Flash News

കലികാല കലാനായകന്മാര്‍ (ലേഖനം)

November 6, 2015 , കാരൂര്‍ സോമന്‍

kalikalamലോകസംസ്‌കാരത്തിന്റെ വിളനിലമായ ഇന്‍ഡ്യയുടെ മുക്കിലും മൂലയിലും പൂമണത്തിന്റെ ലഹരിപൂണ്ട വണ്ടിന്‍കൂട്ടങ്ങളെപ്പോലെ സംഹാരമൂര്‍ത്തികള്‍ വര്‍ഗ്ഗീയ ഫാസിസം ഭരണകൂടത്തിന്റെ അറിവോടെ അഴിഞ്ഞാടുകയാണ്‌. ഇന്‍ഡ്യയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരാര്‍ത്ഥികള്‍ക്ക്‌ മംഗളം ഭവിക്കെട്ട എന്നെങ്കിലും പറയാമായിരുന്നു. ഇതുപോലെ സാഹിത്യത്തിലും ധാരാളം മൗനമുനികളുമുണ്ട്‌. മൗനം വിദ്വാനുഭൂഷണം എന്നല്ലേ? നമുക്കൊരു ദേശീയസ്വഭാവമോ സംഘടനയോ ഇല്ലാത്തതിനാല്‍ സ്വാര്‍ത്ഥലാഭങ്ങള്‍ ഒരു പ്രധാന പങ്കുവഹിക്കാതിരിക്കില്ല. സാഹിത്യകാരന്‍മാര്‍ക്കും കലാകാരന്‍മാര്‍ക്കും നിസ്സംഗരായി കൈയും കെട്ടി നോക്കിനില്‌ക്കാനാകുമോ? റഷ്യന്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ എണ്ണമിട്ട്‌ എഴുതിയതിനാണ്‌ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്‌ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്‌. അന്ധകാരം നിറഞ്ഞ അധികാരത്തിന്റെ മതില്‍ക്കെട്ടുകള്‍ക്ക്‌ ഇളക്കമുണ്ടായാല്‍ അവിടെ വിജയിക്കുന്നതും ഒരു സംസ്‌കാരമാണ്‌. മാനവരാശിക്ക്‌ റോമന്‍ ചക്രവര്‍ത്തിമാരും സര്‍ചക്രവര്‍ത്തിമാരും ഹിറ്റ്‌ലര്‍മാരും അധികാര-ഉപജാപ സംഘങ്ങളും ചാവേറുകളും നമ്മുടെ സമൂഹത്തില്‍ വളരാതിരിക്കട്ടെ.

കാവ്യലോകത്ത്‌ ഇന്ന്‌ പലരും പലതും കുത്തിനിറയ്‌ക്കുന്നുണ്ട്‌. പ്രതിഭാശാലികളായ ജ്ഞാനികളും, സാഹിത്യകാരന്‍മാരും, കവികളും ധാരാളം യാതനകളും വേദനകളും സഹിച്ചാണ്‌ ഓരോ സാഹിത്യസൃഷ്‌ടികള്‍ക്കും പൂര്‍ണ്ണരൂപം നല്‌കുന്നത്‌. അവരുടെ ഏകാഗ്രമനസ്സില്‍ പിറവിയെടുക്കുന്ന അനുഭൂതിയുടെ സൗന്ദര്യാവിഷ്‌കാരമാണ്‌ സാഹിത്യം. സിനിമാലോകത്ത്‌ ചിലരൊക്കെ നല്ല നോവലും കഥകളും വായിച്ച്‌ തിരിമറി നടത്തി സ്വന്തം തിരക്കഥകള്‍ ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ട്‌. സാഹിത്യലോകത്തില്‍ എം. മുകുന്ദന്‍ പറയുന്നതുപോലെ ചിലര്‍ സ്വന്തം കീര്‍ത്തി ഉയര്‍ത്തിക്കാട്ടാനായി അഭിനവ സാഹിത്യകാരന്‍മാര്‍ കടന്നുവരുന്നുണ്ട്‌. സാഹിത്യത്തിലെ ഈ വിഷാംശം ഒരു പരിശോധനയിലും കണ്ടെത്താന്‍ കഴിയില്ല. ഈ കൂട്ടര്‍ക്ക്‌ നല്ല സ്വാധീനമുള്ളതിനാല്‍ അവാര്‍ഡുകള്‍ കിട്ടിയാലും ആശ്ചര്യപ്പെടേണ്ടതില്ല. ലക്ഷങ്ങള്‍കൊടുത്ത്‌ ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ പുരസ്‌കാരങ്ങള്‍ ഒപ്പിക്കുന്നവര്‍ക്ക്‌ ഒന്നോ ഒന്നിലധികമോ നോവലോ, കഥയോ, കവിതയോ വാങ്ങുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ മഹത്വത്തെ ഞാനിവിടെ കുറച്ചുകാണുകയല്ല. അദ്ദേഹം അറിയുന്നില്ലല്ലോ മതരാഷ്‌ട്രീയ നേതൃത്വം പുരസ്‌കാരങ്ങള്‍ക്കായി കുത്തിനിറയ്‌ക്കുന്ന പേരുകള്‍. കച്ചവട സിനിമകള്‍ കമ്പോളത്തില്‍ വിറ്റഴിക്കുന്നതുപോലെ സാഹിത്യവും ഈ അടുത്ത കാലങ്ങളിലായി കമ്പോളത്തിലെത്തിയിരിക്കുന്നു. പേരും പ്രശസ്‌തിയുമുള്ള ഇവര്‍ക്ക്‌ ഓശാനപാടാന്‍ ഭരണത്തിലുള്ളവര്‍ മാത്രമല്ല കാവ്യലോകത്തുനിന്നുള്ളവരുമുണ്ട്‌. പെട്ടെന്ന്‌ പൊട്ടിമുളച്ച ഈ അഭിനവ വിദ്വാന്‍മാരുടെ സര്‍ഗ്ഗാത്മകത എവിടെയോ അതാര്‍ക്കുമറിയില്ല. എന്നാല്‍ ഇവിടെ പ്രത്യക്ഷമാണ്‌. ഈ പുസ്‌തകപ്രകാശനവേദിയില്‍ വിളക്കും എണ്ണയും തിരിയുമായി സരസ്വതിദേവി സാക്ഷിയായി കത്തിജ്വലിക്കുന്നുണ്ട്‌. ഈ കൂട്ടരുടെ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്യാന്‍ വരുന്നതോ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിട്ടുള്ള മുഖങ്ങളാണ്‌. അതല്ലെങ്കില്‍ ഭരണാധികാരി. എഴുത്തുകാര്‍ വളരെ അപൂര്‍വ്വമായിട്ടാണ്‌ കാണുന്നത്‌. ഈ കാവ്യസാമ്രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ജ്ഞാനികളായി എഴുത്തുകാരനായി കടന്നുവരാനുള്ള എന്തു യോഗ്യതയാണ്‌ ഇവര്‍ക്കുള്ളത്‌? ~ഒരു സംസ്‌കാരത്തിന്റെ പ്രതിനിധികള്‍ ആരെന്നുപോലും ഇക്കൂട്ടര്‍ക്കറിയില്ല. പുസ്‌തകപ്രകാശന കര്‍മ്മത്തില്‍ പുസ്‌തകം കൈമാറുമെന്നല്ലാതെ ആ പുസ്‌തകത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനോ വിലയിരുത്താനോ ഇവര്‍ക്കറിയില്ല. നീലാകാശം തൂത്തുവൃത്തിയാക്കുന്ന മേഘങ്ങളെപ്പോലെ ഇവര്‍ വന്നുപോകുന്നു. സര്‍വ്വവും ഞാനെന്ന ഭാവത്തില്‍ വരുന്നവര്‍ ഇതു സിനിമാശാലയല്ലെ എന്നെങ്കിലും മനസ്സിലാക്കിയാലും നന്ന്‌. ഇനിയും പോകുന്നിടത്ത്‌ ഹൃദയസ്‌പര്‍ശിയായ ഒരു കവിത ചൊല്ലാനെങ്കിലും അറിഞ്ഞിരിക്കുന്നതു നല്ലതാണ്‌. ബുദ്ധിവാദം നല്ലതാണ്‌. പക്ഷെ ബുദ്ധിജീവിയാകാന്‍ ശ്രമിക്കരുത്‌. ഇവരൊക്കെ വരുമ്പോള്‍ ദൃശ്യമാധ്യമപടകള്‍ ഒരു വിരുന്നുശാലയില്‍ വരുന്നതുപോലെ കടന്നുവരാറുണ്ട്‌. പൊന്നിന്‍ കുടത്തിന്‌ പൊട്ടു വേണ്ടായെങ്കിലും ഇവര്‍ പൊട്ടു തൊട്ടും വന്ദിക്കും, വാഴ്‌ത്തിപ്പാടും. മാലോകരെല്ലാം അത്‌ കണ്ടിരുന്ന്‌ ആത്മഗതം ചോദിക്കും ഇപ്പോള്‍ എഴുത്തുകാരനായോ? നീണ്ടവര്‍ഷങ്ങളായി മലയാളം ഭാഷയ്‌ക്ക്‌ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുള്ള എത്രയോ സര്‍ഗ്ഗധനരായ എഴുത്തുകാര്‍ മലയാള ഭാഷയ്‌ക്കുണ്ട്‌. അവരെയൊക്കെ ഇതുപോലെ പരിഗണിക്കാറുണ്ടോ? ചിലര്‍ക്കു എഴുത്തുകാരായിട്ടുള്ള സെക്രട്ടറിമാരുണ്ട്‌. ഈ പേരില്‍ പ്രമുഖ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വിഷാംശം നിറഞ്ഞവ മാലോകര്‍ വായിച്ചു രസിക്കുന്നുണ്ട്‌. ഈ കൗശല സൃഷ്‌ടികളെ സുകുമാര്‍ അഴിക്കോടും പരിഹസിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ മറ്റുള്ളവരെക്കൊണ്ട്‌ എഴുതിക്കുന്നവര്‍ സാഹിത്യത്തിന്റെ സൗന്ദര്യം കെടുത്തുന്നവരാണ്‌. ആകാശത്ത്‌ നക്ഷത്രങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്‌. മണ്ണില്‍ ജീവിക്കുന്ന നാട്ടുകാര്‍ക്ക്‌ സൂപ്പര്‍സ്റ്റാര്‍ പദവി എങ്ങനെ ലഭിച്ചു? നക്ഷത്രങ്ങളെക്കാള്‍ വലിയ നക്ഷത്രങ്ങളുണ്ടോ? കലയെ കച്ചവടം ചെയ്‌ത്‌ കോടികളുണ്ടാക്കുന്നവരെ എങ്ങനെയാണ്‌ കലാകാരന്‍ എന്നു വിളിക്കുക? കല കച്ചവടത്തിനുള്ളതല്ലല്ലോ. ഞാനൊരു ലേഖനമെഴുതിയാല്‍ എനിക്കു ലഭിക്കുന്നത്‌ 1500 രൂപയാണ്‌. എഴുത്തുകാര്‍ക്കും മുന്നില്‍ സൂപ്പര്‍മാന്‍ ആകാതിരുന്നാല്‍ മതിയായിരുന്നു. ഇത്‌ കാക്കനാടനും പറഞ്ഞിട്ടുണ്ട്‌. വെറുമൊരു കാഴ്‌ചവസ്‌തുവായ സിനിമയ്‌ക്ക്‌ എന്തായുസ്സാണുള്ളത്‌? അതുപോലെയാണോ പുസ്‌തകങ്ങള്‍, അതെന്നും ജീവിക്കുന്നതല്ലേ?

karoor-with-kakkanadanപ്രാചീനകാലങ്ങളില്‍ കാവ്യഗായകര്‍ ചൊല്ലിക്കൊടുത്ത സാഹിത്യം കേട്ടാണ്‌കൂട്ടങ്ങളായിരുന്ന ജനങ്ങള്‍ ആസ്വദിച്ചത്‌. ദൃശ്യകാവ്യത്തില്‍ അഭിനയിക്കുന്ന ആളാണ്‌ നടന്‍. അല്ലാതെ ദൃശ്യകാവ്യം സൃഷ്‌ടിക്കുന്നവനല്ല. പ്രധാനമായും കാവ്യം നാലുവിധത്തിലുണ്ട്‌. ആംഗികം, വാചികം, ആഹാര്യം, സാത്വികം. ഏതു മേഖലയായാലും അത്‌ രാഷ്‌ട്രീയ സാഹിത്യകലയായാലും ഒരു ധര്‍മ്മാദര്‍ശമുണ്ട്‌. അവിടെ വ്യക്തിസ്വാതന്ത്ര്യത്തിന്‌ പ്രസക്തിയില്ല. അതും സമൂഹമനസാക്ഷി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്‌. ഇവിടെ ആ ധര്‍മ്മഭാവം കാണാനില്ല. ഇന്നാകട്ടെ ദൃശ്യകാവ്യമുണ്ടാക്കിയ ആള്‍, വിവിധ നവരസങ്ങളിലൂടെ പ്രേക്ഷകനെ ആസ്വാദ്യതയുടെ അനര്‍ഘനിമിഷങ്ങളിലൂടെ നടത്തിയ സംവിധായന്‍, ഗാനരചയിതാവ്‌, സംഗീത സംവിധായകന്‍, ശബ്‌ദവിന്യാസം നല്‍കുന്നവര്‍ ഇവരെക്കാള്‍ ഏറെ പ്രാധാന്യം നല്‌കുന്നത്‌ വേഷങ്ങള്‍ ചെയ്‌തവര്‍ക്കാണ്‌. ഒരു കഥയെയോ കഥാപാത്രങ്ങളെയോ സൃഷ്‌ടിക്കാന്‍ കഴിവില്ലാത്തവര്‍ക്ക്‌ സൂപ്പര്‍സ്റ്റാര്‍ എന്ന അലങ്കാരം ചാര്‍ത്തികൊടുത്തത്‌ ആരാണ്‌? സത്യനും നസീറുമൊക്കെ അഭിനയിച്ചിരുന്ന കാലത്ത്‌ കുട്ടികള്‍ സിനിമയ്‌ക്ക്‌ അമിതപ്രാധാന്യം നല്‌കിയിരുന്നില്ല. ഇന്നാകട്ടെ കച്ചവടസിനിമകള്‍ കണ്ടിരിക്കാന്‍ അഭിനിവേശം കൂടുകയാണ്‌. അന്ന്‌ കുട്ടികള്‍ ധാരാളം വായിച്ച്‌ അറിവ്‌ നേടിയിരുന്നു. ഇന്നാകട്ടെ കുട്ടികള്‍ ബോധപൂര്‍വ്വം വായന ഒഴിവാക്കുന്നു. ഇന്നത്തെ ചാനല്‍ സംസ്‌കാരത്തില്‍ കുട്ടികള്‍ അധികവും അറിവ്‌ നേടുന്നത്‌ സിനിമകളെപ്പറ്റിയാണ്‌. അതിനുള്ള വഴികള്‍ ഓരോരോ ചോദ്യോത്തര വേളകളില്‍ അവതാരകരായി വരുന്ന നടന്മാര്‍ പഠനഗവേഷണഭാവത്തില്‍ സിനിമ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. മനുഷ്യന്റെ ബോധമണ്‌ഡലം നവീകരിക്കാനും പുരോഗതിയിലേക്കു നയിക്കാനുമുള്ള ഏകമാര്‍ഗ്ഗം വായനതന്നെയാണെന്നുള്ളതു കുട്ടികള്‍ മറക്കുന്നു. അറിവാണ്‌ വികസിതരാജ്യങ്ങളെ പുരോഗതിയിലേക്കു നയിച്ചത്‌.

ഇന്ന്‌ സാമൂഹ്യനന്മയെ മുന്‍നിര്‍ത്തി സമകാലീന ജീര്‍ണ്ണതകളെ പരിഹസിച്ചും ചുരുളഴിച്ചും ദൃശ്യമാധ്യമങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ്‌. അധികാര വര്‍ഗ്ഗീയ വാദികളായ ഭരണാധിപന്മാര്‍ സമൂഹത്തില്‍ സ്‌നേഹവും സമാധാനവും പ്രസംഗിക്കുമെങ്കിലും സമൂഹം തമ്മിലടിച്ച്‌ കാണാനാണ്‌ അവരാഗ്രഹിക്കുന്നത്‌. തെരഞ്ഞെടുപ്പുവരുമ്പോഴത്തെ ജാതി-മത-വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കിയും അഴിമതിയിലൂടെ സമ്പാദിച്ച പണം പാവങ്ങള്‍ക്ക്‌ വിതറിയും അവര്‍ ജയിക്കുന്നു പാവം പട്ടിണിക്കാരന്‍ തോറ്റുകൊണ്ടുമിരിക്കുന്നു. ഇന്‍ഡ്യയ്‌ക്കു സ്വാതന്ത്ര്യംകിട്ടിയനാള്‍ മുതല്‍ പാവങ്ങള്‍ വിശപ്പില്‍നിന്ന്‌ വിശപ്പിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയാണ്‌. സ്വാതന്ത്ര്യം ഇന്നുമവര്‍ക്ക്‌ പടിക്കു പുറത്തുതന്നെയാണ്‌. അധികാരമെന്ന മലമ്പാമ്പ്‌ ഈ പാവങ്ങളെ ഇന്നും വരിഞ്ഞുമുറുക്കുന്നു. മരണംവരെ പെന്‍ഷന്‍പ്രായംപോലുമില്ലാതെ അധികാരത്തിലിരിക്കുന്ന സമ്പന്നന്മാരാകുന്ന ഈ വ്യവസ്ഥിതിക്കു ഒരു മാറ്റം വരേണ്ടതല്ലേ? രാജഭാരണം മാറിയതുപോലെ ഈ കള്ളനും പോലീസും കളിക്കുന്ന ഭരണം മാറാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം. സത്യാന്വേഷകരായ വിപ്ലവകാരികള്‍ ഈ കാലഘടികാരത്തിനുള്ളില്‍ ജനിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top