Flash News

‘അടി തെറ്റിയാല്‍ ആനയും വീഴും’

November 14, 2015 , സ്വന്തം ലേഖകന്‍

mani 2“അടി തെറ്റിയാല്‍ ആനയും വീഴും” എന്ന ചൊല്ല്  അന്വര്‍ത്ഥമായതുപോലെ, അല്ലെങ്കില്‍ അടവുകളുടെ ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്നുപോയതുപോലെയോ എന്തോ, പ്രായോഗിക രാഷ്ട്രീയത്തില്‍ അതിജീവനത്തിന്‍റെ ആചാര്യനായ കെ.എം. മാണിക്ക് ഇനി പരീക്ഷണങ്ങളുടെ കൂരമ്പുകളെയാണ് നേരിടേണ്ടി വരിക. വാക് വൈഭവത്തിലും തന്ത്രജ്ഞതയിലും അതിനിപുണനായ മാണിക്ക് അറിയാത്ത വഴികളോ, അടവുകളോ ഇല്ല. എന്നാല്‍ തന്‍റെ രാഷ്ട്രീയ ജീവിതപാത അന്‍പതു വര്‍ഷം കടക്കുമ്പോള്‍ ഇത്തരമൊരു അപകടം ഒളിച്ചിരിപ്പുണ്ടെന്നു കണ്ടെത്താനുള്ള ദീര്‍ഘദര്‍ശിത്വം അദ്ദേഹത്തിനില്ലാതെ പോയി. ബാര്‍ കോഴ വിവാദം കത്തിനിന്ന കാലത്തും ഇത്തരമൊരു പരിണാമമായിരിക്കും അതിനെന്ന് കേരള കോണ്‍ഗ്രസിലെ ഒരു നേതാവും പ്രതീക്ഷിച്ചുമില്ല.

താന്‍ നനച്ചുവളര്‍ത്തിയ കേരള കോണ്‍ഗ്രസും താന്‍ ചേര്‍ത്തുപിടിച്ച നേതാക്കളും മെല്ലെ അകന്നു പോകുന്നതു കണ്ട് സായന്തനത്തില്‍ ഒറ്റപ്പെട്ടുപോകും കെ.എം. മാണിയെന്ന് അദ്ദേഹത്തെ അറിയാവുന്നവരാരും കരുതില്ല. ഒരങ്കത്തിനുള്ള കരുക്കള്‍ കരുതിവച്ചുകൊണ്ടേ അദ്ദേഹം ഏതു കളിക്കും ഇറങ്ങൂ. അതിനാല്‍ വരും ദിനങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.

കോണ്‍ഗ്രസുകാരനായി തുടങ്ങിയെങ്കിലും പാലായുടെ മണ്ണില്‍ വേരുറപ്പിച്ചപ്പോള്‍ കേരള കോണ്‍ഗ്രസുകാരനായി മാറിയ കരിങ്ങോഴയ്ക്കല്‍ മാണി മാണി തുടര്‍ന്ന് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായതു ചരിത്രം. അതു കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ കൂടി കഥയാകുന്നു. കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവ് പി.ടി. ചാക്കോ ആരോപണശരങ്ങളില്‍ അടിപതറിയപ്പോള്‍ അത് കേരള രാഷ്ട്രീയത്തിലെ മറ്റൊരു ഏടായി. ചാക്കോയുടെ അകാലമരണം ഉണര്‍ത്തിയ രോഷത്തില്‍നിന്നാണ് കേരള കോണ്‍ഗ്രസിന്‍റെ പിറവിയെന്നും പറയാം. കോണ്‍ഗ്രസില്‍നിന്നു തെറ്റിപ്പിരിഞ്ഞ 15 എംഎല്‍എമാര്‍ കെ.എം.ജോര്‍ജിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സ്പീക്കറുടെ അനുമതി തേടി. അങ്ങനെ കോണ്‍ഗ്രസ് പിളര്‍ന്നു.

കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞവര്‍ 1964 ല്‍ കോട്ടയം ലക്ഷ്മിനിവാസ് ഓഡിറ്റോിയത്തില്‍ യോഗം ചേര്‍ന്നാണ് കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചത്. അന്ന് കെ.എം.മാണി ഡിസിസി സെക്രട്ടറി. ആ സമ്മേളനത്തില്‍ മാണിയുണ്ടായിരുന്നില്ല. കെ.എം. ജോര്‍ജ്, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ഇ. ജോണ്‍ ജേക്കബ്, വയലാ ഇടിക്കുള, ആര്‍. ബാലകൃഷ്ണപിള്ള, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവരായിരുന്നു ഒത്തുകൂടിയത്. കെ.എം. ജോര്‍ജ് പാര്‍ട്ടിയുടെ ചെയര്‍മാനായി. മാത്തച്ചന്‍ ഓഫീസിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും.

അടുത്തവര്‍ഷം മാര്‍ച്ചില്‍ നിയമസഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിളര്‍ന്നിരുന്നു. ആവേശത്തിനു തീപിടിപ്പിക്കുന്ന പോരാട്ടമാണ് സംസ്ഥാനം കണ്ടത്. ആര്‍.വി. തോമസ്, എം.എം.ജേക്കബ് തുടങ്ങിയ അതികായരുടെ സംരക്ഷണവലയമുള്ള പാലാ പിടിക്കാന്‍ കോണ്‍ഗ്രസില്‍നിന്നു തന്നെ ഒരു യുവതലമുറക്കാരനെ കണ്ടെത്തി ടിക്കറ്റു നല്‍കാന്‍ ജോര്‍ജും കൂട്ടരും തീരുമാനിക്കുന്നു. ആ അന്വേഷണം മാണിയില്‍ ചെന്നെത്തി. തെരഞ്ഞെടുപ്പു ചെലവു വഹിക്കാന്‍ ധനാഢ്യനും പാര്‍ട്ടി നേതാവുമായ മോഹന്‍ കുളത്തുങ്കല്‍ സമ്മതിച്ചതോടെ പാലായില്‍ മാണി സ്ഥാനാര്‍ഥിയായി. പിന്നീട് പാലാ മാണിയായി. രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ വളര്‍ച്ചയ്ക്കുള്ള പടികളായി. കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമുള്ള നീക്കങ്ങള്‍.

1965 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40, കേരള കോണ്‍ഗ്രസിന് 26, സിപിഎമ്മിന് 36 എന്നിങ്ങനെയാണ് സീറ്റു ലഭിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കനായില്ല. പക്ഷേ പാര്‍ട്ടി ശ്രദ്ധിക്കപ്പെട്ടു. മധ്യകേരളത്തിന് പുത്തനുണര്‍വുണ്ടായി. സംസ്ഥാനത്തുടനീളം സംഘടന ശക്തമാക്കാന്‍ കെ.എം. ജോര്‍ജ് മാണിയെയാണ് നിയോഗിച്ചത്. സീനിയര്‍ നേതാക്കളെ മറികടക്കാനുള്ള വിദ്യ അങ്ങനെ സ്വായത്തമായി. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കടുത്ത വിമര്‍ശകരില്‍ കേരള കോണ്‍ഗ്രസുമുണ്ടായിരുന്നു.

മറ്റു പ്രഗത്ഭമതികള്‍ക്കൊപ്പം കെ.എം. ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും ജയിലിലായപ്പോള്‍ മാണി ഒളിവില്‍പ്പോയി. കോണ്‍ഗ്രസുമായി അനുരഞ്ജനത്തിലായ കേരളകോണ്‍ഗ്രസിനെ അവര്‍ അച്യുതമേനോന്‍ മന്ത്രിസഭയിലേക്കു ക്ഷണിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ മന്ത്രിപദം വഹിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ജോര്‍ജ് മന്ത്രിസഭയിലേക്കു കടന്നില്ല. പകരം ബാലകൃഷ്ണപിള്ളയും മാണിയുമാണ് മന്ത്രിമാരായത്.

ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരിക്കുക മാത്രമല്ല, ഏറ്റവും കൂടുതല്‍കാലം മന്ത്രിയാവുകയും ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത മാണിക്ക് എതിരാളികളും എക്കാലവു മുണ്ടായിരുന്നു. ശത്രുപാളയമായിരുന്നില്ല മാണിയുടെ പേടിസ്വപ്നം. സ്വന്തം പാര്‍ട്ടിയും സ്വന്തം മുന്നണിയും വഴിയില്‍ വിതറിയ മുള്ളുകളില്‍ ചവിട്ടാതിരിക്കാന്‍ പരമാവധി ശ്രമിച്ച മാണി അവരെയും അവരുടെ വക കേരള കോണ്‍ഗ്രസുകളെയും ഞെരിച്ചമര്‍ത്തുകയും ചെയ്തു. സീനിയറായ പിള്ള മാത്രമല്ല, ജോസഫും ജേക്കബും ജോര്‍ജും പി.സി തോമസുമെല്ലാം മുറിവേറ്റുവാങ്ങിയവരാണ്.

മധ്യതിരുവിതാംകൂറിന്‍റെ മണ്ണില്‍ വടവൃക്ഷമായി വളര്‍ന്ന മാണിയെ വെട്ടിയൊതുക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചെങ്കിലും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെപ്പോലെ തന്നെ കരുത്തോടെയും ജനപ്രീതിയോടെയും മാണി പടര്‍ന്നുനിന്നു. പിന്നില്‍ നിന്നു കുത്താന്‍ ശ്രമിച്ചവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കാനും അവരെ മെരുക്കി ഒപ്പം നിര്‍ത്താനും ശീലിച്ച മാണിക്ക് കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയത് അടുത്തിടെ മാത്രം. കമ്യൂണിസ്റ്റ് സിദ്ധാന്തത്തെ വെല്ലുവളിച്ച് മാണി അദ്ധ്വാന വര്‍ഗ സിദ്ധാന്തത്തിന് പുതിയ ഭാഷ്യം ചമച്ചു.

കേരളത്തിലെ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മാണി കൊണ്ടുവന്ന പെന്‍ഷനാണ് അസംഘടിത വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ നാന്ദി കുറിച്ചത്. ജനപ്രിയനായി ഏവരുടെയും കാര്യങ്ങള്‍ നോക്കിനടത്തിയ മാണി അഴിമതിയുടെ ചതിക്കുഴിയില്‍ അകപ്പെട്ടത് നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കെ.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ, പ്രതിപക്ഷം നീട്ടിയ മുഖ്യമന്ത്രിപദം അറിഞ്ഞോ, അറിയാതെയോ കാംക്ഷിച്ചതിനു നല്‍കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തെ പതനം. കേന്ദ്രമന്ത്രിസഭാ പ്രവേശനം നിഷേധിക്കപ്പെട്ട കാലത്ത് മാണിക്ക് പിടിച്ചുനില്‍ക്കാനുള്ള കരുത്തും തിരിച്ചുകയറാനുള്ള വീറുമുണ്ടായിരുന്നു. എണ്‍പതിന്‍റെ യുവത്വത്തില്‍, സഹപ്രവര്‍ത്തകരില്‍ പലരും കൈയൊഴിഞ്ഞ മാണിക്ക് ഇനിയും അങ്കം നടത്തിയേ തീരൂ. ഒരിക്കല്‍ക്കൂടി പിളരുന്ന പാര്‍ട്ടിയെ അണകെട്ടി നിര്‍ത്തുകയെന്ന ശ്രമകരമായ ദൗത്യമാണു മുന്നിലുള്ളത്. അടുത്ത നീക്കം മനസിലുറപ്പിക്കാനുള്ള സമയം, അത് നടപ്പാക്കാനുള്ള തന്ത്രം മാണി അതിനാണു കാത്തിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top