Flash News

കേഴുക നാടേ കേരളമേ…

November 20, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

kezhuka titleസാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായി സമ്പന്നമായ സംസ്ഥാനമാണ് കേരളമെന്ന ഖ്യാതിയുണ്ടെങ്കിലും, ഇവ രണ്ടിനേയും ഖണ്ഡിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. മഹാകവി വള്ളത്തോള്‍ പാടിയതുപോലെ…

“ഭാരതമെന്നു കേട്ടാല്‍ അഭിമാന
പൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്ക് ഞെരമ്പുകളില്‍ ”

എന്ന് ധൈര്യപൂര്‍‌വ്വം പാടാന്‍ ഇന്ന് മലയാളികള്‍ ലജ്ജിക്കുന്നു. ചരിത്രപ്രധാനമായ നിര്‍മ്മിതികളുടെ സാനിധ്യം കൊണ്ട് അനുഗ്രഹീതമായ, ശ്രീനാരായണ ഗുരുവിന്റേയും, ആദിശങ്കരന്റേയും കുമാരനാശാനും, ഉള്ളൂരും, വള്ളത്തോളും, തുഞ്ചത്തെഴുത്തച്ഛനും വളര്‍ത്തിയ പാരമ്പര്യത്തിന്റെയും അവകാശികളുള്ള കേരളത്തില്‍ ഇന്ന് പിശാചുക്കള്‍ അഴിഞ്ഞാടുകയാണ്. ‘ദൈവത്തിന്റെ സ്വന്തം നാട്’എന്നൊക്കെ ലേബലുണ്ടെങ്കിലും, ദൈവങ്ങളെയെല്ലാം ദൈവാലയങ്ങളില്‍ അടച്ചുപൂട്ടി ഭദ്രമാക്കി വെച്ച് നാട്ടില്‍ ചെകുത്താന്മാര്‍ അഴിഞ്ഞാടുന്നു. അവരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ചെയ്യുന്ന ഓരോ സം‌വിധാനങ്ങളേയും അട്ടിമറിച്ചാണ് ഇത്തരക്കാര്‍ ദൈവത്തിന്റെ സ്വന്തം നാട് തങ്ങളുടെ കൂത്തരങ്ങാക്കി മാറ്റുന്നത്. സ്‌ത്രീ പീഡനവും, ബാലപീഡനവും, പെണ്‍‌വാണിഭവുമെല്ലാം നിത്യസംഭവങ്ങളായി. സ്‌ത്രീകള്‍ക്കും പെണ്‍‌കുട്ടികള്‍ക്കും യാതൊരു സം‌രക്ഷണവുമില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. ഒന്നിനെ അടിച്ചമര്‍ത്തുമ്പോള്‍ പുതിയ തന്ത്രവുമായി മറ്റൊന്ന് ജന്മമെടുക്കുന്നു. അതിന്റെ അവസാന തെളിവാണ് കിസ് ഓഫ് ലവ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സമരം ഓണ്‍‌ലൈന്‍ പെണ്‍‌വാണിഭത്തിലേക്ക് രൂപാന്തരം പ്രാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേ ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ പേരില്‍ പെണ്‍‌വാണിഭം നടത്താന്‍ ധൈര്യപ്പെട്ട, ഇപ്പോള്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനു, രശ്മി ആര്‍. നായരും കേരളത്തിനു തന്നെ അപമാനമാണ്. ചുംബന സമരം എന്ന പേരില്‍ അവര്‍ ആരംഭിച്ച സമരരീതി ഇപ്പോള്‍ പെണ്‍വാണിഭത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തന്നെ പറയുന്നു രാഹുല്‍ പശുപാലനും രശ്മി ആര്‍. നായരുമടങ്ങിയ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന് പിന്നില്‍ വന്‍ശൃംഖലയുണ്ടൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്ന്. എന്നാല്‍ അന്വേഷണം ശരിയായ ദിശയില്‍ പോകുമെന്ന് യാതൊരു ഉറപ്പുമില്ല. കാരണം, ഭരണ-പ്രതിപക്ഷ കക്ഷികളില്‍‌പെട്ടവര്‍ തന്നെ ഈ പെണ്‍‌വാണിഭക്കാരുടെ രക്ഷകരായി പിന്നീട് പ്രത്യക്ഷപ്പെടുമെന്നതു തന്നെ.

‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ തുടങ്ങിയ ഒരു സ്ഥാപനത്തിലേക്കെന്ന വ്യാജേന പത്രപരസ്യം നല്‍കിയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നത്. ഏജന്‍സിയെ സമീപിക്കുന്ന പെണ്‍കുട്ടികളെ റാക്കറ്റിലേക്ക് എത്തിക്കുന്നത് കോട്ടയം സ്വദേശിനി ലിനീഷ് മാത്യു ആണെന്നു പറയുന്നു. ഇവരുടെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളെ ലിനീഷ് കൊച്ചിയിലെത്തിച്ച് രാഹുലിന് കൈമാറുകയായിരുന്നുവത്രേ. കൂടാതെ, പെണ്‍വാണിഭസംഘത്തിന്‍െറ സൂത്രധാരന്‍ എറണാകുളം സ്വദേശി ജോഷി എന്ന അച്ചായനാണെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ തന്നെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചുംബന സമരമെന്ന ഉത്തരാധുനിക സമര സ്വാതന്ത്ര്യം ഇളകിയാടിയത്. കാക്കനാട്ട് രാത്രിയില്‍ ബൈക്കില്‍ ഭക്ഷണം കഴിക്കാനെത്തിയ ആണും പെണ്ണുമായ രണ്ടു ടക്കികള്‍ ആക്രമിക്കപ്പെട്ട സംഭവവവും, കോഴിക്കോട്ട് ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മറ്റു രണ്ടു കമിതാക്കളെ (സുഹൃത്തുക്കള്‍) ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സദാചാര സമരത്തിനു വിരുദ്ധമായാണ് കേരളത്തില്‍ മുഴുവന്‍ ചുംബന സമരത്തിന് ആഹ്വാനമുണ്ടായത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ ചുംബിക്കാനെത്തിയ യുവാക്കളെക്കാള്‍ കൂടുതല്‍ പേരുണ്ടായിരുന്നു. അതു കാണാനെത്തിയ മധ്യവയസ്‌ക്കരും വയസന്മാരും, ചുളുവില്‍ ഒരു ചുംബനം കിട്ടിയാല്‍ ആയിക്കോട്ടെ എന്നു കരുതി മറൈന്‍ ഡ്രൈവില്‍ ചുറ്റിക്കറങ്ങിയവരും കുറവല്ലായിരുന്നു.

അന്നത്തെ ആ കോലാഹലങ്ങളും ചുംബനവുമൊക്കെ പൊടിപൊടിച്ചു. ചുംബനത്തിനു നേതൃത്വം കൊടുത്ത രാഹുല്‍ ശിശുപാലനും ഭാര്യ രശ്മി നായരും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ് ആയി. അറസ്റ്റ് ചെയ്തു പൊലീസ് വാഹനത്തില്‍ കയറ്റിയപ്പോള്‍ ഇരുവരും കെട്ടിപ്പിടിച്ചു നല്‍കിയ ചുടുചുംബനത്തിന്‍റെ ചിത്രം മാധ്യമങ്ങള്‍ ആഘോഷിച്ചു.

ഒട്ടേറെ സമര മുഖങ്ങളില്‍ തീ പാറിച്ചിട്ടുള്ള യുവജന സംഘടനകളെല്ലാം ചുംബന സമരത്തെ നെഞ്ചേറ്റി. സിപിഎം നേതാവ് എം.എ. ബേബി മുതല്‍ കോണ്‍ഗ്രസ് യുവ നേതാവ് വി.ടി. ബല്‍റാം വരെ സോഷ്യല്‍ മീഡിയയിലൂടെ ചുംബന സമരത്തിനു പിന്തുണ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ലോകമെങ്ങുമുള്ള ചുംബിതരും അചുംബിതരുമായി ആരാധക വൃന്ദത്തിനു നടുവില്‍ താരപ്രഭയോടെ ജ്വലിച്ചു നിന്ന രാഹുലും രശ്മിയുമാണ് ഇപ്പോള്‍ ഓണ്‍‌ലൈന്‍ പെണ്‍‌വാണിഭത്തിന്റെ പേരില്‍ അറസ്റ്റിലായിരിക്കുന്നത്.

പെണ്‍വാണിഭ സംഘത്തിനു നേതൃത്വം നല്‍കിയ ഗൂണ്ടാത്തലവന്‍, വാണിഭത്തിനു തയാറായെത്തിയ യുവതികള്‍, ഇരകളെ ആവശ്യപ്പെട്ടെത്തിയ ഇടപാടുകാര്‍, എല്ലാത്തിനും വഴിയൊരുക്കിയ സിനിമാ പ്രവര്‍ത്തകന്‍ കൂടിയായ രാഹുല്‍ ശിശുപാലന്‍, ഒരു മാഗസിനു വേണ്ടി മോഡല്‍ ആകുന്ന രശ്മി നായര്‍ എന്നവരെയെല്ലാം പോലീസ് പിടികൂടി. അവരുടെ കൂട്ടത്തില്‍ കഷ്ടിച്ച് ആറു വയസ്സ് പ്രായമുള്ള ഒരു പെണ്‍‌കുട്ടിയുമുണ്ടായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ബംഗളൂരു സ്വദേശിയാണ് ഈ കുഞ്ഞെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്നതാണെന്നാണു പൊലീസ് നിഗമനം. കൂട്ടത്തില്‍ വേറെയുമുണ്ടത്രേ പ്രായമാകാത്ത കുരുന്നുകള്‍. വിവാഹിതയായ രശ്മി നായര്‍ക്ക് 50,000 മുതല്‍ 65,000 രൂപ വരെയാണത്രേ ഒരു രാത്രിയുടെ നിരക്ക്. അതേസമയം, സെക്സ് മാര്‍ക്കറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ നിരക്കു ചോദിക്കുന്നെന്നും പൊലീസ് പറയുന്നു.

പ്രായം തികയാത്ത പെണ്‍‌കുട്ടികള്‍ക്കാണ് ഏറെ ഡിമാന്റ് എന്നും, സെയ്ഫ് സെക്സ് …. നോ കംപ്ലയിന്റ് എന്നീ ഘടകങ്ങളാണ് കുട്ടികള്‍ക്കു വില കൂടാന്‍ കാരണമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് പറയുന്നു. ഈ കുട്ടികളെ ഉപയോഗിച്ച് അവരുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രാഹുലും സംഘവും “കൊച്ചു സുന്ദരികള്‍” എന്ന പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങുകയും, ആ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ കുരുന്നുകളെ കാഴ്ച വെച്ച് ലക്ഷങ്ങള്‍ നേടിയെന്നും കേള്‍ക്കുമ്പോള്‍ ഇത് കേരളത്തില്‍ തന്നെയാണോ നടന്നതെന്ന് അത്ഭുതപ്പെട്ടു പോകും. മകളാകാന്‍ പ്രായമുള്ള കുഞ്ഞുങ്ങളെ കാമചേഷ്ടകള്‍ക്ക് ഇരകളാക്കാന്‍ തുറന്ന “കൊച്ചു സുന്ദരികള്‍” എന്ന വെബ് പോര്‍ട്ടല്‍ നിര്‍മ്മിച്ച റാക്കറ്റില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ സൈബര്‍ സെല്ലും ക്രൈം ബ്രാഞ്ചും സം‌യുക്തമായി നടത്തിയ “ഓപ്പറേഷന്‍ ബിഗ് ഡാഡി”യില്‍ ഇനിയും അനേകം പേര്‍ കുടുങ്ങുമെന്നാണ് അറിവ്.

സ്വന്തം വീട്ടില്‍ പോലും പെണ്‍‌കുട്ടികള്‍ സുരക്ഷിതരല്ല എന്ന് അടുത്ത കാലങ്ങളില്‍ നടന്ന സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു, സഹോദരന്‍ സഹോദരിയെ പീഡിപ്പിക്കുന്നു, അമ്മ പെണ്‍‌മക്കളെ പണത്തിനുവേണ്ടി സെക്സ് റാക്കറ്റുകള്‍ക്ക് വില്‍ക്കുന്നു. കൂടാതെ അധ്യാപകരും വൈദികരും പീഡിപ്പിക്കുന്നു. ഇവരൊക്കെ ചേര്‍ന്ന് നടത്തുന്ന ഈ വൈതാളിക തേര്‍‌വാഴ്ചക്കെതിരെ ശബ്ദിക്കാന്‍ സാക്ഷര സമ്പന്നമായ കേരള ജനത എന്തേ മടിക്കുന്നു?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top