Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

The warning of Arunachal SC verdict – അരുണാചല്‍ വിധിയിലെ മുന്നറിയിപ്പ്

July 20, 2016

arunachal vidhiyle sizedഅരുണാചല്‍ പ്രദേശില്‍ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി സുപ്രിംകോടതി തിരുത്തിയത് ചരിത്രവിധി മാത്രമല്ല. ദേശീയ രാഷ്ട്രീയത്തില്‍ കേന്ദ്ര ഗവണ്മെന്റും ജുഡീഷ്യറിയും തമ്മിലുള്ള പുതിയൊരു സംഘര്‍ഷം വളര്‍ന്നുവരാനുള്ള സാധ്യതയുടെ വാതില്‍തുറക്കല്‍കൂടിയാണ്.

മോദി ഗവണ്മെന്റും ഗവര്‍ണറും ചേര്‍ന്ന് അവരോധിച്ച കലിഖൊ പുലിന്റെ കോണ്‍ഗ്രസ് വിമത ബി.ജെ.പി ഗവണ്മെന്റിനെ വിധിന്യായത്തിലൂടെ സുപ്രിംകോടതി അധികാരത്തില്‍നിന്ന് എടുത്തെറിഞ്ഞു. മുന്‍ കോണ്‍ഗ്രസ് ഐ മുഖ്യമന്ത്രി നബാം തുകി മന്ത്രിസഭയെ ഗവര്‍ണറുടെ ചവറ്റുകൊട്ടയില്‍നിന്ന് അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഗവര്‍ണര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍ വാഴിച്ച ഒരു ഗവണ്മെന്റിനെ നീക്കി മുന്‍ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് അധികാരത്തിലേറ്റിയ ആദ്യ സംഭവമാണിത്. കഴിഞ്ഞ ജനുവരി 26-ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെതുടര്‍ന്ന് അധികാരം നഷ്ടപ്പെട്ടുപോയ ഒരു ഗവണ്മെന്റിന്റെ തിരിച്ചുവരവ്. വിധിവന്ന ദിവസംതന്നെ മുന്‍ മുഖ്യമന്ത്രി നബാം തുകി ചുമതലയേറ്റിട്ടുണ്ട്. നിയമസഭയില്‍ വിശ്വാസവോട്ട് നേടണമെന്നതും അതിന്റെ പരിണാമമെന്താകുമെന്നതും മറ്റൊരു പ്രശ്‌നം.

രാജ്യത്തെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പിനുശേഷം പഞ്ചാബ് ഉള്‍പ്പെട്ട പെപ്‌സുവിലെ ഗവണ്മെന്റിനെയും 59-ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെയും പിരിച്ചുവിട്ടു. ഭരണഘടനയുടെ 356-ാം വകുപ്പെന്ന ഡെമോക്ലസിന്റെ വാള്‍ ഉപയോഗിച്ച് ഗവര്‍ണര്‍മാരെ വെളിച്ചപ്പാടുകളാക്കുന്നതിനെ അന്ന് ഇ.എം.എസ് ഇങ്ങനെ വിശേഷിപ്പിച്ചു:

‘ഇന്ന് ഞങ്ങള്‍ അനുഭവിക്കുന്നത് നാളെ എല്ലാ കോണ്‍ഗ്രസ് ഇതര സര്‍ക്കാറുകളും കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍നിന്ന് അനുഭവിക്കാന്‍ പോകുകയാണ്.’

അങ്ങനെ തുടര്‍ന്ന ആ പ്രവണത ഇപ്പോള്‍ കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്മെന്റില്‍നിന്ന് കോണ്‍ഗ്രസ് ഐ സംസ്ഥാന ഗവണ്മെന്റുകളും അനുഭവിക്കുന്നത്. എന്നാല്‍ ഇതൊരു കാവ്യനീതിയുടെ പ്രശ്‌നംമാത്രമായി കണ്ടുകൂട. വിദൂരമായ ഉത്തരപൂര്‍വ്വ ദേശത്ത് നടന്ന ഈ ഗൗരവ ജനാധിപത്യവിഷയം വേണ്ടത്ര മാധ്യമങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യാതെ പോയാലും. 80-കളില്‍ ആന്ധ്രപ്രദേശില്‍ ഗവര്‍ണര്‍ കേന്ദ്ര ഗവണ്മെന്റിന്റെ ചട്ടുകമായി രാമറാവു ഗവണ്മെന്റിനെ പിരിച്ചുവിട്ടു. തെലുങ്കുദേശം ഗവണ്മെന്റിനെ വീണ്ടും അധികാരത്തിലേറ്റാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിതന്നെ പിന്നീട് നിര്‍ബന്ധിതനായി. കേന്ദ്രം ഭരിച്ച കക്ഷികള്‍ രാഷ്ട്രീയ നിറവ്യത്യാസമില്ലാതെ ഗവര്‍ണര്‍മാരെക്കൊണ്ട് ചുടുചോറ് മാന്തിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ബൊമ്മൈ കേസില്‍ ഗവര്‍ണറുടെ ഇത്തരമൊരു നടപടി തെറ്റായെന്ന് സുപ്രിംകോടതി വിധിച്ചു. എങ്കിലും യഥാസമയം തിരുത്തിക്കാന്‍ വര്‍ഷങ്ങളെടുത്തതുകൊണ്ട് സുപ്രിംകോടതിവിധിക്ക് പ്രായോഗികമായി കഴിഞ്ഞില്ല.

എന്നാല്‍ അരുണാചലില്‍ തെറ്റ് നേരിട്ട് തിരുത്തിച്ചു എന്നതുമാത്രമല്ല ഗവര്‍ണര്‍മാരുടെ ഇത്തരം രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നല്ലനടപ്പു വിധിക്കുന്നതാണ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധി. ഭരണകക്ഷിയിലെ ഉള്‍പ്പാര്‍ട്ടിപ്രശ്‌നങ്ങളില്‍ നിയമസഭയുടെ മനസ്സും നിയമസഭാ പ്രവര്‍ത്തനത്തിലും കൂറുമാറ്റ വിഷയത്തിലും സ്പീക്കര്‍ക്കുള്ള അവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല. ഇതുസംബന്ധിച്ച ഭരണഘടനാവ്യവസ്ഥ കൃത്യമായി വിശദീകരിച്ചിരിക്കുകയാണ് അത്യുന്നത നീതിപീഠം ചെയ്തത്. സംസ്ഥാന നിയമസഭകളില്‍ ഗവര്‍ണരും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന് നിഗൂഢമായി ഭൂരിപക്ഷനിര്‍മ്മിതി നടത്തുന്നതിനെതിരെയും നീതിപീഠം വിലക്കി.

സ്പീക്കറെ നീക്കാന്‍ ഗവര്‍ണര്‍ക്കധികാരമില്ല. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ ന്യൂനപക്ഷ ഗ്രൂപ്പിന്റെ (അരുണാചലില്‍ കോണ്‍ഗ്രസിന്റെ 47-ല്‍നിന്ന് വിഘടിച്ച 27 വിമത എം.എല്‍.എമാര്‍ ഉണ്ടായിരുന്നു) ശുപാര്‍ശ അംഗീകരിക്കാനും അധികാരമില്ല. നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള സ്പീക്കറുടെ അധികാരത്തില്‍ ഗവര്‍ണര്‍ കൈകടത്തിക്കൂട.

ഈ പഴുതുകള്‍ ഉപയോഗിച്ചാണ് ഗവര്‍ണര്‍ ജെ.പി രാജ് ഖോവ 2015 ഡിസംബറില്‍ അരുണാചല്‍പ്രദേശില്‍ നിയമസഭാസമ്മേളന തീയതി നേരത്തെയാക്കിയത്. വിശ്വാസവോട്ട് സഭയുടെ ആദ്യ അജണ്ടയാക്കിയതും നബാം തുകി ഗവണ്മെന്റിനെ താഴെവീഴ്ത്തിയതും. ചെറിയൊരു ഇടവേളയ്ക്ക് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമതന്‍ കാലിഖൊ പുലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പങ്കാളിത്തത്തോടെ മറ്റൊരു ഗവണ്മെന്റിനെ വാഴിച്ചതും.

ഗവര്‍ണര്‍ക്കുള്ള പ്രത്യേകാധികാരം ഒരു സമാന്തര ഗവണ്മെന്റിനെ സൃഷ്ടിച്ച് ഭരണം നടത്തിക്കാന്‍ ഉപയോഗിച്ചുകൂടെന്ന് സുപ്രിംകോടതിവിധി പ്രഖ്യാപിക്കുന്നു. ഗവര്‍ണര്‍ക്ക് സ്ഥിതിഗതികള്‍ രാഷ്ട്രപതിയെ അറിയിക്കാനും അദ്ദേഹത്തിന്റെ തീരുമാനംവരെ കാത്തിരിക്കാനും മാത്രമേ ഭരണഘടനയുടെ 163-ാം വകുപ്പ് അധികാരം നല്‍കുന്നുള്ളു. അത് ലംഘിച്ചാല്‍ ചോദ്യംചെയ്യാന്‍ അവകാശമുണ്ടാകുമെന്നും മുന്‍വിധിയോടും തെറ്റായും പ്രവര്‍ത്തിച്ചതാണെങ്കില്‍ സുപ്രിംകോടതിക്ക് അത് പരിശോധിക്കാനും തിരുത്തിക്കാനും അധികാരമുണ്ടെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കകത്തുള്ള ഭിന്നിപ്പില്‍ ഗവര്‍ണര്‍ ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല. കുതിരക്കച്ചവടങ്ങളില്‍നിന്നും രാഷ്ട്രീയമായ അവിഹിത ഇടപെടലുകളില്‍നിന്നും ഗവര്‍ണര്‍ വിട്ടുനില്‍ക്കണം. എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച നടപടിക്രമങ്ങളിലും ഗവര്‍ണര്‍ക്ക് കാര്യമില്ല. അങ്ങനെചെയ്യുന്നത് ഭരണഘടനാപരമായ മര്യാദകേടാണ്. അരുണാചല്‍പ്രദേശില്‍ ഗവര്‍ണര്‍ ജെ.പി രാജ് ഖോവ കാണിച്ചതും അതാണെന്ന് 331 പേജുള്ള വിധിന്യായത്തില്‍ ഭരണഘടനാബഞ്ച് വിശദീകരിച്ചു.

ഗവര്‍ണര്‍ക്കും സാങ്കേതികമായി മോദി ഗവണ്മെന്റിനും നീതിപീഠത്തില്‍നിന്നേറ്റ ഈ പ്രഹരം ഇവിടെ അവസാനിക്കുന്നില്ല. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ ഉത്തരപൂര്‍വ്വ ദേശങ്ങളിലെ ജനാധിപത്യ സഖ്യത്തിന്റെ ആദ്യ യോഗത്തില്‍ അമിത് ഷായ്‌ക്കൊപ്പം പങ്കെടുക്കുന്നതിനിടയ്ക്കാണ് ഇടിത്തീപോലെ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി വന്നത്. ഇതുകൊണ്ടൊന്നും രാഷ്ട്രീയ സദാചാരത്തിന്റെയും ജനാധിപത്യ ഉത്തരവാദിത്വത്തിന്റെയും ഭരണഘടനാ ആദേശത്തിന്റെയും വഴിക്കുവരാന്‍ ബി.ജെ.പി തയാറാകുമെന്ന് കരുതേണ്ടതില്ല.

ഇപ്പോള്‍ ബി.ജെ.പി ന്യായീകരിക്കുന്നതുപോലെ കോണ്‍ഗ്രസ് ഐയിലെ ചേരിപ്പോരാണ് അരുണാചല്‍ സംഭവങ്ങള്‍ക്കുത്തരവാദി എന്ന ന്യായീകരണവുമായി ഇനിയും മറ്റ് സംസ്ഥാനങ്ങളില്‍ ഈ ഇടംകോലുമായി അവര്‍ മുന്നോട്ടുപോകും. അതുമാത്രമല്ല സുപ്രിംകോടതിയുടെ തുടര്‍ന്നുള്ള ഇത്തരം ഇടപെടലുകളെ തടയുന്നതിനുള്ള വളഞ്ഞ വഴികള്‍ തേടാനും മോദിയും അമിത്ഷായും ശ്രമിക്കും. നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോയ അതേവഴിക്ക്.

ജഡ്ജിമാരുടെ നിയമനം സുപ്രിംകോടതി കൊളീജിയത്തില്‍നിന്ന് മാറ്റി പുതിയ സംവിധാനമുണ്ടാക്കാനുള്ള നീക്കം കേന്ദ്ര ഗവണ്മെന്റിനെ നയിക്കുന്നവര്‍ക്ക് ഇത്തരം സാധ്യതകള്‍ തേടുന്നതിന്റെകൂടി ഭാഗമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയിലെ ഏറിയപങ്കും ജഡ്ജിമാര്‍ അങ്ങനെ നട്ടെല്ലു വളക്കാത്തവരും വിലക്കെടുക്കാന്‍ കൂട്ടാക്കാത്തവരുമാണ്. താഴെ തലങ്ങളില്‍ നടത്തിവരുന്ന ജഡ്ജിമാരുടെ നിയമനങ്ങളില്‍തന്നെ ഇത്തരമൊരു അജണ്ടയ്ക്ക് ഇടംനല്‍കന്‍ മോദി ഗവണ്മെന്റ് ശ്രദ്ധിക്കും.

രാജ്യസഭയില്‍ ഇനിയും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം തികയാത്തത് ഒരുവശത്ത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷികളില്‍ സംസ്ഥാനങ്ങള്‍തോറും പിളര്‍പ്പ് വര്‍ദ്ധിക്കുകയാണ്. കോണ്‍ഗ്രസ് ഐ ഹൈക്കമാന്റിന് കേന്ദ്രം ഭരിക്കാനില്ലെങ്കിലും സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍പോലുമാകുന്നില്ല. അരുണാചല്‍ പ്രദേശിലെയും ഉത്തരാഞ്ചലിലെയും മറ്റും വിമത മുന്നേറ്റങ്ങള്‍ക്ക് കാരണം കേന്ദ്രനേതൃത്വത്തിന്റെ അസഹനീയമായ അനങ്ങാന്‍പാറനയമാണ്. കോണ്‍ഗ്രസ് ഐ നേതാക്കള്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയിലേക്ക് എടുത്തുചാടുന്ന സ്ഥിതിയുമുണ്ട്.
ഇത് ബി.ജെ.പിക്ക് ജനാധിപത്യപ്രക്രിയയില്‍ ചതിക്കുഴികള്‍ സൃഷ്ടിക്കാന്‍ പ്രലോഭനമാകുന്നു എന്നത് മറ്റൊരുകാര്യം. യു.പിയിലടക്കം നടക്കാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി കിട്ടുകയാണെങ്കില്‍ ഏതാധിപത്യ പ്രവണത മോദി ഗവണ്മെന്റില്‍ കൂടാനേ വഴിയുള്ളൂ. ആ സ്ഥിതിയില്‍ സുപ്രിംകോടതിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ പെട്ടെന്ന് വളരും. അത് സുപ്രിംകോടതിയുടെ ഈ ചരിത്രവിധിയുടെ ഉല്പന്നമാകുമെന്നുകൂടി തീര്‍ച്ചയായും വിലയിരുത്താവുന്നതാണ്.

കോണ്‍ഗ്രസ് ഐ അടക്കമുള്ള എല്ലാ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളിലും ഇത്തരമൊരു തിരിച്ചറിവ് സൃഷ്ടിക്കാന്‍ ആവശ്യപ്പെടുന്നതാണ് ഭരണഘടനാ ബഞ്ചിന്റെ ഈ വിധി. ജനാധിപത്യ ശക്തികളില്‍ മൊത്തത്തിലും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top