Flash News

ആദ്യ കണ്ണൂര്‍ കോര്‍പറേഷന്‍ യു.ഡി.എഫിന് പ്രഹരമായി, ഭരണം വിമതന്‍ തീരുമാനിക്കും

November 8, 2015 , സ്വന്തം ലേഖകന്‍

xRagesh.jpg.pagespeed.ic.BMBNPgBeO9കണ്ണൂര്‍: പ്രഥമ കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കി എല്‍.ഡി.എഫ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റ്. ശേഷിച്ച ഒരു സീറ്റ് കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് പിടിച്ചടക്കി. കോര്‍പറേഷന്‍ ആരു ഭരിക്കണമെന്ന തീരുമാനം രാഗേഷിന്റെതായിരിക്കും.

യു.ഡി.എഫിന്റെ 27 ല്‍ കോണ്‍ഗ്രസിന് 17ഉം ലീഗിന് പത്തും സീറ്റുകളാണ്. എല്‍.ഡി.എഫില്‍ സി.പി.എം 24, സി.പി.ഐ രണ്ട്, ഐ.എന്‍.എല്‍ ഒന്ന് നേടി. കൂടുതല്‍ സീറ്റുകള്‍ നേടിയ ഒറ്റകക്ഷി സി.പി.എമ്മാണ്. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ അട്ടിമറി നടത്തിയാണ് എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയത്.

ഈ അടിയൊഴുക്കുകള്‍ക്കിടയില്‍ നിലവിലെ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് പരാജയപ്പെട്ടു. എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി കണക്കാക്കിയ അഡ്വ. വിമലാകുമാരി പയ്യാമ്പലം ഡിവിഷനില്‍ പി. ഇന്ദിരയോടും എം.വി.ആറിന്റെ മകള്‍ എം.വി. ഗിരിജ കിഴുന്നയില്‍ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി അഡ്വ. സുമാ ബാലകൃഷ്ണനോടും പരാജയപ്പെട്ടു. മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്റെ മകള്‍ അമൃത രാമകൃഷ്ണന്‍ ടെമ്പിള്‍ വാര്‍ഡില്‍ നിന്നും നിലവിലെ വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ വത്തെിലപ്പള്ളിയില്‍ നിന്നും വിജയിച്ചു. ടെമ്പിള്‍ ഡിവിഷനില്‍ അര്‍ച്ചന വണ്ടിച്ചാല്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ബി.ജെ.പിയുടെ മികച്ച പ്രകടനം. താണയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സി. മുഹമ്മദ് ഇംതിയാസും അറക്കലില്‍ എസ്.ഡി.പി.ഐയുടെ കെ.പി. സുഫീറയും കസാനക്കോട്ടയില്‍ എം.പി. റഫീഖും രണ്ടാം സ്ഥാനത്ത് എത്തി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പി.കെ. രാഗേഷിനെ കോണ്‍ഗ്രസ് തിരികെ വിളിക്കും. എന്നാല്‍, തിരികെ വരണമെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് ആവശ്യപ്പെടണമെന്നും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുരേന്ദ്രനെ പുറത്താക്കണമെന്നുമാണ് രാഗേഷ് ആവശ്യപ്പെട്ടത്. ഇത് എത്ര കണ്ട് നടപ്പാകുമെന്നതാണ് നിര്‍ണായകമാവുക. കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറക്കാതിരിക്കുകയോ, കോണ്‍ഗ്രസിലേക്ക് രാഗേഷ് പോകാതിരിക്കുകയോ ചെയ്താല്‍ പിന്തുണ ഉറപ്പാക്കി ഭരണം സ്വന്തമാക്കാന്‍ എല്‍.ഡി.എഫും ശ്രമിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top