Flash News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം അനിശ്ചിതത്വത്തില്‍

November 8, 2015 , സ്വന്തം ലേഖകന്‍

election-munnaniതിരുവനന്തപുരം: പ്രവചനങ്ങളും കണക്കുകൂട്ടലുകളും കാറ്റില്‍പ്പറത്തി നഗരത്തിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. 43 സീറ്റുമായി ഇടതുമുന്നണി ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷമായ 51 തികയ്ക്കണമെങ്കില്‍ ബിജെപിയോ കോണ്‍ഗ്രസോ കനിയണം. എന്നാല്‍ ആരെയും പിന്തുണയ്ക്കില്ലെന്നു ബിജെപി, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പ്രഖ്യാപിച്ചതോടെ കൗണ്‍സില്‍ രൂപീകരണം അനിശ്ചിതത്വത്തിലായി. പ്രതിപക്ഷമായ യുഡിഎഫ് 21 സീറ്റിലൊതുങ്ങി. കഴിഞ്ഞ കൗണ്‍സിലിലെ ആറില്‍ നിന്ന് സീറ്റ് നേട്ടം 34ലേക്ക് ഉയര്‍ത്തിയ ബിജെപി തന്നെയാണ് തലസ്ഥാന നഗരസഭയില്‍ ഏറ്റവും നേട്ടം കൊയ്തത്. ഇതിനു പുറമേ ഒരു സ്വതന്ത്രന്‍റെ പിന്തുണയും ബിജെപിക്കുണ്ട്. പാര്‍ട്ടി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ച വിജയമാണ് ബിജെപി നേടിയത്.

ഫലപ്രഖ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിച്ച ഇടതുമുന്നണി മൃഗീയ ഭൂരിപക്ഷം നേടുമെന്ന തോന്നലുളവാക്കി. എന്നാല്‍ നേമം, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളിലെ വാര്‍ഡുകളിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ ബിജെപി സ്ഥാനാര്‍ഥികള്‍ തുടരെ ജയിച്ചുകയറി. ഒരുഘട്ടത്തില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി ഏറ്റവും വലിയ കക്ഷിയായി മാറുമെന്ന അവസ്ഥയും ഉണ്ടായി. സിറ്റിങ് വാര്‍ഡുകളായ പൊന്നുമംഗലത്തും നെട്ടയത്തും തോറ്റതും ചില വാര്‍ഡുകളില്‍ നേരിയ ഭൂരിപക്ഷത്തിനുള്ള പരാജയവുമാണ് ബിജെപിയുടെ മുന്നേറ്റത്തിനു ചെറിയതോതില്‍ തടയിട്ടത്. എങ്കിലും രണ്ടു ദശാബ്ദത്തിലേറെയായി നഗരം ഭരിക്കുന്ന സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതു ബിജെപിക്കു വലിയ നേട്ടമായി. 34 സീറ്റുകളാണ് ഇരുകക്ഷികള്‍ക്കും ഉള്ളത്.

മികച്ച വിജയങ്ങള്‍ക്കിടയിലും മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയിരുന്ന പി. അശോക് കുമാറിന്‍റെ പരാജയം ബിജെപിക്കു തിരിച്ചടിയായി. വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎമ്മിന്‍റെ പി. ബാബുവിനോട് മൂന്നു വോട്ടിനാണ് അശോക് കുമാര്‍ പരാജയപ്പെട്ടത്. എസ്റ്റേറ്റ് വാര്‍ഡ് ബിജെപിക്കു നഷ്ടപ്പെട്ടത് ഒരു വോട്ടിന്. 20 വാര്‍ഡുകളില്‍ സിപിഎമ്മിനു പിറകില്‍ രണ്ടാമതെത്താനും ബിജെപിക്കായി. ഒ. രാജഗോപാല്‍ മത്സരിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 63 വാര്‍ഡുകളില്‍ ഒന്നാമതെത്താന്‍ ബിജെപിക്കു കഴിഞ്ഞിരുന്നു. അത്രത്തോളം എത്തിയില്ലെങ്കിലും വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ബിജെപി ക്യാംപ്. ഇടതുമുന്നണിയുടെ 22 സിറ്റിങ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്.

ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയക്കൊളുപരി പാര്‍ട്ടിയുടെ തലയെടുപ്പുള്ള നേതാക്കളുടെ പരാജയമാണ് സിപിഎം അണികളെ ഞെട്ടിച്ചത്. നേതൃത്വം ഏറക്കുറെ ചോദിച്ചു വാങ്ങിയ പരാജയമാണെങ്കിലും അണികളെ ഇതു ബോധ്യപ്പെടുത്താന്‍ വരുംദിവസങ്ങളില്‍ സിപിഎം ഏറെ പണിപ്പെടേണ്ടി വരും. മുന്‍ മേയര്‍ സി. ജയന്‍ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി. വിക്രമന്‍, ജില്ലാ കമ്മിറ്റി അംഗവും കഴിഞ്ഞ കൗണ്‍സിലിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വി.എസ്. പത്മകുമാര്‍, ജില്ലാ കമ്മിറ്റി അംഗം കരമന ഹരി, ട്രെയ്ഡ് യൂണിയന്‍ രംഗത്തെ പ്രമുഖന്‍ ചാല മോഹനന്‍ എന്നിവരാണ് പരാജയപ്പെട്ട സിപിഎം നേതാക്കള്‍. ഇവരെല്ലാം പരാജയപ്പെട്ടത് ബിജെപി സ്ഥാനാര്‍ഥികള്‍ളോടാണ് എന്നതു സിപിഎമ്മിന് ഇരട്ടി ആഘാതമായി.

കോണ്‍ഗ്രസും യുഡിഎഫും തലസ്ഥാനത്തു നേരിട്ടതും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ്. കഴിഞ്ഞ കൗണ്‍സിലിലെ 42 സീറ്റുകള്‍ ഇത്തവണ നേര്‍ പകുതിയായി കുറഞ്ഞു. മാത്രവുമല്ല, മൂന്നിലൊന്നു സീറ്റുകളിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ കെ. മഹേശ്വരന്‍ നായരുടെ പരാജയവും പാര്‍ട്ടിയില്‍ തുടര്‍ ചലനങ്ങള്‍ക്കു വഴിവയ്ക്കും. തോല്‍വിയില്‍ പ്രതിഷേധിച്ച് മഹേശ്വരന്‍ നായര്‍ കെപിസിസി എക്സിക്യൂട്ടീവ് സ്ഥാനം രാജിവയ്ക്കും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top