Flash News

Extra ordinary partnership between US and India – ഇന്ത്യാ സമുദ്രത്തിലെ അമേരിക്കന്‍ കാവലാള്‍

June 12, 2016

India maharajyam sizedഇന്ത്യക്കാരായ നമ്മള്‍ അറിഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യ രാഷ്ട്രീയമായും സൈനികമായും മാറിക്കഴിഞ്ഞു. അതിന്റെ ചരിത്രപരമായ ഒരു പൊളിച്ചെഴുത്തു പൂര്‍ത്തിയാക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ രണ്ടാം യു.എസ് സന്ദര്‍ശനം.

അതിന്റെ തുടക്കംതന്നെ വെര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ പ്രവിശ്യയിലുള്ള യു.എസ് സൈനിക ശ്മശാനത്തില്‍ ചെന്ന് സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു. വിയറ്റ്‌നാം, കൊറിയ, ഇറാഖ് ഉള്‍പ്പെടെ അധിനിവേശ കടന്നാക്രമണങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച്.

PM-Modi-US1864-ല്‍ തുടങ്ങിയ 624 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ സൈനിക ശ്മശാനം സന്ദര്‍ശിച്ച് ആദരാഞ്ജലിയര്‍പ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ഭരണാധികാരിയാണ് മോദി. അമേരിക്കന്‍ ജനതയുടെ മനസ്സാക്ഷിയെ സ്വാധീനിക്കാന്‍ മോദി പറഞ്ഞു: ‘സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി അവര്‍ കാണിച്ച ധീരതയേയും ബലിദാനത്തേയും ഞാന്‍ ആദരിക്കുന്നു.’

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരു സഭകളേയും ക്യാപിറ്റോളില്‍ അഭിസംബോധന ചെയ്തപ്പോഴും അമേരിക്കന്‍ അധിനിവേശ സൈനിക നയത്തിന് ശക്തമായ പിന്തുണ നല്‍കാന്‍ മോദി പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യന്‍ മേഖല സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ അമേരിക്ക നല്‍കുന്ന സംഭാവനയെ പ്രകീര്‍ത്തിച്ചു. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സേനാ പിന്മാറ്റം വൈകിക്കുന്നതിനേയും.

മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അഫ്ഗാന്‍ നിലപാടിന് വ്യത്യസ്ഥമായിരുന്നു ഇത്. അന്ന് അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് ബാബ്‌റാ കാര്‍മ്മല്‍ ഗവണ്മെന്റിനെ സംരക്ഷിക്കാന്‍ സൈന്യത്തെ അയച്ച സോവിയറ്റ് നടപടിക്കൊപ്പമായിരുന്നു ഇന്ത്യ. അമേരിക്ക മറിച്ചും. ദക്ഷിണ ചൈനാ കടലിലെ ജലപാത സംബന്ധിച്ച തര്‍ക്കത്തേയും മോദി പ്രസംഗത്തില്‍ പരോക്ഷമായി പരാമര്‍ശിച്ചു. കടലില്‍ ജലഗതാഗതത്തിന് സ്വാതന്ത്ര്യം അനിവാര്യമാണെന്നു പറഞ്ഞ്. ആഗോള തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചപ്പോഴും അതിന്റെ പ്രഭവകേന്ദ്രം ഇന്ത്യയുടെ അയല്‍പക്കത്താണെന്ന് പാക്കിസ്താനെതിരെ വിരല്‍ചൂണ്ടി.

modiരണ്ടുവര്‍ഷംമുമ്പ് അധികാരത്തിലേറുന്നതിന്റെ മുന്നോടിയായി ഇന്ത്യന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ കാര്യം എന്തായാലും ബറാക് ഒബാമയും മോദിയും തമ്മില്‍ ഉറപ്പിച്ച സൗഹൃദം സ്ഥായിയായി നിലനിര്‍ത്തുന്നതിനുള്ള എല്ലാ നീക്കങ്ങളും ഈ സന്ദര്‍ശനത്തോടെ മോദി പൂര്‍ത്തിയാക്കി. അടുത്ത നവംബര്‍ 8-ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലേക്ക് കടക്കുന്നതിന് മുമ്പ്. ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള വിഷയങ്ങളില്‍ ആഗോള നേതൃത്വം നല്‍കാന്‍ പ്രതിജ്ഞചെയ്യുന്നു എന്നാണ് വൈറ്റ് ഹൗസില്‍നിന്ന് ഇരു ഭരണകര്‍ത്താക്കളും ഒന്നിച്ചിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.

ഏഷ്യാ- പസഫിക് മേഖലയില്‍ ഇന്ത്യയും അമേരിക്കയും ആഗോള പങ്കാളിത്ത ശക്തികളായി ഭാവിയില്‍ പ്രവര്‍ത്തിക്കും. ഇന്ത്യാ സമുദ്രത്തിലെ അമേരിക്കന്‍ സുരക്ഷാ ഉത്ക്കണ്ഠകള്‍ ഇന്ത്യ ഏറ്റെടുക്കും. നാറ്റോയില്‍ അംഗമല്ലാത്ത ഇന്ത്യയ്ക്ക് തത്തുല്യമായ പദവിയും പങ്കാളിത്തവും അമേരിക്ക ഉറപ്പാക്കും.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഒബാമയും മോദിയും അതിവേഗം രൂപപ്പെടുത്തിയ കാര്യപരിപാടികള്‍ ഏകീകരിക്കുന്നതാണ് മോദിയുടെ ഇത്തവണത്തെ സന്ദര്‍ശനം. ഔദ്യോഗിക തലത്തില്‍ ഒതുക്കിയ തിരക്കിട്ട സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍തന്നെ സൂചിപ്പിക്കുന്നു. എന്നാലിത് വാജ്‌പേയിയുടെ കാലത്തു തുടങ്ങി മന്‍മോഹന്‍സിങിന്റെ യു.പി.എ ഗവണ്മെന്റ് മുന്നോട്ടുകൊണ്ടുപോയതാണ്. ബറാക് ഒബാമയും നരേന്ദ്രമോദിയും ചേര്‍ന്ന് പിന്നീട് വികസിപ്പിച്ചെടുത്തതാണ് രാഷ്ട്രീയ-സൈനിക സംയുക്ത പ്രവര്‍ത്തന രൂപരേഖ. നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നീണ്ട ഭരണകാലങ്ങളിലെ അമേരിക്കയുമായുള്ള അവിശ്വാസ്യതയുടെ ബാക്കിനീക്കിയാകെ ഉപേക്ഷിച്ച്.

ഒബാമയുടെ പിന്‍ഗാമി ഡെമോക്രാറ്റിക് പ്രതിനിധി ഹിലരിയെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകാനും സാധ്യതയുണ്ട്. അപ്പോഴും ഈ പങ്കാളിത്തം നഷ്ടപ്പെടരുതെന്ന് ഇരു നേതാക്കളും ഉത്ക്കണ്ഠപ്പെടുന്നു. കാലാവസ്ഥാമാറ്റം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഈ വര്‍ഷാവസാനം ഇന്ത്യ ചേരുമെന്നുള്ള മോദിയുടെ പ്രഖ്യാപനം ഉദാഹരണം.
പാരീസ് ഉടമ്പടി റദ്ദുചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ട്രംപ്. അമേരിക്കക്കും ചൈനക്കും പിറകെ ഇന്ത്യകൂടി ഉടമ്പടിയില്‍ ഒപ്പിട്ടാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ജനുവരിയില്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനുമുമ്പ് അംഗീകാരത്തിനുവേണ്ട രാജ്യങ്ങളുടെ പിന്തുണയും പൂര്‍ത്തിയാകും. ഉടമ്പടി റദ്ദാക്കാനോ നാലുവര്‍ഷം കഴിയാതെ അമേരിക്കക്ക് പിന്മാറാനോ കഴിയില്ല. ട്രംപിന്റെ പ്രതിജ്ഞ പാഴാകും.

ആറ് ആണവ റിയാക്ടറുകളാണ് ഇന്ത്യ അമേരിക്കയില്‍നിന്ന് ഉടന്‍ വാങ്ങുക. അപകടമുണ്ടായാലുള്ള ബാധ്യത സംബന്ധിച്ച വിഷയത്തിലാണ് കരാര്‍ യു.പി.എ ഗവണ്മെന്റ് പൂര്‍ത്തിയാക്കാഞ്ഞത്. ഈ ആണവ ഉടമ്പടി സംബന്ധിച്ച എതിര്‍പ്പുകാരണമാണ് ഇടതുപക്ഷം അന്ന് യു.പി.എ ഗവണ്മെന്റിന് പിന്തുണ പിന്‍വലിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പങ്കാളിത്തമാക്കി മാറ്റിക്കഴിഞ്ഞു. പാക്കിസ്താനടക്കമുള്ള മറ്റ് സൈനിക പങ്കാളികളില്‍നിന്ന് വ്യത്യസ്തമായി തുല്യ പങ്കാളിത്തമായും ഒബാമ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഒബാമയെ 2014-ല്‍ വെറും ഒബാമ എന്ന് വിശേഷിപ്പിച്ച മോദി ഇത്തവണ എന്റെ സുഹൃത്ത് എന്നാക്കി. ഞങ്ങള്‍ വിശ്വസ്ത സുഹൃത്തുക്കളും പങ്കാളികളും എന്ന പുതിയൊരു തലത്തിലേക്ക് രാഷ്ട്രീയവും സൈനികപരവുമായി ഇന്ത്യയേയും അമേരിക്കയേയും ജനാധിപത്യത്തിന്റെ പേരില്‍ കൂട്ടിക്കെട്ടി. പ്രതിരോധരംഗത്തെ പ്രമമുഖ പങ്കാളിയെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് ലഭ്യമല്ലാതിരുന്ന അത്യാധുനിക ആളില്ലാ നിരീക്ഷണ വിമാനങ്ങളടക്കമുള്ള സൈനിക സാമഗ്രികളും അതിന്റെ ഉല്പാദന ഫോര്‍മുലകളും ഇന്ത്യയ്ക്ക് ഇനി ലഭിക്കും.

India's Prime Minister Narendra Modi shakes hands after addressing a joint meeting of Congress at the US Capitol in Washington, DC on June 8, 2016. / AFP PHOTO / Mandel Ngan

ഇരു രാജ്യങ്ങളുടേയും താല്പര്യമെന്നു പറയുമ്പോള്‍ ഏഷ്യന്‍-പസഫിക് മേഖലയില്‍ വന്‍ സാമ്പത്തിക ആയുധശക്തിയായി നില്‍ക്കുന്ന ചൈനയെയാണ് അമേരിക്ക ഭയപ്പെടുന്നത്. കമ്മ്യൂണിസത്തോട് സന്ധിയില്ലാത്ത കടുത്ത ആര്‍.എസ്.എസ് രാഷ്ട്രീയമുള്ള മോദിയെ സഹായിയായി ഒബാമ കണ്ടെത്തി. തന്റേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും നേതൃത്വം നഷ്ടപ്പെട്ടാലും അത് സ്ഥായിയായ രാഷ്ട്രീയ-സൈനിക ബന്ധമായി നിലനിര്‍ത്താനാണ് ഒബാമ പരിശ്രമിക്കുന്നത്.

ഇക്കാര്യത്തിലുള്ള ഒബാമയുടെ ആത്മാര്‍ത്ഥതയോടാണ് മോദി പ്രതികരിച്ചത്. അസാധാരണ പങ്കാളിത്തമെന്ന് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചിരുന്നു. അമേരിക്കക്കാകട്ടെ ആയുധനിര്‍മ്മാണവും വില്പനയും പുതിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ കഴിയും. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ ഇരു രാജ്യങ്ങളുടെ നിക്ഷേപ പ്രശ്‌നങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കും കുറെ പരിഹാരം കാണാനും. മാത്രവുമല്ല അമേരിക്കയും സഖ്യശക്തികളും ചെയ്തതുപോലെ അവര്‍ക്കൊപ്പം ആഗോളതലത്തിലെ ആയുധവില്പനയില്‍ മുഖ്യ പങ്കാളിയാകാനും ഈ സംയുക്ത സംരംഭങ്ങള്‍ വഴിയൊരുക്കും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പുതിയ സവിശേഷ പങ്കാളിത്തം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. 1974-ല്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. ഇന്ത്യയ്‌ക്കെതിരെ അമേരിക്കന്‍ പിന്തുണയോടെ തുടര്‍ന്ന് രൂപപ്പെടുത്തിയ അന്താരാഷ്ട്ര അനൗപചാരിക സംഘമാണ് ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ് (എന്‍.എസ്.ജി). ഇന്ത്യയ്ക്ക് ആണവ സാമഗ്രികള്‍ നിഷേധിച്ച് ഉപരോധം ശക്തിപ്പെടുത്താന്‍. ആ എന്‍.എസ്.ജിയില്‍ അംഗത്വത്തിനാണ് മോദി അപേക്ഷ നല്‍കിയിട്ടുള്ളത്. അതിന് പിന്തുണ തേടാനാണ് നെതര്‍ലാന്റും മെക്‌സിക്കോയും ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇന്ത്യയെ എതിര്‍ത്തിരുന്ന മറ്റൊരു രാജ്യമായ ഇറ്റലി അവരുടെ കൊലക്കേസ് പ്രതികളായ രണ്ട് നാവിക ഉദ്യോഗസ്ഥരെ ഇന്ത്യ വിട്ടുകൊടുത്തതോടെ എന്‍.എസ്.ജിയില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ചേരിചേരാ പ്രസ്ഥാനം അതിന്റെ അധ്യക്ഷപദവിയിലിരുന്ന് ഇന്ദിരാഗാന്ധി തന്റെ കാലംവരെ മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയെ ആണവശക്തിയാക്കിയ ഇന്ദിരയുടെ ഗവണ്മെന്റിന്റെ വിദേശ- പ്രതിരോധനയങ്ങള്‍ വിജയിപ്പിക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞരും സൈനിക നേതൃത്വവും സ്വാശ്രയ നിലപാടിലൂന്നി രാജ്യത്തെ ബഹുദൂരം കൊണ്ടുപോയി.

പക്ഷേ, ആ ചരിത്രത്തിനുമീതെ മാറിയ ഏകധ്രുവ ലോകത്ത് ഇന്ത്യ ലോകപൊലീസിന്റെ യൂണിഫോം ഏറ്റെടുക്കുകയാണ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലും ക്യാപ്പിറ്റോളിലെ അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയിലും പ്രധാനമന്ത്രി മോദി ഉപയോഗിച്ച നയതന്ത്ര പദങ്ങളുടെ ആന്തരാര്‍ത്ഥം അത് വ്യക്തമാക്കുന്നു. നമ്മുടെ പാര്‍ലമെന്റ് അറിഞ്ഞാലും മന്ത്രിസഭ അറിഞ്ഞില്ലെങ്കിലും ഒരു പുതിയ ആഗോള രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും ഇന്ത്യ കാലെടുത്തുവെക്കുകയാണ്. അമേരിക്കക്കൊപ്പം ധൃതിപ്പെട്ട് മോദിയുടെ ഇന്ത്യ.

India Prime Minister Narendra Modi (C) signs autographs after addressing a joint meeting of Congress in the House Chamber on Capitol Hill in Washington, U.S., June 8, 2016. REUTERS/Carlos Barria

India Prime Minister Narendra Modi (C) signs autographs after addressing a joint meeting of Congress in the House Chamber on Capitol Hill in Washington, U.S., June 8, 2016. REUTERS/Carlos Barria


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top