Flash News

റോക്കറ്റുകളെ ആകാശത്തേക്ക് കുതിപ്പിക്കുന്ന വെങ്കിടകൃഷ്ണന്‍

June 22, 2016

venkat titleഇന്ത്യയില്‍ നിന്ന് ചൊവ്വയിലേക്ക് കുതിച്ച മംഗള്‍യാന്‍ ഉള്‍പ്പടെ എല്ലാ വിക്ഷേപണ ദൗത്യത്തിന്റെ പിന്നിലും മുടങ്ങാതെ പ്രവര്‍ത്തിച്ച കരങ്ങള്‍ ആരുടേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. എ.കെ വെങ്കിടകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായ ശാസ്ത്രജ്ഞന്‍. അദ്ദേഹം തന്റെ വീട്ടില്‍ നിര്‍മ്മിക്കുന്ന ഇന്ധന സഹായി കൊണ്ടാണ് മംഗള്‍യാന്‍ ഉള്‍പ്പടെയുള്ള എല്ലാ വിക്ഷേപണങ്ങളും നടത്തിയത്. 1987 മുതല്‍ ഇന്ത്യ ആകാശത്തേക്ക് ഉയര്‍ത്തുന്ന റോക്കറ്റുകളിലെ ഇന്ധനത്തിനു വേണ്ട ജ്വലന സഹായി നിര്‍മ്മിച്ചു നല്‍കിയത് ഇദ്ദേഹമാണ്. ഇപ്പോഴും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. വിക്ഷേപണ ദൗത്യമായാലും പ്രതിരോധ രംഗത്തേക്ക് വേണ്ടിയുള്ള റോക്കറ്റായാലും അത് കുതിച്ചുയരാന്‍ ഇന്ധനത്തിന് വേണ്ട ജ്വലന സഹായി നല്‍കുന്നത് 73 കാരനായ ഈ ശാസ്ത്രജ്ഞനാണ്.

ചെര്‍പ്പുളശ്ശേരി മുന്നൂര്‍ക്കോട്ടെ തന്റെ വീട്ടില്‍ അവശതകള്‍ മറന്ന് ഈ ശാസ്ത്രജ്ഞന്‍ ഇപ്പോഴും ജോലിത്തിരക്കിലാണ്. വരുന്ന നവംബറിലോ ഡിസംബറിലോ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹമായ ജിഎസ് എല്‍ വി മാര്‍ക്ക് -3 ക്കു വേണ്ടി ജ്വലന സഹായി നിര്‍മ്മിക്കുകയാണ് ഇപ്പോള്‍. മംഗള്‍യാന് ശേഷം ഐ.എസ്.ആര്‍.ഒയുടെ അടുത്ത ദൗത്യമായ എല്‍.എം.വി. എന്ന ഇന്ത്യയുടെ പ്രധാന ടെലികമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് വിക്ഷേപണത്തിനുള്ള ഇന്ധനത്തിനുള്ള ജ്വലനസഹായി നിര്‍മ്മിച്ചു നല്‍കിയിരുന്നു. അതിനു ശേഷവും പ്രതിരോധ രംഗത്തേക്ക് ഉള്‍പ്പടെ നിരവധി റോക്കറ്റിന് ഇത് നിര്‍മ്മിച്ചു നല്‍കി.

ശാരീരിക അവശതകള്‍ ഒന്നും ഈ ജോലിക്കു അദ്ദേഹത്തിന് തടസമല്ല. മംഗള്‍യാന്‍ ചൊവ്വയിലേക്ക് കുതിച്ചത് ഇദ്ദേഹം നിര്‍മ്മിച്ച ക്രോപ്പര്‍ ക്രോമൈറ്റ് എന്ന ജ്വലനസഹായി ഉപയോഗിച്ചായിരുന്നു. മംഗള്‍യാനിലെ പരീക്ഷണഘട്ടം മുതല്‍ അവസാനവിജയ വിക്ഷേപണം വരെ ഇദ്ദേഹം നിര്‍മ്മിച്ച ജ്വലനസഹായിയാണ് ഉപയോഗിച്ചത്.  ഇന്ത്യയില്‍ ഇന്ന് ഈ ജോലി ചെയ്യുന്നത് ഇദ്ദേഹം മാത്രമാണ്. പുതിയ ഒരാള്‍ക്ക് ഇതിന്റെ സാങ്കേതികവിദ്യ പഠിപ്പിച്ച് നിര്‍മ്മിക്കാന്‍ ഐ.എസ്.ആര്‍. ഒ അനുമതി നല്‍കിയിരുന്നുവെങ്കിലും അയാള്‍ നിര്‍മ്മിച്ച സാമ്പിള്‍ ഐ.എസ്.ആര്‍.ഒ അംഗീകരിച്ചതായി അറിവില്ല. വെങ്കിടകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഇന്ധന ജ്വലന സഹായിയായ ക്രോപ്പര്‍ ക്രോമൈറ്റ് നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാന്‍ രണ്ട് തവണ പത്രപ്പരസ്യം വരെ നല്‍കിയതാണ്. പക്ഷെ പഠിക്കാന്‍ ആരും താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നില്ല.

ഒട്ടേറെ സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ കാറ്റലിസ്റ്റ് ഉണ്ടാക്കുന്നത്. 12 ഘട്ടങ്ങളുണ്ട് ഇതിന്. ആദ്യം വളരെ ശുദ്ധമായ കോപ്പര്‍ നൈട്രേറ്റ് ഉണ്ടാക്കിയെടുക്കണം. അതിന് ആവശ്യമായ ചെമ്പ് നമ്മുടെ മാര്‍ക്കറ്റില്‍ കിട്ടില്ല. രാജസ്ഥാനില്‍നിന്നാണ് അത് കൊണ്ടുവരുന്നത്. അത് നൈട്രിക് ആസിഡുമായി ലയിപ്പിച്ചാണ് കോപ്പര്‍ നൈട്രേറ്റ് ഉണ്ടാക്കുന്നത്. ക്രോമിക് ആസിഡ് റഷ്യയില്‍നിന്നോ അമേരിക്കയില്‍നിന്നോ ആണ് കൊണ്ടുവരുന്നത്. ഒപ്പം അമോണിയയും ബേരിയം നൈട്രേറ്റും ചെറിയ അളവില്‍ മറ്റു മൂന്നു നാല് രാസപദാര്‍ഥങ്ങളും ശുദ്ധമായ വെള്ളവും വേണം. മഴവെള്ളം സംഭരിച്ചാല്‍ ശുദ്ധജലമായി. അതുമാത്രമാണ് താരതമ്യേന എളുപ്പം. ഗുണമേന്‍മയും സുരക്ഷയും ഉറപ്പാക്കിയാണ് ജ്വലന സഹായി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് 12 ഘട്ടങ്ങളുണ്ട്. അവസാനഘട്ടം ഡിആക്റ്റിവേഷനാണ്. നിര്‍മ്മാണം തുടങ്ങിയാല്‍ 4 മാസം പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പറ്റില്ല. രാത്രി സമയത്തും നിരീക്ഷണത്തിന് ആള്‍ വേണം. എന്നാല്‍ രാത്രി പത്തിന് ശേഷം ഒരാള്‍ മതിയാകും. 18 പേര്‍ ഇദ്ദേഹത്തിന്റെ പ്ലാന്റില്‍ ജോലിക്കാരായി ഇപ്പോള്‍ ഉണ്ട്. നിര്‍മ്മാണം കഴിഞ്ഞെന്ന് അറിയിച്ചാല്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ എത്തി പരിശോധനകള്‍ നടത്തി പാക്ക് ചെയത് അവരുടെ പ്രത്യേക വാഹനത്തില്‍ കൊണ്ടുപോകുകയാണ് പതിവ്. 1964 ല്‍ രസതന്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം വെങ്കിടകൃഷ്ണന്‍ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ചേര്‍ന്നു. ഇവിടത്തെ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു . 1969 ല്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് മാറി.

വെങ്കിടകൃഷ്ണന്‍ 1990 ലാണ് ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ചത്. വിരമിക്കുന്നതിന് മുമ്പുതന്നെ റോക്കറ്റ് മോട്ടോറുകള്‍ക്കുള്ള കാറ്റലിസ്റ്റ് നിര്‍മിക്കാനുള്ള കരാര്‍ വെങ്കിടകൃഷ്ണന്‍ ഏറ്റെടുത്തിരുന്നു. ഇദ്ദേഹംതന്നെയാണ് കാറ്റലിസ്റ്റ് ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തത്. അത് സ്‌പെയ്‌സ് സെന്ററിനകത്ത് ചെയ്യേണ്ടിയിരുന്ന പ്രവൃത്തിയായിരുന്നില്ല. പിഴവുകൂടാതെ അത് നിര്‍മിക്കാന്‍ മറ്റാര്‍ക്കും കഴിയാതിരുന്നതുകൊണ്ടാണ് വെങ്കിടകൃഷ്ണന്‍തന്നെ കരാര്‍ ഏറ്റെടുത്തത്. ചേട്ടന്റെ മക്കളും ശാസ്ത്രബിരുദധാരികളുമായ സുരേഷിനെയും രാജനെയും സഹായികളായി നിര്‍ത്തി. വീടിനടുത്ത് കെട്ടിയ ചെറിയ കെട്ടിടത്തിലാണ് കാറ്റലിസ്റ്റ് നിര്‍മാണത്തിന് സംവിധാനം ഉണ്ടാക്കിയത്. ഇളയ സഹോദരന്‍ ഡോ: രാമക്യഷ്ണന്‍, മൂത്ത സഹോദരന്‍ എയര്‍ഫോഴ്സില്‍ നിന്ന് റിട്ടയര്‍ ചെയ്ത വൈദ്യനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം തുടങ്ങിയത്. വളരെ കുറഞ്ഞ അളവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ സമയങ്ങളില്‍ നിര്‍മ്മാണം നടത്തിയിരുന്നത്. പിന്നീട് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നാട്ടിലെത്തി മുഴുവന്‍ സമയ ഇന്ധന ജ്വലന സഹായി നിര്‍മ്മാണം തുടങ്ങുകയായിരുന്നു. ചെര്‍പ്പുളശേരിക്കടുത്ത് മുന്നൂര്‍ക്കോട് മപ്പാട്ടകളത്തില്‍ എന്ന വീട്ടില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ അന്നപൂര്‍ണ്ണിയാണ്. മകള്‍ റാണി പാര്‍വ്വതി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top