- Malayalam Daily News - http://www.malayalamdailynews.com -

ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്

Rohit Vemula...suicide student [1]

Rohit Vemula…suicide student

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി ബണ്ഡാരു ദത്താത്രേയ, വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കാണ് കേസ്. മന്ത്രിക്കും വി.സിക്കും പുറമേ പ്രാദേശിക ബി.ജെ.പി എം.എല്‍.സി എന്‍. രാമചന്ദ്ര റാവു, എ.ബി.വി.പി പ്രവര്‍ത്തകരായ സുശീല്‍ കുമാര്‍, കൃഷ്ണ ചൈതന്യ എന്നിവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ സയന്‍സ് ടെക്നോളജി ആന്‍ഡ് സൊസൈറ്റി സ്റ്റഡീസില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായിരുന്ന ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശി രോഹിത് വെമുലയെ (25) ഞായറാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ പിഎച്ച്.ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ പ്രവര്‍ത്തകനായിരുന്നു. ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രോഹിതിനെയും മറ്റ് നാലുപേരെയും വൈസ് ചാന്‍സലര്‍ അപ്പാ റാവു പോദിലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയായിരുന്ന ബണ്ഡാരു ദത്താത്രേയയാണ് രോഹിതിനും കൂട്ടര്‍ക്കുമെതിരെ മാനവ വിഭവശേഷി മന്ത്രാലയത്തിന് പരാതി നല്‍കിയത്. രോഹിതിന്‍െറയും കൂട്ടുകാരുടെയും സസ്പെന്‍ഷനെ തുടര്‍ന്ന് യൂനിവേഴ്സിറ്റി കാമ്പസില്‍ ഒരാഴ്ചയിലധികമായി രാപ്പകല്‍ സമരം നടന്നുവരുകയായിരുന്നു.

രോഹിതിന്‍െറ മരണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഹൈദരാബാദില്‍ പ്രകടനം നടത്തി. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. ഇന്‍ക്വസ്റ്റ് തയാറാക്കാനായി വന്ന പൊലീസിനെ തടഞ്ഞ വിദ്യാര്‍ഥികള്‍ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറത്തെടുക്കാന്‍ അനുവദിക്കാതെ താഴിട്ട് പൂട്ടി. രോഹിതിന് നീതി ഉറപ്പാക്കിയ ശേഷമേ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കൂ എന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. തുടര്‍ന്ന് പൊലീസും വിദ്യാര്‍ഥികളുമായി സംഘര്‍ഷമുണ്ടായി.

ഒടുവില്‍, ബലം പ്രയോഗിച്ച് ഹോസ്റ്റല്‍ മുറിയില്‍ കടന്നാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്. ദലിത് – ഇടത് വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസ് അടക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നു. മകന്‍െറ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കഴിഞ്ഞ രണ്ടാഴ്ചയായി രോഹിത് ഹോസ്റ്റല്‍ മുറിക്ക് പുറത്ത് കഴിയേണ്ടിവന്നതിനെക്കുറിച്ച് യൂനിവേഴ്സിറ്റി വിശദീകരണം നല്‍കണമെന്നും രോഹിതിന്‍െറ അമ്മ ആവശ്യപ്പെട്ടു. ഹൈദരാബാദിലും പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

dalit student suicide protest at delhi [2]അതിനിടെ, രോഹിത് വേര്‍മുലയുടെ മരണത്തിനുത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിയടിയും ജലപീരങ്കി പ്രയോഗവും. മാനവശേഷി വികസന മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ നൂറിലേറെ പേര്‍ അറസ്റ്റിലായി. മരണത്തിലേക്കു നയിച്ച സംഭവം അന്വേഷിക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു. ഡല്‍ഹിയിലെ വിവിധ കലാശാലകളില്‍നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുത്ത മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍നിന്ന് മുദ്രാവാക്യം വിളിച്ച ചിലര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു.

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. കോളജ് യൂനിയന്‍, പ്രോഗ്രസിവ് സ്റ്റുഡന്‍റ്സ് ഫോറം, അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, റാഡിക്കല്‍ സ്റ്റഡി സര്‍ക്ള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സാഖിബ് ഖാന്‍, മലയാളിയായ സുനിജ, അരവിന്ദന്‍, ജ്യോത്സ്ന, യശ്വന്ത്, ദീപക് എന്നിവര്‍ നേതൃത്വം നല്‍കി. വിനീത് കോഹ്ലി, തേജല്‍ കനിദ്കര്‍, മുരളി കദം, പത്മ വിലാസ്കര്‍, ലീന എബ്രഹാം എന്നീ അധ്യാപകര്‍ സംസാരിച്ചു. ബി.ജെ.പി ഭരണം തുടങ്ങിയതു മുതല്‍ ദലിതുകളും ന്യൂനപക്ഷങ്ങളും പീഡനത്തിനിരയാകുന്ന സംഭവങ്ങളില്‍ ഒടുവിലത്തേതാണ് ഹൈദരാബാദിലെ സംഭവമെന്ന് അധ്യാപകര്‍ പറഞ്ഞു. വൈകീട്ട് ടിസ് കാമ്പസില്‍നിന്ന് ചെമ്പൂര്‍ അംബേദ്കര്‍ ഉദ്യാനം വരെ മാര്‍ച്ചും നടത്തി.

വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു. എ.ബി.വി.പിയുടെയും ബി.ജെ.പിയുടെയും സമ്മര്‍ദത്തിന് വഴങ്ങി രോഹിത് വെമുല അടക്കം അഞ്ച് ദലിത് വിദ്യാര്‍ഥികളെ പുറത്താക്കിയ ഹൈദരാബാദ് സര്‍വകലാശാലാ അധികൃതര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ [3] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[4] [5] [6] [7] [8]