Flash News

ഇടുങ്ങിയ വൃത്തങ്ങളില്‍ തടഞ്ഞു കിടക്കുന്നവര്‍

July 10, 2016

idungiya sized

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വതന്ത്രചിന്തകള്‍ക്ക് പള്ളിക്കകത്ത് സ്ഥാനം ഇല്ലെന്നു പറഞ്ഞാല്‍ അതൊരു കപട പ്രസ്താവനയാകില്ല. പള്ളിയോടും പട്ടക്കാരോടും ‘ആമേന്‍’ മൂളി ബുദ്ധിയും മനസ്സും അടിയറവുവെയ്ക്കുന്നത് സമകാലിക വിപല്‍‌സന്ധിയാണ്. അടിച്ചമര്‍ത്തിലിലൂടെ മൃഗതുല്യരായി ജീവിക്കാന്‍ വിധിക്കപ്പെട്ട വര്‍ഗ്ഗമാണ് ക്രൈസ്തവര്‍. പൌരോഹിത്യത്തിനു മേല്‍ക്കോയ്മയുള്ള, ഉച്ഛനീചത്വ സ്വഭാവമുള്ള സഭാശ്രേണിയുടെ ഏറ്റവും അടിത്തട്ടിലാണ് ക്രിസ്തീയ വിശ്വാസികള്‍. സ്വന്തം അദ്ധ്വാനംകൊണ്ട് ഉപജീവനം നടത്തുന്ന, അവര്‍ക്കു മുകളിലുള്ള മുഴുവന്‍ പേരുടെയും ഭാരംപേറി ജീവിക്കുന്ന അവര്‍ താഴ്ത്തപ്പെടുകയാണിന്ന്. ഈ സമൂഹം ഞെട്ടിയുണരണമെങ്കില്‍ ഭാവനയെ കൈവെടിഞ്ഞ് യാഥാര്‍ത്ഥ്യത്തെ പുണരണം. എന്നു വെച്ചാല്‍, സ്വന്തം ബുദ്ധിയേയും മനസ്സിനെയും സ്വാതന്ത്ര്യത്തെയും ബോധപൂര്‍വ്വം ഉപയോഗിക്കണം എന്നര്‍ത്ഥം. കൂടാതെ, കത്തോലിക്കാ സഭയിലെ അഴുക്കുചാലുകളെയും പുഴുക്കൂത്തുകളെയും അനാവരണം ചെയ്ത് ഒരു ശസ്ത്രക്രിയ്ക്ക് സഭയെ വിധേയമാക്കണം.

യേശുവിന്റെ വചനങ്ങള്‍ ജീവിതദര്‍ശിയാകുമ്പോള്‍ സഭാബന്ധത്തിന്റെ ചരടില്‍ കുടുങ്ങേണ്ട കാര്യമില്ലെന്നും ദൈവജനത്തിനെല്ലാം ഒരേ ചോരയും ഒരേ മനസ്സുമാണെന്നും നാം മനസ്സിലാക്കണം. സഭയുടെ അധികാരശ്രേണിപോലും അനാവശ്യമാണ്. ഒരു വിശ്വാസിക്കു ശ്വസിക്കാന്‍ സഭയുടെ കാറ്റുവേണ്ട; അവര്‍ക്കു കുടിക്കാന്‍ വെള്ളം കലര്‍ന്ന രക്തം വേണ്ട; അവര്‍ക്ക് വിശപ്പടക്കാന്‍ കല്ദായമാകുന്ന ഭക്ഷണവും വേണ്ട. ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാ മേലാധ്യക്ഷന്മാരോടും പുരോഹിതരോടും നമുക്ക് പുച്ഛം തോന്നേണ്ടതാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും വികാരി ചതിക്കും എന്ന നിലപാടായിരിക്കണം നമ്മുടേത്. എന്നാല്‍ പുണ്യപുരോഹിതരെ ആദരവോടെ നാം കാണണം. അടുത്ത കാലത്തായി വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയാ എന്നിവിടങ്ങളില്‍ നടമാടിയ വൈദികരുടെ കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള അറിവ് മതസംഘടനാ വിരുദ്ധ ധാരണയെ സിമന്റിട്ടുറപ്പിക്കാനേ കഴിയുന്നൊള്ളു. ബാലപീഢകരായ വൈദികരും അവര്‍ക്ക് സംരക്ഷണം നല്‍കിയ മേലധ്യക്ഷന്മാരും അവരുടെ സ്ഥാനത്തിന്റെയും കുപ്പായത്തിന്റെയും വില അഗ്നികുണ്ഡത്തിലെറിഞ്ഞു നശിപ്പിച്ചു കളയുകയാണ് ചെയ്തത്. സഭാധികാരത്തിന്റെ ദുര്‍നടപടികള്‍ കാരണം ആയിരങ്ങള്‍ സഭവിട്ടു പോകുമ്പോള്‍ മതംമാറ്റം മാത്രമല്ല സഭയ്ക്കെതിരായി അത്രയും ശത്രുക്കള്‍കൂടി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്ന് വിവേകാനന്ദനെപ്പോലെ നാമും മനസ്സിലാക്കണം.

ആഡംബര വേഷഭൂഷാദികളും അധികാര ചിഹ്നങ്ങളും പേറി കൊട്ടാരങ്ങളില്‍ കഴിയുന്ന തിരുമേനിമാര്‍ കല്പിക്കുന്നതു മാത്രമാണ് ശരിയെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഓരോ വിശ്വാസിയും പ്രവാചകരാകേണ്ടതുണ്ട്. തെറ്റുകള്‍ മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നു പറയുന്നതാണ് പ്രവാചകധര്‍മ്മം. ഇന്നു ക്രിസ്ത്യാനികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് സഭയെന്നാല്‍ സഭയിലെ അധികാര വര്‍ഗ്ഗമായ മെത്രാന്മാരും പുരോഹിതരുമെന്നാണ്. ഈ ധാരണയെ മാറ്റി ദൈവജനമാണ് സഭയെന്നും ആ സഭയുടെ തലവന്‍ യേശുവാണെന്നും സാധാരണ വിശ്വാസികള്‍ മനസ്സിലാക്കണം. സഭയെ ശുശ്രുഷിക്കുന്നവന്‍ ഭൗതികസ്ഥാനമാനങ്ങളില്‍ നിന്നും വിട്ടുമാറി നില്‍ക്കണം. ആധ്യാത്മിക കാര്യങ്ങളിലെ അധികാരമേ യേശു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയിരുന്നുള്ളൂ. നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണമെന്നാണ് യേശു അവരെ ഉപദേശിച്ചത്. യേശുതന്നെ തന്റെ ശിഷ്യരുടെ കാലുകള്‍ കഴുകി മാതൃക കാണിച്ചുകൊടുക്കുകയും ചെയ്തു. യേശു സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ പത്രോസിനെ ഏല്പിച്ചെന്നും അനന്തരാവകാശിയായി പോപ്പിനാണ് ആ താക്കോലിന്റെ അധികാരമെന്നൊക്കെയുള്ള പ്രഘോഷണങ്ങള്‍ വെറും ഭോഷ്ക്കാണെന്ന് സാധാരണ വിശ്വാസി തിരിച്ചറിയണം. ദൈവജനമാകുന്ന രാജകീയ പുരോഹിത ഗണത്തെ അടിച്ചമര്‍ത്തി ഭരിക്കാനുള്ള തന്ത്രത്തിലെ തുരുപ്പുചീട്ടുമാത്രമാണത്.

സ്വര്‍ഗ്ഗം മോഹിച്ചോ നരകം പേടിച്ചോ അല്ല മനുഷ്യന്‍ നന്മ ചെയ്യേണ്ടത്. പലസ്തീനായിലെ യേശുവെന്ന പരമപൂജിതനായ പച്ച മനുഷ്യന്‍ പഠിപ്പിച്ച സാമൂഹിക പാഠമായിരിക്കണം അതിന്റെ പിന്നില്‍. സ്വര്‍ഗ്ഗവും നരകവുമൊക്കെ ഭാവനകൊണ്ടു മനസ്സില്‍ കുടിയിരുത്തുന്നതാണെന്നു ഒരു ക്രിസ്ത്യാനി മനസ്സിലാക്കണം. ക്രിസ്തുമതവക്താക്കള്‍ പറഞ്ഞു പേടിപ്പിക്കുന്ന ഇടമാണ് നരകം. ആ നരകത്തെ പേടിച്ചു സ്വര്‍ഗ്ഗത്തിന്റെ പുറകെ ഓടുന്നവര്‍ പള്ളികളില്‍ വെച്ചിരിക്കുന്ന അര്‍ത്ഥശൂന്യങ്ങളായ തിരുശേഷിപ്പ് വണക്കങ്ങളിലും വഴിപാടുകളിലും നേര്‍ച്ച കാഴ്ചകളിലും ചെന്നുപെടും. വിശ്വാസികളില്‍ അന്ധവിശ്വാസത്തിന്റെ വിത്തുകള്‍ പാകി പുരോഹിതന്‍ അതിനെ നൂറുമേനിയായി വിളയിച്ചു കൊയ്തെടുക്കുന്ന തന്ത്രങ്ങളാണതൊക്കെ. ലക്ഷ്യം പണം സമ്പാദനം മാത്രം. ഇത്തരം ക്രിസ്തീയതക്കുമപ്പുറം ‘നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക’ എന്നുപദേശിച്ച യേശുവിനെ സ്വീകരിക്കുന്നവരാണ് ഭാഗ്യവന്മാര്‍. എന്നാല്‍ അടുത്തകാലംവരെ ഒരു വിശ്വാസിയെയും തിരുവചനങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍വരെ സഭ അനുവദിച്ചിരുന്നില്ല. ആരെങ്കിലും വിശുദ്ധഗ്രന്ഥം വായിച്ചു പഠിച്ചാല്‍, മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്താല്‍ ഇങ്ക്വിസിഷന്‍വഴി അയാളെ ജീവനോടെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നു. ആര്യന്മാര്‍ എഴുതിയ വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നൊരു ബ്രാഹ്മണ നിയമമുണ്ടായിരുന്നുവെങ്കിലും ശൂദ്രനെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നില്ല. ചിന്തയില്ലാത്ത ഭോഷന്മാരെ അടിമകളാക്കി അവരുടെ അദ്ധ്വാനത്തിന്റെ ഫലം അനുഭവിച്ചു പുരോഹിതര്‍ സുഖിച്ചു കഴിയുന്നത് തീര്‍ച്ചയായും വര്‍ത്തമാനകാലത്തിന്റെ നൊമ്പരമാണ് . കത്തോലിക്കാസഭ അനുദിനം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണവും അതാണ്.

മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്തവര്‍ തന്റെ മതത്തിനായി ചാകും. അവന് മതസൗഹാര്‍ദ്ദവും വേണ്ട മനുഷ്യ സൗഹാര്‍ദ്ദവും വേണ്ട. പുരോഹിത വര്‍ഗ്ഗം അങ്ങനയെ വിശ്വാസിയെ പഠിപ്പിക്കൂ.

അരമനകളില്‍ സുഖജീവിതം കഴിക്കുന്നവര്‍, പട്ടുവസ്ത്രങ്ങള്‍ ധരിക്കുന്നവര്‍, ഏകാധിപത്യഭരണം നടത്തുന്നവര്‍ മറ്റുള്ളവരോട് എങ്ങനെ വിശ്വസിക്കണം, എങ്ങനെ ജീവിക്കണമെന്നൊക്കെ കല്പിക്കുന്നത് അവരുടെമേല്‍ മെക്കിട്ടുകയറലുതന്നെയാണ്. സമീപകാലത്ത് അന്തരിച്ച കര്‍ദിനാള്‍ കാര്‍ലോ മാര്‍ട്ടിനി പറഞ്ഞത് സഭ ഇന്ന് ഇരുനൂറു വര്‍ഷങ്ങള്‍ക്കു പിന്നിലാണെന്നാണ്. കഴിഞ്ഞ നാല്പതു വര്‍ഷങ്ങള്‍കൊണ്ട് കത്തോലികാ സഭയിലെ മെത്രാന്മാരുടെ എണ്ണം ഇരട്ടിയായി. ഇപ്പോള്‍ അയ്യായിരത്തിനുമേല്‍. അതിയാഥാസ്ഥിതിക ചിന്തകരായ പുരോഹിതരെ തെരഞ്ഞെടുത്ത് എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുകയാണ് റോം ചെയ്തുകൊണ്ടിരിക്കുന്നത്. പുരോഗമന ചിന്തയുള്ള ഒരൊറ്റ വൈദികനും മെത്രാന്‍പദവി കാംക്ഷിക്കേണ്ട. ഈ ദുര്‍വിധിയില്‍ ദൈവജനം ദു:ഖിതരാണ്. സഭയിലെ കീറാമുട്ടി പ്രശ്നങ്ങളായ പൌരോഹിത്യത്തിലെ മൂല്യച്യുതി, ലൈംഗിക സദാചാരമില്ലായ്മ, സ്വവര്‍ഗരതി, വൈദിക ബ്രഹ്മചര്യം, വൈദിക ബാലരതി, വൈദികക്ഷാമം, സ്ത്രീവിവേചനം, സ്ത്രീ പൌരോഹിത്യം, സഭാഭരണം, സാമ്പത്തികസുതാര്യത, മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, വൃദ്ധരും യാഥാസ്ഥിതികരുമായ മെത്രാന്മാരും മാര്‍പാപ്പമാരും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ആരാധനക്രമം തുടങ്ങിയ വിഷയങ്ങളില്‍ ദൈവജനത്തിന്റെ ശബ്ദത്തിനു യാതൊരു വിലയും സഭാധികാരികള്‍ നല്‍കുന്നില്ല. നീതി ലഭിച്ചില്ലങ്കില്‍ സംസ്കൃതസമൂഹംപോലും അതിനായി പോരാടുമെന്ന ബാലപാഠംപോലും സഭാഭരണാധികാരികള്‍ക്ക് അറിയില്ല. അതൃപ്തരായ ദൈവജനം സഭയില്നിന്നുകൊണ്ട് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ധൈര്യം സംഭരിച്ചുകൊണ്ട് മാറ്റത്തിനായി മുറവിളികൂട്ടുമ്പോള്‍ വേറൊരുപറ്റം വിശ്വാസികള്‍ നിരാശരായി സഭ വിട്ടുപോവുന്നു. ‘അറിവിനെ അതിക്രമിക്കുന്ന ക്രിസ്തു സ്നേഹത്തെ മനസ്സിലാക്കി’യവരാണ് മനംമടിപ്പില്ലാതെ ഇന്നും അജിയോര്‍ണമെന്റോ (aggiornamento)യ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ദൈവത്തിന്റെ വികാരിയും ദൈവത്തിന്റെ ഔദ്യോഗിക ദ്വിഭാഷിയും തെറ്റാവരക്കാരനുമായ പോപ്പിന്റെ തീരുമാനം സ്ഥിരവും സമ്പൂര്‍ണവും അത്യന്തികവുമാകയാല്‍ കത്തോലിക്കാസഭ പോപ്പാകുന്ന വ്യക്തിയില്‍ തൂങ്ങി നില്‍ക്കുകയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ‘ദൈവജനം’ എന്ന ആശയം കാറ്റില്‍ പറന്നതുപോലെ സംഘാതാത്മകത (collegiality) യും കാറ്റില്‍ പറന്നുപോയി.

സീറോ മലബാര്‍സഭ മുഴുവനായിത്തന്നെ ഇന്ന് അലങ്കോലപ്പെട്ടുകിടക്കുകയാണ്. ലോകത്തൊരിടത്തുമില്ലാത്ത ബുര്‍ഷ്വാ മനസ്ഥിതിയാണ് സഭാധികാരികള്ക്ക്. ശുശ്രൂഷ എന്ന വാക്ക് അവര്‍ കേട്ടിട്ടില്ലെന്നു തോന്നും, അവരുടെ പ്രവൃത്തികള്‍ കണ്ടാല്‍. ജനങ്ങളെ ഭരിച്ചും ജമ്പോ ദേവാലയങ്ങള്‍ പണിതും ഷോപ്പിംഗ് കോം‌പ്ലക്സുകള്‍ നിര്‍മ്മിച്ചും എസ്റ്റേറ്റുകള്‍ വാങ്ങിയും അന്ധവിശ്വാസം പ്രചരിപ്പിച്ചും മനിക്കേയന്‍ കുരിശിന്റേയും ആരാധനാക്രമത്തിന്റേയും പേരില്‍ സഭയില്‍ കലഹമുണ്ടാക്കിയും അവര്‍ വാണരുളുന്നു. അവര്‍ വസിക്കുന്ന അരമനകളുടെ അടുത്ത് ചെല്ലാന്‍ ഒരു സാധാരണ വിശ്വാസി മടിക്കും; ഭയപ്പെടും. അത്രയ്ക്കും കെട്ടിലും മട്ടിലുമാണ് എല്ലാ അരമനകളും. വിശ്വാസികളെ അടിമകളാക്കി ഭരിക്കുന്നതില്‍ അവര്‍ തൃപ്തി നേടുന്നു. സീറോ മലബാര്‍ സഭയ്ക്ക് സ്വയംഭരണം ലഭിച്ചപ്പോള്‍ മാര്‍ത്തോമായുടെ മാര്‍ഗ്ഗത്തിലേക്കു തിരിച്ചു പോകണ്ടതിനുപകരം കല്‍ദായ ലിറ്റര്‍ജിയും ലത്തീന്‍ സഭാഭരണ സമ്പ്രദായവും പുതിയ കാനോന്‍ നിയമവും പൊതുയോഗത്തെ നിര്‍ജ്ജിവമാക്കി വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിലുംകൊണ്ട് നമ്മുടെ മേല്പട്ടക്കാർ തൃപ്തരായി. കല്ദായീകരണത്തിന്റെ ഭാഗമായി മാനിക്കേയൻ കുരിശും അള്ത്താരയുടെ മുമ്പിൽ ശീലതൂക്കലും നടപ്പിലാക്കി. അഭിപ്രായവ്യത്യാസങ്ങളും എതിര്‍പ്പുകളും കാരണം എല്ലാ രൂപതകളും ഇത്തരം മാറ്റത്തിനു സഹകരിക്കുന്നില്ലതാനും. അങ്ങനെ നൂറ്റാണ്ടുകളോളം സ്വരുമയിലും പരസ്പര സ്നേഹത്തിലും കഴിഞ്ഞിരുന്ന നസ്രാണി കത്തോലിക്കാസഭ വിഭാഗീയ ചിന്തകള്‍ കൊണ്ട് ആകെ താറുമാറാകുകയും ചെയ്തു. തൃശൂരുനിന്ന് ഒരു വല്ല്യച്ചന്‍ ചങ്ങനാശേരിയിലെത്തിയാല്‍ ചങ്ങനാശേരിയിലെ ഒരു കൊച്ചച്ചന് എങ്ങനെ കുര്‍ബ്ബാന ചെല്ലണമെന്ന് വല്ല്യച്ചനെ പഠിപ്പിക്കേണ്ട ഗതികേടിലെയ്ക്ക് സഭ അധഃപതിച്ചുപോയി. അറിവും പക്വതയും എളിമയും നേത്രുത്വ ഗുണവും വിട്ടുവീഴ്ചാ മനോഭാവവുമെല്ലാമുള്ള മെത്രാന്മാരുടെ അഭാവവും അതെസമയം മര്‍ക്കടമുഷ്ടിയുള്ള ചില മെത്രാന്മാരുടെ അതിപ്രസരിപ്പും സീറോ മലബാര്‍സഭയില്‍ ഉണ്ടായതാണ് ആ സഭയുടെ നാരായവേരിനു കോടാലിവയ്ക്കാന്‍ പ്രധാന കാരണം. നമ്മുടെ സഭയ്ക്ക് എന്താണ് കുഴപ്പം എന്നു ചോദിക്കുന്ന ഉപരിപ്ലവകാരികളുണ്ട്. കുഴപ്പം എന്തെന്നറിയാന്‍ ഒരിരുപതുകൊല്ലംകൂടി ജീവിച്ചിരുന്നാല്‍ മതി.

റോമിന്റെ തീരുമാനത്തിനു നിര്‍ദ്ദേശങ്ങള്‍ക്കും ഘടക വിരുദ്ധമായി തെക്കുംഭാഗക്കാരെയും വടക്കുംഭാഗക്കാരെയും ജാതീയമായി വേര്‍തിരിച്ച് ജാതി മാറിക്കെട്ടി എന്നുപറഞ്ഞ് ഇടവകയിലെ അംഗത്വം മുടക്കാനുള്ള തിട്ടൂരമിറക്കാന്‍ ചില സീറോ മലബാര്‍ മെത്രാന്മാര്‍ തയ്യാറായി. മനഃസാക്ഷി നഷ്ടപ്പെട്ട ഈ അഭിവന്ദ്യന്മാരെ കുലംകുത്തികളെന്നല്ലേ വിളിക്കേണ്ടത്? നഷ്ടപ്പെട്ടുപോയ ഒരാടിനെപോലും തേടിനടക്കാന്‍ ഉപദേശിച്ച യേശുവിന്റെ അനുയായികള്‍ എന്നു പറഞ്ഞു നടക്കാന്‍ ഇവര്‍ക്ക് നാണമില്ലേ? വര്‍ഗ്ഗീയമനോഭാവം കൊടികുത്തി വാഴുന്നത് ക്രിസ്ത്യാനികളില്‍ തന്നെ. ജാതി വ്യവസ്ഥയുള്ള ഹിന്ദു സഹോദരങ്ങളെ എന്തിനു നാം കുറ്റം പറയണം?

യേശുവിന്റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികള്‍ “മനസ്സുള്ളവര്‍ സഭയില്‍ നിന്നാല്‍മതി” എന്നുവരെ പ്രഖ്യാപിക്കുമ്പോള്‍ അവരുടെ അഹന്തഃ എന്തുമാത്രമെന്ന് നാം ചിന്തിക്കണം. ഭോഷന്മാരായ വിശ്വാസികള്‍ സഭയില്‍ എന്നും കാണുമെന്ന് സഭാധികാരത്തിനറിയാം. എന്നാല്‍ ബഹുഭൂരിപക്ഷം വിശ്വാസികളും സഭയുടെ ഇന്നത്തെ നിലപാടില്‍ വേദനിക്കുന്നവരാണ്. എടുക്കാന്‍ പ്രയാസമുള്ള ചുമടുകള്‍ വിശ്വാസികളുടെ ചുമലില്‍ സ്ഥാപിതസഭ കെട്ടി വെയ്ക്കുന്നത് കഷ്ടമാണ്. കാലോചിതമായ പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും നവീകരണങ്ങളും സഭയില്‍ വരുന്നില്ലങ്കില്‍ വിശ്വാസികള്‍ സ്വയം ചുമടുകള്‍ വലിച്ചെറിഞ്ഞു സ്വതന്ത്രരാകും.

യേശുവിലും അദ്ദേഹത്തിന്റെ വചനങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന സഭാനവീകരണക്കാര്‍ സഭയുടെ സംഘിടിതശ്രേണിയെയും അതിന്റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിര്‍ക്കുന്നത്. ദൈവവിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും ഉറച്ച ക്രൈസ്തവതയെ അവര്‍ എതിര്‍ക്കുന്നില്ല;. മറിച്ച് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. സഭാവിമര്‍ശന തൂലികയുമായി ഇറങ്ങുന്നവരെ അവിശ്വാസികളെന്ന് മുദ്രയടിക്കാന്‍ പ്രതിലോമകക്ഷികള്‍ എന്നും തയ്യാറാണ്. വിമര്‍ശനങ്ങളുടെ ശരങ്ങള്‍ പാഞ്ഞുവരുമ്പോള്‍ അതിനെ നേരിടാന്‍ തക്കവിധം കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ആവശ്യമാണ്. മദമിളകി വരുന്ന കാട്ടാനയെയും വെട്ടാന്‍ വരുന്ന കാട്ടുപോത്തിനെയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും സഭാവിര്‍ശകര്‍ക്കുണ്ടാകണം. സഭാനവീകരണത്തെ മുന്‍കണ്ട് ചില പുസ്തകങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ വട്ടനും, വിഡ്ഢിയും, വിവരദോഷിയും, കിണറ്റില്‍ കിടക്കുന്ന തവളയും, ഭീരുവും, പാമരനും, അധഃപതിച്ചവനും എന്നെല്ലാം ചിത്രീകരിച്ചു. സമീപകാലത്ത് സാമൂഹിക പരിഷ്കര്‍ത്താവും അനുഗ്രഹീത കവിയും എഴുത്തുകാരനുമായ ശ്രീ സാമുവല്‍ കൂടലിന് വധഭീഷണി ഉണ്ടായെന്ന് അല്മായശബ്ദം ബ്ലോഗിലും ഫേസ്ബുക്കിലുമെല്ലാം വായിക്കാനിടയായി. സഭാമേലധികാരികളുടെ കൊള്ളരുതാത്ത പ്രവൃത്തികളെ വിമര്‍ശിച്ചതിനുള്ള ശിക്ഷ ഫത്‌വ (Fatwa) വഴി കൂടലിനെ ഇല്ലാതാക്കുകയാണോ? ഇവരിലും ഇവരുടെ ശിങ്കിടികളിലും കുടികൊള്ളുന്ന താലിബാനിസവും കപട ആത്മീയതയും പത്തിവിടര്‍ത്തുന്നതിന്റെ ലക്ഷണമാണ് ഇത്തരം വധഭീഷണികള്‍. മെത്രാന് തന്റെ രൂപതയിലും വികാരിക്ക് തന്റെ ഇടവകയിലും ഏതു തോന്യാസവും ചെയ്യാം. വിശ്വാസി ക്രിമികള്‍ക്ക് ഒന്നും എതിര്‍ത്തു പറയാന്‍ പാടില്ല.

ക്രിസ്തുവിന്റെ വചനങ്ങളെ പിന്തുടരുന്ന സഭാനവീകരണക്കാരുടെ ശ്രമങ്ങളെ ആദരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും അവരോട് സഹകരിക്കുകയുമാണ് സാധാരണ സഭാപൗരര്‍ക്ക് ഇന്നു ചെയ്യാവുന്ന കാര്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top