Flash News

ദുബൈ വിമാനത്താവളത്തില്‍ 242 വിമാനങ്ങള്‍ റദ്ദാക്കി

August 4, 2016

dubai plane crashദുബൈ: തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ കത്തിയമര്‍ന്നതിനെതുടര്‍ന്ന് വ്യോമഗതാഗതം സാധാരണ നിലയിലായില്ല. ദുബൈയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള 242 വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കി. 64 എണ്ണം വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ 36 മണിക്കൂര്‍കൂടി എടുക്കും. ബുധനാഴ്ച വിമാനത്താവളം അടച്ചിട്ടതുമൂലം 19,000 പേരുടെ യാത്രമുടങ്ങി. ഒരു മിനിറ്റ് ദുബൈ വിമാനത്താവളം അടച്ചിട്ടാല്‍ 10 ലക്ഷം ഡോളറാണ് നഷ്ടം.

ദുബൈയില്‍നിന്ന് 25 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ രണ്ടാംദിവസവും മുടങ്ങി. എല്ലാ വിമാനങ്ങളും സമയംതെറ്റിയാണ് സര്‍വിസ് നടത്തുന്നത്. ഇന്ത്യയില്‍നിന്നുള്ള ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയും ഖത്തര്‍ എയര്‍വേസും സൗദി അറേബ്യന്‍ എയര്‍ലൈന്‍സും തായ് എയര്‍വേസും വ്യാഴാഴ്ച സര്‍വിസ് നടത്തിയില്ല. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ചിലത് ഷാര്‍ജയില്‍നിന്ന് സര്‍വിസ് നടത്തുന്നുണ്ട്. ചില വിമാനങ്ങള്‍ ജബല്‍ അലിയിലെ ആല്‍മക്തൂം വിമാനത്താവളത്തില്‍നിന്നും പറക്കുന്നുണ്ട്.

തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാവിലെ 10.19ന് ദുബൈക്ക് തിരിച്ച എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് ഇടിച്ചിറങ്ങി തീപിടിച്ചത്. മലയാളികളടക്കം 282 യാത്രക്കാരും 18 വിമാന ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തീയണക്കുന്നതിനിടെ ദുബൈ അഗ്നിശമന സേനാംഗം ജാസിം ഈസ മുഹമ്മദ് ഹസന്‍ മരിച്ചിരുന്നു.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിലെ വിദഗ്ധരടങ്ങുന്ന അന്താരാഷ്ട്ര സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എമിറേറ്റ്സ് എയര്‍ലൈന്‍സ്, വിമാന നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ബോയിങ്, എന്‍ജിന്‍ നിര്‍മാതാക്കളായ ബ്രിട്ടീഷ് കമ്പനി റോള്‍സ് റോയ്സ് എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. വിമാനത്തിലെ ഫൈ്ളറ്റ് ഡാറ്റ റെക്കോഡര്‍, കോക്പിറ്റ് വോയിസ് റെക്കോഡര്‍ എന്നിവ കണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവ ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അബൂദബിയിലെ ലബോറട്ടറിയിലേക്ക് മാറ്റി പരിശോധന നടത്തും. കത്തിനശിച്ച വിമാനം പരിശോധനകള്‍ക്കായി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുമെന്നും അതോറിറ്റിയുടെ വിമാനാപകട അന്വേഷണ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ഹുസനി അറിയിച്ചു.

തീപിടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം തുടങ്ങി. അന്വേഷണം പൂര്‍ത്തിയാകാന്‍ മൂന്നുമുതല്‍ അഞ്ചുമാസം വരെ വേണ്ടിവരുമെന്നാണ് സൂചന.

ദുബൈയില്‍ അഗ്നിക്കിരയായ എമിറേറ്റ്സിന്‍െറ 777 ബോയിങ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത് സുരക്ഷ ഉറപ്പുവരുത്തിയശേഷമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍. ദുബൈയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനം യാത്രക്കാരെ ഇറക്കി ഏപ്രണില്‍ എത്തിച്ച് എമിറേറ്റ്സിന്‍െറ ഗ്രൗണ്ട് എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയശേഷമാണ് അടുത്ത സര്‍വിസിന് റണ്‍വേയിലേക്ക് മാറ്റിയത്.

എമിറേറ്റ്സ് വിമാനത്തിലെ ചെക് ലിഫ്റ്റ് പൈലറ്റ് കമാന്‍ഡര്‍ അംഗീകരിച്ചശേഷമാണ് ടേക് ഓഫ് നടത്തിയത്. ടേക് ഓഫ് നടത്തിയപ്പോള്‍ വിമാനത്തിന്‍െറ അണ്ടര്‍ ഗാരേജ് പ്രവര്‍ത്തിച്ചിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ വിടുന്നതുവരെ സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതായി വിമാനത്തില്‍നിന്ന് സന്ദേശങ്ങള്‍ എത്തിയിരുന്നുമില്ല. ആധുനിക എയര്‍ക്രാഫ്റ്റില്‍ സാങ്കേതിക തകരാറുണ്ടായാല്‍ പെട്ടെന്ന് കോക്പിറ്റില്‍ അറിയാനാവുമെന്ന് ഗ്രൗണ്ടിങ് വിഭാഗം വിദഗ്ധര്‍ പറയുന്നു. കത്തിയ വിമാനം ഈ വിഭാഗത്തില്‍പെട്ടതാണ്.

ഡല്‍ഹിയില്‍നിന്ന് ദുബൈയിലേക്കുള്ള വിമാന സര്‍വിസുകള്‍ രണ്ടാം ദിവസവും മുടങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ദുബൈയിലേക്കുള്ള വിമാന സര്‍വിസുകള്‍ രണ്ടാം ദിവസവും മുടങ്ങി. ദുബൈയില്‍ റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. റണ്‍വേ ലഭ്യമല്ലാത്തതിനാല്‍ ഇന്‍ഡിഗൊ, സ്പൈസ് ജെറ്റ് എന്നിവയുടെ ദുബൈയിലേക്കുള്ള എല്ലാ സര്‍വിസുകളും റദ്ദാക്കി. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സുകള്‍ ദുബൈയുടെ സമീപ വിമാനത്താവളങ്ങളിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിട്ടു. ചെന്നൈയില്‍നിന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസുകളും വൈകുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top