Flash News

ഒരു നിമിഷം തരൂ….. (വീക്ഷണം): സുധീര്‍ പണിക്കവീട്ടില്‍

August 21, 2016

vaynottam sizedഒരു നിമിഷം തരൂ നിന്നിലലിയാന്‍, പതിമൂന്നു സെക്കന്റ് തരൂ നിന്നെയൊന്നു കാണാന്‍ ഇങ്ങനെയൊക്കെ മലയാളക്കരയിലെ പൂവ്വാലന്മാര്‍ ഇപ്പോള്‍ പാടാന്‍ വഴിയുണ്ട്. പതിന്നാലു സെക്കണ്ടായാല്‍ സംഗതി മാറും. ഇയ്യിടെ ഋഷി രാജ് സിംഗ്, ഐ.പി.എസ്സ്, എക്‌സൈസ് കമ്മിഷണര്‍ പൊതുജനങ്ങളോട് പറഞ്ഞു.

സ്‌ത്രീകളെ ശല്ല്യപ്പെടുത്തുന്ന രീതിയില്‍ പതിന്നാലു സെക്കന്റ് തുറിച്ച് നോക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാനുള്ള വകുപ്പുണ്ടെന്ന്. ഇതേക്കുറിച്ച് പല വ്യഖ്യാനങ്ങളും പത്രങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും വന്നു. വാസ്തവത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ എന്നു പറയുന്നതാണു ശരി. ജസ്റ്റിസ് വര്‍മ്മ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരവും ‘2013 ലെ ക്രിമിനല്‍ നിയമഭേദഗതി പ്രകാരവും സ്‌ത്രീകളുടെ ശരീരത്തിന്മേലുള്ള ലൈംഗിക ചുവയോട് കൂടിയുള്ള നോട്ടത്തെ നിയമപരമായി നേരിടാന്‍ അവര്‍ക്ക് അവകാശമുണ്ട് എന്നതാണു. ഞാന്‍ ഒരു പുതിയ വ്യാഖ്യാനം നടത്തുകയായിരുന്നില്ല.’ പ്രതികരണങ്ങളുടെ വലുപ്പം കൂടാന്‍ തുടങ്ങിയപ്പോള്‍ ശ്രീ സിംഗ് തന്റെ ഭാഗം വിശദീകരിച്ചു.

സ്ത്രീകളുടെ സുരക്ഷ എന്നും മനുഷ്യസമുദായത്തിന്റെ ഒരു തലവേദനയാണ്. എല്ലാ കാലത്തും ഓരൊ പുതിയ നിയമങ്ങള്‍ വന്നു അവ മഴവില്ലുപോലെ മാഞ്ഞു പോകുന്നു. വഴിവക്കില്‍ ഏറു കണ്ണിട്ട് നോക്കുന്നു സുന്ദരിമാര്‍. ആ കടാക്ഷ പ്രസാദം നുണഞ്ഞ് ചിറിയുടെ രണ്ട് വശത്ത്കൂടി ഒലിപ്പിച്ച് പുരുഷന്മാര്‍. പെണ്ണുങ്ങള്‍ ഒളികണ്ണാല്‍ നോക്കുമ്പോള്‍ പുരുഷന്മാര്‍ നേരെയങ്ങ് നോക്കുകയാണു. ഇണയെ ആകര്‍ഷിക്കാനുള്ള ജനിതക സമ്മര്‍ദ്ദത്തിന്റെ ഭാഗമത്രെ ഈ വായ്‌നോക്കല്‍. ആദികാലം മുതല്‍ പ്രകൃതി ഈ പണി പുരുഷന്മാര്‍ക്ക് കൊടുത്തിരിക്കുന്നതുകൊണ്ട് അവര്‍ ഈ കലാപരിപാടി പെണ്ണുങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. അവതരണത്തില്‍ വാശിയുമുണ്ട്. ആരോടാണു പെണ്ണിനു മതിപ്പ് തോന്നുന്നത് അതിനായ് കിണഞ്ഞ് പരിശ്രമിക്കേണ്ടിയിരിക്കുന്നു.

മൃഗങ്ങളിലും പക്ഷികളിലും ഉണ്ട് ഇണയെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പുകള്‍. പക്ഷി മൃഗാദികളില്‍ ആണിനു ഒരു പെണ്ണിനെ ആകര്‍ഷിക്കാന്‍ ഒത്തിരി പ്രകടനങ്ങള്‍ കാഴ്ച്ച വെയ്‌ക്കേണ്ടതുണ്ട്. പീലിയുടെ നീളവും അതിലെ കണ്ണുകളുടെ എണ്ണവും നോക്കിയാണു മയില്‍പേടകള്‍ ഇണയെ തിരഞ്ഞെടുക്കുന്നത്. മറ്റുള്ളവയും അങ്ങനെ തന്നെ. ഏറ്റവും നല്ല ആണിനോടൊത്ത് മാത്രം ഇണചേരാന്‍ പക്ഷി മൃഗനാരികള്‍ ആഗ്രഹിക്കുന്നു., നല്ല സന്താനങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി പ്രകൃതിയുടെ കരുതലാണത്രെ ഇത്. ത്യാഗം, അര്‍പ്പണം എന്നൊക്കെ പറഞ്ഞ് മനുഷ്യ സ്‌ത്രീകളെപ്പോലെ വികാലംഗനേയും, വിഢ്ഢികളേയും ഒന്നും പക്ഷി മൃഗാദികള്‍ സ്വീകരിക്കുന്നില്ല. അവര്‍ക്ക് സംസാരിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് ബാഹ്യപ്രകടനങ്ങളില്‍ നിന്നും മനസ്സിലാക്കിയായിരിക്കും അവരുടെ തിരഞ്ഞെടുപ്പുകള്‍. മനുഷ്യ സ്‌ത്രീകള്‍ ഒരുപക്ഷെ അങ്ങനെ നിബന്ധന വച്ചാല്‍ തഴയപ്പെട്ടവര്‍ പരീക്കുട്ടിയെപോലെ കടാപ്പുറത്തുകൂടി ചങ്കു പൊട്ടുമാറു പാട്ടും പാടി നടക്കേണ്ടി വരും. മനുഷ്യന്റെ കാര്യത്തില്‍ പ്രകൃതി വലിയ വില കല്‍പ്പിക്കുന്നില്ലെന്നു വേണം കരുതാന്‍. അവന്‍ പക്ഷി മൃഗാദികളുടെ മേല്‍ ആധിപത്യം ഉണ്ടെന്ന് വീമ്പിളിക്കി വെറുതെ വായില്‍ നോക്കി നടക്കുന്നു. അവനു തന്നെ നാശകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നു.

shaji 13 secondമനുഷ്യനു സംസാരിക്കാന്‍ കഴിവുണ്ടെങ്കിലും നോട്ടത്തിലൂടെയല്ലേ ഒരാളോട് ഇഷ്ടം തോന്നുന്നത്. അതിനു നോക്കുക തന്നെ വേണം. അങ്ങനെ നോക്കുമ്പോള്‍ ചിലര്‍ അവഗണിക്കുന്നു, ചിലര്‍ ഭാവങ്ങളിലൂടെ പ്രതികരിക്കുന്നു. അപ്പോള്‍ അവിടെ ഒരു പ്രേമ എല്‍.കെ.ജി. ക്ലാസ്സ് ആരംഭിക്കും. ഇഷ്ടം തോന്നിയാല്‍ പിന്നെ അത് അറിയിക്കണമല്ലോ. വായ്‌നോട്ടം മതിയാക്കി അവന്‍ പാടുന്നു. ‘മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവ്വിലുണര്‍ന്നവളേ, പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ?… ഒന്നു മിണ്ടുകില്ലേ? നായിക കോപം കൊണ്ട് ചുവക്കുന്നു. അപ്പോള്‍ വീണ്ടും പൂവ്വാലന്‍. എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്മുനകളില്‍ എന്തിത്ര കോപത്തിന്‍ സിന്ദൂരം….’.അപ്പോഴേക്കും ബസ്സ് വരികയോ വീടെത്തുകയോ ചെയ്യും. പൊട്ടാത്ത പടക്കം പോലെ അത് ചീറ്റിപോകും. പൊന്നണിഞ്ഞിട്ടില്ല ഞാന്‍, പൊട്ടുകുത്തിട്ടില്ല ഞാന്‍, കാപ്പണിഞ്ഞിട്ടില്ല ഞാന്‍ എന്തിനാണു് എന്നെ നോക്കി കണ്ണു കൊണ്ടൊരു മയിലാട്ടം. എന്നു പാടി മിടുക്കികള്‍ നടന്നു പോകുമ്പോള്‍ വായ്‌നോക്കികള്‍ ചമ്മി പോകുന്നു.

സ്‌ത്രീ രൂപവതിയാണൊ, വിരൂപയാണൊ എന്നൊന്നും സ്ഥിരം വായ്‌നോക്കികള്‍ക്ക് കാര്യമല്ല. അത് കൊണ്ട് വൈരൂപ്യം നയനാസ്‌ത്രങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള കവചമാകുന്നില്ല. സഹപാഠികളായ കോളേജ് കുമാരികള്‍ പറഞ്ഞത് നല്ല കമന്റുകളും, തമാശകളും അവര്‍ ഇഷ്ടപ്പെടുന്നുവെന്നാണു. ഇന്നു കാലം മാറി. ഇപ്പോള്‍ പിന്നലെ നടന്നു ശല്യം ചെയ്യല്‍, ആസിഡ് മുഖത്തേക്ക് ഒഴിക്കല്‍, വെട്ടികൊല്ലല്‍ തുടങ്ങി ക്രൂരത കാട്ടി തുടങ്ങി പുരുഷ കീടങ്ങള്‍. അതുകൊണ്ട് സിംഗ് അറിയിച്ച പതിനാലു സെക്കന്റ് നിയമം ഏറ്റവും കൂടുതല്‍ ദൈവത്തിന്റെ നാട്ടില്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. ദേവന്മാരുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമല്ലോ. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനു പോലും സുന്ദരിയായ ഒരു പെണ്ണിനെ (അതും സ്വന്തം സൃഷ്ടിയെ) കണ്ട് സ്‌ഖലനം ഉണ്ടായിയത്രെ. അപ്പോള്‍ പിന്നെ പെണ്ണുങ്ങളുടെ പുറകെ പഞ്ചാര ഒലിപ്പിച്ച് നടക്കുന്ന പൂവ്വാലന്മാരെപ്പറ്റി എന്തു പറയാന്‍.

എന്നാല്‍ എവിടെ നോക്കണം, എങ്ങനെ നോക്കണം എന്നതിനൊക്കെ പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്‌നം ഗുരുതരമാകുകയെയുള്ളു. ഒരു സുന്ദരി മുന്നില്‍ നില്‍ക്കുമ്പോള്‍ അവളെ കാണാന്‍ ആയിരം കണ്ണുകള്‍ ഉണ്ടായാലും മതി വരില്ല. പക്ഷെ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ കരളിന്‍ ദാഹം തീരുകയില്ലല്ലോ. തന്നെയുമല്ല നോട്ടം തെറ്റിയാല്‍ കാത്ത് സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്കച്ചികള്‍ കൊത്തികൊണ്ട് പോകുകയും ചെയ്യും. ശ്രീകുമാരന്‍ തമ്പിയുടെ ഒരു ലളിത ഗാനത്തില്‍ ഒരു പെണ്ണിനെ നോക്കുന്നയാള്‍ ഇങ്ങനെ പറയുന്നു. ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു അടുത്ത നോട്ടത്തില്‍ ഞൊറി വയര്‍ കണ്ടു ആരോരും പുണരാത്ത പൂമൊട്ടും, കണ്ടു പിന്നത്തെ നോട്ടത്തില്‍ കണ്ണു കണ്ണില്‍ കൊണ്ടു. സ്‌ത്രീയുടെ മേല്‍ ആധിപത്യം ഉണ്ടെന്നു വിശ്വസിക്കുന്ന പുരുഷന്‍ അവളെ ഒരു അവലോകനം നടത്തിയതിനു ശേഷമാണു കണ്ണില്‍ നോക്കുന്നത്. അവന്റെ അവലോകനം അവളും വീക്ഷിച്ചിരുന്നു അല്ലെങ്കില്‍ കണ്ണു കണ്ണില്‍ കൊള്ളുകയില്ലയിരുന്നു. അടിമുതല്‍ മുടി വരെ എന്ന പ്രയോഗമുള്ളപ്പോള്‍ പെണ്‍കുട്ടികളുടെ കാലടി തൊട്ട് മുകളിലേക്കാണു നോക്കേണ്ടത്. ദേഹ വടിവ് മനസ്സിലാക്കമല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഒരു പെണ്‍ക്കുട്ടി തീര്‍ച്ചയായും താന്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നു മനസ്സിലാക്കും. പതിന്നാലു സെക്കന്റില്‍ തീരുന്ന ഒരു പരിപാടിയല്ലിത്. നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ എന്നൊക്കെ മനപായസം കുടിച്ച് ഇയ്യാള്‍ നോക്കികൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടി ശ്രദ്ധിക്കാതിരുന്നാല്‍ നോക്കുന്നവന്റെ നയനസുഖം കൂടും. നോക്കുമ്പോള്‍ പെണ്‍‌കുട്ടി അവളുടെ കണ്ണുകള്‍ താഴ്ത്തുകയും പിന്നെ അവള്‍ കളിമണ്ണില്‍ കാല്‍ നം കൊണ്ട് കളം വരക്കുകയും ചെയ്യുമ്പോള്‍ അവള്‍ക്ക് ഇഷ്ടമാണെന്നു അനുമാനിക്കാമത്രെ. അങ്ങനെയൊക്കെ ചെയ്തിരുന്നതു ഒന്നും ഒന്നരയും ചുറ്റിയ നാടന്‍ സൗന്ദര്യങ്ങള്‍. ഇപ്പോള്‍ നോക്കുന്നവരും നോക്കപ്പെടുന്നവരും പരിധികല്‍ ലംഘിക്കുന്നത് കൊണ്ട് നിയമത്തിനു കൈ നീട്ടെണ്ടി വരുന്നു.

വിശുദ്ധ വേദപുസ്തകവും പറയുന്നത് ഈ “വായില്‍നോട്ടം” അത്ര നല്ലതല്ലെന്നാണു. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാല്‍ വലങ്കണ്ണു നിനക്കു ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞു കളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിന്റെ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

പെണ്ണുങ്ങളെ നോക്കുന്നവരെല്ലാം മനസ്സ് കൊണ്ട് വ്യഭിചരിക്കുന്നുണ്ടൊ? വിശ്വൈക ശില്പി സൃഷ്ടിച്ച് വിടുന്ന സൗന്ദര്യധാമങ്ങളെ ഒരു നോക്ക് കാണുന്നത് എങ്ങനെ കുറ്റമാകും. എങ്കില്‍ കവികളും എഴുത്തുകാരും ജയിലഴികള്‍ക്കുള്ളില്‍ കിടക്കുമായിരുന്നു. വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാം എണ്ണ തേച്ച് അരയില്‍ ഒറ്റമുണ്ടുമായി, ഈ വരികള്‍ ഭാവനയോ അങ്ങനെ നേരിട്ട് കണ്ടതിന്റെ ഒര്‍മ്മയോ?  ഒരു ഹിന്ദി പാട്ടില്‍ പറയുന്നത് ശ്രദ്ധിക്കുക. അവളെ ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് തോന്നി, വിടര്‍ന്ന ഒരു പനിനീര്‍പുഷ്പ്പം പോലെ, കവിയുടെ കിനാവ് പോലെ, ഉഷാകിരണം പോലെ, സുഗന്ധ മാരുതനെപോലെ, നൃത്തം ചെയ്യുന്ന മയിലിനെ പോലെ, ഒരു പട്ടുനൂല്‍ പോലെ, അപ്‌സരസ്സുകളുടെ ഇമ്പമാര്‍ന്ന സംഗീതം പോലെ, ചന്ദനമെരിയുന്ന അഗ്നി പോലെ, സൗന്ദര്യത്തിന്റെ പതിനാറു് കൂട്ടം ചമയങ്ങള്‍ പോലെ, മന്ദം മന്ദം മത്തു പിടിപ്പിക്കുന്ന ലഹരി പോലെ, ശ്രീകോവിലില്‍ എരിയുന്ന ദീപനാളം പോലെ, വീണാ നാദം പോലെ, അങ്ങനെ, അങ്ങനെ (സ്ഥല പരിമിതി കണക്കിലെടുത്ത് മുഴുവന്‍ എഴുതുന്നില്ല),. ഇങ്ങനെയൊക്കെ എഴുതണമെങ്കില്‍ കവി എത്ര നേരം ആ പെണ്‍കുട്ടിയെ നോക്കി നിന്ന് കാണും.  പെണ്ണുങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതവര്‍ക്ക് അലോസരമാകരുത്. വാസ്തവത്തില്‍ പെണ്ണുങ്ങളെ നോക്കുന്നത് അവരെ നല്ല രീതിയില്‍ കമന്റ് അടിക്കുന്നത് അവര്‍ ആസ്വദിക്കുന്നതായി പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഒരിക്കലെഴുതി” പുരുഷന്മാര്‍ നോക്കുമ്പോള്‍ കോപിക്കയും, രഹസ്യമായി ആനന്ദിക്കുകയും നോക്കാതിരിക്കുമ്പോള്‍ കരയുകയും ചെയ്യുന്നവരാണു പെണ്ണുങ്ങളെന്നു.( പി. കേശവദേവ്??)

സൗന്ദര്യം നോക്കുന്നവന്റെ കണ്ണിലാണെങ്കില്‍ നോക്കാതിരുന്നാല്‍ എന്തു ചെയ്യും. സൗന്ദര്യം നമ്മെ ആകര്‍ഷിക്കുന്നു, നമ്മള്‍ നോക്കി പോകുന്നു, പതിമൂന്നു സെക്കന്റിനേക്കാള്‍ കൂടുതല്‍. അത് പുരുഷന്റെ ജന്മാവകാശമാണെന്നു അവന്‍ ധരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ ആ അവകാശം ആഗ്രഹം സാധിക്കാനുള്ള അധികാരമായി കാണാതിരുന്നല്‍ മതി.പുരുഷന്മാര്‍ മാത്രമല്ല സ്തീകളും നോട്ടക്കാരികള്‍തന്നെ. ‘കണ്ണാടി പോലെ മിന്നും കാഞ്ചിപുരം സാരി ചുറ്റി, കഴുത്തില്‍ കവിത ചൊല്ലും കല്ലുമണി മാല ചാര്‍ത്തി,’ അതാ അന്നം പോല്‍ നടന്നു പോകുന്നു ഒരു അഭിരാമി. അതെ അവളുടെ പുറകെ നൂറു നൂറു കണ്ണുകള്‍. കാണാത്ത കഥകളി മുദ്രകള്‍ ആടുന്ന ചെറുപ്പക്കാര്‍.. ഇതൊക്കെ മലയാളിയുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗം മാത്രം. അവര്‍ കണ്ണുകൊണ്ട് കല്ലെറിയട്ടെ. അത് കാമദേവന്റെ മലരമ്പുകളല്ലയോ?

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top