ത്തുന്നതും ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമാണ് അസഹിഷ്ണുതയുടെ ഇരകളെന്നാണ് ബിജെപിയുടെ തിരിച്ചടി.

മതേതരത്വം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നാരോപിച്ചാണ് സാഹിത്യ-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തിലെ ബഹുസ്വരത സംരക്ഷിക്കപ്പെടുന്നില്ലത്രേ. ചിലര്‍ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നു. സാഹിത്യകാരന്മാര്‍ കൊലചെയ്യപ്പെടുകയും അശാന്തിയുടെ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു- ഇങ്ങനെയൊക്കെയാണ് ഇവരുടെ വാദങ്ങള്‍. ഇതിന് ഉപോദ്ബലകമായ ചില ദാരുണ സംഭവങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. മതേതരത്വത്തിനു ഭീഷണിയാവുന്ന കടുത്ത അസഹിഷ്ണുതക്കെതിരേ ബോളിവുഡ് താരം ഷാരുഖ് ഖാനും രംഗത്തുവന്നു.

എന്നാല്‍, അസഹിഷ്ണുത വളര്‍ത്തുന്നതില്‍ സര്‍ക്കാരിനു യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി കഴിഞ്ഞ ദിവസവും ചൂണ്ടിക്കാണിച്ചു. അസഹിഷ്ണുത പുലരുന്ന രാജ്യമായി ഇന്ത്യയെ ചിത്രീകരിക്കാന്‍ കോണ്‍ഗ്രസുകാരും ഇടതു ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളുമെല്ലാം ശ്രമിക്കുന്നു എന്നാണു ജയ്‌റ്റ്‌ലി ആരോപിക്കുന്നത്. കൃത്യമായി രൂപപ്പെടുത്തിയ സംഘടിതവും ആസൂത്രിതവുമായ പ്രചാരണം എന്നത്രേ ജയ്‌റ്റ്‌ലിയുടെ നിലപാട്. ബിജെപിക്കെതിരേ വര്‍ഷങ്ങളായുള്ള ആശയപരമായ അസഹിഷ്ണുതയാണ് വീണ്ടും കാണുന്നതെന്നും 2002 മുതല്‍ ഈ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണ് മോദിയെന്നും ജയ്‌റ്റ്‌ലി വാദിക്കുന്നുണ്ട്.

ബിജെപി വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷവും, ബിജെപി വിരുദ്ധര്‍ പാര്‍ട്ടിക്കെതിരായ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപിക്കാരും അവകാശപ്പെടുന്നു.
ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിച്ചുവെന്ന കോണ്‍ഗ്രസ് പ്രചാരണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടത്. സര്‍ക്കാരിനെതിരേ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന്‍റെ കൈകള്‍ ശുദ്ധമല്ലെന്നു മോദി ആരോപിക്കുന്നു. മോദി മുഖ്യമന്ത്രിയായിരിക്കേയുണ്ടായ ഗുജറാത്ത് കലാപം എടുത്തുകാണിച്ചാണ് ഇതിനു കോണ്‍ഗ്രസ് മറുപടി.

കലാപം ആളിക്കത്തിക്കാനാണ് അന്ന് ഗുജറാത്തിലെ മോദി സര്‍ക്കാര്‍ ശ്രമിച്ചതെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അസഹിഷ്ണുത വളര്‍ത്തുന്നതിനെതിരേ വിവിധ പ്രതിഷേധ നടപടികള്‍ക്കു പദ്ധതിയിട്ടിട്ടുമുണ്ട് കോണ്‍ഗ്രസ്. തീര്‍ത്തും നിരാശാജനകമായ വിധത്തിലാണ് അസഹിഷ്ണുതാ ചര്‍ച്ചയുടെ പോക്ക് എന്നു പറയേണ്ടിവരുന്നു. രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇത്തരം അവസരങ്ങളില്‍ തികഞ്ഞ സംയമനം പാലിക്കേണ്ടതാണ്. സാമൂഹിക വ്യവസ്ഥയില്‍ മാത്രമല്ല സാമ്പത്തിക മേഖലയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കും ഇത്തരം ചര്‍ച്ചകള്‍ പിടിവിട്ടു പോകുന്നത്. സാമുദായിക സൗഹാര്‍ദം സാമ്പത്തിക വളര്‍ച്ചയുടെയും ആണിക്കല്ലാണ്.

അസഹിഷ്ണുത വളരുന്നുവെന്നു പ്രചരിപ്പിക്കപ്പെടുന്ന രാജ്യത്തു മുതല്‍മുടക്കാന്‍ വിദേശ നിക്ഷേപകര്‍ വരുമോ? ആഭ്യന്തര നിക്ഷേപകര്‍ പോലും ആവേശം കാണിക്കുമോ? ഇത്തരം വിവാദങ്ങള്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ വിശ്വാസ്യത ഇടിയുമെന്ന് ആഗോള റേറ്റിങ് ഏജന്‍സി മൂഡീസ് കഴിഞ്ഞദിവസമാണു മുന്നറിയിപ്പു നല്‍കിയത്. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവരും ഈ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

വിവാദങ്ങള്‍ ഉണ്ടാക്കാന്‍ എളുപ്പം കഴിഞ്ഞേക്കാം. അതു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും. പക്ഷേ, രാജ്യത്തിന് അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കാണാതെ പോകരുത്. വികസനത്തിന്‍റെ നല്ല നാളുകള്‍ വരുന്നു എന്ന് വാഗ്ദാനം ചെയ്താണ് മോദി സര്‍ക്കാര്‍ അധികാരമേറ്റത്. വിദേശ രാജ്യങ്ങളും ആഗോള നിക്ഷേപകരും അടക്കം മോദിയുടെ വികസന മന്ത്രങ്ങള്‍ക്കാണു കാതോര്‍ക്കുന്നത്. വിവാദങ്ങളുടെ വികസനമല്ല, രാജ്യത്തിന്‍റെ വികസനമാണ് ലക്ഷ്യമാവേണ്ടത്. രാജ്യവളര്‍ച്ചയെ തടസപ്പെടുത്തുന്നതും അന്തരീക്ഷം കലുഷിതമാക്കുന്നതുമായ കാര്യങ്ങളിലേക്ക് ഫോക്കസ് തിരിയാതിരിക്കട്ടെ. ജനങ്ങളില്‍ ആശങ്ക വളര്‍ത്താനുള്ള ആലോചനകളിലേക്ക് സര്‍ക്കാര്‍ മാത്രമല്ല പ്രതിപക്ഷവും തിരിയരുത്.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top