Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

November 20, 2015 , സ്വന്തം ലേഖകന്‍

Film festivalപനാജി (ഗോവ): 46ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പനാജിയില്‍ തിരശ്ശീല ഉയര്‍ന്നു. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്‍െറ ജീവിതകഥ ആവിഷ്കരിക്കുന്ന ‘ദി മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി’ ആയിരുന്നു ഉദ്ഘാടന ചിത്രം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. നടന്‍ അനില്‍ കപൂര്‍ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവന മാനിച്ച് ഇളയരാജക്ക് ‘സെന്‍റിനറി അവാര്‍ഡ് ഫോര്‍ ഇന്ത്യന്‍ പേഴ്സനാലിറ്റി ഓഫ് ദി ഇയര്‍’ അവാര്‍ഡ് നല്‍കി ആദരിച്ചു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗജേന്ദ്ര ചൗഹാനെ മാറ്റണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ ഉദ്ഘാടനച്ചടങ്ങിനിടെ പ്രതിഷേധമുയര്‍ത്തി. 7000 പ്രതിനിധികളാണ് ഇത്തവണ മേളക്കത്തെുന്നത്.

ഇന്ത്യന്‍ ചലച്ചിത്രോത്സവത്തിന് ആഗോള ഫെസ്റ്റിവല്‍ സര്‍ക്യൂട്ടില്‍ ഇടം ലഭിച്ചതായി ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സിനിമക്ക് വിസ്മയകരമായ പരിണാമമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 58-കാരനായ അനില്‍ കപൂര്‍ വികാരഭരിതനായാണ് പ്രസംഗം തുടങ്ങിയത്. തന്‍െറ കഴിഞ്ഞകാല സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇത്രയും വിലപ്പെട്ട നിമിഷങ്ങള്‍ കഴിച്ചുകൂട്ടുകയെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധകര്‍ക്കായി അനില്‍ കപൂര്‍ തന്‍െറ പ്രശസ്ത ഗാനമായ ‘ധക് ധകി’ന്‍െറ വരികള്‍ക്കൊപ്പം ചുവടുവെച്ചു.

11 ദിവസത്തെ മേളയില്‍ ലോക സിനിമാവിഭാഗത്തില്‍ 89 രാജ്യങ്ങളില്‍നിന്ന് 187 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ഫീച്ചര്‍ സിനിമകളും 21 ഫീച്ചറേതര സിനിമകളും പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ സിനിമകളടക്കം 15 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്കൃതം സിനിമ ‘പ്രിയമാനസം’ ആണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടനചിത്രം. ഹിന്ദുത്വ ആശയം കുത്തിനിറച്ച സിനിമ എന്നാരോപിച്ച് ‘പ്രിയമാനസ’ത്തിന് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അനുമതി ലഭിച്ചിരുന്നില്ല.

സ്പെയിന്‍ സിനിമയാണ് ഇത്തവണത്തെ ഫോക്കസ്. സ്പാനിഷ് ചലച്ചിത്രകാരന്മാരായ കാര്‍ലോസ് സൗറ, പെഡ്രോ ആല്‍മദോവര്‍, അലിയാന്‍ഡ്രോ അമെനാബാര്‍ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമാധാനം, സഹിഷ്ണുത, അക്രമരാഹിത്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനിമക്ക് ഇത്തവണ യുനെസ്കോ ഫെല്ലിനി സമ്മാനം നല്‍കും. ലോക ക്ളാസിക് സിനിമകളുടെ പ്രത്യേക വിഭാഗവും ഇത്തവണയുണ്ട്. സിനിമയും സാംസ്കാരിക വൈവിധ്യവും എന്ന വിഷയത്തില്‍ പ്രത്യേക സെമിനാറുണ്ട്. പ്രമുഖ ചലച്ചിത്രകാരന്മാരായ ശ്യാം ബെനഗല്‍, വെറ്റിമാരന്‍ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി മനോഹര്‍ പരീകര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍, അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍, അംഗങ്ങളായ മൈക്കല്‍ റാഡ്ഫോഡ്, ജൂലിയ ജെന്‍ഷ്, സുഹ അറഫ്, ജോണ്‍ ക്യൂഹ്വാന്‍, എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top