Flash News

“അണ്ണാറക്കണ്ണനും തന്നാലായത്”; മൂന്നാം ക്ലാസ്സുകാരിയുടെ രക്ഷകനായി പതിനഞ്ചുകാരന്‍

December 7, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

abhiകിഡ്‌നി രോഗം ബാധിച്ച അര്‍ച്ചന എന്ന മൂന്നാം ക്ലാസുകാരിയുടെ നിരാലംബ ജീവിതത്തെ ഫേസ്ബുക്ക് താങ്ങിലൂടെ മാറ്റിമറിച്ച ഒരു 15കാരന്റെ കഥയാണിത്. ഓണ്‍ലൈന്‍ ലോകത്തിന്റെ സ്വന്തം അഭിജിത്തിന്റെ വേറിട്ട ജീവിതത്തെക്കുറിച്ച് കെ.പി റഷീദ് എഴുതുന്നു:

കടപ്പാട്: ദിനേശ് ചോമാട്ടില്‍ 

പാലക്കാട് ജില്ലയിലെ പാടൂര്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി അര്‍ച്ചനയുടെ വീട് ഇനി ബാങ്കുകാര്‍ ജപ്തി ചെയ്യില്ല. അര്‍ച്ചനയുടെ സ്വന്തം വീടിന്റെ ആധാരം അവള്‍ക്കും കുടുംബത്തിനും ബാങ്കില്‍ നിന്നും തിരിച്ചു കിട്ടി. ബാങ്കില്‍ അടക്കാനുള്ള 50,000 രൂപയും പലിശയും അടക്കം 51,984 രൂപ അടച്ചു തീര്‍ത്തത് അഭിജിത്ത് എന്ന പതിനഞ്ചുകാരനാണെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതവും അതിലേറെ ആദരവും ആ ബാലനോട് തോന്നും. അര്‍ച്ചനയും, അമ്മയും, ഏട്ടനും, അഞ്ചു വയസ്സുള്ള അനിയനും തെരുവിലേക്ക് വലിച്ചെറിയപ്പെടുമായിരുന്ന ഘട്ടത്തിലാണ് സഹായഹസ്തവുമായി അയല്‍ക്കാരനും, പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിജിത്ത് എത്തുന്നത്. ചെറുപ്രായത്തില്‍ തന്നെ ഓണ്‍ലൈന്‍ ലോകത്ത് സജീവമായ അഭിജിത്ത് ഫേസ്ബുക്കിലും പുറത്തും നടത്തിയ സമയോചിതമായ ഇടപെടലുകളാണ് അര്‍ച്ചനയുടെ കുടുംബത്തിന് തണലായെത്തിയത്.

ബാങ്കിലെ കടബാധ്യത തീര്‍ത്ത് ആധാരം അര്‍ച്ചനയെ ഏല്പിച്ച് ഫേസ്ബുക്കില്‍ അഭിജിത്ത് എഴുതിയ കുറിപ്പ്

ഇന്ന് അര്‍ച്ചനയുടെ പുഞ്ചിരി വീണ്ടും കണ്ടു. കാരണം ഇന്ന്, അര്‍ച്ചനയുടെ വീടിനെ കൊണ്ടുപോകാനിരുന്ന ജപ്തി ചെയ്യാതിരിയ്ക്കാനാവശ്യമായ പണമടച്ചു, കടമടച്ചു, പലിശയുമടച്ചു. അമ്മയും, ഞാനും, അര്‍ച്ചനയും, അര്‍ച്ചനയുടെ അമ്മയുമായി ഞങ്ങള്‍ ബാങ്കിലെത്തി. പണമടക്കുകയും, ആധാരം തിരികെ വാങ്ങുകയും ചെയ്തു. അര്‍ച്ചനയും, അര്‍ച്ചനയുടെ അമ്മയും ഒരു കുന്നോളം സന്തോഷവും തീറെഴുതി വാങ്ങി…..

02ഒരിക്കല്‍ എന്റെ അച്ഛന്‍ കുട്ടിയായിരുന്നപ്പോഴും ഇതേ ബാങ്കില്‍ നിന്ന് ഒരു നോട്ടീസ് വന്നു. നൂറു രൂപക്ക് വീട് ജപ്തി ചെയ്യുമെന്നുള്ള നോട്ടീസ്. അത് കൊണ്ടുവന്നത് വെള്ള മുണ്ടും, ഷര്‍ട്ടുമണിഞ്ഞ ഒരു കുടപിടിച്ച ഉയരം കൂടിയ ആളായിരുന്നു. അയാള്‍ അച്ഛന്റെ പൊട്ടിപൊളിഞ്ഞ അടുക്കളയിന്മേല്‍ ഇരുന്നു, എന്നിട്ടു പറഞ്ഞു. നിങ്ങളുടെ വീട് ജപ്തി ചെയ്യാന്‍ പോകുകയാണ്. ഒരു ഇരുപത് രൂപ കെട്ടിവച്ചാല്‍ അത് നീട്ടിത്തരാം.

ആ സമയം എന്റെ അച്ഛാച്ചന്‍ മരിച്ച ദിനങ്ങളായിരുന്നു. അച്ഛനും, അച്ഛമ്മയും പകച്ചുനിന്നു.അച്ഛന് അന്ന് 12 വയസ്സേയുള്ളൂ.വീടിനടുത്ത വലിയ മുതലാളിയായ ദേവസ്യ മുതലാളിയുടെ വീട്ടിലേക്ക് ഇരുപത് രൂപയ്ക്കായി പറഞ്ഞയച്ചു. അയാള്‍ പറഞ്ഞു,ഇരുപത് രൂപ തരാം, പക്ഷെ നീയതെങ്ങനെ തിരികെതരും?

അപ്പോഴാണ് അവിടേക്ക് എന്നും വരാറുള്ള ചോപ്പത്തിയമ്മൂമ്മ ആ വഴി വന്നത്. പട്ടിണികിടക്കുമ്പോള്‍ ഇവിടെനിന്നായിരുന്നു ചോപ്പത്തിയമ്മൂമ്മക്ക് ചോറുകിട്ടുക. അമ്മൂമ്മ വീടുകളിലെ വസ്ത്രങ്ങള്‍ അലക്കിയാണ് ജീവിച്ചിരുന്നത്. ഇക്കാര്യം അറിഞ്ഞ ചോപ്പത്തിയമ്മൂമ്മ താന്‍ അലക്കിയിരുന്ന വീടുകളില്ലെല്ലാം പോയി, ഒരു രൂപയും, അമ്പതു പൈസയും പിരിച്ചു നൂറു രൂപയും കൊണ്ടുപോയി ബാങ്കില്‍ അടച്ചു… പിന്നെ അമ്മൂമ്മ അതടച്ച റസീറ്റുമായി തിരികെ ഇവിടെയെത്തി. എന്നിട്ട് പറഞ്ഞു, ഈ പണം എനിക്ക് തിരികെതരേണ്ട, എനിക്കും, എന്റെ മക്കള്‍ക്കും വിശക്കുമ്പോള്‍ ചോറ് തന്നതിന് പ്രത്യുപകാരമാണിത്.

ആ അമ്മൂമ്മയുടെ മകനിന്ന് എഞ്ചിനീയറാണ്. അച്ഛന്റെ കൂട്ടുകാരനാണ് ആ എഞ്ചിനീയര്‍. അച്ഛനും ഇന്ന് സര്‍ക്കാര്‍ ജോലിയുണ്ട്. അന്ന് ഞങ്ങളെ സഹായിക്കാന്‍ ചോപ്പത്തിയമ്മൂമ്മയുണ്ടായി. ഇന്ന് ഞാന്‍ കേറിയതും ചോപ്പത്തിയമ്മൂമ്മ പണമടച്ച അതേ ബാങ്കില്‍ തന്നെ. അര്‍ച്ചനയെ സഹായിച്ച എല്ലാവര്‍ക്കും ഒരുപാട്, ഒരുപാട്, നന്ദി.

അര്‍ച്ചനയുടെ കഥ

ആരാണ് അര്‍ച്ചന? അവള്‍ക്കും കുടുംബത്തിനും വേണ്ടി എന്തിനാണ് അഭിജിത്ത് എന്ന കുട്ടി ഫേസ്ബുക്കിലെ മാമന്‍മാര്‍ക്കും മാമിമാര്‍ക്കും മുന്നില്‍ സഹായക്കൈ നീട്ടിയത്? നവംബര്‍ 22-ന് അഭിജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്:

“പ്രിയപ്പെട്ട മാമാനമ്മായിമാര്‍ക്ക് അഭിജിത്ത് എഴുതുന്ന കത്ത്. ഞാന്‍ പഠിച്ചു വളര്‍ന്ന കുഞ്ഞു സ്‌കൂളിലാണ് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചന എന്ന കുഞ്ഞനിയത്തി പഠിക്കുന്നത്. അവളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു, പക്ഷെ ഒരു നാള്‍ ആ കുടുംബത്തിനെയൊക്കെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് അര്‍ച്ചനയുടെ അച്ഛന്‍ വൈദ്യുത അപകടത്തില്‍ മരിക്കുകയുണ്ടായി. അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല. അച്ഛന്റെ മരണത്തിനുശേഷം ഒരു താങ്ങായിരുന്ന അച്ഛമ്മയും കാന്‍സര്‍ ബാധിച്ച് അവരെ വിട്ടുപോയി.അപ്പോഴും അവള്‍ കരഞ്ഞു. പക്ഷെ കറുത്തിരുണ്ട മേഘപടലങ്ങള്‍ അവിടം വിട്ടുപോയില്ല. അവശേഷിച്ച ചെറിയച്ചന്‍ ആത്മഹത്യയും ചെയ്തു. ഇന്നാ കുടുംബം ഒറ്റക്കാണ്. ഒരേട്ടനും, അര്‍ച്ചനയും, അഞ്ച് വയസ്സായ അനിയനും, അമ്മയും മാത്രം!

04ഞാനും ഏട്ടനും, ഞങ്ങളുടെ കുഞ്ഞു സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പനിയും തലവേദനയും വരുമ്പോള്‍ പുസ്തക കെട്ടുകളിഴഞ്ഞ ബാഗിനേയും, ഞങ്ങളേയും ഏന്തി വീട്ടിലെത്തിച്ചിരുന്നത് ആ ഏട്ടനായിരുന്നു. ഓര്‍മ്മകളുടെ ഇടയ്ക്ക് പൊഴിഞ്ഞുപോയ ആ ഏട്ടന്റെ മുഖം വ്യക്തമല്ല.ആ ഏട്ടന്റെ അനിയത്തിയായ അര്‍ച്ചനയേയും തേടി ഇന്നാ കറുത്ത മേഘം വന്നിരിക്കുകയാണ്. കിഡ്‌നി തകരാറിലായി,അവള്‍ ഇരുപത് ദിവസങ്ങളായി തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജിലാണ്. ആ ചിലവ് അവര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇവിടെ ഞങ്ങളുടെ നാട്ടിലും അര്‍ച്ചനയെ സഹായിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. നാളെ ഞാന്‍ എന്റെ സ്‌ക്കൂളില്‍ ഇതവതരിപ്പിക്കും. അവിടേയും അര്‍ച്ചനയെ സഹായിക്കാനാളുണ്ടാവും.എന്റെ വരച്ചെഴുതി കിട്ടിയ ഒരു പങ്ക് അര്‍ച്ചനയായി, ഞാനര്‍ച്ചനയ്ക്ക് സമര്‍പ്പിക്കും. ഈ കുഞ്ഞനിയത്തിയെ സഹായിക്കാന്‍ ആരെങ്കിലുമിവിടെയുണ്ടോ…. ഒരു കൈ സഹായം മാത്രം, ജീവിതത്തില്‍ ഒരു കുന്നോളം സ്വപ്‌നങ്ങള്‍ പൂക്കാന്‍….”

അഭിജിത്തിന്റെ ഈ ആ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങള്‍ ഏറെയായിരുന്നു. അര്‍ച്ചനയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ തങ്ങള്‍ക്കാവുന്നത് ചെയ്യുമെന്ന് അഭിജിത്തിനെ ഇഷ്ടപ്പെടുന്ന അനേകം നല്ല മനുഷ്യര്‍ ഫേസ്ബുക്കിലൂടെ ഉറപ്പു നല്‍കി. ഒപ്പം മറ്റു കുറേ കാര്യങ്ങളും അഭി ചെയ്തു. അര്‍ച്ചനയുടെ സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചു. ഒപ്പം, പഞ്ചായത്ത് വൈസ് പ്രസിഡന്റ്,പി.ടി.എ പ്രസിഡന്റ്, സ്വന്തം സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എന്നിവരുമായും സംസാരിച്ചു. അഭിജിത്തിന്റെ സ്‌കൂള്‍ അധികൃതര്‍ വേണ്ട സഹായം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി. അര്‍ച്ചനയുടെ പേരില്‍ ഒരു അക്കൗണ്ട് തുടങ്ങി സഹായനിധി സ്വരൂപിക്കാമെന്ന് തീരുമാനമുണ്ടായി.

അര്‍ച്ചന പഠിക്കുന്ന പാടൂര്‍ എ.എല്‍.പി സ്‌ക്കൂള്‍ അധികൃതരുടെ മുന്‍കൈയില്‍ അവള്‍ക്കുള്ള അക്കൗണ്ട് ആരംഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് കാവശ്ശേരി ശാഖയിലാണ് അക്കൗണ്ട് ആരംഭിച്ചത്. (PUNJAB NATIONAL BANK (PNB) Kavassery branch – Palakkad.അക്കൗണ്ട്‌നമ്പര്‍ 4292001500065884 IFSC code 0429200). ഒപ്പം സ്വന്തം സ്‌കൂളിലെ പി.ടി.എ യോഗത്തിലും അഭിയുടെ മുന്‍കൈയില്‍ അര്‍ച്ചനയുടെ കാര്യം അവതരിപ്പിച്ചു. ആവശ്യമായ സഹായം നല്‍കമെന്ന് പിടിഎയും സമ്മതിച്ചു.

ജപ്തി എന്ന കൊടുവാള്‍

അര്‍ച്ചനയുടെ രോഗവിവരത്തെക്കുറിച്ച് അഭിജിത്ത് ഫേസ്ബുക്കില്‍ അതാത് സമയങ്ങളില്‍ എഴുതിക്കൊണ്ടേയിരിക്കെ, മറ്റൊരു ദുരന്തവും ആ കുടുംബത്തെ വേട്ടയാടി. ബാങ്ക് ജപ്തി. ഡിസംബര്‍ മൂന്നിനകം തുകയും പലിശയും അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന ഉത്തരവാണ് കിട്ടിയത്.

ആത്മധൈര്യം കൈവിടാതെ ആ പതിനഞ്ചുകാരന്‍ വീണ്ടും ഫേസ്ബുക്കില്‍ എഴുതി:

“ഇന്ന് അര്‍ച്ചനയുടെ വീട്ടിലേക്കു പോയി. അല്ല, ബാങ്കുകാരുടെ വീട്ടിലേക്ക്. അര്‍ച്ചന ആശുപത്രിയില്‍ നിന്ന് തിരിച്ച് വരുമ്പോഴേക്കും വീടിന്റെ തേയ്ക്കാത്ത ചുമരില്‍ ആ വെളുത്ത പത്രം പതിപ്പിച്ചിരുന്നു. ബാങ്കുകാര്‍ അതിനെ ജപ്തി നോട്ടീസ് എന്ന് വിളിച്ചു. പണത്തിനായി, വീട് 50000 രൂപയ്ക്ക് വായ്പ വച്ചിരിക്കുകയാണ്. എന്നാല്‍ തിരികെ പണം അടയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെയാണ് ജപ്തിയുടെ വെള്ളപത്രം വീടുതേടി വന്നത്. സ്വന്തമെന്നു പറയാവുന്നവര്‍ വീട്ടിലില്ല. ഇപ്പോള്‍ ജപ്തി നോട്ടീസ് എന്ന അതിഥി വന്നെന്നുമാത്രം. ഞങ്ങള്‍ വീട്ടിലേക്കെത്തുമ്പോള്‍ അര്‍ച്ചന മുമ്പിലിരിപ്പുണ്ടായിരുന്നു. അവളുടെ പാസ്ബുക്കും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി. കൈയ്യിലുള്ള കുഞ്ഞു സമ്പാദ്യം അവള്‍ക്കു നല്‍കി. കുഞ്ഞു വീടാണെങ്കിലും, അര്‍ച്ചനയുടേയും, സഹോദരനായ അതുലിന്റേയും, അമ്മയുടേയും, അമ്മൂമ്മയുടേയും, ഒരു വലിയ സമ്മാനത്തോടെയാണ് തിരികെ പോന്നത്. സ്‌നേഹത്തിന്റെ ചിരി എന്ന ആ സമ്മാനത്തിന് ഒരു കുന്നോളം വലുപ്പമുണ്ടായിരുന്നു. പ്രപഞ്ചത്തേക്കാള്‍ പ്രായവും. എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക?

03അതൊരു പുതിയ പ്രശ്‌നമായിരുന്നു. അര്‍ച്ചനയുടെ ചികിത്സ എന്ന ലക്ഷ്യമായിരുന്നു അതുവരെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതിലും ഗുരുതരമാണ് പ്രശ്‌നം. ഒരാഴ്ച മാത്രമാണ് മുന്നില്‍. അതിനകം വലിയ തുക കണ്ടെത്തണം. അത് ബാങ്കില്‍ അടയ്ക്കണം. എന്തു ചെയ്യും? ഫേസ്ബുക്ക് തന്നെ അതിനും താങ്ങായി. പല വഴികളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ വന്നു.
ആ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്ക് ശേഷം അഭി ഫേസ്ബുക്കിലിട്ട ഈ പോസ്റ്റ്, നന്‍മ നിറഞ്ഞ ഒരു സഹായ വാഗ്ദാനത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ നിന്നാണ് പ്രിയ ചിറ്റ വിളിച്ചത്. ചിറ്റ ഇങ്ങനെ പറഞ്ഞു തുടങ്ങി, ഞാന്‍ ജോസഫ് ആന്റണി മാമന്റെ സുഹൃത്താണ്. അവസാനം ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു. എനിക്ക് രണ്ട് പെണ്‍മക്കളാണ്, ഇപ്പോഴിതാ മൂന്നാമതൊരാളും, അത് അര്‍ച്ചനയാണ്. ഒപ്പം, വിശ്വ പ്രഭ മാമന്‍ വിളിച്ചു. അര്‍ച്ചനയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉടന്‍ തരൂ. ആവശ്യമായത് ചെയ്യാം. ആ ശ്രമങ്ങളാണ് ഇന്ന് അര്‍ച്ചനയുടെ കൈകളില്‍ വീടിന്റെ ആധാരം ഏല്‍പ്പിക്കുന്നതില്‍ എത്തിയത്. ഇനി അര്‍ച്ചനയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടില്‍നിന്നും ഇറങ്ങേണ്ടതില്ല. എന്നാല്‍, ആ മൂന്നാം ക്ലാസുകാരിയുടെ കിഡ്‌നി രോഗം അതേ പടിയുണ്ട്. ചികില്‍സ നടക്കുകയാണ്. രണ്ടാഴ്ച കൂടുന്തോറും ആശുപത്രിയില്‍ പോവണം. അതിന് നല്ല പണച്ചെലവുണ്ട്. അതിനെന്ത് ചെയ്യണം? എല്ലാം നടക്കുമെന്നാണ് എന്റെ വിശ്വാസം. ഒരു പാട് നല്ല മനുഷ്യര്‍ ലോകത്തുണ്ട്. മനുഷ്യപ്പറ്റും നന്മയുമുള്ള വലിയ മനുഷ്യര്‍. ഫേസ്ബുക്കിലൂടെ ഞാന്‍ പഠിച്ച പാഠം അതാണ്. ഉറപ്പായും അര്‍ച്ചന ഒറ്റയ്ക്കല്ല. അവരൊക്കെ ഒപ്പമുണ്ടാവും. എങ്ങിനെയെങ്കിലും അവളെ രക്ഷിക്കാന്‍ കഴിയാതിരിക്കില്ല.”

ഇങ്ങിനെ പറയാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജവും ഈ പത്താം ക്ലാസുകാരന്‍ പയ്യന് എങ്ങിനെയാണ് കിട്ടുന്നത്? അവന് കൈത്താങ്ങാവാന്‍ മാമന്‍മാരും മാമിമാരുമൊക്കെ സസന്തോഷം വരുന്നത് എങ്ങിനെയാണ്? അക്കാര്യം മനസ്സിലാവാന്‍ അഭിജിത്തിനെ അറിയണം. ഈ 15 വയസ്സുകാരന്‍, ചെറുപ്രായത്തിലേ ഓണ്‍ലൈന്‍ ലോകത്ത് തീര്‍ത്ത ബന്ധങ്ങളുടെ ആഴമറിയണം. കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കിയാല്‍ അവര്‍ വഴി തെറ്റിപ്പോവുമെന്നും ഫേസ്ബുക്കില്‍ എത്തുന്ന കൗമാരക്കാര്‍ കെണിയിലാണെന്നും ആവര്‍ത്തിക്കുന്ന നമ്മുടെ മുത്തശ്ശി പത്രങ്ങളെയും ചാനലുകളെയും സ്വന്തം ജീവിതം കൊണ്ട് തിരുത്തുകയാണ് ഈ പതിനഞ്ചു വയസ്സുകാരന്‍. ചാറ്റിനും സെല്‍ഫികള്‍ക്കും മാത്രമായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന മുതിര്‍ന്നവരോട് ഇങ്ങനെയും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാമെന്ന് കാണിച്ചു കൊടുക്കുകയാണ് അഭിജിത്ത്.

അഭിയുടെ ലോകം

പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഗ്രാമത്തിലെ പാടൂരാണ് അഭിജിത്തിന്റെ വീട്. അച്ഛന്‍ ആന്റോ കണ്ണന്‍ പുതുക്കാട് കെ.എസ്.ഇബി ഓഫീസില്‍ ഓവര്‍സിയറാണ്. അമ്മ സുധ. ഒരു സഹോദരനുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന ഗൗതമന്‍. കാവശ്ശേരി കെ സി പി എച്ച് എസ് എസ് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ് അഭി. കുടുംബത്തിന്റെ വിശ്വാസവും പിന്തുണയുമാണ് അഭിയുടെ ഓണ്‍ലൈന്‍ ജീവിതത്തിന്റെ കാതല്‍.

എട്ടു വയസ്സുള്ളപ്പോഴാണ് ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതെന്ന് അഭി പറയുന്നു. വീട്ടിലെ കമ്പ്യൂട്ടറിലായിരുന്നു കന്നിയങ്കം. രണ്ടു മൂന്നു വര്‍ഷമായി ഫേസ്ബുക്കിലുണ്ട്. ഫേസ്ബുക്കിന്റെ പോസിറ്റീവ് സാദ്ധ്യതകള്‍ സാര്‍ത്ഥകമായി ഉപയോഗിക്കുകയായിരുന്നു അഭി. അങ്ങിനെയാണ് വിക്കി പീഡിയയുമായി അടുക്കുന്നത്. പഠനാവശ്യങ്ങള്‍ക്കായി വിക്കി ലേഖനങ്ങള്‍ വായിക്കുകയായിരുന്നു. അതിലെ എഡിറ്റ് ഓപ്ഷനെ കുറിച്ച് അറിഞ്ഞത് വൈകിയാണ്. വിക്കിയിലേക്ക് ലേഖനങ്ങള്‍ എഴുതാമെന്ന് അറിഞ്ഞത് കണ്ണൂരില്‍ നടന്ന വിക്കി സംഗമത്തിലാണ്. ഫേസ്ബുക്കിലൂടെ അടുത്തറിഞ്ഞ വിക്കിപ്രവര്‍ത്തകനായ വിശ്വപ്രഭയായിരുന്നു വഴി കാട്ടി. അങ്ങിനെ കഴിഞ്ഞ വര്‍ഷം തൊട്ട് വിക്കിയിലേക്ക് ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. ഒരു വര്‍ഷം കൊണ്ട് 50 ലേറെ ലേഖനങ്ങള്‍ എഴുതി. കലയും ശാസ്ത്രവുമാണ് വിക്കിയെഴുത്തിലെ പ്രിയ വിഷയങ്ങള്‍. തോമസ് ആല്‍വ എഡിസനെ കുറിച്ചുള്ള ലേഖനമാണ് ഇപ്പോള്‍ വിക്കി പീഡിയയ്ക്ക് വേണ്ടി എഴുതുന്നത്. മലയാള വിക്കി സമൂഹത്തിന്റെ പ്രിയപ്പെട്ട അനുജനാണ് ഇന്ന് അഭിജിത്ത്.

05ചെറുപ്പത്തിലേ വായിക്കുമായിരുന്നുവെന്ന് അഭി പറയുന്നു. അച്ഛന്‍ നല്ല വായനക്കാരനാണ്. വീട്ടില്‍ കുറേ പുസ്തകങ്ങളുണ്ടായിരുന്നു. പുസ്തകങ്ങളില്‍ നിന്ന് എഴുത്തിലേക്കു വളര്‍ന്നു. പണ്ടേ ഒപ്പമുണ്ടായിരുന്ന വരയും കൂടെ വന്നു. യുറീക്ക വാരികയില്‍ കുറച്ചു കാലമായി അഭി എഴുതാറുണ്ട്. അഭി വരച്ച ചിത്രങ്ങളും യുറീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിലും ഏറെ മുന്നിലാണ് അഭി. സമപ്രായക്കാരേക്കാള്‍ ലോകത്തെക്കുറിച്ചും ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചും ബോധവാനുമാണ്.

ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് നല്ലതല്ലെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് നന്‍മയുടെ വഴികള്‍ അഭി സ്വയം തെളിച്ചെടുക്കുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന പത്താം ക്ലാസുകാരെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നതിനപ്പുറം സാദ്ധ്യതകളില്ലേ എന്ന ചോദ്യത്തിന് അഭിയുടെ ഉത്തരം വളരെ വ്യക്തമായിരുന്നു. ‘അറിവിന്റെ ഖനിയാണ് ഇന്റര്‍നെറ്റ്. മറ്റ് പലതിന്റെയും. നമുക്ക് വേണ്ടത് കണ്ടെത്താന്‍ നാം പഠിക്കണം. നിരോധനങ്ങള്‍ കൊണ്ട് അതിന് കഴിയില്ല. ലോകത്തെ കുറിച്ച് അറിയാനും കാഴ്ചപ്പാട് വികസിക്കാനും ഇന്റര്‍നെറ്റ് ഏറെ സഹായകമാണ് എന്നാണ് എന്റെ അനുഭവം. ഫേസ്ബുക്കിനെ കുറിച്ച് പറഞ്ഞാല്‍, നല്ല അനുഭവങ്ങള്‍ മാത്രമേ എനിക്ക് അവിടെ നിന്ന് കിട്ടിയുള്ളൂ. ഫേസ്ബുക്കില്‍നിന്ന് കിട്ടിയ മാമന്‍മാരും മാമിമാരുമൊക്കെ നല്‍കുന്ന എനര്‍ജിയാണ് എന്റെ ശക്തി.’

അഭി ഒരു സാക്ഷ്യമാണ്. ഇന്റര്‍നെറ്റ് നമ്മുടെ കുട്ടികള്‍ക്ക് എങ്ങിനെയാണ ഭാവിയിലേക്കുള്ള ചിറകുകള്‍ നല്‍കുന്നതെന്നതിന്റെ ജീവിക്കുന്ന സാക്ഷ്യപത്രം. അഭിയുടെ വീട്ടിന് തൊട്ടടുത്തുള്ള ചെത്തിത്തേയ്ക്കാത്ത വീട്ടിലിരുന്ന് അര്‍ച്ചനയുടെ സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകള്‍ അക്കാര്യം നമ്മോട് പറയുന്നുണ്ട്.

അര്‍ച്ചനക്ക് സഹായമെത്തിക്കാന്‍ താല്പര്യമുള്ളവര്‍ ഈ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്:

PUNJAB NATIONAL BANK (PNB) Kavassery branch – Palakkad. അക്കൗണ്ട്‌ നമ്പര്‍ 4292001500065884 IFSC code 0429200).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top