Flash News

രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ അര്‍പ്പുതാമ്മാള്‍ ജയലളിതക്ക് നിവേദനം നല്‍കി

June 11, 2016

rajiv-gandhi-killers-650ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ പേരറിവാളന്‍െറ മാതാവ് അര്‍പ്പുതാമ്മാള്‍ ജയലളിതക്ക് നിവേദനം നല്‍കി. പ്രതികളുടെ ജയില്‍വാസത്തിന് 25 വര്‍ഷം പൂര്‍ത്തിയായതിനോടുനബന്ധിച്ച് ചെന്നൈയില്‍ മോചനജാഥ നടന്നു. അര്‍പ്പുതാമ്മാളിന്‍െറ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രമുഖ നടന്മാരുടെയും സാന്നിധ്യത്തിലായിരുന്നു മോചനജാഥ. ഇവര്‍ പിന്നീട് മുഖ്യമന്ത്രി ജയലളിതക്ക് നിവേദനം കൈമാറി. പ്രതികളെ മോചിപ്പിക്കണമെന്ന് നടന്‍ സത്യരാജ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജയലളിതയോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 161ാംവകുപ്പ് പ്രകാരം തന്നെ വിട്ടയക്കണമെന്ന് അഭ്യര്‍ഥിച്ച് എ.ജി. പേരറിവാളന്‍ ഗവര്‍ണര്‍ കെ. റോസയ്യക്ക് ദയാഹരജി നല്‍കി. 74 വയസ്സായ പിതാവ് ജ്ഞാനശേഖരന്‍ കിടപ്പിലാണെന്നും 69 വയസ്സുള്ള മാതാവ് അര്‍പ്പുതാമ്മാള്‍ രോഗിയാണെന്നും ഹരജിയില്‍ പറയുന്നു. തന്നെ അലട്ടുന്ന രോഗവിവരങ്ങളും പേരറിവാളന്‍ തെളിവായി നല്‍കിയിട്ടുണ്ട്. 25 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജയില്‍ മോചിതയാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതി നളിനിയും സംസ്ഥാസര്‍ക്കാറിന് അപേക്ഷ നല്‍കി.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരുടെ ജയില്‍വാസം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായ മുറക്ക് മോചനത്തിന് ഫെഡറല്‍ വ്യവസ്ഥയില്‍ നിയമപരമായ പിന്‍ബലമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍െറ അഭിപ്രായം. 1994ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 20 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാരെ മാനുഷിക പരിഗണനനല്‍കി വിട്ടയക്കാമെന്ന് പറയുന്നുണ്ട്.

കേസില്‍ പ്രതികളെന്ന് കണ്ടത്തെിയ 26 പേരെയും 1998ല്‍ ടാഡ കോടതി ശിക്ഷിച്ചിരുന്നു. 1999ല്‍ പ്രതികള്‍ അപ്പീലുമായി സുപ്രീംകോടതിയില്‍ എത്തി. 19 പേരെ വെറുതെവിട്ടു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചു. മറ്റ് മൂന്നുപേരില്‍ ശുഭ, ശിവരശന്‍ എന്നിവര്‍ 1991ല്‍ ബംഗളൂരുവില്‍ ജീവനൊടുക്കി. രവിചന്ദ്രന്‍െറ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപേരും മദ്രാസ് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഇളവ് ലഭിച്ചില്ല. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹരജിയും തീര്‍പ്പ് കല്‍പിക്കാതെ കിടന്നു. 2000ല്‍ തമിഴ്നാട് ഗവര്‍ണര്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ശിക്ഷാ കാലയളവ് പരിഗണിച്ച് സുപ്രീംകോടതി 2014ല്‍ മറ്റ് മൂന്നുപേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അതേത്തുടര്‍ന്ന് നാലുപേരെയും മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കേന്ദ്രം അനുമതി നല്‍കിയില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top